പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതിയുടെ പുതിയ നോവലാണ് ‘നാലു പ്രണയ വർഷങ്ങൾ’.
പഠിച്ചിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിക്കലെങ്കിലും ആ ക്യാംപസ് കാലത്തിലേക്കു തിരികെ നടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക്, വല്ലപ്പോഴുമെങ്കിലും വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയെങ്കിലും ആ സൗഹൃദങ്ങളെ ചേർത്തുപിടിക്കുന്നവർക്ക്, ഒരു നനുത്ത നൊമ്പരമായി, പ്രണയമായി, പ്രതീക്ഷയായി ആ ഓർമ്മകൾ സൂക്ഷിക്കുന്നവർക്ക് നെഞ്ചോടു ചേർക്കാവുന്ന ഒരു ക്യാമ്പസ് പ്രണയ നോവലാണിത്. ‘നാലു പ്രണയ വർഷങ്ങളുടെ’ പശ്ചാത്തലത്തിൽ മനോജ് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.
പുതിയ നോവൽ ‘നാലു പ്രണയ വർഷങ്ങൾ’ എന്താണ് പറയാൻ ശ്രമിക്കുന്നത്?
പേര് വെളിപ്പെടുത്തുന്നതുപോലെ തന്നെ പ്രണയം ഇതിവൃത്തമാക്കിയ രചനയാണ് ഇത്. ഈ നോവൽ പറയാൻ ശ്രമിക്കുന്നത് ലളിതമായ കാര്യമാണ്. അതേ സമയം അത് ഏറെ പ്രാധാന്യമുള്ളതുമാണ്.
നമുക്കറിയാം. കാലം മാറുന്നു, മനുഷ്യർ മാറുന്നു, ആശയവിനിമയത്തിന്റെ രൂപങ്ങൾ മാറുന്നു. പക്ഷേ, ജീവിതത്തെ ഒരിക്കൽ സ്പർശിച്ച ചില ബന്ധങ്ങളും ഓർമ്മകളും അങ്ങനെ എന്നെന്നേക്കുമായി മാറില്ല.
പ്രണയത്തിന്റെ കാര്യമെടുത്താൽ, ഒരു പക്ഷേ നമ്മളതിൽ വിജയം കണ്ടെത്തിയിട്ടുണ്ടാവില്ല. പക്ഷേ, അത് നമ്മളിൽ സൃഷ്ടിച്ച ഓർമ്മകൾക്ക് അവസാനമില്ല. ആ ഓർമ്മകളെക്കുറിച്ചാണ് ‘നാല് പ്രണയ വർഷങ്ങൾ’ സംസാരിക്കുന്നത്.
ഇതിൽ 2014 - 18 കാലത്തെ പ്രണയമാണ് പരാമർശിക്കുന്നത് . അന്നും ഇന്നും പ്രണയത്തിന്റെ കാഴ്ചപ്പാടിന് മാറ്റം സംഭവിച്ചിട്ടില്ലേ?
പ്രണയത്തിന്റെ പുറംമോടി മാറിയിട്ടുണ്ട്. കാലത്തിനനുസരിച്ച് പ്രണയത്തിന്റെ രീതി മാറിയിട്ടുണ്ട്. എന്നാൽ അതിന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല എന്നുള്ളതാണ് സത്യം. ഓരോ കാലഘട്ടവും പരിശോധിച്ചാൽ പ്രണയത്തിന് സംഭവിച്ചിട്ടുള്ള വ്യത്യാസങ്ങളും അതുപോലെതന്നെ നിലനിൽക്കുന്ന സമാനതകളും മനസ്സിലാക്കാവുന്നതേയുള്ളൂ.
അതൊന്നു വിശദീകരിക്കാമോ?
