ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മികച്ച നോവലിനു മലയാള മനോരമ ഏർപ്പെടുത്തിയ 3 ലക്ഷം രൂപയുടെ ഹോർത്തൂസ് പ്രൈസ് നേടിയ കൃതിയാണ് ബിനുരാജ് ആർ.എസ്. എഴുതിയ ‘ക്രിസാന്തമോദ്യാനത്തിലെ അപരൻ’ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച തന്റെ ഈ ആദ്യനോവലിന്റെ എഴുത്തനുഭവം ‘ക്രിസാന്തമോദ്യാനത്തിലേക്കുള്ള വഴി’ എന്ന പേരിൽ ബിനുരാജ് ആർ.എസ്. ‘വനിത ഓൺലൈനിൽ’ പങ്കുവയ്ക്കുന്നു. വായിക്കാം –
വായന പലവിധത്തിൽ എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പ്രിയ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ കൃതികളിലൂടെ പലവട്ടം കടന്നുപോയപ്പോൾ തോന്നിയ കൗതുകകരങ്ങളായ ചില സംഗതികൾ ‘മാർക്കേസിന്റെ നായിക’ എന്ന കഥയിലേക്ക് വഴിവെച്ചു. മികച്ച എഴുത്തുകാർ പുസ്തകങ്ങളുടെ സാധ്യത എഴുത്തിൽ ഉപയോഗിക്കുന്ന രീതി കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഈയിടെ വായിച്ച ‘ദ റെഡ് ഹെയേഡ് വുമൺ’ (The Red Haired Woman) എന്ന ഓർഹാൻ പാമുക്കിന്റെ നോവലിലും കണ്ടു അങ്ങനെയൊരു മാജിക്. ഷാനാമ, ഈഡിപ്പസ് റെക്സ് എന്നീ പുസ്തകങ്ങൾ ഇരുകൈകളിലായി പിടിച്ച് ഒരു ഞാണിന്മേൽ കളി നടത്തുകയാണ് പാമുക്. ആ കളിയിൽ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സൗന്ദര്യദർശനങ്ങളും, ധർമ്മബോധവും കലാപാരമ്പര്യവുമൊക്കെ കടന്നുവരുന്നു. എത്ര ആഴത്തിലാണ് വലിയ എഴുത്തുകാർ അവരുടെ പ്രിയ പുസ്തകങ്ങളെ തൊട്ടറിയുന്നതെന്ന് ആദരവോടെ മനസ്സിലാക്കി.
‘ക്രിസാന്തമോദ്യാനത്തിലെ അപരൻ’ എന്ന എന്റെ ആദ്യ നോവലിലേക്കുള്ള വഴി തുറന്നു കിട്ടിയതും ഒരു പുസ്തകത്തിന്റെ വായനയിൽത്തന്നെ. അമിതാവ് ഘോഷിന്റെ ‘സ്മോക്ക് ആൻഡ് ആഷസ്’ (Smoke and Ashes) ആണ് ആ പുസ്തകം. കൊളോണിയൽ കാലഘട്ടത്തിൽ, ഏഷ്യൻ രാജ്യങ്ങളിൽ ബ്രിട്ടൻ നടത്തിയ പോപ്പി കൃഷിയെ കുറിച്ച് പറയുന്ന ഒരു നോൺ ഫിക്ഷൻ പുസ്തകമാണത്. തന്റെ നോവൽ ത്രയത്തിനു വേണ്ടി കറുപ്പ് (ഓപ്പിയം) വ്യാപാരത്തെക്കുറിച്ച് പഠനം നടത്തി ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം അദ്ദേഹം എഴുതിയത്. ചൈനയിലും ഇന്ത്യയിലും അക്കാലത്ത് വ്യാപകമായ പോപ്പിക്കൃഷി നടന്നു. ബംഗാളിലെ ക്ഷാമം പോലും ഓപ്പിയം വ്യാപനം കാരണം ഭക്ഷ്യവിളകൾ കൃഷി ചെയ്യാനുള്ള ഭൂമിയുടെ അളവ് ഗണ്യമായി കുറഞ്ഞതിന്റെ ഫലമാണെന്ന് ആ പുസ്തകവായനയിൽ അറിഞ്ഞു.
ഓപ്പിയം കൃഷിക്കായി ചൈനയിലെത്തിയ യൂറോപ്യൻമാർക്ക് ചൈനയിലെ പരമ്പരാഗത ഉദ്യാനനിർമ്മാണ ശൈലിയോട് ആകർഷണം തോന്നിയതായി ഒരു പരാമർശവും ആ പുസ്തകത്തിൽ കണ്ടു. ഒരു കൗതുകത്തിന് ചൈനീസ്, യൂറോപ്യൻ ഉദ്യാന നിർമ്മാണ രീതികളെക്കുറിച്ച് പുസ്തകങ്ങളിലും ഓൺലൈനിലും നടത്തിയ അന്വേഷണങ്ങളാണ് ‘ക്രിസാന്തമോദ്യാനത്തിലെ അപരൻ’ എന്ന നോവലിലേക്കുള്ള വിത്തുപാകിയത്. ആദ്യം ഒരു ലേഖനമായി എഴുതാമെന്ന് കരുതിയ വസ്തുതകൾ പിന്നെയൊരു കഥയായി പറയാമെന്ന് കരുതി മാറ്റിയെഴുതി. കഥയായി നിൽക്കാതെ, പതിയെ അതൊരു നോവലായി വളർന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇംഗ്ലണ്ടിൽ നടക്കുന്ന കഥയായാണ് നോവൽ എഴുതിയിരിക്കുന്നത്. ചൈനീസ് മാതൃകയിലുള്ള ഒരുദ്യാനം നിർമ്മിക്കാൻ ചൈനയിൽ നിന്ന് ഒരുദ്യാനവിദഗ്ധനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നതും, അയാൾ ഉദ്യാനം നിർമ്മിക്കുന്നതുമായ സാങ്കല്പിക കഥയാണ് ഇതിലുള്ളത്. ഉദ്യാനനിർമ്മാണത്തിനൊടുവിൽ, വലിയൊരു സമസ്യ ബാക്കിവെച്ചിട്ടാണ് അയാൾ ചൈനയിലേക്ക് തിരികെപ്പോകുന്നത്. അതിനെ പിൻപറ്റി നടത്തുന്ന അന്വേഷണങ്ങളും അനുമാനങ്ങളുമാണ് നോവലിന്റെ പ്രധാന ഭാഗം. പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനായ ജൊനാഥൻ സ്വിഫ്റ്റും, അദ്ദേഹത്തിന്റെ രക്ഷാധികാരി കൂടിയായിരുന്ന സർ വില്യം ടെമ്പിളും ഈ നോവലിൽ പ്രധാന കഥാപാത്രങ്ങളാണ്.
നോവലിന്റെ രചനയ്ക്ക് വേണ്ടി ചൈനീസ് ഉദ്യാനങ്ങളെക്കുറിച്ചും, പശ്ചാത്യ-പൗരസ്ത്യ ഉദ്യാന സങ്കൽപ്പങ്ങളെക്കുറിച്ചുമൊക്കെ ധാരാളം വായിച്ചിരുന്നു. ആ കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളൊക്കെ നോവലിൽ കടന്നുവരുന്നുണ്ട്.