മലയാളത്തിന്റെ പ്രിയകഥാകൃത്ത് എൻ.പ്രദീപ്കുമാറിന്റെ ആദ്യ നോവലാണ് ‘അച്യുതം’. വേറിട്ട ആഖ്യാനത്താലും ആശയത്താലും ഗൗരവവായനക്കാർക്കിടയിൽ ശ്രദ്ധ നേടിയ ഈ കൃതിയുടെ പുതിയ പതിപ്പ് വർഷങ്ങൾക്കു ശേഷം ലോഗോസ് ബുക്സ് പുന:പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ‘അച്യുതം:അനുഭവം ആഖ്യാനം’ എന്ന പേരിൽ എൻ.പ്രദീപ്കുമാർ ‘അച്യുതം’ എഴുത്തനുഭവം ‘വനിത ഓൺലൈനിൽ’ പങ്കുവയ്ക്കുന്നത് വായിക്കാം –
എഴുത്തനുഭവം കഥകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. രണ്ടു ദശാബ്‌ദത്തിനു ശേഷം നോവലിനെ കുറിച്ച് അങ്ങനെയൊന്ന് എഴുതേണ്ടിവരുമെന്ന് നിനച്ചതല്ല. ഏറെ ശ്രദ്ധിച്ചു ചെയ്ത കൃതിയാണ് ‘അച്യുതം’. കഥയുടെ പൂർണ്ണത ഏതാണ്ട് ഏറെ അധ്യായങ്ങൾക്കും നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഒറ്റ അധ്യായം വായിച്ച് വായനക്കാരന് ഒരു കഥ പൂർത്തിയാക്കാം. കഥയുടെ കയ്യടക്കം സൃഷ്‌ടിക്കാൻ ശ്രമിച്ചിട്ടുണ്ട്.
നോവൽ എന്നതിനേക്കാൾ എനിയ്ക്ക് അതൊരു ജീവിതരേഖയാണ്. അന്നോളം കണ്ട, അനുഭവിച്ച ജീവിത സാഹചര്യങ്ങളുടെ അംശം അതിലുണ്ട്.
ഫിക്ഷൻ ഭാവനയാണ്. ഭാവനയുണ്ട്. തീർച്ച! എന്നാൽ ആ ഭാവനയും യാഥാർത്ഥ്യവും കൂടിക്കുഴഞ്ഞ് എനിയ്ക്കതു രണ്ടല്ല. ഉള്ളിനെ മുറിവേല്പിച്ച,എന്തേ ആളുകൾ ഇങ്ങനെയൊക്കെ പെരുമാറുന്നു എന്ന തോന്നലേൽപിച്ച സന്ദർഭങ്ങൾ. അതിനിരയാവുന്ന ആത്മാക്കൾ. ഞാൻ തന്നെയും ഒരിരയാണല്ലോ !
2003 ഒക്ടോബറിൽ തുടങ്ങി ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കിയ കൃതിയാണ് ‘അച്യുതം’. നോവൽ ആലോചനയിൽ ഉണ്ടായിരുന്നു. കാട്ടിപ്പരുത്തി പോലീസ് സ്റ്റേഷൻ എന്ന ഭാഗം എഴുതിവച്ചതും ആയിരുന്നു. കഥ തന്നെ ഒറ്റയിരിപ്പിലെ എഴുത്തു ശീലമല്ല എനിക്ക്. രണ്ടോ മൂന്നോ ആഴ്ചകൊണ്ടൊക്കെയെ പൂർത്തിയാവൂ. അതുകൊണ്ട് അതങ്ങനെ കിടന്നു.
