1997– ല്‍ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലാണ് എം.സുകുമാരന്റെ ‘ജനിതകം’. അദ്ദേഹത്തിന്റെ മറ്റു രണ്ട് നോവലുകളും പോലെ വലുപ്പത്തിൽ ഇതും ചെറുതാണ്. വേഗത്തിൽ വായിച്ചു തീർക്കാവുന്ന ആഖ്യാനം.
വിപ്ലവസ്വപ്നങ്ങളുടെ ചാരത്തിൽ ഇനിയും കനൽ ശേഷിക്കുന്നുവെന്നു കരുതുന്ന ഗോകുലനും പാർട്ടിക്കാരായ അച്ഛനമ്മമാരുടെ മകൾ ആയിട്ടും ആധ്യാത്മികലോകമാണ് തന്റെ സ്വാസ്ഥ്യമെന്നറിഞ്ഞ് കൃഷ്ണനെ ധ്യാനിക്കുന്ന സുചിത്രയുമാണ് ‘ജനിതക’ത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ തമ്മിലുള്ള സങ്കീർണബന്ധത്തിലൂടെ കേരളീയസമൂഹത്തിന്റെ ഒരു അന്തരാളഘട്ടത്ത രേഖപ്പെടുത്തുകയാണ് എം. സുകുമാരൻ ഈ നോവലിലൂടെ.
അഞ്ചു ഭാഗങ്ങളില്‍ അവസാനിക്കുന്നു ജനിതകം. പറഞ്ഞല്ലോ, കവി കൂടിയായ കെ.പി.ഗോകുലപാലന്‍ നായരും സുചിത്രനായര്‍ എം എയുമാണ് ജനിതകത്തിലെ പ്രധാനകഥാപാത്രങ്ങള്‍. നിയമപഠനത്തിനിടെ ലഭിച്ച ബാങ്ക് ജോലി തൃപ്തികരമായി ചെയ്യുന്ന അതിസമ്പന്നമായ വീട്ടിലെ ഏകമകളാണു സുചിത്ര. അച്ഛന്‍ പ്രശസ്തനായ അഭിഭാഷകന്‍. പ്രഗല്ഭന്‍. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത പാര്‍ട്ടിയുടെ അടിയുറച്ച വിശ്വാസികൂടിയാണ് അച്ഛന്‍. മുഹൂര്‍ത്തം നോക്കാതെ, ഇഷ്ടപ്പെട്ട പെണ്ണിനെ, പാര്‍ട്ടി ഓഫിസില്‍വച്ചു വിവാഹം കഴിച്ച ആദര്‍ശധീരന്‍. ഇത്തിരി വൈകിയാണെങ്കിലും പാര്‍ട്ടിയിലും സാമൂഹിക ജീവിതത്തിലും സജീവമാണ് അമ്മ വല്‍സലയും. നിയപഠന ക്ലാസില്‍വച്ചാണ് സുചിത്ര ഗോകുലനെ കാണുന്നതും പരിചയപ്പെടുന്നതും അടുക്കുന്നതും അകലാനാകാത്ത സുഹൃത്തുക്കളാകുന്നതും. ഗോകുലനും സുചിത്രയും തമ്മിലുള്ള സംഭാഷണത്തിന്റെ ഘടനയിലാണു ജനിതകം എഴുതപ്പെട്ടിരിക്കുന്നത്.
ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം ‘ജനിതക’ത്തിന്റെ പുതിയ പതിപ്പ് എച്ച് ആൻഡ് സി പ്രസിദ്ധീകരിച്ചിരിക്കുന്നു.
