ADVERTISEMENT

പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ രാജൻ തുവ്വാരയുടെ പുതിയ കൃതിയാണ് ‘റഷ്യൻ സിംഫണി’. മഹാനായ സാഹിത്യകാരന്‍ ആന്റൺ ചെക്കോവിന്റെ ജീവിതവും സൃഷ്ടിപ്രപഞ്ചവും പശ്ചാത്തലമാക്കി രചിക്കപ്പെട്ട നോവലാണിത്. ഈ രചനയുടെ എഴുത്തനുഭവം ‘അന്തോഷ ചെക്കോണ്ടെ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ പങ്കുവച്ചത് വായിക്കാം –

സ്കൂൾ കാലത്തൊന്നും ചെക്കോവ് എന്ന പദം ഞാൻ കേട്ടിരുന്നില്ല. പ്രീ ഡിഗ്രി ഒന്നാം വർഷം പ്രൊഫ. സി. പ്രഭാകരമേനോന്റെ പ്രസംഗത്തിൽ നിന്നാണ് ആന്റൺ ചെക്കോവിനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. അന്ന് അദ്ദേഹം ചെക്കോവ് എന്ന നാടകകൃത്തിനെ കുറിച്ചാണ് പറഞ്ഞത്. ‘മാര്യേജ് പ്രെപ്പോസൽ’ എന്ന നാടകം പഠിപ്പിക്കുവാൻ അദ്ദേഹത്തിന് അത്രക്ക് താല്പര്യമില്ലായിരുന്നു. അന്നത്തെ ബോധ്യവും ആസ്വാദനബലവും വെച്ച് ആ നാടകം അത്ര മികച്ചതാണെന്ന് എനിക്കും തോന്നിയില്ല. അടുത്ത വർഷം ചെക്കോവിന്റെ ‘പന്തയം’ എന്ന കഥ പഠിക്കാൻ ഉണ്ടായിരുന്നു. അതിഗംഭീരൻ കഥ. അന്നും ഇന്നും അതേ അഭിപ്രായം തന്നെ, എനിക്ക്‌. ഹൈമാവതി ടീച്ചർ ആ കഥ പഠിപ്പിക്കാൻ ശ്രമിച്ചു. ആ കഥയോട് എനിക്ക് പ്രിയം തോന്നിയെങ്കിലും പഠിക്കാൻ ആഗ്രഹം തോന്നിയില്ല. കഥ പഠിക്കുകയല്ല വായിച്ചാസ്വദിക്കുകയാണ് വേണ്ടതെന്നു കരുതുന്നവനാണ് ഞാൻ.

ADVERTISEMENT

അതിനു ശേഷം എത്രയോ ചെക്കോവ് കഥകളും നാടകങ്ങളും വായിച്ചു. ദശാബ്ദങ്ങൾ പിന്നിട്ട ശേഷം ഗൗരവമുള്ള സാഹിത്യത്തിലേക്ക് കടന്നുചെന്നു. ചെക്കോവിന്റെ കഥകൾ പരിഭാഷ ചെയ്തു. ‘ടൈഫസ്’ അടക്കമുള്ള കഥകൾ അടങ്ങുന്ന വലിയ ഒരു സമാഹാരം ഇറങ്ങി. അത് വായിച്ചവർ സംതൃപ്തിയോടെ പ്രതികരിച്ചത് എന്നെ ആഹ്ലാദിപ്പിച്ചു. ആ പുസ്തകം വായിച്ച ഒരു പ്രീ ഡിഗ്രി സുഹൃത്ത് നാലു ദശകങ്ങൾക്ക് ശേഷം എന്നെ തേടി വന്നു. അന്ന് അയാൾ എന്നോട് പ്രി ഡിഗ്രി ക്ലാസ്സിൽ പഠിച്ച ‘പന്തയം’ എന്ന കഥയെ കുറിച്ച് പറഞ്ഞു. അയാൾ ഒരു ചെക്കോവ് ആരാധകനായിരുന്നു. ചെക്കോവിനെ കുറിച്ച് അന്ന് ഞങ്ങൾ വിശദമായി സംസാരിച്ചു. കോളേജ് അധ്യാപകനായിരുന്ന ദാമോദരൻ ഇന്ന് ജീവിച്ചിരിപ്പില്ല; ഉണ്ടായിരുന്നെങ്കിൽ ‘റഷ്യൻ സിംഫണി’ വായിച്ച് അദ്ദേഹം സന്തോഷിക്കുമായിരുന്നു.

