ADVERTISEMENT

ഡോ. ബി.ആർ. അംബേദ്കർ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ തൊഴിലാളി നേതാവാണെന്നറിയാവുന്നവർ ചുരുക്കം. ഇന്ത്യയിൽ തൊഴിൽ അവകാശത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് അംബേദ്കർ മാത്രമാണ് എന്നു മനസ്സിലാകും. ഇന്നു നാം അനുഭവിക്കുന്ന തൊഴിൽ അവകാശങ്ങൾക്കു ചുക്കാൻപിടിച്ച് അധ്വാനിക്കുന്ന വിഭാഗങ്ങൾക്കു സുരക്ഷാവലയമൊരുക്കിയത് അംബേദ്കറാണ്. ആ കഥ ലോകത്തോടു പറയുകയാണ് ‘അംബേദ്കർ: ഇന്ത്യ മറന്ന തൊഴിലാളി നേതാവ്’ എന്ന പുസ്തകത്തിൽ. രജിമോൻ കുട്ടപ്പന്റെ ഈ കൃതി മലയാളത്തിലേക്കു വിവർത്തനം ചെയ്തത് സുരേഷ് എം.ജി. ‘അംബേദ്കർ: ഇന്ത്യ മറന്ന തൊഴിലാളി നേതാവ്’ വിവർത്തനാനുഭവം ‘ഇന്ത്യൻ തൊഴിൽ നിയമങ്ങളുടെ ശില്പിയായ അംബേദ്കർ’ എന്ന പേരിൽ സുരേഷ് എം.ജി. ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

വളരെ മഹത്തരമാർന്നതും ബൃഹത്തും ബഹുസ്വരവുമാണ് ഇന്ത്യൻ ചരിത്രത്തിൽ ഡോക്ടർ ബി.ആർ. അംബേദ്കർക്കുള്ള സ്ഥാനം. അദ്ദേഹത്തെ ഒരൊറ്റ നിർവചനത്തിലോ ഒരു രാഷ്ട്രീയ ചിഹ്നത്തിലോ ഒതുക്കുക അസാധ്യമാണ്. ഭരണഘടനയുടെ ശില്പി, ദളിത് വിമോചനത്തിന്റെ സൈദ്ധാന്തികൻ, സാമൂഹ്യനീതിയുടെ മഹാപ്രവാചകൻ, നവബൗദ്ധ പ്രസ്ഥാനത്തിന്റെ ദാർശനിക നേതാവ്, സ്ത്രീസമത്വവാദി, വിദ്യാഭ്യാസചിന്തകൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ എന്നിങ്ങനെ അനവധി നിലകളിൽ അംബേദ്കർ വായിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തൊഴിലാളി അവകാശങ്ങളുടെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പങ്ക് ഇന്ത്യയുടെ പൊതുചരിത്രരചനയിൽ ആവശ്യമായ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന വാദത്തെ ശക്തമായി മുന്നോട്ടുവയ്ക്കുന്ന ഗ്രന്ഥമാണ് രജിമോൻ കുട്ടപ്പന്റെ ‘അംബേദ്കർ: ഇന്ത്യ മറന്ന തൊഴിലാളി നേതാവ്’ .

ADVERTISEMENT

ഇതൊരു ജീവചരിത്രമല്ല. അംബേദ്കറുടെ തൊഴിൽരാഷ്ട്രീയ, തൊഴിലാളി ജീവിത, ഇടപെടലുകളെ ആസ്പദമാക്കി ഇന്ത്യൻ ചരിത്രത്തിന്റെ പുനർവായനയാണ്. ഇന്ത്യൻ തൊഴിലാളി ചരിത്രത്തിൽ അംബേദ്കറുടെ സംഭാവനകൾ പദ്ധതിപൂർവ്വം മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു എന്ന ഇതിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ കേന്ദ്രവാദം അതിനാൽ തന്നെ വ്യക്തവുമാണ്. ആ മറവിയെ പൊളിച്ചെഴുതുകയാണ് ഈ പുസ്തകത്തിന്റെ ദൗത്യം. അത് പുസ്തകത്തിന്റെ ആദ്യ പേജുകളിൽ നിന്ന് തന്നെ പ്രകടമാണ്. ഗ്രന്ഥകാരൻ ചരിത്രത്തെ നിഷ്പക്ഷമായി പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നില്ല. പകരം ‘ചരിത്രം ആരുടെ കാഴ്ചപ്പാടിൽ എഴുതപ്പെട്ടു ?’ എന്ന ചോദ്യമുയർത്തുന്നു. ഈ നിലപാടാണ് പുസ്തകത്തെ രാഷ്ട്രീയപരമായി മൂർച്ചയുള്ളതാക്കുന്നത്.