അപ്രതീക്ഷിതങ്ങൾ സംഭവിക്കുന്നതാണ് ജീവിതത്തിന്റെ ചാരുത. ‘The wonderful Story of Henry Sugar’ വായിക്കുമ്പോൾ Roald Dahl അനിശ്ചിതത്വം മുൻകൂട്ടി കാണാൻ പറ്റുന്ന അറിവായി മാറിയാൽ ജീവിതത്തിന്റെ ഭംഗി എങ്ങനെ കെട്ടുപോകുമെന്ന് പറഞ്ഞു തരുന്നുണ്ട്. അത്തരത്തിലൊരു അനിശ്ചിത സംഭവം 2003 ജൂലൈയിൽ എന്റെ ജീവിതത്തിൽ പതിച്ചു. അമ്മയുടെ മരണം! അപ്രതീക്ഷിതമായിരുന്നു അത്. നാല്പത്തിയൊമ്പതു വയസ്സേ ആയിരുന്നുള്ളൂ, അമ്മയ്ക്ക്. യാതൊരു രോഗവുമില്ലാത്ത ഊർജ്ജസ്വല വ്യക്തിത്വം ഇപ്പോഴത്തെ പട്ടാമ്പി താലൂക്കിൽ അന്ന് എവിടെയും സ്ഥിരീകരിച്ചിട്ടില്ലാത്ത ഡെങ്കി വൈറസ് റെഫർ ചെയ്തതനുസരിച്ച് പെരിന്തൽമണ്ണയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. ഡിസ്ചാർജ് പറഞ്ഞ ദിവസത്തിന്റെ തലേന്ന് രാത്രി ഭക്ഷണം കഴിച്ചപ്പോൾ ഛർദ്ദിച്ചു. അപ്പോഴാണ് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവെന്ന് ആശുപത്രി കണ്ടെത്തുന്നത്. പിറ്റേന്നു രാവിലെ പൂർണ്ണ ബോധത്തോടെ C C U വിൽ എന്നെ കണ്ട് സംസാരിച്ച് അമ്മ കണ്ണടച്ചു .
ജീവിതത്തിന്റെ മറ്റൊരു കാലഘട്ടം തുടങ്ങുന്നത് അവിടെയാണ്. വീട്ടിൽ ഒരമ്മ എന്തെന്തെല്ലാമെന്ന് തിരിച്ചറിയുന്ന നേരം. അറിവല്ല, തിരിച്ചറിവാണ്. രണ്ടും വ്യത്യാസമുണ്ട്. അച്ഛൻ സ്‌കീസോഫ്രീനിക് ആണ്. അമ്മയുടെ മരണം അച്ഛന്റെ മാനസിക പ്രശ്നത്തിന് ആക്കം കൂട്ടി. പാരലൽ അധ്യാപനം, കഥയെഴുത്ത് (മൂന്നു കഥാപുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്) സാംസ്‌കാരിക രാഷ്‌ട്രീയ പ്രവർത്തനങ്ങൾ, സ്ഥിരതയാർന്ന തൊഴിലിലൂന്നി PSC യെ അഭിമുഖീകരിയ്ക്കൽ ഇതൊക്കെയാണ് അക്കാലം. വല്ലാത്തൊരു ഒറ്റപ്പെടൽ എന്നെ വന്നു മൂടി. ആറേഴു കിടപ്പുമുറികളും നീണ്ട ഇടനാഴികളുമുള്ള പഴയ വലിയ വീട്. രണ്ടു സർപ്പകാവുകളും ബ്രഹ്മരക്ഷസ്സും കൂട്ടിനുണ്ട്. മുൻപ് താമസിച്ച മന്ത്രവാദി പാലമരം തികയാതെ മുറ്റത്തെ തെങ്ങിലുൾപ്പെടെ ആണിയടിച്ച് തളച്ച ബാധകൾ. നിരവധി വൃക്ഷങ്ങൾ പകലും ഇരുൾപരത്തി നിൽക്കുന്ന ഒരേക്ര ഭൂമി.
