ADVERTISEMENT

പുള്ളിക്കറുപ്പൻ, മരിപ്പാഴി എന്നീ നോവലുകളിലൂടെ മലയാളി വായനക്കാർക്കു സുപരിചിതനാണ് മധുശങ്കർ മീനാക്ഷി. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം ‘പുള്ളിക്കറുപ്പൻ’ നോവലിന്റെ രചനാനുഭവത്തെക്കുറിച്ച് ‘പുള്ളിക്കറുപ്പൻ’: ഇരുട്ടുകൊണ്ട് എഴുതിയ നോവൽ’ എന്ന പേരിൽ വനിത ഓൺലൈനിൽ എഴുതിയ കുറിപ്പ് വായിക്കാം –

എന്റെ ആദ്യനോവലാണ് ‘പുള്ളിക്കറുപ്പൻ’. 2021 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആ കൃതി പ്രസിദ്ധീകരിച്ചു.

ADVERTISEMENT

ചില തീരാപ്പകകളുടെ മൂർച്ച, കാലം പ്രതി കുറഞ്ഞുപോകുമെന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്. ആ അനുഭവപാഠമാകണം ‘പര്ന്ത് വാറുണ്ണി’യെന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. നിരന്തര പലായനത്തിന്റെ ഭൂമികയിൽ ഈ കഥാപാത്രത്തിന്റെ ഓരോ സമയത്തെയും പെരുമാറ്റം എന്നെ തീർത്തും അത്ഭുതപ്പെടുത്തി.

എഫ്ബിയിൽ ആഴ്ചയിൽ ഒന്നുവീതം പ്രസിദ്ധീകരിക്കുമ്പോൾ ‘പുള്ളിക്കറുപ്പന്’ ഒരു പുസ്തകരൂപമുണ്ടാകുമെന്നുപോലും ഞാൻ കരുതിയിട്ടില്ല. നല്ല എഡിറ്റിങ് നടത്തി എന്നത് സത്യമാണ്. ക്രാഫ്റ്റിന് മുറുക്കമുണ്ടാക്കിയത് ഈ എഡിറ്റിങ്ങാണ്. കഥയ്ക്കുമേലുള്ള കൈയടക്കം ഞാൻ പോലും അറിയാതെ സംഭവിച്ചതാണ്. ഒരുപാട് കഥാപാത്രങ്ങൾ. മൃഗങ്ങളും പക്ഷികളും മീനുകളും കഥയുടെ ഭാഗമായി. അതിന് അനുസൃതമായി ഭാഷ തനത് വാമൊഴിയിൽ ഇറങ്ങിക്കളിച്ചു. കുശവരും കൊല്ലന്മാരും ശേവക്കെട്ടുകാരും എരുമവളർത്തുകാരും വേട്ടക്കാരും എല്ലാം എന്റെ നിർദ്ദേശത്തിന് കാതോർത്തുനിന്നു. ജീവിതത്തെ സത്യസന്ധമായി നേരിടുന്നവരാകണം അവരെല്ലാമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സംഭവങ്ങൾക്കുമുമ്പിൽ പകച്ചുനിൽക്കുന്നത് നഗരവാസികളാണ്. ഗ്രാമീണർക്ക്, പ്രത്യേകിച്ചും ഊരുനിവാസികൾക്ക് ആ പകപ്പില്ല. പ്രതിസന്ധിഘട്ടങ്ങളിൽ അവരുടെ ഭാഷ തമിഴിലേക്കും തെലുങ്കിലേക്കും കൂടുമാറിയെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല. സത്യത്തിൽ അതായിരുന്നു ആ നോവലിന്റെ വേറിട്ട അഴക്.