ഗ്രന്ഥത്തിന്റെ അവതാരികയും ആമുഖവും തന്നെ അതിന്റെ ഭാവവും ലക്ഷ്യവും വ്യക്തമാക്കുന്നു. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ഒമാനിലും ഇന്ത്യയിലുമുള്ള തൊഴിലാളി ജീവിതങ്ങളെ നേരിട്ട് കണ്ടറിഞ്ഞ അനുഭവങ്ങളിൽ നിന്നാണ് ഗ്രന്ഥകാരന്റെ ചിന്ത ആരംഭിക്കുന്നത്. ദക്ഷിണേഷ്യൻ കുടിയേറ്റ തൊഴിലാളികളുടെ അടിമത്തസമാനമായ ജീവിതം, കോവിഡ് കാലത്ത് സ്വന്തം നാട്ടിലേക്കു നടന്നു മടങ്ങേണ്ടി വന്ന ഇന്ത്യൻ തൊഴിലാളികളുടെ ദുരന്തം, അസംഘടിത തൊഴിലാളികളുടെ സുരക്ഷിതത്വമില്ലാത്ത ജീവിതം എന്നിവയിലൂടെയെല്ലാമുള്ള എഴുത്തുകാരന്റെ യാത്ര, അഥവാ അവയെക്കുറിച്ചുള്ള നേരനുഭവങ്ങൾ, അദ്ദേഹത്തെ അംബേദ്കറിലേക്കു നയിച്ചു എന്ന് പുസ്തകം രേഖപ്പെടുത്തുന്നു. ഇതിലൂടെ ഗ്രന്ഥം ഒരു ചരിത്രഗ്രന്ഥം എന്നതിലുപരി ഒരു രാഷ്ട്രീയ - മാനവിക രേഖയായി മാറുന്നു.

ADVERTISEMENT

പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ചരിത്രവും വർത്തമാനവും തമ്മിൽ നിരന്തരമായി സംഭാഷണം സൃഷ്ടിക്കുന്നു എന്നതാണ്. അംബേദ്കറുടെ കാലഘട്ടത്തിലെ തൊഴിലാളി ചൂഷണങ്ങളെ വിവരിക്കുമ്പോൾ ഗ്രന്ഥകാരൻ സമകാലിക ഇന്ത്യയിലെ തൊഴിൽ നിയമ ഭേദഗതികളെയും കോർപ്പറേറ്റ് തൊഴിൽരാഷ്ട്രീയത്തെയും അതുമായി ബന്ധിപ്പിച്ചു പരാമർശിക്കുന്നു. അതുകൊണ്ട് ഈ പുസ്തകം ‘ചരിത്രം’ എന്നതിലുപരി ‘ചരിത്രത്തിന്റെ ഇപ്പോഴത്തെ പ്രസക്തി’യെ കുറിച്ചുള്ള ഒരു രാഷ്ട്രീയ ഇടപെടൽ കൂടിയാണ്.

