ജനപ്രിയസാഹിത്യത്തിന്റെ പുത്തൻധാരയിലെ ശ്രദ്ധേയ എഴുത്തുകാരി ജയലക്ഷ്മി ശ്രീനിവാസന്റെ പുതിയ നോവലാണ് ‘സിയാ റാം D/O മീര’. മൂന്ന് അമ്മമാരുടെ സ്നേഹത്തിന്റെയും അവരുടെ നിസ്സഹായതയുടെയും ജീവിത പോരാട്ടങ്ങളുടെയും ഹൃദയസ്പർശിയായ കഥയാണ് ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ‘സിയാ റാം D/O മീര’യുടെ രചനാപശ്ചാത്തലത്തെക്കുറിച്ച് ജയലക്ഷ്മി ശ്രീനിവാസൻ ‘വനിത ഓൺലൈനില്‍’ എഴുതിയതു വായിക്കാം –
ജോലിക്കായി പുറത്തിറങ്ങുന്ന എന്നെ ബാധിച്ച ഒരു വലിയ വേദന – എന്നോട് നേരിട്ട് ബന്ധമില്ലാത്ത ഒരു സംഭവം – ആഴ്ചകളോളം എന്റെ ഉറക്കം കെടുത്തി. പിന്നീട് മാസങ്ങളോളം അത് ഉള്ളിൽ ഉമിത്തീ പോലെ എരിഞ്ഞു; ആ തീയിൽ സ്വർണം ഉരുക്കുന്ന പോലെ പിറന്നതാണ് ഈ കഥ. ഇന്നിന്റെ നേർകാഴ്ച. അതാണ് എന്റെ ഏറ്റവും പുതിയ നോവൽ – ‘സിയ റാം D/O മീര’.
എറണാകുളം നഗരമധ്യേ നടന്ന ഒരു ക്രൈം, ഏതൊരു സ്ത്രീയെപ്പോലെയും എന്റെ മനസ്സിനെയും ആഴത്തിൽ ഉലച്ചു. ആദ്യം കുറ്റം ചെയ്ത ചെറുപ്പക്കാരിയോട് വെറുപ്പും ദേഷ്യവും മാത്രമേ തോന്നിയിരുന്നുള്ളു. എന്നാൽ പിന്നീട്, മറ്റാരും ചിന്തിക്കാത്ത ചില തലങ്ങളിലേയ്ക്ക് എന്റെ ചിന്തകൾ വ്യാപിച്ചു. പതുക്കെ, കുറ്റം ചെയ്തവരുടെ കണ്ണിലൂടെ കാര്യങ്ങളെ കാണാൻ ഞാൻ ശ്രമിച്ചു. കുറ്റകൃത്യങ്ങളെ മനുഷ്യത്വത്തോടെയും സഹാനുഭൂതിയോടും നോക്കിയാൽ , അതിന് പിന്നിൽ തീർച്ചയായും ഹൃദയം തൊടുന്ന ഒരു കഥയുണ്ടാകുമെന്ന് ഉറപ്പാണ്.
മനഃശാസ്ത്രത്തിൽ എനിക്കുള്ള അറിവുകൾ, തേജസ്വിനി എന്ന സൈക്കോളജിസ്റ്റ് കഥാപാത്രത്തിന് ജീവൻ നൽകാൻ സഹായിച്ചു. മൂന്ന് തലമുറകളിലെ അമ്മമാരിലൂടെ കഥ മുന്നേറുമ്പോൾ, അതിൽ ഒരാൾ ഞാൻ തന്നെയാണ്.
ജീവനെ തന്നെ താങ്ങി നിർത്തുന്ന ഏറ്റവും ശക്തമായ വികാരം സ്നേഹമാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാവാം, ഞാൻ എഴുതുന്ന കഥകളിൽ എല്ലാം പ്രണയത്തിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നത്. സത്യത്തിൽ ‘സ്നേഹം’ എന്നതിനോട് എനിക്ക് എന്നും ഒരു ഭ്രമമുണ്ട്.
എന്നാൽ സ്നേഹം കേവലം പുരുഷനും സ്ത്രീക്കും ഇടയിൽ തോന്നുന്ന ആകർഷണം മാത്രമാണോ ? അത് എല്ലായ്പ്പോഴും മധുരം മാത്രം നിറഞ്ഞ ഒരു വികാരമാണോ ? ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ കരുതലിൽ, അമ്മയുടെ വാത്സല്യത്തിൽ, പ്രണയികളുടെ അടുപ്പത്തിൽ, ഭർത്താവിന്റെ പരിഗണയിൽ – എത്രയോ രൂപങ്ങളിലാണ് സ്നേഹം നമ്മളിലേക്ക് എത്തുന്നത്.
ഇത്തരം തിരിച്ചറിവുകളിലൂടെയാകാം ‘സിയ റാം D/O മീര’ എന്ന ഈ നോവലും അതിലെ കഥാപാത്രങ്ങളും എന്റെ മനസ്സിലേക്ക് വന്നത്.
അവിചാരിതമായി പ്രണയത്തിലാകുന്ന രണ്ടുപേരുടെ കഥയായി ആരംഭിച്ച്, അതിൽ ഒരാളുടെ സ്നേഹത്തിന്റെ കാപട്യത്തെ ചോദ്യംചെയ്യുന്ന ഒരു പ്രണയകഥയായി വായനക്കാരന്റെ മനസ്സിൽ അവശേഷിക്കാനാണ് ഈ രചന ശ്രമിക്കുന്നത്. ലളിതമായ ഭാഷയിൽ, എളുപ്പത്തിൽ വായിച്ചുപോകാവുന്ന രീതിയിലാണ് ഇത് എഴുതിയിരിക്കുന്നത്. എങ്കിലും, ഞാൻ മുൻപ് കൈകാര്യം ചെയ്ത ചില കഥകളിലെ ‘ക്രിഞ്ച്’ സ്വഭാവം ഇതിൽ ഇല്ലെന്ന വിശ്വാസമുണ്ട്.
മാതാപിതാക്കളോടോ അധ്യാപകരോടോ ചോദിക്കേണ്ട സംശയങ്ങൾക്കു പോലും ഏ ഐ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന ഇന്നത്തെ ജൻ-സി തലമുറയെ ചിന്തിപ്പിക്കാനൊരു ചെറുശ്രമവും ഈ പുസ്തകത്തിൽ ഉണ്ടാകാം. ആ പ്രായക്കാരിൽ ഒരാളുടെ അമ്മയായതിനാലാവാം അത് എന്റെ ഉള്ളിൽ ഇങ്ങനെ രൂപപ്പെട്ടത്.
ഇത് എഴുതുന്ന ഇന്നും, ഈ കഥയുമായി ബന്ധപ്പെട്ട നടുക്കുന്ന വാർത്തകൾ കേൾക്കേണ്ടി വരുന്നത് മനസ്സിനെ വീണ്ടും വേദനിപ്പിക്കുന്നു. ഈ പുസ്തകം വായിക്കുന്ന ഒരാളുടെ ചിന്തയേയെങ്കിലും ഒന്നു തൊടാനായാൽ, എന്റെ മനസ്സിലുള്ള മുറിവിന് അല്പമെങ്കിലും ആശ്വാസമാകും…എന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിയും.