ക്ലേശങ്ങളും ഇല്ലായ്മകളും നിറഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം സിവിൽ സർവീസിന്റെ അമരത്തേക്ക് നടന്നു കയറിയ ഡോ. എം.ജി. രാജമാണിക്യം ഐഎഎസ് താൻ കടന്നുവന്ന ജീവിതവഴികളിലേക്ക് നടത്തുന്ന ഹൃദയസ്പർശിയായ തിരിഞ്ഞുനോട്ടമാണ് ‘അന്‍പോട് രാജമാണിക്യം’ എന്ന മനോഹരമായ പുസ്തകം.
കേരള ചരിത്രത്തിലാദ്യമായി ആകാശമാർഗം അവയവമാറ്റ ദൗത്യം വിജയകരമായി ഏകോപിപ്പിച്ചതടക്കം നിരവധി നിർണായക ഇടപെടലുകൾ നടത്തിയ, കർത്തവ്യബോധവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേർന്ന, ഒരു ഭരണാധികാരിയുടെ നേർച്ചിത്രം ഈ കൃതിയിൽ കാണാം. പ്രതിസന്ധിഘട്ടങ്ങളിൽ തനിക്ക് തണലായ പ്രിയപ്പെട്ട മനുഷ്യർക്കുള്ള ഹൃദയസ്പർശിയായ ഒരു സമർപ്പണം കൂടിയാണ് ഈ സ്മരണാപുസ്തകം.
‘അന്‍പോട് രാജമാണിക്യം’ എന്ന കൃതിക്ക് ‘ഓര്‍മ്മകളുടെ കണക്കുപുസ്തകം’ എന്ന പേരില്‍ ഡോ. എം.ജി. രാജമാണിക്യം ഐഎഎസ് എഴുതിയ ആമുഖക്കുറിപ്പ് വായിക്കാം –
ജീവിതമെന്നാല്‍ ഓര്‍മ്മകളുടെ ’ടീസറാ’ണ്.
എന്റെ കൈയില്‍ ഒരു കുഞ്ഞു ‘കണക്കുപുസ്തക’മുണ്ട്. കാലപ്പഴക്കംകൊണ്ട് പുറംചട്ട മുഷിഞ്ഞുപോയത്. വീണ്ടും വീണ്ടും മറിച്ച് താളുകള്‍ പൊടിഞ്ഞുതുടങ്ങിയത്...
കാലം മങ്ങലേല്‍പ്പിച്ച കടലാസുകളില്‍ കുനുകുനെ കോറിയിട്ട അക്കങ്ങളും അക്ഷരങ്ങളുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. ജീവിതത്തിന്റെ വഴിതേടിയലഞ്ഞ നാളുകളില്‍ ലഭിച്ച സഹായങ്ങളെക്കുറിച്ച് അതില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആ ‘കാശിന്റെ കണക്കാ’ണ് എന്റെ ജീവിതത്തിന്റെ ‘മൂലധനം!’
മനസ്സ് പതറുന്ന നേരത്തെല്ലാം ആ ‘കണക്കുപുസ്തകം’ ഞാന്‍ ഒരിക്കല്‍ക്കൂടി തുറന്നുനോക്കും. സ്‌നേഹത്തിന്റെ നനവുള്ള ആ അക്ഷരങ്ങളിലൂടെയും അക്കങ്ങളിലൂടെയും വിരലോടിക്കും. ഒരിക്കലും തീരാത്ത കടപ്പാടിന്റെ കണക്കില്‍നിന്ന്... കഷ്ടപ്പാടിന്റെ ഓര്‍മ്മകളില്‍ നിന്ന്... ഞാന്‍ എന്നും പുനര്‍ജ്ജനിക്കും...