‘ന്യൂയോർക്കിൽ നിന്ന് പറേലിലെ ചേരിയിലേക്ക്’ എന്ന ആദ്യ അധ്യായത്തിൽ അംബേദ്കറുടെ വിദ്യാഭ്യാസയാത്രയിലെ വിജയകഥകളെക്കുറിച്ചും, ജാതിവിവേചനത്തിന്റെ ക്രൂര യാഥാർത്ഥ്യങ്ങളെക്കുറിച്ചും പറയുന്നു. അമേരിക്കയിലും യൂറോപ്പിലും വിദ്യാഭ്യാസം നേടി മനുഷ്യനെന്ന നിലയിൽ സ്വീകാര്യത അനുഭവിച്ച അംബേദ്കർ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ ‘തൊട്ടുകൂടാത്തവൻ’ എന്ന മുദ്ര വീണ്ടും അദ്ദേഹത്തെ വിഴുങ്ങുന്നു. ബറോഡയിലെ പാർസി സത്രത്തിൽ താമസിക്കാൻ നടത്തിയ ശ്രമവും പിന്നീട് അവിടെ നിന്ന് അപമാനകരമായി പുറത്താക്കപ്പെടുന്നതുമായ അനുഭവം പുസ്തകത്തിൽ അത്യന്തം ദൃശ്യവൽക്കരണ ശേഷിയോടെ അവതരിപ്പിക്കപ്പെടുന്നു.

ADVERTISEMENT

ഈ ഭാഗത്തിന്റെ സാഹിത്യാത്മകശക്തി ശ്രദ്ധേയമാണ്. ചരിത്രവിവരണം ഇവിടെ ഒരു നോവൽ വായനയുടെ തീവ്രത കൈവരിക്കുന്നു. ഇരുണ്ട ഹാളുകൾ, വവ്വാലുകൾ പറക്കുന്ന മുറികൾ, ഭയത്തോടെയുള്ള രാത്രികൾ, കൈയിൽ വടികളുമായി എത്തുന്ന പാർസികൾ എന്നിങ്ങനെയുള്ളതെല്ലാം പുസ്തകത്തിൽ ദൃശ്യഭാഷയുടെ ഭാഗമായി മാറുന്നു. അംബേദ്കറുടെ ആത്മകഥാപരമായ കുറിപ്പുകൾക്ക് ഗ്രന്ഥകാരൻ നൽകിയിരിക്കുന്ന അവതരണരീതി വായനക്കാരനെ അനുഭവത്തിന്റെ കേന്ദ്രത്തിലേക്കുതന്നെ എത്തിക്കുന്നു.

എന്നാൽ ഈ ഭാഗത്തിന്റെ യഥാർത്ഥ പ്രാധാന്യം അതിന്റെ രാഷ്ട്രീയ വായനയിലാണ്. ജാതി എന്നത് വെറും മതപരമോ സാമൂഹികമോ ആയ ഒരു പ്രശ്നമല്ല. അത് മനുഷ്യന്റെ വാസസ്ഥലം, തൊഴിൽ, സാമൂഹിക സഞ്ചാരം, ആത്മാഭിമാനം എന്നിവയെ നിയന്ത്രിക്കുന്ന ഘടനയാണ് എന്ന തിരിച്ചറിവ് ഇവിടെ ശക്തമായി ഉയർന്നുവരുന്നു. ‘ഹിന്ദുക്കൾക്കു അസ്പർശ്യനായവൻ പാർസികൾക്കും അങ്ങനെതന്നെയാകും’ എന്ന അംബേദ്കറുടെ തിരിച്ചറിവ് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ആഴം വെളിവാക്കുന്നു.

rejimon-kuttappan-2

ഈ അനുഭവങ്ങളിൽ നിന്നാണ് അംബേദ്കറുടെ തൊഴിലാളി രാഷ്ട്രീയബോധം രൂപപ്പെടുന്നതെന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു. പറേലിലെ ചേരികളിൽ മിൽ തൊഴിലാളികൾക്കിടയിൽ ജീവിച്ച ജീവിതമാണ് അദ്ദേഹത്തെ തൊഴിലാളി അവകാശങ്ങളുടെ നേതാവാക്കി മാറ്റിയതെന്ന ഈ നിരീക്ഷണം പുസ്തകത്തിന്റെ കേന്ദ്രവാദങ്ങളിലൊന്നാണ്. അംബേദ്കറെ ‘ദളിത് നേതാവ്’ എന്ന പരിധിയിൽ ചുരുക്കി, ഒതുക്കി, നിർത്തുന്നതിൽ നിന്ന് ‘തൊഴിലാളി രാഷ്ട്രീയത്തിന്റെ രൂപശില്പി’ യാക്കി മാറ്റാനുള്ള പുസ്തകത്തിന്റെ ശ്രമം ഇവിടെ ആരംഭിക്കുന്നു.