ചെക്കോവ് കഥകളുടെ പിന്നാമ്പുറം തേടി ഇറങ്ങുവാനുള്ള മറ്റൊരു പ്രേരണ സാനു മാസ്റ്റർ ആയിരുന്നു. നൊബേൽ ജേതാക്കളുടെ കഥകൾ എന്ന സമാഹാരത്തിന് അവതാരിക എഴുതി എനിക്ക് കൈമാറുന്ന സമയത്ത് ഞാൻ അദ്ദേഹവുമായി കുറച്ചു നേരം സംസാരിച്ചിരുന്നു. അന്ന് ഞങ്ങൾ ചെക്കോവ്,മോപ്പസാങ്, കാഫ്‌ക, ബാബേൽ എന്നിവരുടെ കഥയെഴുത്തിനെ കുറിച്ചാണ് ഏറിയ കൂറും സംസാരിച്ചത്. ആ സംഭാഷണത്തിനിടയിൽ അദ്ദേഹം എന്നോട് മോപ്പാസാങ്ങിനെ കുറിച്ചും ചെഖോവിനെ കുറിച്ചും കാഫ്കയെ കുറിച്ചും കാര്യമായി എന്തെങ്കിലും എഴുതിയാൽ നന്നായിരിക്കും എന്ന് സൂചിപ്പിച്ചു. ഞാൻ ശ്രമിക്കാം എന്ന് പറയുകയും ചെയ്തു. പിന്നീടുള്ള എന്റെ വായനക്കിടയിൽ പല വട്ടം ചെക്കോവ് വരികയും പോവുകയും ചെയ്തു. ചെക്കോവിനെ കുറിച്ച് എന്തെങ്കിലും എഴുതാൻ ആഗ്രഹിച്ചെങ്കിലും അത് സഫലമായില്ല.

ADVERTISEMENT

2020ൽ ആണ് വി എസ് പ്രിച്ചറ്റിന്റെയും ഡോണൾഡ് റൈഫീൽഡിന്റെയും ചെക്കോവിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ ഇടവരുന്നത്. അതിനു പിന്നാലെ ഹെൻറി ട്രോയട്ട് എഴുതിയ ചെക്കോവിനെക്കുറിച്ചുള്ള പുസ്തകം വായിക്കാൻ അവസരം ലഭിച്ചു. ചെഖോവിന്റെ ജീവിതം എത്ര സംഭവബഹുലമാണെന്ന് അതെല്ലാം വായിച്ചപ്പോൾ ആണ് എനിക്ക് ബോധ്യമാകുന്നത്. കഥകളും നാടകങ്ങളും പിറന്ന ആ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്നുകൊണ്ട് സങ്കടബഹുലമായ അനുഭവങ്ങൾ ഞാൻ വായിച്ചു. മഹാ സാധുവായ അമ്മ, പെട്ടെന്നു ക്രോധവാനാകുന്ന അപ്പൻ, ബുദ്ധിജീവികൾ ആയ സഹോദരങ്ങൾ, മനോഹരമായ കത്തുകൾ എഴുതിയിരുന്ന മിത്രോഫൻ അങ്കിൾ, മികച്ച ചിത്രകാരൻ ആയിരുന്ന കോളിയ എന്ന നിക്കൊളായ്, മഹാനായ അലക്സാണ്ടർ എന്ന് ചെക്കോവ് വാഴ്ത്തിയ മൂത്ത ചേട്ടൻ സാഷ എന്ന വിളിപ്പേരുള്ള അലക്സാണ്ടർ ചെക്കോവ് എന്നിവർ ചേർന്ന് രൂപം കൊടുത്തതായിരുന്നു ചെക്കോവിന്റെ ജീവിതം.