ADVERTISEMENT

മനുഷ്യരും മൃഗങ്ങളും ഒരുമിച്ചൊഴുകുന്ന ഒരു ലോകത്തെ ഒരുമിച്ച് കൊണ്ടുപോവുക എളുപ്പമല്ല. ഞാൻ അതൊരു വെല്ലുവിളിയായി എടുത്തു. അതിനുവേണ്ടി ഒരു പുതിയലോകം സൃഷ്ടിച്ചു. ഉമയാൾപുരവും മസിനബെള്ളിയും നല്ലുഗൊണ്ടയും അതിന്റെ ഭാഗമായി. അങ്ങനെ ഒരു സ്ഥലമുണ്ടോയെന്നുപോലും എനിക്ക് അറിഞ്ഞുകൂടാ. ചിലപ്പോൾ തമിഴ്നാടിന്റെ, ആന്ധ്രപ്രദേശിന്റെ ഉൾപ്രദേശങ്ങളിലെങ്ങോ അങ്ങനെയൊന്ന് ഉണ്ടാകാം.

പല കാലങ്ങളിലായി നടത്തിയ യാത്രയ്ക്കിടയിൽ മനസ്സിലേക്ക് ഇറങ്ങിവന്ന മനുഷ്യർ. അങ്ങനെ ഒരുപാടുണ്ട് ഏതൊരു പത്രപ്രവർത്തകന്റെയും ഉള്ളിൽ. അവരിൽ ചിലരാകാം ഞാൻ പോലുമറിയാതെ പുള്ളിക്കറുപ്പനിലേക്ക് ഇറങ്ങിവന്നത്. സത്യത്തിൽ ആ കഥാപാത്രങ്ങൾ എന്റെ എഴുത്തുജീവിതത്തിൽ ഇടപെടുകയായിരുന്നു. ഒരു നോവലാണ് എഴുതുന്നതെന്നുപോലും തോന്നിപ്പിക്കാത്ത തരത്തിൽ.

ADVERTISEMENT

മൃഗങ്ങൾ മനുഷ്യരെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ പിന്നെ എന്തുണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു. പോരുകോഴി (ശേവക്കോഴി) യായ പുള്ളിക്കറുപ്പന് ഒരു സഹോദരനുണ്ട്, പുള്ളിച്ചെമ്പൻ. പോരിനിറങ്ങും മുമ്പുണ്ടായ ചില്ലറ വാക് തർക്കമാകണം തന്റെ സഹോദരന്റെ ജീവനെടുത്തതെന്ന ബോധ്യം. അതിന് ഒരർത്ഥമേയുള്ളൂ. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും മുറിവുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുണ്ട്. മുറിവുകൾക്ക് പകരം ചോദിക്കുന്നുണ്ട്. ആദ്യമൊരു നോവായും പിന്നീട് പകയായും ആ മുറിവ് മാറും. പക മനസ്സിൽ ഇറങ്ങിക്കളിക്കാൻ തുടങ്ങും. ശത്രുവിന്റെ മുഖം ചോരക്കൊതിപൂണ്ടു മനസ്സിൽ മായാതെ കിടക്കും.

കോഴിയുടെ പേരാണ് നോവലിന്. പക്ഷേ, ഞാൻ എഴുതിവന്നത് വികലാംഗനായ വാറുണ്ണി മാണിക്യത്തിന്റെ കഥയാണ്. നിലയ്ക്കാത്ത പലായനത്തിന്റെ പാതയിൽ ഒറ്റപ്പെട്ടുപോയവൻ. ശേവക്കെട്ടുകാരനായി അവൻ മാറുന്നത് അവൻ പോലും അറിയാതെ. വിധി ഇറങ്ങിക്കളിക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പിച്ചുപറയാൻ പറ്റും.

പുള്ളിക്കറുപ്പൻ എന്ന പോരുകോഴി ഒരു തുടർച്ചയാണെന്നു പറയണം. ഏതു സമൂഹത്തിലും അത്തരമൊരു തുടർച്ചയുണ്ട്. ചില ബലികൾ ബലി ചെയ്യപ്പെടുന്നവനു വേണ്ടിയല്ല. മറ്റൊരാൾക്കുവേണ്ടിയാണ്. ചിലപ്പോൾ ദേശത്തിനുവേണ്ടിയാണ്. അതല്ലെങ്കിൽ പ്രണയത്തിനുവേണ്ടിയാണ്. ഒരു ദേശത്തിന്റെ ജാതകം തിരുത്തിയെഴുതാൻ അത് കാരണമാകുന്നുണ്ടാവാം. അപ്പോഴും അറ്റുതീരാത്ത പകയുടെ, വിദ്വേഷത്തിന്റെ മേലാപ്പു വീശി അത് കൂടപ്പിറപ്പിന്റെ മനസ്സിൽ ഒഴിയാബാധപോലെ നിലനിൽക്കും. ഒരു മാന്ത്രികക്കളത്തിലാണ് വായനക്കാരൻ. ഉച്ചാടനം ചെയ്യപ്പെടുന്നത് അയാളുടെ വിശ്വാസങ്ങളാണ്. അതല്ലെങ്കിൽ ചില ഉറപ്പുകളാണ്.