സ്വപ്‌നങ്ങള്‍ക്കു പിന്നാലെ നടന്ന ബാല്യവും ഒന്നുമൊന്നും പ്രതീക്ഷിക്കാതെ ആ ‘സ്വപ്‌നാടകനെ’ പിന്തുണച്ച പ്രിയപ്പെട്ടവരും ചേര്‍ന്നപ്പോഴാണ് ജീവിതം എന്ന എന്റെ ‘കണക്കുപുസ്തകം’ രൂപപ്പെടുന്നത്. നിധിപോലെ സംരക്ഷിക്കാനും അതിലുപരി കൂടെനില്‍ക്കാനും കുറെപ്പേരുണ്ടായതുകൊണ്ടാണ് ജീവിതത്തിന് അര്‍ത്ഥങ്ങളുണ്ടായത്. അവര്‍ നല്‍കിയ അകമഴിഞ്ഞ സഹായങ്ങളാണ് എന്റെ ‘കണക്കുപുസ്തക’ത്തില്‍. അവരെയൊന്നും മറന്നുകൊണ്ട് എന്റെ ജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകത്തിന് ഒരു മുഖവുരയില്ല.
വഴിയില്‍ പകച്ചുനിന്നവനു മുന്നില്‍ പലരും പല രൂപത്തിലെത്തിയിട്ടുണ്ട്. വിശന്നവനു മുന്നില്‍ ആഹാരവുമായി ചിലര്‍. കണ്ണുതുറപ്പിക്കുന്ന കാഴ്ചകളുമായി മറ്റുചിലര്‍. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് അനുഭവങ്ങളും അറിവുകളും ഇല്ലാതെ ഇരുട്ടത്തു നിന്നപ്പോള്‍ വഴിവിളക്കു തെളിച്ചവരെയും വിസ്മരിക്കുന്നില്ല.
അതെ, ഒറ്റപ്പെട്ടെന്ന തോന്നലുകളില്‍നിന്നാണ് പലപ്പോഴും ഉയിര്‍ത്തുവന്നത്. പലതും അറിയില്ലെന്ന തോന്നലില്‍നിന്നാണ് മറ്റു പലതും പഠിച്ചെടുത്തതും. അതുകൊണ്ടുതന്നെ വീഴ്ചകള്‍ വാശിയേറ്റി.
വീണിടത്തുനിന്നും എഴുന്നേറ്റു പറക്കാന്‍ ചിറകുകള്‍ക്കു കരുത്തേകിയവര്‍ക്കാണ് ഞാനെന്റെ അനുഭവങ്ങള്‍ സമര്‍പ്പിക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളുടെ കുത്തൊഴുക്കിനെ അതിജീവിക്കാനും ഒഴുക്കിനെതിരെ നീന്താനും മടിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഒന്നുമൊന്നും ആകുമായിരുന്നില്ല; എവിടെയും എത്തുമായിരുന്നില്ല.
മധുരൈയും ചെന്നൈയും കോയമ്പത്തൂരും ഡല്‍ഹിയും മസൂറിയും കടന്ന് കേരളത്തിലെത്തിനില്‍ക്കുന്ന എന്റെ ജീവിതയാത്രയില്‍ മറക്കാനാകാത്ത ഒരുപിടി അനുഭവങ്ങളുടെ പകര്‍ത്തിവയ്പു മാത്രമാണ് ഇത്. ‘സര്‍വ്വീസ് സ്റ്റോറി’യല്ല. ജീവചരിത്രവുമല്ല. ജീവിതം പഠിപ്പിച്ചതും ജീവിതത്തില്‍നിന്നും പഠിച്ചെടുത്തതുമായ തീവ്രമായ ഈ നുഭവത്തുണ്ടുകളില്‍ അതിശയോക്തി കലര്‍ന്ന അവതരണങ്ങളുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍, ‘ഇതൊരു ഓര്‍മ്മപുതുക്കല്‍’ മാത്രമാണ്. ‘പ്രതിബന്ധങ്ങള്‍ എന്തുണ്ടായാലും അതിനെ അതിജീവിക്കാനുള്ള വഴികൂടി തുറന്നിടുന്നതാണ് ജീവിത’മെന്ന ഓര്‍മ്മപ്പെടുത്തല്‍. ആ വഴി കണ്ടെത്തുന്നവന് വിജയത്തിന്റെ താക്കോലും സ്വന്തമാക്കാം...
വഴിയില്‍ തളര്‍ന്നുനില്‍ക്കുന്നവന് എന്റെ വാക്കുകള്‍ പ്രചോദനമാകുമെങ്കില്‍ ഈ അനുഭവമെഴുത്തുകാരന്‍ ധന്യനായി...