നമുക്ക് 1990കളിലേക്കു തന്നെ പോകാം. അന്നൊക്കെ പ്രണയം കത്തുകളിലൂടെയാണ്. ലാൻഡ്‌ലൈൻ ഫോൺ പോലും അപൂർവം. ഒരു നോട്ടം, ഒരു ബസ് യാത്ര, ലൈബ്രറി, കോളേജ് ഫെസ്റ്റ്, കലോത്സവം അതൊക്കെയാണ് പ്രണയത്തിന് സാഹചര്യങ്ങൾ ഒരുക്കിയിരുന്നത്. കാത്തിരിപ്പും ക്ഷമയും അന്നത്തെ പ്രണയത്തിന്റെ ഭാഗമായിരുന്നു.
2000 മുതലുള്ള ഒരു ദശകം പരിശോധിച്ചാൽ അത് എസ് എം എ സിന്റെയും യാഹു മെസഞ്ചറിന്റെയും ഓർകുട്ടിന്റെയുമൊക്കെ കാലമാണ്. മിസ്ഡ് കോളുകളൊക്കെയാണ് പ്രണയത്തിന്റെ ഭാഷ. ഇന്റർനെറ്റ് കഫേകളിൽ ചാറ്റ് , ഇമെയിൽ സന്ദേശങ്ങൾ...അങ്ങനെ പോകുന്നു അത്. അന്നു പരസ്പരം കാണാനുള്ള ആവേശം വലുതായിരുന്നു.
പിന്നീടുവരുന്ന കാലഘട്ടത്തെയാണ് ഈ നോവൽ പ്രതിനിധാനം ചെയ്യുന്നത്. വാട്സ് ആപ്പും ഫെയ്സ്‌ബുക്കുമാണ് ആ കാലത്തെ സന്ദേശവാഹകർ. മെസേജ് അയയ്ക്കാൻ എളുപ്പമാണ്; പക്ഷേ നേരിട്ട് മനസ്സ് തുറക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടൊക്കെയായിരിക്കാം, റീയൂണിയൻ എന്ന ആശയത്തോട് ഏറ്റവും അധികം താല്പര്യം കാട്ടുന്നതും ഈ തലമുറ ആണ്.
ഇന്നത്തെ പ്രണയത്തിലേക്ക് വരുമ്പോൾ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ട്. ഇൻസ്റ്റാഗ്രാം, എ ഐ, വിഡിയോ കോളുകൾ എന്നുവേണ്ട ബന്ധം തുടങ്ങാൻ വളരെ എളുപ്പം. അതേ സമയം തന്നെ, ബന്ധങ്ങൾ നിലനിർത്താൻ കൂടുതൽ ബുദ്ധിമുട്ടുന്നതും ഇക്കാലത്താണ്. അതാണ് വിരോധാഭാസം. ആശയവിനിമയത്തിന്റെ സാധ്യത കൂടിയിട്ടും വൈകാരികമായ ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം ഏറുന്നുവെന്നല്ലേ അതിന്റെ അർത്ഥം.
2014 കാലഘട്ടം തെരഞ്ഞെടുക്കാൻ കാരണം?
അത് ബോധപൂർവം തെരഞ്ഞെടുത്തതാണ്. പത്തു പന്ത്രണ്ടു വർഷങ്ങൾ മുമ്പ് എന്നൊക്കെ പറയുമ്പോഴും വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയൊക്കെ വിദ്യാർത്ഥി ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നെങ്കിലും ഇന്നത്തെ പോലെ ഏതാണ്ട് എല്ലാ മേഖലകളിലും സമഗ്രമായ ഒരു പരിവർത്തനം വന്നിട്ടില്ല. ഉദാഹരണത്തിന്, ഇന്ന് എൻജിനീയറിങ് വിദ്യാർഥികൾക്ക് റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇൻലിജൻസുമെല്ലാം പ്രത്യേക വിഷയങ്ങൾ എന്ന നിലയിൽ സർവ്വസാധാരണമാണ്.