“മധുരമായി പാടുന്ന കുയിലിനെ മാത്രമല്ല പുള്ളുകളേയും സ്നേഹിക്കാൻ പഠിക്കണം...”

നോവലിൽ ഒരിടത്ത് ഞാൻ പറയുന്നുണ്ട്. പര്ന്ത് വാറുണ്ണി ഒരു പുള്ളാണ്. അവന്റെ സംസാരം പോലും അസഹ്യമാണ്. കനിമൊഴി അവനെ തള്ളിപ്പറയുന്നതിന് ഒരു കാരണം അസഹ്യമായ സംസാരമാണ്.

‘പുതിയകാല ഉണർവിലേയ്ക്ക് അങ്കം വെട്ടുന്ന പുള്ളിക്കറുപ്പൻ’.

നോവൽ റിവ്യൂവിൽ ഒരാൾ വിശേഷിപ്പിച്ചത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഒരുപാട് കഥാപാത്രങ്ങളും വ്യത്യസ്തമായ പരിസരങ്ങളും. അവരെ എങ്ങനെയെല്ലാം കൊണ്ടുപോയെന്നോ എവിടെയെല്ലാം കൊണ്ടുപോയെന്നോ അറിഞ്ഞുകൂടാ. എഴുതിക്കഴിയുമ്പോൾ സീറോ ഗ്രാവിറ്റി തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം അതിൽക്കൂടുതലൊന്നും ആ നോവലിൽ ഇനി എഴുതാൻ ഇല്ലെന്നാണ്.

അഘോരി എന്ന കൊല്ലനും വേളിപ്പുഴയോരത്ത് സാരകം വിൽക്കുന്ന സിവഗംഗയും രതിയുടെ ആർഭാടത്തിൽ പൂണ്ടുവിളയാടുന്നവരാണ്. ഈ പൂണ്ടുവിളയാടൽ ജീവികളുടെ കാര്യത്തിലുമുണ്ട്. ശേവക്കോഴികളിൽ അതിന്റെ അളവ് കൂടുതലാണെന്നു പറയാം. ക്രൌര്യം കൂട്ടിവെച്ചാണ് അവരെ സൃഷ്ടിച്ചെടുക്കുന്നത്. ‘ക്രൂരതേ നീതാനല്ലോ ശാശ്വത സത്യം’ എന്ന് വിശ്വസിക്കേണ്ടിവരുന്നു.

അതിരുകളില്ലാത്ത, കെട്ടുപാടുകളില്ലാത്ത, അഴിച്ചുവിട്ട ജീവിതമാണ് പുള്ളിക്കറുപ്പനിൽ ഉടനീളമെന്നു പറയണം. മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് ജീവിക്കുന്ന ലോകത്തിൽ വേലിക്കെട്ടുകൾക്ക് സ്ഥാനമില്ല. രതിപോലും ഇരുട്ടിനെ മറയാക്കാതെ പൂണ്ടുവിളയാടുന്നു. രതിയിൽനിന്ന് സ്നേഹത്തിലേക്ക് തിരിച്ചിങ്ങാൻ പടവുകൾ മതിയാകുന്നില്ല. മയ്ക്കറുമ്പിയും റസിഗറെഡ്ഢിയും തമ്മിലുള്ള ഹൃദയബന്ധം ഇതിന്റെ വേറിട്ട തലമാണ്. പശുത്വമുള്ള രണ്ടു മനസ്സുകൾ. മൃഗമായാലെന്ത്, മനുഷ്യനായാലെന്ത്?