രണ്ടാം അധ്യായം അംബേദ്കറും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ആശയപരമായ സംഘർഷങ്ങളെ വിശകലനം ചെയ്യുന്നു. ഇന്ത്യൻ ഇടതുപക്ഷ ചരിത്രരചനയിൽ ഏറ്റവും അസ്വസ്ഥത സൃഷ്ടിക്കുന്ന വിഷയങ്ങളിലൊന്നാണിത്. ‘കമ്മ്യൂണിസ്റ്റുകൾ ബ്രാഹ്മണ ബാലന്മാരാണ്’ എന്ന അംബേദ്കറുടെ പരാമർശം പുസ്തകത്തിൽ വളരെ പ്രാധാന്യത്തോടെ ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്. ഇവിടെ ഗ്രന്ഥകാരൻ വെറും ഉദ്ധരണികൾ നൽകുകയല്ല. മറിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുകയാണ്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വർഗ്ഗസമരത്തെ മുൻനിർത്തിയപ്പോൾ ജാതി പ്രശ്നത്തെ അവഗണിച്ചുവെന്ന അംബേദ്കറുടെ വിമർശനം പുസ്തകത്തിൽ എടുത്തെഴുതിയിട്ടുണ്ട്. ‘ജാതി എന്ന രാക്ഷസൻ നിങ്ങളുടെ വഴിമുടക്കും’ എന്നാണ് അംബേദ്കറിന്റെ വാക്കുകൾ. ഇന്ത്യയിൽ സാമ്പത്തിക സമത്വം മാത്രം മതിയാകില്ല സാമൂഹിക സമത്വവും അനിവാര്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. ജാതി നിലനിൽക്കുന്നിടത്ത് വർഗ്ഗ ഐക്യം സാധ്യമല്ലെന്ന അംബേദ്കറുടെ നിലപാട് പുസ്തകം ആവർത്തിച്ച് ഊന്നിപ്പറയുന്നു.

എന്നാൽ പുസ്തകം അംബേദ്കറെ ഒരു ലളിതമായ കമ്മ്യൂണിസ്റ്റ് വിരോധിയായി ചിത്രീകരിക്കുന്നില്ല എന്നതാണ് ഇതിന്റെ ശക്തി. റഷ്യൻ വിപ്ലവത്തോടും സമത്വസങ്കൽപ്പങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന ആദരവും ഇവിടെ ഉൾക്കൊള്ളുന്നു. ‘ബുദ്ധനോ കാൾ മാർക്സോ’ എന്ന പ്രബന്ധത്തെ ആസ്പദമാക്കി സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അംബേദ്കറിന്റെ ചിന്ത വിശദീകരിക്കപ്പെടുന്നു. മാർക്സിസത്തിന്റെ ഭൗതികവാദത്തെ അദ്ദേഹം വിമർശിച്ചെങ്കിലും സമത്വസങ്കൽപ്പത്തെ അദ്ദേഹം നിരസിച്ചിരുന്നില്ല എന്ന സൂക്ഷ്മമായ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ സമൂഹത്തിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള അംബേദ്കറുടെ വിശകലനം ഈ ഭാഗത്തിൽ ഏറെ ശ്രദ്ധേയമാണ്. സാമ്പത്തിക ശക്തി മാത്രമല്ല, മതവും സാമൂഹിക സ്ഥാനവും അധികാരത്തിന്റെ സ്രോതസ്സുകളാണ് എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നും പ്രസക്തമാണ്. ജാതി-മത ഘടനകളെ അഭിസംബോധന ചെയ്യാതെ സാമ്പത്തിക വിപ്ലവം വിജയിക്കില്ലെന്ന അദ്ദേഹത്തിന്റെ വാദം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലും ശക്തമായി പ്രതിധ്വനിക്കുന്നു.