എനിക്കെന്നെ കുറിച്ച് തന്നെ പരിഭ്രമം തോന്നി. ആശ്രയിക്കാൻ അക്ഷരങ്ങളല്ലാതെ മറ്റൊന്നില്ല. അങ്ങനെയാണ് പരിചയമുള്ള ചില മനുഷ്യരുടെ നേരിട്ടറിയുന്ന വ്യഥകൾ എന്റേതുമായി താരതമ്യം ചെയ്യാൻ തുടങ്ങിയത്. ‘ജീവിതത്തെ സംബന്ധിച്ചിടത്തോളം വിജയങ്ങളും പരാജയങ്ങളും ആപേക്ഷികങ്ങളാണ്. താരതമ്യപ്പെടുത്താവുന്ന സമാനതകളുള്ള മറ്റൊരു ജീവിതം ഗോചരമാകുന്നതു വരെ മാത്രമേ ഉദ്ഘോഷിക്കപ്പെടുന്ന വിജയത്തിനോ പരാജയത്തിനോ സാംഗത്യമുള്ളൂ. ‘ഇതുപറയുന്ന’ ബ്രഹ്മചര്യം; ഗാർഹസ്ഥ്യ’ത്തിലെ ഡി പി മധുസൂദനൻ എന്ന പൊതുപ്രവർത്തകൻ പരിചയത്തിലുണ്ട്. പ്രോട്ടോടൈപ്പ് എന്നല്ല. ഗസറ്റിൽ പബ്ലിഷ് ചെയ്ത് നാമം നവീകരിച്ച സന്ദീപ് ഈഴവൻ, ആത്മഹത്യ വരിച്ച കൗമാരക്കാരനായ ജയപ്രകാശ് ഇവരൊക്കെ പലകാലങ്ങളിലായി പരിചയ സീമയിലുള്ളവരാണ്. അതൊരു പൂർവ്വഭാഗം മാത്രമാണ്. കഥയായി, കഥാപാത്രമായി അവർ വളരുന്ന ഉത്തരഭാഗം പൂർണമായും ഭാവനയും.
രണ്ടുവർഷം പത്തനംതിട്ടയിലാണ് പഠിച്ചത്. M C റോഡ് യാത്രയിൽ പൈനാപ്പിൾ കൃഷിയുള്ള ഭാഗങ്ങൾ പ്രിയമായിരുന്നു. അവിടെയൊരു കഥാപാത്രം നടന്നാലെന്ന ഭാവനയാണ് സോമകാന്തൻ (കൂത്താട്ടുകുളത്തിനും മീങ്കുന്നത്തിനും മധ്യേ). നോവലിൽ എനിക്കേറെ പ്രിയപ്പെട്ട, ആഖ്യാനത്തിൽ നന്നേ ശ്രമപ്പെട്ട ഭാഗമാണത്. എഴുതുമ്പോഴും ഇപ്പോഴും അതെനിക്കൊരു ചലച്ചിത്രഭാഷ്യമാണ്, ഉള്ളിൽ. വിരമിച്ച മനുഷ്യരുടെ എഴുത്തുകൂട്ടവും (വിദ്യാരംഭം) കൃഷ്ണവേണിയുമൊക്കെ (മനസ്സിലെ കൃഷ്ണപക്ഷം) ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ പരകോടിയിൽ സ്വപ്ന സന്നിഭമെന്ന പോലെ വന്നവരാണ്.
‘വേണി അതിനു മറുപടി പറഞ്ഞില്ല. അരവിന്ദൻ പിന്നെയൊന്നും ചോദിച്ചുമില്ല. വെറുതെ അവളെ നോക്കി ഇരുന്നു. അപ്പോൾ അരവിന്ദന് അവളോട് തെല്ലും സഹതാപം തോന്നിയില്ല. പക്ഷേ സ്നേഹം തോന്നി. അതു പക്ഷേ, ഒരവിവാഹിതനായ യുവാവ് അവന്റെ മനോരഥ്യകളിൽ കല്പിക്കുന്ന സ്വപ്നസുന്ദരിയോടുള്ള സ്നേഹമായിരുന്നില്ല. മറിച്ച് ജീവിതയാതനകളുടെ മൂശയിൽ കിടന്ന് തപിച്ചുപാകപ്പെട്ടു വന്ന ഒരാത്മാവിനോടുള്ള മറ്റൊരാത്മാവിന്റെ ആദരം നിറഞ്ഞ സ്നേഹമായിരുന്നു’’ ( മനസ്സിലെ കൃഷ്ണപക്ഷം).
