മലയാളത്തിലെ യുവകവികളിൽ ശ്രദ്ധേയയാണ് സ്മിത സൈലേഷ്. മനോഹരമായ ബിംബങ്ങളാൽ കവിതകളിൽ ജീവിതത്തിന്റെ കടൽക്കാറ്റുകളൊളിപ്പിക്കുന്ന സ്മിതയുടെ പുതിയ കാവ്യസമാഹാരമാണ് ‘ജലനീല നിറമുള്ള വെയിലുകൾ’. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പശ്ചാത്തലത്തിൽ തന്റെ കാവ്യജീവിതത്തെക്കുറിച്ച് സ്മിത ‘വനിത ഓൺലൈനിൽ’ എഴുതിയ ആത്മാനുഭവക്കുറിപ്പ് വായിക്കാം –
പുന്നയൂർകുളത്തെ തറവാട്ടു വീടിന്റെ തെക്കേന്റകത്തെ ഇരുട്ടും തണുപ്പും കുട്ടിക്കാലത്ത് തന്ന വൈകാരികതകളാണ് ഞാൻ എഴുതി തീർക്കുന്നതൊക്കെയും. അവിടുത്തെ തൊടിയിൽ കിഴക്ക് നിന്നും പടിഞ്ഞാട്ട് ഒരു നേർരേഖയിൽ നട്ട ഒരു ചെടിയും വാണില്ല.ഒക്കെയും വാടി വീഴുമായിരുന്നു.ആ വഴിയിൽ തേർവാഴ്ചെയുണ്ടെന്നാണ് സങ്കൽപം.
അത് പോലൊരു തേർവാഴ്ച്ചക്കാരി മുടിയഴിച്ചിട്ട്, അറ്റമില്ലാത്ത ഭ്രാന്തുമായി എന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങുമോടുന്ന വിഷാദകാലങ്ങളിൽ എഴുതി തീർത്തതാണ് എന്റെ കവിതകളിൽ ഭൂരിഭാഗവും. അറ്റം കാണാത്ത ഇരുട്ടിൽ, ആഴമേറിയ വിഷാദത്തിൽ ഇറ്റ് ശ്വാസം എടുക്കാനാവാതെ പിടഞ്ഞാണ് പലപ്പോഴും എഴുതാറുള്ളത്. എഴുതി എഴുതി ശമിക്കുക എന്നതല്ലാതെ വെളിച്ചത്തിലേക്കും, ശ്വാസത്തിലേക്കും മറ്റൊരു വഴിയില്ലാതാവുമ്പോൾ. ആരെങ്കിലും വായിക്കുമെന്നോ, വായിക്കണമെന്നോ യാതൊരു നിർബന്ധവുമില്ലാതെ. വിഷാദത്തെ എഴുതി ശമിപ്പിക്കാൻ മാത്രം കവിതകൾ എഴുതി തുടങ്ങിയതാണ്.
ഒറ്റയിരിപ്പിൽ ഒരു ധ്യാനത്തിൽ എന്ന പോലെ എഴുതി തീർക്കുകയും, എഴുതി തീരുമ്പോൾ കിട്ടുന്ന സമാശ്വാസത്തിൽ ശ്വാസനാളത്തിലേക്ക് വീണ്ടും ശ്വാസകണങ്ങൾ കടന്നെത്തുന്ന നിമിഷത്തിൽ കവിതയ്ക്ക് ശേഷം അനുഭവിക്കുന്ന ശാന്തിക്കായി ഞാൻ പിന്നെയും പിന്നെയും എഴുതുന്നു.
ഓർമ്മകളും അനുഭവങ്ങളും ജീവിതവും ജീവിതാസക്തിയും, മരണാസക്തിയും രതിയും ഭ്രാന്തും കാടും കുളവും അച്ഛനും അമ്മയും....ഒക്കെയും കവിതയിൽ അഭയം തേടുന്നു.
ഇടയ്ക്ക് പ്രപഞ്ചത്തെ വിഴുങ്ങിക്കളയാൻ തോന്നുന്ന കൊതി വരുന്നു. ഒക്കെയും കവിതയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. എന്റെ ജീവനിലൂടെ ഓടിനടക്കുന്ന തേർവാഴ്ചക്കാരീ എന്ന് കവിതയെ തെറി വിളിക്കുന്നു. കവിതയിങ്ങനെ തോരാതെ പെയ്യുമ്പോൾ കേറി നിൽക്കാൻ എനിക്കൊരു മേൽക്കൂര പോലുമില്ലെന്നു ഈ അശ്രീകരത്തോട് ആരേലുമൊന്നു പറയുമോ എന്ന് കവിതയോട് പരിഭവിക്കുന്നു.