മൂന്നാം അധ്യായം അംബേദ്കറുടെ തൊഴിൽനിയമ ഇടപെടലുകളെ വിശദമായി പരിശോധിക്കുന്നു. ഇന്ത്യയിലെ തൊഴിൽചരിത്രത്തിൽ സാധാരണയായി വേണ്ടത്ര അംഗീകാരം ലഭിക്കാത്ത മേഖലയാണിത്. എട്ട് മണിക്കൂർ ജോലി സമയം, തൊഴിലാളികളുടെ സേവന വ്യവസ്ഥകൾ, അന്യായ പിരിച്ചുവിടലിനെതിരായ സംരക്ഷണം, വ്യവസായ തർക്കപരിഹാര നിയമങ്ങൾ എന്നിവയിൽ അംബേദ്കർ വഹിച്ച പങ്ക് ഗ്രന്ഥകാരൻ വിശദമായി അവതരിപ്പിക്കുന്നുണ്ട്.

പുസ്തകത്തിന്റെ ഗവേഷണ മൂല്യത്തിനേറ്റവും വ്യക്തത വരുന്നത് ഈ ഭാഗങ്ങളിലാണ്. വസന്ത് മൂൺ സമാഹരിച്ച ‘ഡോക്ടർ ബാബാസാഹെബ് അംബേദ്കേഴ്സ് റൈറ്റിംഗ്സ് ആൻഡ് സ്പീച്ചസ്’ എന്ന പരമ്പരയെ ആധാരമാക്കി അന്നു നടന്ന തൊഴിൽനിയമ ചർച്ചകളെ പുസ്തകം പുനർനിർമ്മിക്കുന്നു. അംബേദ്കർ ഭരണഘടനാ വിദഗ്ധൻ മാത്രമല്ല, തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിച്ച നിയമങ്ങളുടെ ശില്പിയുമായിരുന്നു എന്ന വാദം ഇവിടെ ശക്തമായി ഉയരുന്നു.

1938 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ബില്ലിനെ ‘അടിമത്തത്തിനുള്ള നിയമം’ എന്നു വിശേഷിപ്പിച്ച അംബേദ്കറുടെ വിമർശനം പുസ്തകത്തിൽ ശക്തമായ രാഷ്ട്രീയഭാവത്തോടെ അവതരിപ്പിക്കപ്പെടുന്നു. തൊഴിലാളികളെ വെറും ഉത്പാദനോപകരണങ്ങളായി കാണുന്ന വ്യവസായ സംസ്കാരത്തിനെതിരായ അദ്ദേഹത്തിന്റെ പ്രതിഷേധം ഇന്നത്തെ നവലിബറൽ സാമ്പത്തിക സാഹചര്യത്തിലും പ്രസക്തമാണ്.

നാലാം അധ്യായം സാമൂഹ്യസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള അംബേദ്കറുടെ ഇടപെടലുകളെ വിശദീകരിക്കുന്നു. പ്രൊവിഡന്‍റ് ഫണ്ട്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യയിൽ സ്ഥാപനപരമായി നടപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് പുസ്തകം തെളിവുകളോടെ അവതരിപ്പിക്കുന്നു. സാമൂഹ്യസുരക്ഷയെ ‘ദാനധർമ്മം’ എന്നതിലുപരി ‘അവകാശം’ എന്ന നിലയിൽ കാണുന്ന അംബേദ്കറുടെ സമീപനം ഇവിടെ വ്യക്തമായി പ്രത്യക്ഷപ്പെടുന്നു.

ഈ ഭാഗത്തിന്റെ പ്രത്യേകത, അംബേദ്കറുടെ തൊഴിൽചിന്തയെ സാമ്പത്തിക നയങ്ങളുമായി ബന്ധിപ്പിക്കുന്നതിലാണ്. തൊഴിലാളികളുടെ ജീവിതം സുരക്ഷിതമല്ലെങ്കിൽ ജനാധിപത്യം അർത്ഥശൂന്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി പുസ്തകം വ്യക്തമാക്കുന്നു. തൊഴിലാളി ക്ഷേമം എന്നത് സാമ്പത്തിക ഉത്പാദനക്ഷമതയുമായി മാത്രമല്ല, മനുഷ്യാന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്ന തിരിച്ചറിവാണ് ഇവിടെ പ്രാധാന്യം നേടുന്നത്.

