മലയാളത്തിന്റെ പ്രിയകവി പി. രാമന്റെ പുതിയ പുസ്തകമാണ് ‘ദര്‍ബാറി ദീപിക’. ഒരു ദീർഘകവിതയാണ് ഇതിന്റെ ഉള്ളടക്കം. കൃതിക്ക് കവി എഴുതിയ മുന്‍കുറിപ്പ് വായിക്കാം –
ബാബര്‍ ഉള്‍പ്പെടെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ വിദേശ അക്രമികളാണ്, അവരുടെ ചരിത്രം പാഠ്യപദ്ധതികളില്‍നിന്നു മാറ്റേണ്ടതാണ് തുടങ്ങിയ ആശയങ്ങള്‍ ഇന്ന് പല അധികാര കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നു. മുഗള്‍കാലം ഇന്ത്യന്‍ ജീവിതത്തിനും കലയ്ക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകളെക്കുറിച്ചു സാമാന്യമായി മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് ഈ തമസ്‌കരണം എന്നെ വേദനിപ്പിക്കുന്നു.
ചരിത്രത്തെ കറുപ്പും വെളുപ്പുമായി കാണുക, ചരിത്രത്തോട് പകരംവീട്ടുക, ഇന്നത്തെ മൂല്യങ്ങള്‍ വെച്ച് ചരിത്രത്തെ അളക്കുക തുടങ്ങിയ പ്രവണതകള്‍ സര്‍വസാധാരണമായിരിക്കുന്നു. മുഗള്‍ ഭരണകാലം നന്മകള്‍ മാത്രം നിറഞ്ഞ ഒന്നായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. നന്മയോ തിന്മയോ മാത്രം തികഞ്ഞതായിരുന്നില്ല ഒരു ചരിത്രഘട്ടവും. എല്ലാ തലത്തിലും പെട്ട മനുഷ്യാനുഭവങ്ങളുടെ ആകെത്തുകയാണ് ചരിത്രം. ഓരോ കാലത്തും മുന്തിനില്‍ക്കുന്നതിനെ ഉയര്‍ത്തിക്കാണിക്കുക സ്വാഭാവികവുമാണ്. മുഗള്‍ ചക്രവര്‍ത്തിമാരായ ബാബറുടെയും ഹുമയൂണിന്റെയും അക്ബറുടെയും ഷാജഹാന്റെയും ജഹാംഗീ റിന്റെയുമെല്ലാം കാലത്ത് കലയും സംസ്‌കാരവും മുന്തിനിന്നു.
ചരിത്രത്തിലേക്കു നോക്കിയാല്‍ എല്ലാ രാജാക്കന്മാരും സ്വന്തം ആധിപത്യം ഉറപ്പിക്കാനും വര്‍ധിപ്പിക്കാനുമായി യുദ്ധങ്ങള്‍ ചെയ്തവരാണ്. ബാബറുമതെ. ബാബര്‍ നടത്തിയ യുദ്ധങ്ങളധികവും ഹിന്ദുസ്ഥാനത്തിനു പുറത്തുമാണ്. സ്വന്തം മതത്തില്‍ പെട്ടവരോടാണ് ബാബര്‍ ഏറ്റവുമധികം ഏറ്റുമുട്ടിയിട്ടു ള്ളത്. ജന്മനാടായ ഫര്‍ഗാനയിലെ അന്‍ഡിജാനില്‍ (ഇന്നത്തെ ഉസ്ബക്കിസ്താന്‍) നിലനില്പ് പ്രയാസത്തിലായപ്പോള്‍ ബാബര്‍ കാബൂളിലേക്കു വന്നു. പിന്നീട് കാബൂളില്‍ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ ഹിന്ദുസ്ഥാനത്തിലേക്കു പോന്നു. ഈ അനുഭവങ്ങള്‍ ബാബര്‍ മാതൃഭാഷയായ ഛഗ്തായ് ടര്‍ക്കിഷില്‍ ആത്മ കഥാരൂപത്തില്‍ എഴുതിയ കൃതിയാണ് ‘ബാബര്‍നാമ’