ഓജസ്സും രതിയും പ്രണയവും ഒരുപടി മുകളിലേക്ക് വളർന്നു നിൽക്കുന്നു പുള്ളിക്കറുപ്പനിൽ. രതിയുടെ സുഖം മാത്രമല്ല, വൈകൃതവും വായനക്കാരുടെ മുമ്പിലേക്കെത്തുന്നു. വൈകൃതങ്ങളിലെ വെന്തുരുക്കങ്ങൾക്ക് നിങ്ങളുടെ ഉറക്കം കെടുത്താൻ കെൽപ്പുണ്ടെങ്കിൽ, അതൊരു ആഘാതമായി ഇന്നും ശേഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈ നോവലിൽ ജീവിക്കുകയായിരുന്നു എന്നു പറയേണ്ടിവരും.

നാം ഇതുവരെ കണ്ടുപരിചയിച്ച മനുഷ്യരല്ല പുള്ളിക്കറുപ്പനിൽ ഉള്ളത്. അതുപോലെ കേട്ടുപരിചയിച്ച ഭാഷയും ഇല്ല. ഒന്നിനുപുറകെ ഒന്നായി നിവരുന്ന കഥകളിൽ ഏതിന് മുൻതൂക്കം കൊടുക്കണമെന്നോ എല്ലാകഥകളും അവസാനം എവിടെ അവസാനിക്കുമെന്നോ നിങ്ങളെപ്പോലെ എനിക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല. അകത്തിരുന്നു ആരോ കാഴ്ചകൾ കണ്ടു. അകത്തിരുന്ന് ആരോ എഴുതി. എന്റെ വിരലുകൾ ഞാൻ കടം കൊടുത്തു. അതാണ് സത്യം. മരിപ്പാഴിയിലും അതുതന്നെ സംഭവിച്ചു.

എഫ്ബിയിൽ പുള്ളിക്കറുപ്പൻ ഖണ്ഡശ്ശയായി വന്നപ്പോൾ അവയ്ക്ക് ചിത്രങ്ങൾ വരച്ചത് മനോരമയിൽ എന്നോടൊപ്പം പ്രവർത്തിച്ച റോയ് കാരാത്രയാണ്. അതിലൊരു ഇല്ലസ്ട്രേഷൻ ആദ്യ എഡിഷന്റെ കവറായി. ബാക്ക് ഗ്രൗണ്ട് വരച്ച് കവർ പൂർത്തിയാക്കിയതാകട്ടെ രാജേഷ് ചാലോടും. രണ്ടുപേരോടും ഞാൻ ഒരുകാര്യമേ പറഞ്ഞിട്ടുള്ളൂ – ‘ഇത് തീർത്താലും തീരാത്ത പകയുടെ നോവലാണ്’.

pullikkaruppan-novel-2

മനുഷ്യന്റെ തലയുള്ള കോഴിയും അരികെ നിൽക്കുന്ന പെൺകുട്ടിയും. അതായിരുന്നു ആദ്യ എഡിഷന്റെ കവർ ചിത്രം. പുതിയ എഡിഷനിൽ പുള്ളിക്കറുപ്പന്റെ കണ്ണുമാത്രമേയുള്ളൂ. ക്രൌര്യം തുടിക്കുന്ന ആ കണ്ണിൽ നോവലിന്റെ ഉള്ളടക്കം അടങ്ങിയിട്ടുണ്ട്. രാജേഷ് ചാലോടാണ് ചിത്രം വരച്ചത്. ഈയിടെ ആ ചിത്രം കണ്ട് നോവൽ വാങ്ങിയ ഒരാൾ എന്നെ വിളിച്ചു. സംസാരം ചിത്രത്തിൽനിന്നും കഥാപാത്രങ്ങളിലേക്കും ഭാഷയിലേക്കും പശ്ചാത്തലങ്ങളിലേക്കും മാറിമാറി സഞ്ചരിച്ചു. എവിടെനിന്നാണ് ഈ കഥ രൂപപ്പെട്ടത്. ആ പശ്ചാത്തലങ്ങൾ എവിടെയുള്ളതാണ്? അയാൾ ചോദിച്ചു. ഞാൻ ആ നോവൽ വീണ്ടും വായിക്കാൻ തുടങ്ങി. അതിലെ ചില ഭാഗങ്ങളാണ് ചുവടെ –

കറിക്കകത്തികൾ മുഴുവൻ വിറ്റുപോകുന്ന ദിവസം കമ്പമ്മേടു മാർക്കറ്റിൽനിന്ന് ഉമയാൾപുരത്തേയ്ക്ക് ഒരു കരിങ്കോഴി പതിവാണ്. പച്ചക്കുരുമുളകിട്ട് വരട്ടിയ അതിന്റെ ഇറച്ചികഴിക്കുമ്പോൾ അഘോരിയുടെ കണ്ണ് പുറത്തേയ്ക്ക് തള്ളി വരും. നാക്കിലെ രുചിമുകുളങ്ങൾ കൂലംകുത്തിപ്പായുന്ന ഉരുളുപോലെ പൊട്ടിയൊഴുകും. ലോനപ്പനൗസേപ്പിന്റെ ഷാപ്പിൽനിന്ന് വാങ്ങിയ മധുരക്കള്ളിൽ ശിവാജിഗണേശന്റെ പഴയ സിനിമാപ്പാട്ടുകൾക്ക് തീപ്പിടിക്കും.

മാർഗഴി ഇല്ലാത്ത ദിവസം, ഒരു കോപ്പ മധുരക്കള്ള് കനിമൊഴിയുടെ നേരെ നീട്ടി അഘോരി പറയും.

‘‘നീയും കൊഞ്ചം കുടി... ഇണ്ണയ്ക്ക് ഒരേ കുമ്മാളം താൻ നമുക്ക്’’.

അതൊരടയാളമാണ്. പൂക്കാവടിയെടുക്കാൻ പളനിമല കയറിയപ്പോൾ വാങ്ങിയ പനമ്പായ നനഞ്ഞുകുതിരാൻ പോകുന്നു. കനിമൊഴി തീർച്ചപ്പെടുത്തും.

കിടക്കപ്പായിൽ രതിയുടെ ഒരേറ്റം കഴിഞ്ഞാൽ കുത്തിയൊഴുകുന്ന മലവെള്ളച്ചാട്ടം പോലെയാണ് അഘോരി. ഒരണക്കെട്ടിനും ആ കുത്തൊഴുക്ക് പിടിച്ചുകെട്ടാനാകില്ല.

ഇതറിയാവുന്ന കനിമൊഴി തൊട്ടടുത്ത തോട്ടിൽ മുങ്ങിക്കുളിച്ച്, പനങ്കുലപോലെ ഇടതൂർന്ന മുടിയിൽ കർപ്പൂരപ്പുക കൊള്ളിച്ച്, പച്ചച്ചില്ലുറാന്തലിന്റെ തിരിതാഴ്ത്തി കാത്തിരിക്കും.

ഉമയാൾപുരത്ത് അന്ന് പാതിരാക്കോഴി കൂകുന്ന ദിവസമാണ്. കുന്നും മലയും താണ്ടി, സമതലങ്ങളിൽ ചേർന്നൊഴുകുന്ന ഒരു പുഴയായി ആ കൊടുങ്കാറ്റ് അസ്തമിക്കും മുമ്പ് കനിമൊഴി ചോദിക്കും.

‘‘നമുക്കൊരുണ്ണി വേണ്ടേ ?’’

അഘോരി ഒന്ന് മൂളും.

‘‘മോനാണെങ്കിൽ എന്തു പേരിടും ?’’

അവൾ വീണ്ടും ചോദിക്കും...

അപ്പോഴേയ്ക്കും അഘോരി ഉറങ്ങിയിട്ടുണ്ടാവും.

ശരിയാണ് ആ വായനക്കാരൻ ചോദിച്ചത്. വീണ്ടും വായിച്ചിട്ടും ഉത്തരം അറിഞ്ഞുകൂടാ. ഞാനാണോ ഇതെഴുതിയത് എന്നുപോലും തോന്നിപ്പോകുന്നു. ഒഴുക്കിൽ മറ്റൊന്നും നമ്മൾ മനസ്സിൽ ഓർക്കാറില്ലല്ലോ. തട്ടും തടയുമുണ്ടെങ്കിൽ ഓർക്കും. നിരന്തര ഒഴുക്ക് മനസ്സിന്റെ ഒഴുക്കാണ്. ‘മരിപ്പാഴി’ എന്ന നോവൽ എഴുതിയപ്പോഴും സംഭവിച്ചു ഇത്.

