ADVERTISEMENT

കവി,കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ വിമീഷ് മണിയൂർ എഴുതിയ പുതിയ നോവലാണ് ‘സ്കൂൾ ഓഫ് മൊഹബത്ത്’.

യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ മായികവലയത്തിൽ നിന്നു പുറത്തുകടക്കാനാവാതെ പഠിച്ചുകൊണ്ടേയിരിക്കുന്നവരുടെ, പ്രണയിച്ചവരുടെ, നഷ്‌ടപ്രണയങ്ങളുടെ, നനുത്ത സൗഹൃദങ്ങളുടെ, അതിജീവനത്തിന്റെ, വിട്ടുകൊടുക്കലിന്റെ... അങ്ങനെയങ്ങനെ ഒരു കോളജ് കാലത്തെ ഓരോ നിമിഷവും ചേർത്തുവച്ച, ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേർച്ചിത്രമാണ് ഈ നോവൽ.

ADVERTISEMENT

സ്കൂൾ ഓഫ് മൊഹബത്ത്’ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘മൊഹബത്ത് കാ ജൂസ്…’ എന്ന പേരിൽ വിമീഷ് മണിയൂർ ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

മൊഹബത്തിന്റെ ആ സ്‌കൂളിൽ ഇനിയും തുന്നിചേർത്തിട്ടില്ലാത്ത ഒരു കഥയുണ്ട്. നോവലിന് കാരണമായ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പഠിക്കുന്ന കാലം. ഒരു നട്ടപ്പാതിരയ്ക്ക് എന്റെ ഹോസ്റ്റൽ മുറിയുടെ വാതിലിൽ ഒരൂക്കൻ മുട്ട്. അതാവർത്തിച്ചപ്പോൾ ഇനിയും വിട്ടുപോയിട്ടില്ലാത്ത ഉറക്കത്തിന്റെ ചടവോടെ ഞാനെഴുന്നേറ്റു. വാതിൽ തുറന്നു. കൂട്ടുകാരനാണ്. ഒരുപാട് കരഞ്ഞതിന്റെ കലക്കം അവന്റെ കണ്ണുകളിലുണ്ടായിരുന്നു.

ADVERTISEMENT

ഞാനവനെ വിളിച്ച് കട്ടിലിലിരുത്തി.

“എന്തു പറ്റി ? നീ കാര്യം പറ ?”

ADVERTISEMENT

ഒരു ദിവസത്തെ ക്ലാസ് ടൂർ കഴിഞ്ഞ് അവൻ വന്നതേയുണ്ടായിരുന്നുള്ളൂ. സമാധാനമായി കിടന്നുറങ്ങട്ടെയെന്ന് കരുതി വിശേഷങ്ങൾ പിന്നെ ചോദിക്കാമെന്ന് തീരുമാനിച്ചതാണ്. ആ അവനാണ് യക്ഷികൾപോലും ബ്രെയ്ക്കെടുക്കാമെന്ന് കരുതുന്ന സമയത്ത് വാതിലിൽ വന്ന് മുട്ടി നിലവിളിക്കുന്നത്.

“തുറന്ന് പറ. എന്താ പ്രശ്‌നം?”

അവൻ പറഞ്ഞു തുടങ്ങി.

‘‘യാത്രയ്ക്ക് അവളുമുണ്ടായിരുന്നു. പുറപ്പെടുമ്പോൾ പാതിരാത്രി കഴിഞ്ഞു. രാവിലെയോടെ സൈലൻറ് വാലിയുടെ ട്രക്കിങ് പോയന്റിൽ ഞങ്ങളെത്തി. തണുപ്പ് അരിച്ചുകേറുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞപ്പോഴേക്കും ഒഫിഷ്യൽ ഗൈഡ് വന്നു. പതിയെ അയാൾക്കൊപ്പം ഞങ്ങൾ വനത്തിലേക്ക് കയറി. ചിരിച്ചും കളിച്ചും കൂട്ടുകാർക്കൊപ്പം നടക്കുന്നതിനിടയിൽ ഞാനവളെ മാത്രം നോക്കി പിന്നാലെ നടന്നു. നിനക്കറിയാലോ, അഞ്ചാറ് വർഷമായി ഒരകലത്തിൽ ഞാനവൾക്കൊപ്പമുണ്ട്. പക്ഷേ എന്തെങ്കിലുമൊന്ന് കൂടുതലായ് പറയാൻ എനിക്ക് സാധിച്ചിട്ടില്ല. പലതവണ ശ്രമിച്ചതാണ്. എല്ലായ്പ്പോഴും ഞാൻ പരാജയപ്പെട്ടു. നിങ്ങളൊക്കെ പറയുന്നപോലെ അതെന്റെ കഴിവുകേടാണ്. സമ്മതിക്കാം. പക്ഷേ ഇന്നത്തോടെ എല്ലാം തകിടം മറിഞ്ഞു…”

അവൻ കണ്ണു തുടച്ചു തുടർന്നു.