ഈ കഥ നടക്കുന്ന കാലത്ത് റോബോട്ടിക്സിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ പ്രധാനമായും മെക്കാട്രോണിക്സ് വിഭാഗത്തിലൂടെയാണ് ആ മേഖലയിൽ പ്രവേശിച്ചിരുന്നത്. അന്ന് റോബോട്ടിക്സ് പ്രത്യേക ബ്രാഞ്ചായി ഡെവലപ്പ് ചെയ്തിരുന്നില്ല. നോവലിലും നായകനും നായികയും മെക്കാട്രോണിക്സ് വിദ്യാർത്ഥികളാണ്. ആ കാലഘട്ടത്തിന്റെ സാമൂഹികവും സാങ്കേതികവും വൈകാരികവുമായ യാഥാർഥ്യങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം.
പ്രണയത്തിന്റെ ഭാഷയാവുമ്പോൾ അതു ലളിതമായ രചനാശൈലി ആയിരിക്കുമല്ലോ ?
പ്രണയ നോവലിനു മാത്രമായി അങ്ങനെ ഒരു ഭാഷയുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നുതന്നെയല്ല
എല്ലാ പ്രണയ നോവലുകളും ഒരേ ഭാഷയിലാണ് എഴുതപ്പെടേണ്ടതെന്നും വിശ്വസിക്കുന്നില്ല. ഈ കഥയിലെ കഥാപാത്രങ്ങൾ എങ്ങനെ സംസാരിക്കുമോ, എങ്ങനെ ഓർക്കുമോ, അതിനോട് ചേർന്ന ഭാഷയാണ് ഞാൻ ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ലളിതമായ ഭാഷയാണ്...സാഹിത്യഭാരം വലുതായിട്ട് അനുഭവപ്പെടാത്ത ഭാഷ എന്നുതന്നെ പറയാം. വരികൾക്കിടയിലൂടെ വായിക്കുക, ധ്വനി പ്രധാനം ... അങ്ങനെയൊന്നും ബോധപൂർവ്വം ഭാഷാകസർത്തിന് പോയിട്ടില്ല.
ഭാഷാപ്രദർശനത്തെക്കാൾ വായനാനുഭവത്തിന് മുൻഗണന നൽകുന്ന നോവലാണ്. കലാമൂല്യമെന്നു പറഞ്ഞാൽ അത് ഭാഷയിൽ മാത്രം അടങ്ങുന്ന ഒന്നല്ലല്ലോ. കഥാപാത്രങ്ങളുടെ വിശ്വാസ്യത, വികാരങ്ങളുടെ ആഴം, കഥയുടെ ഘടന, ഓർമ്മയിൽ നിൽക്കുന്ന രംഗങ്ങൾ തുടങ്ങി വായനക്കാരന്റെ മനസ്സിൽ അനുഭവം സൃഷ്ടിക്കുന്നതെന്തോ അതിലാണ് കലാമൂല്യത്തിന്റെ നിലനിൽപ്പ്.
ഇതിവൃത്തമാണോ രചനയുടെ രീതി നിർണയിക്കുന്നത് ?
തീർച്ചയായും. എന്റെ നാല് നോവലുകളും നാല് വ്യത്യസ്ത ലോകങ്ങളാണ്. ‘24×7 ന്യൂസ് ചാനൽ’ സമകാലിക മാധ്യമലോകത്തെയും ‘ഭ്രാന്തിമാൻ’ മനസ്സിന്റെ ഇരുണ്ട ഇടങ്ങളെയും ‘സ്മൃതി വിച്ഛേദം’ ഓർമ്മയുടെ രാഷ്ട്രീയത്തെയും ‘നാല് പ്രണയ വർഷങ്ങൾ’ പ്രണയത്തിന്റെ ഓർമ്മകളെയും അന്വേഷിക്കുന്നു. അതുകൊണ്ട് അവയെല്ലാം ഒരേ ഭാഷയിലോ ഒരേ ആഖ്യാനരീതിയിലോ എഴുതേണ്ടതില്ല. കഥയുടെ സ്വഭാവമാണ് അതിന്റെ ഭാഷ തീരുമാനിക്കേണ്ടത് എന്നതാണ് എന്റെ വിശ്വാസം.