മരിച്ച പെണ്ണുങ്ങളും കുഴിച്ചു മൂടിയ കുളവും എന്നെ കാണാൻ വരുന്നതും കവിതയിലൂടെയാണ്. വിഷാദകാലങ്ങൾ എന്ന പോലെ ഇടയ്ക്ക് അത്യുന്മാദത്തിന്റെ ആനന്ദകാലങ്ങളും കവിതയിൽ കലർപ്പില്ലാതെ അടയാളപ്പെട്ടു കൊണ്ടിരുന്നു. ഇടയ്ക്ക് ജീവിതം തൂവൽ കനത്തിൽ മുകിലുകൾക്ക് മേൽ പറന്നു നടന്നു. ഇടയ്ക്ക് ആകാശത്തിൽ പാദമൂന്നി നടന്നു. കാലിൽ മേഘങ്ങളുടെ നീലത്തരി പുരണ്ടു. ആകാശം കിണ്ണം നിറച്ചും മുറിച്ചു വെച്ച മഴകൾ വെച്ച് നീട്ടി ഓരോ മഴത്തുള്ളിയിലും എന്റെ പേരെഴുതി വെച്ച മഴകളെ ഞാൻ വരണ്ട തീരങ്ങളിലേക്ക് എയ്തു വിട്ടു. കരിഞ്ഞ പുൽനാമ്പുകളെ തളിർപ്പിച്ചു. കവിതയുടെ നിഗൂഢ ലോകത്തിരുന്നു ഞാൻ പ്രപഞ്ചത്തെ മാറ്റി മാറ്റി വരച്ചു. കവിതയുടെ ദൈവം എന്റെ വിരൽത്തുമ്പിലിരുന്നു മിടിച്ചു. ഇടയ്ക്ക് ഇന്ദ്രജാലക്കാരിയാകുന്ന കവിത നൽകുന്ന അനുഭൂതികളുടെ കിറുക്കിന്റെ ലോകത്തിരുന്നു കൊണ്ടെഴുതിയ കവിതകളുമായാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘ജലനീല നിറമുള്ള വെയിലുകൾ’ പുറത്തിറങ്ങിയിരിക്കുന്നത്.
ഒരു സ്വപ്നസത്തിനുള്ളിലേക്ക് ഊളിയിട്ട് പോകും പോലെ നിങ്ങൾക്ക് ഈ പുസ്തകത്തിൽ മുങ്ങി കിടക്കാനവും എന്നാണ് വിശ്വസിക്കുന്നത്. ഒരു സ്വതന്ത്രസ്ത്രീ കവി ആയിരിക്കുന്നതിന്റെ അപകടകരമായ പ്രതിസന്ധികൾ കൂടി എഴുത്തുജീവിത്തിൽ അനുഭവിക്കേണ്ടി വരാറുണ്ട്. പേറ്റുമുറി എന്നൊരു കവിതയുണ്ട് ഈ പുസ്തകത്തിൽ. പ്രസവാനന്തര വിഷാദങ്ങളുടെ കൂടിയായിരുന്ന ഒരു കാലത്ത് മുലപ്പാൽ കെട്ടി കിടന്ന് മുലകൾ പഴുത്തു കല്ലിച്ച പ്രാണവേദനയെ കുറിച്ച് എഴുതിയ ഒരു കവിതയിലെ മുല എന്ന വാക്ക് പോലും സാമൂഹ്യ വിചാരണ നേരിടേണ്ടി വരുന്ന ഒരു കാലത്തിലിരുന്നാണ് ഞാൻ കവിതഎഴുതുന്നത്. മുലയുടെ സംസ്‌കൃത പദം ശ്ലീലമാവുകയും പച്ചമലയാളത്തിൽ മുല എന്നെഴുതിയാൽ അശ്ലീലമാവുകയും ചെയുന്ന പൊതുബോധത്തോടുള്ള കലഹം കൂടിയായി കവിത ചിലപ്പോൾ പരിണമിക്കാറുണ്ട്. മുലപ്പാലിനെ സ്തനപാൽ എന്ന് വിളിക്കാൻ തല്ക്കാലം സൗകര്യപ്പെടില്ലെന്നു ഞാൻ സദാചാര പൊതുബോധത്തോട് സമരസപ്പെടാതെ എഴുതുന്നു
പെണ്ണെഴുതുമ്പോൾ എഴുതുന്നതൊക്കെയും അവളുടെ സ്വന്തം അനുഭവങ്ങൾ ആക്കി മാറ്റുന്ന, അവളുടെ രഹസ്യ ലോകത്തിന്റെ താക്കോലുകൾ തിരഞ്ഞു പോകുന്ന മനുഷ്യരോട്... ആണെഴുതുമ്പോഴും പെണ്ണെഴുതുമ്പോഴും അവരുടെ ജീവിത പരിസരങ്ങളിൽ കണ്ടതും കേട്ടതും അറിഞ്ഞതുമായ പല ജീവിതങ്ങൾ അവരുടെ എഴുത്ത് ലോകത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്നഭ്യർത്ഥിക്കുന്നു.
പല തരം ആത്മസംഘർഷങ്ങൾ പേറിയാണ് ഒരു സ്ത്രീ കവിതയുടെ വഴുക്കൽപടവിലൂടെ നടക്കുന്നത്. കവിതയുടെ ദൈവങ്ങൾ വീണു പോകാതെ എന്നെ വഴി നടത്തുമെന്ന പ്രതീക്ഷയിൽ.