കഥകളിലൂടെ ജനാധിപത്യവിരുദ്ധമായ വ്യവസ്ഥിതികളോട് കലഹിച്ച എഴുത്തുകാരനാണ് എം.സുകുമാരൻ. ‘പഴകിപ്പോയ വിപ്ലവത്തിന്റെ പ്രചാരകൻ’ മാത്രമായി അദ്ദേഹത്തെ പരിഗണിക്കുന്നവർ, കാലമെത്ര കഴിഞ്ഞാലും ചൂടും ചൂരും കുറയാത്ത ആ രചനകളെ വേണ്ടുംവിധം ഉൾക്കൊണ്ടിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ.
തന്റെ ബോധ്യങ്ങൾക്കൊപ്പം നിന്ന് സാഹിത്യത്തെ അതിനായി ഉപയോഗിച്ചപ്പോൾ പാർട്ടി വിരുദ്ധനെന്ന മുദ്ര ചാർത്തപ്പെട്ട് വർഷങ്ങളോളം എഴുതാതെ ജീവിച്ചു എം.സുകുമാരൻ. പാർട്ടിയുടെ ബുദ്ധിജീവികളും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതിൽ നിന്നുള്ള ഒരു പ്രതികരണമെന്ന പോലെയാണ് ‘ശേഷക്രിയ’ എന്ന നോവൽ പിറന്നത്. 1979 - ൽ ‘കലാകൗമുദി’യിൽ അതു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോഴേ, ആ നോവൽ പുസ്തകമാക്കരുതെന്നു പാർട്ടി വിലക്കിയിരുന്നത്രെ. അദ്ദേഹം വഴങ്ങിയില്ല. സാഹിത്യപ്രവർത്തകസഹകരണസംഘം ‘ശേഷക്രിയ’ പുസ്തകമാക്കി. അതോടെ സുകുമാരനും പാർട്ടിയും രണ്ടു തട്ടിലായി.
‘എന്റെ ശവകുടീരപ്പലകയിൽ ഇത്രയും എഴുതിവെയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്...’ ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പന്റെ അന്തിമാഭിലാഷം എം.സുകുമാരൻ പകർത്തിയതിങ്ങനെ. ‘ശേഷക്രിയ’യിൽ കുഞ്ഞയ്യപ്പൻ പാർട്ടിക്കു വേണ്ടി ജീവനൊടുക്കിയെങ്കിൽ, എം. സുകുമാരൻ എഴുതുന്നില്ല എന്ന തീരുമാനമെടുത്തു.
ഒരു ദശകം നീണ്ടുനിന്ന ആ മൗനത്തിൽ നിന്നു മോചിതനായി, 1992 – ല്‍ എം.സുകുമാരൻ ‘പിതൃതർപ്പണം’ എഴുതി.അതിനുശേഷം ‘ജനിതകം’ എന്നൊരു നോവെല്ല കൂടി അദ്ദഹം എഴുതി.
1961 ൽ, പതിനെട്ടാമത്തെ വയസ്സിലാണ് എം.സുകുമാരന്റെ ആദ്യ കഥ ‘മഴത്തുള്ളികൾ’ മലയാള മനോരമ ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ആദ്യ നോവൽ അഴിമുഖം. 1976ൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കഥാസമാഹാരത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2006ൽ ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന ലഘുനോവൽ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981ൽ ‘ശേഷക്രിയ’യ്ക്കും 1995ൽ ‘കഴക’ത്തിനും ലഭിച്ചു.
1963ൽ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫിസിൽ ക്ലാർക്കായി. 1974ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നു പുറത്തായി. 1982ൽ കഥയെഴുത്തു നിർത്തിയതായി പ്രഖ്യാപിച്ചെങ്കിലും പത്തു വർഷത്തിനു ശേഷം 1992ല്‍ ‘പിതൃതർപ്പണം’ എഴുതി മടങ്ങി വന്നു...
2018 മാർച്ച് 16 ന്, എം.സുകുമാരൻ അന്തരിച്ചു. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹം കടുത്ത ന്യുമോണിയ ബാധിച്ചു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മരിക്കുമ്പോൾ 75 വയസ്സായിരുന്നു പ്രായം.