എഴുത്തിനിടയിലെ ചില വൈറ്റ് സ്പേസുകൾ. അതിനിടയിലേക്ക് ഓരോ കഥാപാത്രവും കയറിവന്നു. വിചിത്രമായി പെരുമാറാൻ തുടങ്ങി. കയറൂരി വിടാതെ നിർവാഹമില്ലായിരുന്നു. എല്ലാ കുരുത്തക്കേടുകൾക്കും കാരണഭൂതരായി ഓരോരുത്തരും തിരിച്ചുവന്നു.

‘പുള്ളിക്കറുപ്പൻ’ എഴുതുമ്പോൾ അനുഭവിച്ച ത്രില്ല്, അത് പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്നു പറയാം. ‘മരിപ്പാഴി’ എഴുതുമ്പോൾ ത്രില്ലായിരുന്നില്ല, മനസ്സിൽ ഭയം ഇറങ്ങിക്കളിച്ച് എന്നെ മറ്റൊരു ലോകത്തിൽ എത്തിക്കുകയായിരുന്നു. അതിനെപ്പറ്റി പിന്നീട് എഴുതാം. ആത്മാവുകളുടെ ലോകമായിരുന്നു അത്. ആത്മാവുകളോട് ഇടപഴകുമ്പോൾ ഏറെ സൂക്ഷിക്കണമായിരുന്നു.

ഒന്നിനുപിറകെ മറ്റൊന്നായി നിവരുന്ന കഥകൾ, അടുത്ത സന്ദർഭത്തിൽ ഓരോ കഥാപാത്രവും എങ്ങനെ പെരുമാറുമെന്ന് അറിഞ്ഞുകൂടാ. ‘പുള്ളിക്കറുപ്പൻ’ എഴുതുമ്പോൾ സംഭവിച്ചത് അതാണ്. ആൺവേശ്യയായ അലോഷിയെപ്പോലെ ചില കഥാപാത്രങ്ങൾ ഇടയിലേക്ക് കയറിവന്നു. സമൂഹം വിചാരണയില്ലാതെ വിധിച്ച മനുഷ്യരുടെ കൂട്ടത്തിൽ ഒരാൾ. അപ്പനവനെ പെണ്ണാക്കുകയായിരുന്നു എന്ന് കൂട്ടുകാരൻ തൊമ്മിച്ചനാണ് പറയുന്നത്.

പ്രാണ പ്രയാണങ്ങളുടെ ആദിമധ്യാന്തങ്ങൾ വരച്ചിടാൻ ധ്യാനാവസ്ഥ കൈക്കൊള്ളേണ്ടിവന്നിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ കഥാപാത്രങ്ങളുടെ ചലനം പിടിച്ചുനിർത്താൻ പാടുപെട്ടിട്ടുമുണ്ട്. താമരയുടെ പിഴച്ചുപോയ ആദ്യരാത്രി വരച്ചപ്പോൾ ഒരൊച്ചയും കേൾപ്പിക്കാത്ത ചലനം വേണമെന്ന നിർബന്ധമുണ്ടായിരുന്നു. മര്തിനോട് അനുകമ്പയാണോ ദേഷ്യമാണോ വായനക്കാർക്ക് തോന്നുന്നത് ? അറിഞ്ഞുകൂടാ. ചന്തിരു വില്ലൻ കഥാപാത്രം മാത്രമല്ല, ശക്തമായ കഥാപാത്രം കൂടിയാണ്.

ഈ ലോകം ഒരു മൺകുടം പോലെയാണന്നും ആ കുടത്തിൽ മണ്ണറിയാതെ വേവുന്ന അരിമണിപോലെ ഉടലറിയാതെ വേണം പ്രതിസന്ധികൾ തരണം ചെയ്യാനെന്നുമുള്ള ധ്വനി പുള്ളിക്കറുപ്പൻ ബാക്കിവയ്ക്കുന്നുണ്ട്. എഴുത്തുകാരനിലെ മൂന്നാം കണ്ണ്, ഒറ്റനോട്ടത്തിൽ അത് ദൃശ്യമല്ല.

വേളിപ്പുഴയോരത്തെ സിവഗംഗയെപ്പോലുള്ള സുന്ദരി നിങ്ങളെ നക്ഷത്രങ്ങളുടെ ലോകത്തിലേക്ക് ആനയിക്കുന്നുണ്ടെങ്കിൽ സിന്ദൂരി നരകത്തീയിലേക്ക് നിങ്ങളെ എടുത്തെറിയുന്നുണ്ടെന്നുകൂടി വായിക്കണം.

നീണ്ട കാലം പക ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടാണ് ധർമ്മപുത്രർ കർണ്ണനെ കൊല്ലിക്കുന്നത് എന്ന് വ്യാസനെഴുതുമ്പോൾ പുള്ളിക്കറുപ്പനിൽ വാറുണ്ണിയുടെ പക മറ്റൊരു തലത്തിലെത്തുന്നു. മുരശുപാണ്ടി അന്വേഷിച്ച് പോയ നിധിപേടകത്തിലെ ഒരുപിടി ഭസ്മത്തിന് അവൻ പുല്ലുവിലപോലും കൽപ്പിക്കുന്നില്ല. നീട്ടിക്കിട്ടുന്ന ആയുസ്സ് നീട്ടിക്കിട്ടുന്ന നൊമ്പരമാണെന്ന് അവനറിയാം.

നോവലിന് അവതാരികയെഴുതിയ ഡോ. രാധ കയറാട്ടിന്റെ വാക്കുകൾ ഓർമ്മിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാം.

‘മുഖ്യധാരയിൽ നിന്ന് പിൻതള്ളപ്പെട്ട ആദിവാസി, ദളിത്, ഗോത്രസമൂഹങ്ങളുടെ ജീവിതാവിഷ്കാരങ്ങളെ അവഗണിച്ചുകൊണ്ട് ഏതൊരു സാഹിത്യചരിത്രനിർമിതിയും അസാധ്യമാണ്. ഇരുട്ടുനിറഞ്ഞ ലോകത്തിൽ പ്രയോഗസാധ്യതകൾ വാങ്മയീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനേ പറ്റൂ. പ്രകൃതിയുടെ സ്വാഭാവികവർണ്ണം ഇരുട്ടുകൊണ്ടെഴുതിയതാണെന്നും ഇരുട്ട് സ്വാഭാവികതയുടെ അരങ്ങായി മാറുമ്പോൾ വെളിച്ചമവിടെ അപ്രസക്തമാവുന്നു എന്നും പുള്ളിക്കറുപ്പൻ പറഞ്ഞുവയ്ക്കുന്നു’.

The Making of 'Pullikkaran': An Author's Journey into a World of Grudges and Coexistence:

Pullikkaran is a novel by Madhu Shankar Meenakshi, known for his works like 'Pullikkaran' and 'Maripazhi'. The author shares his writing experience for 'Pullikkaran', a novel published on Kerala Piravi Day in 2021. The narrative explores themes of deep-seated grudges, the journey of the character Paranth Varunni, and the integration of humans, animals, and mythical elements. He discusses how the novel evolved from social media posts, emphasizing the importance of editing and the organic development of characters and language. The story incorporates diverse characters, including animals and rural inhabitants, and reflects on their honest approach to life, contrasting with urban dwellers' reactions to crises. The author highlights the challenge and creation of a unique world where humans and animals coexist, drawing inspiration from real-life encounters. The novel delves into the complex emotions of animals, mirroring human experiences of pain, revenge, and festering hatred. He also touches upon the character of Varunni Manikyan, an amputee, and his transformation into a cockfighter. 'Pullikkaran' signifies a continuation of societal patterns, where sacrifices are made for others or for a greater cause, often driven by unresolved animosity. The author explains the novel's title refers to a fighting cock but the story centers on Varunni, a character who unexpectedly becomes a cockfighter due to fate. The narrative blurs the lines between reality and imagination, questioning the author's own role in its creation.

ADVERTISEMENT