അഞ്ചാം അധ്യായം അംബേദ്കറുടെ സ്ത്രീസമത്വ ചിന്തകളെ കേന്ദ്രീകരിക്കുന്നു. ഇന്ത്യൻ സാമൂഹ്യചരിത്രത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അംബേദ്കറുടെ പങ്ക് പലപ്പോഴും പരിമിതമായി മാത്രമാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ പുസ്തകം അദ്ദേഹത്തെ തൊഴിലാളി സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവായി അവതരിപ്പിക്കുന്നു.

ഭൂഗർഭ ഖനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ, പ്രസവാനുകൂല്യങ്ങൾ, തുല്യവേതനം, ജോലി സാഹചര്യങ്ങളുടെ പരിഷ്കാരം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വിശദമായി വിവരിക്കപ്പെടുന്നു. ‘സ്ത്രീകളുടെ അന്തസ്സിനും കുലീനത്വത്തിനും ജാതി എന്തെന്നറിയില്ല’ എന്ന വാക്കുകൾ പുസ്തകത്തിൽ ഒരു ശക്തമായ ഫെമിനിസ്റ്റ് പ്രഖ്യാപനമായി ഉയരുന്നു.

സ്ത്രീ പ്രശ്നങ്ങളെ ജാതി-വർഗ്ഗ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന സമീപനമാണ് ഈ ഭാഗത്തിന്റെ പ്രധാന ശക്തി. തൊഴിലാളി സ്ത്രീകളുടെ ചൂഷണം വെറും ലിംഗപരമല്ല, ജാതിയും വർഗ്ഗവും ചേർന്നുള്ള അടിച്ചമർത്തലാണ് എന്ന തിരിച്ചറിവ് പുസ്തകം നൽകുന്നു.

അവസാന അധ്യായം സമകാലിക ഇന്ത്യയിലെ തൊഴിൽരാഷ്ട്രീയത്തെക്കുറിച്ചുള്ള ശക്തമായ വിമർശനമാണ്. 2019-2020 കാലത്തെ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെ എങ്ങനെ ദുർബലപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുസ്തകത്തെ സമകാലിക രാഷ്ട്രീയ ഇടപെടലാക്കി മാറ്റുന്നു. അസംഘടിത തൊഴിലാളികളുടെ സുരക്ഷിതത്വമില്ലായ്മ, വേതനമോഷണം, നിർബന്ധിത തൊഴിൽ, യൂണിയനുകളുടെ ദുർബലീകരണം തുടങ്ങിയ പ്രശ്നങ്ങൾ ഇവിടെ ശക്തമായി ഉയരുന്നു.

ആന്ധ്രയിലെ ചെമ്മീൻ വ്യവസായങ്ങൾ, മഹാരാഷ്ട്രയിലെ സ്റ്റീൽ ഫാക്ടറികൾ, രാജസ്ഥാനിലെ വ്യവസായങ്ങൾ എന്നിവിടങ്ങളിലെ അന്വേഷണ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഗ്രന്ഥകാരൻ അംബേദ്കറുടെ ചിന്തകളുടെ ഇപ്പോഴത്തെ പ്രസക്തി തെളിയിക്കുന്നു. ഇതുവഴി പുസ്തകം ചരിത്രപരമായ പഠനം മാത്രമല്ല, ഒരു സാമൂഹിക മുന്നറിയിപ്പുമായി മാറുന്നു.