‘‘ഇത്തവണ എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. ഗൈഡ് കാടിന്റെ രീതികൾ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. മരങ്ങളും ചെടികളും പാറകൂട്ടങ്ങളും എല്ലാവഴികളും ഇരുട്ടിനെ പൊത്തിപ്പിടിച്ച് ഞങ്ങളെ പിന്നാലെ കൂടിക്കൊണ്ടിരുന്നു. മൂന്നു നാല് മണിക്കൂറുകൾ കഴിഞ്ഞതും കയറിയെത്തിയ കുന്നിന്റെ ഒത്തനടുക്ക് ഒരു വലിയ ടവർ. പെട്ടെന്നുണ്ടായ ഉത്‌സാഹത്തിൽ ഞാനോടിക്കയറി. എന്തുകൊണ്ടോ എനിക്ക് ക്ഷീണം അറിയുന്നുണ്ടായിരുന്നില്ല. തണുപ്പും കാറ്റും എന്തെന്നില്ലാത്ത ഉൻമേഷം നിറച്ചു. ആ ടവറിന്റെ പിരിയൻ ഗോവണിലൂടെ ഞാൻ മുകളിലേക്ക് കുതിച്ചു. പിന്നാലെ അവളും. മറ്റുള്ളവർ അപ്പോഴും ക്ഷീണിച്ച് പതിയെ അതിന്റെ താഴേക്ക് എത്തിചേർന്നതേയുണ്ടായിരുന്നുള്ളു. മുകളിലെത്തിയതും അനിർവചനീയമായ ഒരു കാറ്റ് ആ കാടിന്റെ വിസ്‌താരങ്ങളെ ഉയരത്തിൽ നിന്ന് കാണിച്ചുതന്നു. ഓടിയെത്തിയ അവളുടെ കണ്ണുകൾ ആ കാഴ്ചയിൽ തിളങ്ങി. കണ്ണ് നിറഞ്ഞ് അവൾ അൽഭുതത്തോടെ എന്നെ നോക്കി. ചുറ്റോട് ചുറ്റ് ഓടി നടന്ന് ഒടുക്കം എന്റെ തൊട്ടു മുമ്പിൽ വന്ന് ഒരു ചോദ്യം – ഈ കാറ്റിൽ എന്നെയൊന്ന് കെട്ടിപ്പിടിക്കാമോ ?

എന്റെ ശ്വാസം നിലച്ചു. കാഴ്ചകൾ മങ്ങി. കേട്ടത് തോന്നലാണോ സത്യമാണോ എന്നറിയാതെ ഞാൻ സ്‌തബ്ദനായി. എന്റെ കൈകൾ പാറപോലെ ഉറച്ചുപോയിരിക്കുന്നു. ചുണ്ടുകൾ മരവിച്ചിരിക്കുന്നു. അവൾ കാത്തുനിന്നു. നാളിതുവരെ കാത്തുവെച്ച മുഴുവൻ സ്നേഹവുമെടുത്ത് ഞാൻ ശ്രമിച്ചു. എനിക്കതിന് സാധിക്കുന്നില്ല. എന്റെ നിസ്സഹായനായുള്ള നിൽപ് അവളെയും വേഗം സ്വബോധത്തിലേക്ക് എത്തിച്ചു.

– സോറി…

അവൾ പതിയെ താഴേക്കിറങ്ങിപ്പോയി. എന്റെ ഉള്ളിലെ എല്ലാ വെളിച്ചവും ഒരുമിച്ചുകെട്ടു. ആ നിമിഷം മുതൽ കരഞ്ഞു തുടങ്ങിയതാണ്. എനിക്കിതവസാനിപ്പിക്കാൻ കഴിയുന്നേയില്ല.”

അവൻ പറഞ്ഞു നിർത്തി.

ഞാനവനെ ആശ്വസിപ്പിച്ചു.

അല്പം കഴിഞ്ഞ് അവനിറങ്ങിപ്പോയി. എന്റെയുറക്കം പക്ഷേ നഷ്‌ടപ്പെട്ടുകഴിഞ്ഞിരുന്നു. ഒരു മിന്നൽ വെളിച്ചംകൊണ്ട് മനുഷ്യരെ ജീവിപ്പിക്കുകയും മൃതശരീരരാക്കുകയും ചെയ്യുന്ന പ്രണയത്തിന്റെ വഴികൾ ആ പുലർച്ചയിലേക്ക് എന്നെ വഴി നടത്തിച്ചു.