ബാബറിന്റെ പേരക്കുട്ടി അക്ബറാണ് പില്‍ക്കാലത്ത് ‘ബാബര്‍നാമ’ പേര്‍ഷ്യന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി, ചിത്രങ്ങള്‍ വരപ്പിച്ചുചേര്‍ത്ത് പ്രകാശിപ്പിച്ചത്. മുഗള്‍ മിനിയേച്ചര്‍ ചിത്രങ്ങളുടെ മനോഹരമാതൃകയാണ് ആ ചിത്രങ്ങള്‍. വിശദാംശങ്ങള്‍ കൊണ്ടു സമ്പന്നമാണ് ബാബറുടെ ഓര്‍മക്കുറിപ്പുകള്‍. കവി കൂടിയാണ് ബാബര്‍. സംഗീതം, നൃത്തം, ചിത്രകല, പൂന്തോട്ടനിര്‍മാണം എന്നിവയിലെല്ലാം വലിയ താത്പര്യമുണ്ടായിരുന്നു. ഏതു പുതിയ നാട് പിടിച്ചെടുത്താലും പൂന്തോട്ടം ഉണ്ടാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യുക. പേര്‍ഷ്യന്‍ ശൈലി യിലുള്ള പൂന്തോട്ടനിര്‍മാണകല ഇന്ത്യയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്. തന്റെ ജന്മനാടായ ഫര്‍ഗാനയെക്കുറിച്ചു വിവരിക്കുമ്പോഴും കാബൂളിനെക്കുറിച്ചോ ഹിന്ദുസ്ഥാനെക്കുറിച്ചോ വിവരിക്കുമ്പോഴും സസ്യലതാദികള്‍, ജീവജാലങ്ങള്‍, കൃഷി രീതികള്‍ എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന പ്രകൃതി ശാസ്ത്ര തത്പരനാണ് ബാബര്‍. ഇതൊന്നും കണക്കാക്കാതെ വെറും അക്രമകാരിയായി ബാബറെ ചിത്രീകരിക്കുന്നതിനെതിരെ ഒരു കവിക്കു ചെയ്യാന്‍ കഴിയുക അയാള്‍ അറിഞ്ഞ ബാബറുടെ കഥകള്‍ പറയുക എന്നതാണ്. ആ വഴിക്കുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. ‘ബാബര്‍ നാമ’യും അക്ബര്‍ അതിനായി വരപ്പിച്ച ചിത്രങ്ങളുമാണ് ഈ കാവ്യാഖ്യായികയുടെ നേരിട്ടുള്ള പ്രചോദനം. എന്നാല്‍, ‘ബാബര്‍നാമ’യുടെ ഒരു പുനരാവിഷ്‌കാരമല്ല ‘ദര്‍ബാറി ദീപിക’. അതിലെ ചില സൂചനകള്‍ ഇതില്‍ വികസിപ്പിച്ചിട്ടുണ്ട് എന്നു മാത്രം.
ഈ കാവ്യാഖ്യായിക എഴുതുന്ന സമയത്ത് എനിക്ക് കൗതുകം തോന്നിയ ഒരു കാര്യം എന്റെ പേരു തന്നെയാണ്. ഒരു പുതുകാലകവിക്കു ചേരാത്ത പഴഞ്ചന്‍ പേരാണ് എന്റേത് എന്നു തോന്നാറുണ്ട്. തുടക്കംതൊട്ടുതന്നെ ഒരു തൂലികാനാമം സ്വീകരിക്കാമായിരുന്നു എന്ന ഖേദവും പിന്നീടു തോന്നിയിട്ടുണ്ട്. എന്നാല്‍ ഒരു രാമന്‍ ബാബറെക്കുറിച്ച് എഴുതുകയാണ് എന്നോര്‍ ത്തപ്പോള്‍ എനിക്കു കൗതുകം. പല രാമന്മാരുള്ളതു പോലെ പല ബാബര്‍മാരുമുണ്ട്. അതില്‍ താനറിഞ്ഞ ഒരു ബാബറെപ്പറ്റി ഒരു രാമന്‍ എഴുതുന്ന കവിതയാകുന്നു ഈ ‘ദര്‍ബാറി ദീപിക’.