വിമർശനാത്മകമായ വായനയിൽ ചില പരിമിതികളും പുസ്തകത്തിൽ കാണാനാകും. ഗ്രന്ഥകാരന്റെ രാഷ്ട്രീയ ആവേശം ചിലപ്പോൾ വിശകലനത്തിലെ സമതുലിതത്വത്തെ ബാധിച്ചിരിക്കുന്നോ എന്ന് വായനക്കാർ സംശയിച്ചേക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള വിമർശനങ്ങൾ പലപ്പോഴും ഏകപക്ഷീയമായി തോന്നാം. ഇന്ത്യൻ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സംഭാവനകൾക്ക് ആവശ്യമായ ഇടം പുസ്തകത്തിൽ ലഭിച്ചില്ല എന്ന വിമർശനം ഉന്നയിക്കാവുന്നതാണ്, പക്ഷേ പുസ്തകത്തിന്റെ ലക്ഷ്യം ഈ രംഗത്ത് അംബേദകർ നൽകിയ സംഭാവനകൾ രേഖപ്പെടുത്തുകയാണല്ലോ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനനത്തിന്റേയോ അല്ലെങ്കിൽ തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മറ്റ് സംഘടനകളുടേയോ വ്യക്തികളുടേയോ സംഭാവനകളെക്കുറിച്ച് പറയുകയല്ലല്ലോ.

അതുപോലെ, അംബേദ്കറുടെ ആശയങ്ങളെ ചിലപ്പോൾ അത്യധികം മഹത്വവൽക്കരിക്കുന്ന പ്രവണതയും കാണാം. ഒരു ഗവേഷണഗ്രന്ഥത്തിന്റെ നിഷ്പക്ഷതയെക്കാൾ രാഷ്ട്രീയപ്രഖ്യാപനത്തിന്റെ ആവേശമാണ് പല ഭാഗങ്ങളിലും പ്രകടമാകുന്നത്. എന്നിരുന്നാലും, ഈ ആവേശം തന്നെയാണ് പുസ്തകത്തിന്റെ വായനാനുഭവത്തെ സജീവമാക്കുന്നതും.

ഇന്ത്യൻ സാമൂഹ്യചരിത്രത്തിലെ ഒരു നിർണ്ണായക ഇടപെടലാണ് ‘അംബേദ്കർ: ഇന്ത്യ മറന്ന തൊഴിലാളി നേതാവ്’ എന്ന പുസ്തകം. അംബേദ്കറെ ദളിത് വിമോചനത്തിന്റെ പരിധിയിൽ നിന്ന് പുറത്തുകൊണ്ടുവന്ന് തൊഴിലാളി രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ഈ ശ്രമം ഇന്ത്യൻ ചരിത്രരചനയിൽ ബോധപൂർവ്വമോ അല്ലാതേയോ വിട്ടുപോകുന്ന ഒരു ഭാഗം പൂരിപ്പിക്കാനുള്ള ശ്രമമാണ്. അതൊരു വെല്ലുവിളിയായി തന്നെ എഴുത്തുകാരൻ ഏറ്റെടുത്തിരിക്കുന്നു. ജാതി, വർഗ്ഗം, തൊഴിൽ, ലിംഗം, സാമൂഹ്യനീതി എന്നിവ തമ്മിലുള്ള ബന്ധങ്ങളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഈ പുസ്തകം വിലപ്പെട്ട സ്രോതസ്സായിരിക്കും.

ഇത് ഇന്ത്യയുടെ മറച്ചുവെക്കപ്പെട്ട തൊഴിലാളി ചരിത്രത്തെ തിരികെ പിടിക്കാനുള്ള ഒരു രാഷ്ട്രീയ-ബൗദ്ധിക ശ്രമമാണ്. അംബേദ്കറുടെ ചിന്തകളെ പുതിയ വെളിച്ചത്തിൽ വായിക്കാൻ വായനക്കാരെ നിർബന്ധിതരാക്കുന്ന പുസ്തകം കൂടിയാണിത്. ചരിത്രം ആരുടെ ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കുന്നു, ആരെ മറക്കുന്നു എന്ന ചോദ്യത്തെ വീണ്ടും ഉന്നയിക്കുന്നു എന്നതു കൂടിയാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രാധാന്യം.

Ambedkar: The Unsung Architect of Indian Labor Rights:

Ambedkar: India's Forgotten Labor Leader highlights Dr. B.R. Ambedkar's significant but often overlooked role as a champion of workers' rights and a shaper of labor laws in India. This book argues that his contributions to labor politics and the well-being of the working class have been systematically erased from mainstream historical narratives, necessitating a re-examination of his legacy.

ADVERTISEMENT