‘ഒളിത്താവളത്തിൽ രണ്ടു വർഷത്തോളം നാസി അധിനിവേശത്തിന്റെ നിഷ്ഠുരത ശരീരത്തിലും ആത്മാവിലും സഹിച്ച ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ മനസ്സിന്റെ കടച്ചിൽ വായനയുടെ മാത്രകളിൽ നിന്നും സംക്രമിച്ച് ഏറെനാൾ അരവിന്ദന്റെ ഹൃദയത്തെ മഥിച്ചു’ (എഴുത്തും ദിനക്കുറിപ്പും) എന്നീ വരികളിലൊക്കെ അക്കാലത്തെ എന്റെ ഒറ്റപ്പെടലിന്റെ കടച്ചിലുണ്ട്. ഓർക്കുമ്പോൾ കണ്ണിലൊരു നനവു പടരും എന്തിനെന്നറിയാതെ ഇപ്പഴും...
മലയാളത്തിലെ ജിബ്രാനാണ് നിങ്ങൾ എന്ന് തെല്ലു തമാശ കലർത്തി അന്നൊരു പ്രമുഖ പത്രസ്ഥാപനത്തിലെ നിരൂപകനായ സബ് എഡിറ്റർ നോവൽ വായിച്ച് പറഞ്ഞത് ഓർക്കുന്നു. അവരത് സീരിയലൈസ് ചെയ്യാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് മുതിർന്നൊരെഴുത്തുകാരന്റെ നോവൽ വരുന്നത്. അതിനുശേഷമെന്നു പറയുമ്പോൾ ഒരുവർഷം വൈകും. പ്രമുഖ പത്രസ്ഥാപനം നവാഗത നോവലിസ്റ്റുകൾക്കായി മത്സരം പ്രഖ്യാപിച്ച സമയമാണ്. ഇത് അവർക്ക് കൊടുക്കൂ എന്ന് നിർദ്ദേശിച്ചു. മത്സരഫലം വരുന്നത് 2007 ൽ! ചോദ്യങ്ങൾക്ക് ഉടനെ വരുമെന്നു മാത്രം മറുപടി. മറ്റാർക്കും കൊടുക്കില്ലെന്ന സത്യവാങ്മൂലത്തിന്റെ പേരിൽ കുരുങ്ങി കിടന്നു. ഷോർട് ലിസ്റ്റ് ചെയ്ത പത്ത് പുസ്തകങ്ങളിൽ ഒന്നായി, ഏറ്റവും മോശം പേജിൽ, ഏറ്റവും അനാകർഷകമായ സൈസിൽ അത് പുറത്തിറങ്ങി. ആരാലും കണ്ടെത്തപ്പെടാൻ പറ്റാത്ത തരത്തിൽ ജീവിതയാതനകളുടെ ആ പുസ്തകത്തിനും തലതൊട്ടപ്പന്മാരില്ലാത്ത ഒരെഴുത്തുകാരന്റെ എഴുത്തു ജീവിതത്തിനും താൽക്കാലികമായെങ്കിലും അത് സമാധിയൊരുക്കി.
ആ അർത്ഥത്തിലും ‘അച്യുതം’ എനിയ്ക്ക് പ്രിയപ്പെട്ടതാണ്. എത്ര വെട്ടി വെടിപ്പാക്കി തീയെരിച്ചു കരിച്ചാലും ഒറ്റ പെയ്ത്തിൽ വേനൽമഴ ഹരിത നാമ്പുകളെ ഭൂമിയിൽ ഉയിർപ്പിക്കുംപോലെ ഇപ്പോഴും അത് കണ്ടെത്തി വായിക്കുന്ന മികച്ച വായനക്കാർ അക്ഷരങ്ങളിലൂടെ അറിയിയ്ക്കുന്ന സ്നേഹം. ഇരുപതാണ്ടുകൾക്കു ശേഷം ഇപ്പോൾ ഈ കുറിപ്പെഴുതാൻ ഇടവന്ന സാഹചര്യം. സമാനഹൃദയനായ പ്രിയപ്പെട്ട വായനക്കാരാ, അത്രയൊക്കെയേ ഒരെഴുത്ത് ആവശ്യപ്പെടുന്നുള്ളൂ!