russian-2

കഥകളിൽ കാണാത്ത ചെക്കോവിനെയാണ് ഞാൻ തിരഞ്ഞത്. ‘അന്തോഷ ചെക്കോണ്ടെ’ എന്ന പേരിലാണ് ചെക്കോവ് എഴുതാൻ തുടങ്ങിയത്. അമേരിക്കൻ കഥാകാരനായ റെയമണ്ട് കാർവറും അങ്ങനെയുള്ള ചെക്കോവിനെയാണ് അന്വേഷിച്ചത് . അതിനൊടുവിലാണ് അദ്ദേഹം errand എന്ന മനോഹരമായ കഥ എഴുയതിയത്. കാർവറിൽ നിന്ന് അനേകം കാതം അകലെ നിൽക്കുന്ന ഞാൻ കണ്ടെത്താൻ ശ്രമിച്ചതും ആ ചെക്കോവിനെ. കണ്ടെത്താൻ ശ്രമിക്കുന്തോറും അനന്തമാകുന്ന ആകാശമാണ് ചെക്കോവിന്റെ രചനാലോകം.

ADVERTISEMENT

ചെക്കോവിന്റെ വൈയക്തികമായ അനുഭവലോകം എന്നും എനിക്ക് വലിയ കൗതുകം സമ്മാനിച്ചു. ഡോക്ടർ ജോലിയോട് പ്രതിപത്തി ഉണ്ടായിരുന്നുവെങ്കിലും എഴുത്തായിരുന്നു ചെക്കോവിന്റെ പ്രിയപ്പെട്ടവൾ. സുവോറിൻ എന്ന പത്രാധിപർ ഇല്ലായിരുന്നുവെങ്കിൽ ചെക്കോവിന്റെ ജീനിയസ് ഇത്രത്തോളം പ്രകാശിക്കുമായിരിക്കില്ലായിരിക്കാം. ഭിഷഗ്വര ജീവിതവും എഴുത്തും ഒരു മേശയുടെ അപ്പുറവും ഇപ്പുറവും നിരത്തി ചെക്കോവ് ജീവിച്ചു. എഴുത്തുകാരായ ഭിഷഗ്വരൻമാരിൽ അതിശയകരമായ പ്രതിഭ പ്രകാശിപ്പിച്ച ജീനിയസ് ആയിരുന്നു ചെക്കോവ്.

ഗിലിയറോവ്സക്യും ലിക സുന്ദരിയും മഹാനായ സംഗീതജ്ഞൻ ചൈകോവ്സ്‌കിയും ചെക്കോവിന്റെ വീട്ടിലെ അംഗങ്ങളെപ്പോലെ ആയിരുന്നു. ടോൾ സ്റ്റോയിയെ കാണുവാൻ ചെക്കോവ് യസ്നായ പൊല്യാനയിൽ ചെന്നു. മഹാനായ ആ എഴുത്തുകാരന് ചേക്കോവിനോട് വലിയ ആദരവുണ്ടായിരുന്നു. സ്റ്റാനിസ്ലാവ്സ്കിക്കും ഗോർക്കിക്കും ഐവാൻ ബുനിനും ചെക്കോവിന്റെ കഥകളോടും നാടകങ്ങളോടും അത്ഭുതം കലർന്ന ആദരവായിരുന്നു. ബുനിൻ ഒരു ദിവസം ചെക്കോവിന്റെ മെലിഖോവോയിലെ വസതിയിൽ താമസിച്ചു. അവർ തമ്മിൽ അന്നു രാത്രി സംസാരിച്ചത് എഴുത്തിനെ കുറിച്ചായിരുന്നു.

