പ്രശസ്ത കവി അരുൺ ഭാസ്കർ എഴുതുന്നു, തന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘അർദ്ധവിരാമമെന്ന മുറി’ക്കു പിന്നിലെ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളെക്കുറിച്ച്... ‘അർദ്ധവിരാമമെന്ന മുറി - ഞാൻ ഒരിക്കലും വീണ്ടും വായിക്കാൻ ഇഷ്ടപ്പെടാത്ത പുസ്തകം’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’...
ചെറുപ്പം തൊട്ടേ പുസ്തകങ്ങളെന്നാൽ ജീവനേക്കാൾ സ്നേഹിക്കുകയും, മറ്റെന്തിനെക്കാളും പുസ്തകം വായിക്കാൻ സമയം കണ്ടെത്തുകയും ചെയ്തിരുന്ന ഒരാൾ ഇങ്ങനെ പറയേണ്ടി വരുന്നതിൽ മതിയായ കാരണമുണ്ട് .
2024 എന്ന വർഷം എന്നിലുണ്ടാക്കിയ മുറിപ്പാടുകളുടെ കഥയാണ് ഈ പുസ്തകം.
ഓർത്തെഴുതുകയെന്നത് കവിതയെഴുതുന്ന പോലെ എളുപ്പമായിരുന്നില്ല. പൂക്കളെപ്പറ്റിയെഴുതിയ പേന ചോര കണ്ടപ്പോൾ വിറച്ചുപോയി. അക്ഷരങ്ങൾ കണ്ണുനീരുമായി ചേർന്നു കട്ടപിടിച്ചു .
യാത്രാവിവരണമെഴുതുന്ന പോലെ എഴുതിയാൽ മതിയെന്ന് ആദ്യം തോന്നി. പക്ഷേ ആ യാത്ര ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ ഇനിയുമുണങ്ങാത്ത മുറിവുകൾ പൊറ്റ പൊളിഞ്ഞു രക്തം വാർന്നു. അന്നത്തെപ്പോലെ ഞാൻ ഓരോ ദിവസവും തകർന്നുപോയി. പിറ്റേന്ന് ജീവിച്ചിരിക്കണമെന്ന ഒറ്റ നിർബന്ധത്തിൽ മാത്രം ഞാൻ ഉറക്കത്തിൽ നിന്നും ശ്രമപ്പെട്ടു കണ്ണുകൾ തുറന്നു.
ഓരോ പ്രഭാതവും ഒരു വിജയമായിരുന്നില്ല; തോൽവിയെ കുറച്ചുകൂടി വൈകിപ്പിച്ചതിന്റെ അടയാളം മാത്രമായിരുന്നു. ചില ദിവസങ്ങളിൽ ആളുകളുടെ ചിരി പോലും എനിക്ക് അന്യഭാഷയായി തോന്നി. എനിക്കു പുറത്ത് ഒരു ലോകം തിരക്കു പിടിച്ചു പാഞ്ഞുകൊണ്ടിരുന്നു. അവർ സംസാരിച്ചുകൊണ്ടിരുന്നു; ചിരിച്ചു കൊണ്ടിരുന്നു ,
അവരുടെ ലോകത്തിന്റെ ഒരു കോണിൽ ഒരു കുഞ്ഞുവീട് അതിന്റെ നിശബ്ദതയുടെ അർത്ഥം തേടുകയായിരുന്നു. ഒരു മനുഷ്യന് എത്രത്തോളം മിണ്ടാതിരിക്കാനാകുമെന്ന് ആ വർഷമാണ് ഞാൻ പഠിച്ചത്. മൗനം വേദനകളുടെ അവസാനത്തെ ഭാഷയാണ്. ചില വേദനകൾക്ക് ശബ്ദമില്ല; അവ ശ്വാസത്തിനിടയിൽ ഒളിഞ്ഞിരുന്ന് ഓരോ ദിവസവും നമ്മളെ അൽപ്പാൽപ്പമായി മുറിപ്പെടുത്തിക്കൊണ്ടിരിക്കും .
എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രികൾ. അവ എന്റെ ഉള്ളിലായിരുന്നു. വെളിച്ചമുണ്ടായിട്ടും പുലരാത്ത രാത്രികൾ. ഒരേപോലെ ദൈവങ്ങളോടും പിശാചുക്കളോടും പ്രകൃതിയോടും ഞങ്ങൾ യുദ്ധം ചെയ്തു. ചോദ്യങ്ങൾ ചോദിച്ചു, ശപിക്കുകയും കരയുകയും ചെയ്തു. ഇതൊരു യാത്രയാണ്. പക്ഷേ ഒരു സാധാരണ യാത്രാ വിവരണത്തെക്കാൾ ഇതിനു കൂടുതൽ പറയാനുണ്ട്. ഇത് ജീവിതത്തിലൂടെയുള്ള യാത്രയാണ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയെന്ന് പലരും പറഞ്ഞു ഭംഗിപോയ അതേ വരികൾ വീണ്ടും കടമെടുക്കേണ്ടി വരുന്ന പാത.
സന്തോഷത്തിന്റെ വളരേ ചെറിയ അടരുകളിൽ പോലും അതിയായി അനന്ദം കണ്ടെത്തിയിരുന്ന ഒരു ചെറിയ കുടുംബത്തിലേക്ക് വന്നു ചേർന്ന ഇരുണ്ട ദിനങ്ങളുടെ, ആ ഇരുട്ടിൽ തുഴഞ്ഞു കര തേടിയ മൂന്നു മനുഷ്യരുടെ കഥയാണിത്.
പുസ്തകം വായിച്ചു ഒരുപാട് പേർ കരഞ്ഞതായി മെസ്സേജ് അയച്ചു. ഈ പുസ്തകം ആരെയെങ്കിലും കരയിക്കാനല്ല ഞാൻ എഴുതിയത്. എത്ര ആഴത്തിൽ തകർന്നാലും, ഒരാൾ തന്റെ കഥ പറയാനുള്ള ധൈര്യം ഒരുനാൾ കണ്ടെത്തുമെന്നതിന് സാക്ഷ്യം മാത്രം ബാക്കി വയ്ക്കാനാണ്. കാരണം, ചില ജീവിതങ്ങൾ പൂർണവിരാമത്തിൽ അവസാനിക്കുന്നില്ല. അവ അർദ്ധവിരാമങ്ങളായി നിൽക്കും – ബാക്കി പറയാനുള്ളതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്.