എല്ലാ കാലത്തും യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിചിത്രമായ പ്രണയങ്ങളുടെ അക്ഷയഖനിയാണ്. അവിടുത്തെ ഓരോ മൺതരിക്കും വിസ്മയിപ്പിക്കുന്നൊരു കഥ ഓർത്തെടുക്കാനുണ്ടാകും. മരണത്തിലേക്കും ജീവിതത്തിലേക്കും പ്രണയത്താൽ വലിച്ചെറിയപ്പെട്ടവരുടെ താജ്മഹലുകളാണ് അവിടത്തെ ഇടനാഴികൾ. ഷാജഹാൻമാർ മാത്രമല്ല മുംതാസുമാരും അവിടെ സ്മാരകങ്ങൾ കെട്ടിയുയർത്തുന്നു. ചോര കുടിക്കാനും ചോര കൊടുക്കാനും കഴിയുന്ന യക്ഷികൾ എല്ലാ മരത്തണലുകളെയും കാത്തിരിപ്പ് കേന്ദ്രങ്ങളാക്കുന്നു. പ്രണയിച്ച് ഉപേക്ഷിക്കാനും വിട്ടുകൊടുക്കാതെ പോരാടാനും ഗന്ധർവൻമാർ മത്സരിക്കുന്നു. അങ്ങനെ പ്രണയം കൊണ്ട് മുറിഞ്ഞവരുടെയും മുറികൂടി പോരാടിയവരുടെയും തച്ചോളിപ്പാട്ടുകളിൽ നിന്നാണ് ‘സ്‌കൂൾ ഓഫ് മൊഹബത്ത്’ ഉണ്ടാവുന്നത്.

ഒരിക്കൽ കയറിക്കഴിഞ്ഞാൽതിരിച്ചിറങ്ങാനാവാത്ത വിധം ഓരോരുത്തരെയും പെടുത്തിക്കളയുന്ന ഒരു വേതാളം അതിനകത്ത് വളരുന്നുണ്ട്. കാലത്തേയും സ്വന്തം ദേശത്തേയും മറന്ന് അതിനകത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന എത്ര മനുഷ്യൻമാരെ കണ്ടുമുട്ടിയിരിക്കുന്നു. അവരത്രയും ജീവിക്കുന്നത് വേറൊരു സമയക്രമത്തിലാണെന്ന് തോന്നിയിട്ടുണ്ട്. എന്തിനാണ് ഈ മനുഷ്യർ ഇത്രയും കാലം ഇവിടെ കഴിച്ചുകൂട്ടുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനു വേറെയും ഉത്തരങ്ങളുണ്ട്. വേരുകളിലേക്ക് ആഴ്‌ത്തി ജീവിതത്തിന്റെ ഇനിയും ഉണങ്ങിയിട്ടില്ലാത്ത പച്ചപ്പും പോരാട്ടവും ബോധ്യപ്പെടുത്തുന്ന സൗഹൃദങ്ങളുടെ പറുദീസ കൂടിയാണത്. കലക്കമില്ലാത്ത ആ സൗഹൃദങ്ങളുടെ പൈപ്പിൻ ചോട്ടിലെ വെള്ളമാണ് പലരുടെയും അന്നം. അതിന്റെ തണുപ്പ് ആയുസ്സിനെ ഉയർത്തി. എന്നിട്ടും നിരാശയിലാണ്ടുപോയവർക്ക് മുമ്പിൽ രാജപ്പനകൾ പൂത്തു. കരഞ്ഞ് തളർന്നവർക്ക് മുമ്പിൽ മെയ്ഫ്ലവറുകൾ പ്രണയത്തിന്റെ പുതിയ പായ വിരിച്ചു. സർവവും നേടിയെന്ന് അഹങ്കരിച്ചവരെ ഓരോ ചരൽകല്ലിനും മുമ്പിൽ മുട്ടുകുത്തിച്ചു.

പ്രണയിക്കുന്നവരുടെ മാത്രമല്ല, ജീവിച്ചു പരാജയപ്പെട്ടവർക്കുള്ള വേദപുസ്‌തകം കൂടിയായിരുന്നു ആ ക്യാമ്പസ്. ഉള്ളിലെ മൊഹബത്തു കൊണ്ടുമാത്രം തുറന്നു കിട്ടുന്ന ഒരു പുസ്തകം... അതാണ് ‘സ്‌കൂൾ ഓഫ് മൊഹബത്ത്’!

Vimeesh Maniyoor's 'School of Mohabbat' Unveils Campus Love and Life:

School of Mohabbat, a new novel by Vimeesh Maniyoor, captures the essence of university campus life, including love, lost romance, friendships, and survival. The novel is a vivid portrayal of unforgettable campus experiences, drawing inspiration from the author's own university days. It delves into the complex emotions and dramatic events that shape young lives within the academic environment. The narrative explores themes of courage, hesitation, and the profound impact of relationships. Ultimately, 'School of Mohabbat' is presented as a book that unlocks with the power of love, resonating with both lovers and those who have experienced life's setbacks.

ADVERTISEMENT