ചെക്കോവിന്റെ അനിയത്തി മാഷയുടെയും അനുജൻ മിഷയുടെയും ഓർമ്മകൾ ആണ് ഈ ആഖ്യായികയുടെ സുഷുംനയായി വർത്തിക്കുന്നത്. വെറും നാലു വർഷം നീണ്ടുനിന്ന ചെക്കോവിന്റെ ദാമ്പത്യത്തിനു അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ഓൾഗ നിപ്പർ എന്ന നീപർണികയുമായുള്ള ചെക്കോവിന്റെ ബന്ധത്തിന്റെ ആയുസ്സിനു വിഘാതമായി നിന്ന വില്ലൻ ക്ഷയരോഗം തന്നെയായിരുന്നു. കാഫ്കയും ഓർവെലും ഇതേ രോഗം മൂലം ഇതേ വിധി അനുഭവിച്ചത് നാം കണ്ടു.

അനുജൻ മിഷയും അനിയത്തി മരിയയും ആയിരുന്നു ചെക്കോവിന്റെ മനസ്സ് സൂക്ഷിപ്പുകാർ. അതുകൊണ്ട് അവരിലൂടെ ചെക്കോവ് എന്ന മഹാനായ എഴുത്തുകാരന്റെ ജീവിതം എഴുതുമ്പോൾ അത് കൂടുതൽ അനുഭൂതിദായകമാകുന്നതായി എനിക്ക് തോന്നി. സഹോദരങ്ങൾ, അമ്മ, അപ്പൻ ഇവരായിരുന്നു ചെക്കോവിന്റെ കരുത്ത്. ജീവിതം മുന്നോട്ട് പോകുന്തോറും മറ്റനേകം മഹത്തുക്കൾ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നത് നമുക്ക് വായിക്കാൻ കഴിയും.സുവോറിനും സ്റ്റാനിസ്ലാവ്സക്കിയും അലക്സണ്ടർ ദചെങ്കൊയും ചിത്രകാരൻ ലെവിതനും ചേരുമ്പോഴാണ് ചെക്കോവിന്റെ ജീവിതം ഇതിഹാസമാകുന്നത്.

മഹാനായ സംഗീതപ്രതിഭ ചൈക്കോവ്സ്കി ചെക്കോവിന്റെ ആരാധകനായിക്കൊണ്ട് അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒപ്പിട്ടുകൊടുക്കുന്ന രംഗമുണ്ട്. ആ രംഗം എഴുതുമ്പോൾ ഈ നോവലിന് സംഗീതധ്വനിയുള്ള ശീർഷകം നൽകുന്നതിനെ കുറിച്ചുള്ള ആലോചന എന്റെ മനസ്സിൽ ഇടം പിടിച്ചു. നിരന്തരം ആലോചിച്ചപ്പോൾ ‘റഷ്യൻ സിംഫണി’ എന്ന ശീർഷകം രൂപം കൊണ്ടു.

ഈ പുസ്തകം എഴുതാൻ വേണ്ടി എനിക്ക് ലഭിച്ച ആലോചനകളും കല്പനകളും ചെക്കോവിന് മലയാളത്തിന്റെ പ്രിയ വായനക്കാർ നൽകുന്ന ആദരവും സമർപ്പണവുമാണ് - ചെക്കോവിനെ ആദരവോടെ കാണുന്ന അനേകം വായനക്കാരുള്ള സാംസ്കാരിക ഇടമാകുന്നു കേരളം. അവർക്ക്,വേണ്ടിയുള്ളതാകുന്നു ഈ പുസ്തകം.

The Genesis of Russian Symphony: Rajan Thuvvara's Literary Journey:

Russian Symphony is a new novel by renowned novelist and translator Rajan Thuvvara, based on the life and work of the great writer Anton Chekhov. The author shares his writing experience, titled 'Antosh Chekonde,' for Vanitha Online, offering insights into his journey with Chekhov's literary world.

ADVERTISEMENT