മലയാളത്തിന്റെ പ്രിയകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ പ്രണയകവിതകളുടെ പുതിയ സമാഹാരമാണ് ‘നമ്മൾ പരസ്പരം’. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പ്രണയമെഴുത്തുകളെക്കുറിച്ച് സോമൻ വനിത ഓൺലൈനിൽ എഴുതിയ കുറിപ്പ് വായിക്കാം –
‘സുന്ദരപാണ്ഡ്യപുരം’ എന്ന പേരിൽ 15 വർഷങ്ങൾക്ക് മുൻപ് ഒരു പ്രണയ കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. നീ മരിച്ചാൽ, പ്രാണനിൽ ചേർത്തു വെയ്ക്കാൻ തുടങ്ങി ആ പുസ്തകത്തിലെ കവിതകളധികവും നന്നായി വായിക്കപ്പെട്ടു. പലതും സോഷ്യൽ മീഡിയയിലൂടെ നിരന്തരം സഞ്ചരിച്ചു. അതിവൈകാരികതയുടെ ഒരു തലം എന്റെ എഴുത്തിലുണ്ട് എന്നതിന് കാരണം ഇവ്വിധമുള്ള പ്രണയ കവിതകൾ കൂടിയാവണം. പിന്നീട് മറ്റൊരു പ്രണയ കവിതാസമാഹാരം ‘ഒരിക്കൽ സ്നേഹിച്ചവർ’ എന്ന പേരിൽ പുറത്തിറക്കി.
പ്രണയം എന്നത് എന്റെ കവിതയിൽ നിരന്തരം കടന്നുവരുന്ന ഒരു സവിശേഷ കാലാവസ്ഥയാണ്. അലൗകികവും മാന്ത്രികവുമായ ഒരനുഭൂതി മണ്ഡലത്തിലെത്തുന്നതിന്റെ വിസ്മയം ഏത് പ്രണയത്തിലുമുണ്ട്. ‘എനിക്ക് നീ മരിക്കുന്നില്ലല്ലോ’ എന്ന പേരിൽ ഒരു കവിതാസമാഹാരത്തിൽ നൂറ്റിമുപ്പത്തഞ്ചോളം കവിതകൾ ഉണ്ട്. അത്രയും തന്നെ ഞാൻ വരച്ച ചിത്രങ്ങളും അതിലുണ്ട്. കോഴിക്കോട്ടെ മാൻ കൈന്‍റ് പ്രസിദ്ധീകരിച്ച ആ പുസ്തകം പതിനഞ്ചോളം പതിപ്പുകളായി. ആ കവിത സമാഹാരത്തിന് ആധാരമായ കവിത ഇങ്ങനെയാണ്:
നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല. അറിഞ്ഞാൽ തന്നെ ദൂരെ ദൂരെയുള്ള നിന്റെ വീട്ടിലെത്തണമെന്നില്ല. എത്തിയാൽ തന്നെ നിന്നെയൊന്ന് തൊടാൻ കഴിയണമെന്നില്ല. ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ പറ്റണമെന്നില്ല. കരഞ്ഞാൽ തന്നെ ആർക്കുമത് മനസിലാകണമെന്നില്ല. നീ മരിച്ചാൽ ഞാനെന്തിന് വരണം, എനിക്ക് നീ മരിക്കുന്നില്ലല്ലോ...’
എല്ലാ അനുഭൂതികളെയും അതിശയിക്കുന്ന അനുഭൂതിയാണ് പ്രണയത്തിന്റെ നിലാവ്. എന്നും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഭാവരാശിയെ ആവിഷ്കരിക്കാത്ത കവികളോ കലാകാരന്മാരോ ലോകത്തിൽ കുറവായിരിക്കും. സകല കുറവുകളോടെയും ഒരാൾക്ക് മറ്റൊരാളെ പ്രത്യാശാനിർഭരമായ ജീവിതത്തിലേക്ക് വീണ്ടെടുക്കാൻ ആവുമോ - എങ്കിൽ അവിടെ പ്രണയത്തിന് ഒരു സാധ്യതയുണ്ട്. അഗാധമായ സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും ചുരുക്കപ്പേരാണ് പ്രണയം.
കാലത്തിന്റെ ഹിമജലത്തിൽ പ്രാണൻ അലിഞ്ഞലിഞ്ഞില്ലാതാവുമ്പോഴും പ്രിയതമയെ മരണത്തിൽ നിന്ന് കരകയറ്റുന്ന ടൈറ്റാനിക് സിനിമയിലെ അത്ഭുത സമർപ്പണമാണത്. വാക്കുകളിൽ പകരാനാവാത്ത അനുഭൂതി വിശേഷമാണ് പ്രണയം. നമ്മുടെ ഏറ്റവും ജൈവികവും സ്വാഭാവികവുമായ ഉൺമയുടെ ഭാവരാശിയാണത്. ആഴത്തിൽ, സൂക്ഷ്മകോശം വരെ ഉൾക്കൊള്ളുകയല്ലാതെ മറ്റൊരു ഗതിയുമില്ല. മന്ദമാരുതന്റെ മന്ദസ്മിതം പോലെയാണത്. സ്നേഹം കാണാൻ ആവില്ല പകരം അനുഭവിക്കുകയാണ് വേണ്ടത് എന്ന് നിക്കോളാസ് പാർക്ക് പറയുന്നു.
പ്രണയം അതിന്റെവഴി സ്വാഭാവികമായി കണ്ടെത്തുന്നതാണ്. അസാധ്യതയിലെ സാധ്യതയാണ് പ്രണയത്തിന്റെ വിസ്മയം. വിത്ത് വീര്യമുള്ളതാണെങ്കിൽ എവിടെയെറിഞ്ഞാലും അനുകൂല സാഹചര്യം വരുമ്പോൾ മുളയ്ക്കുക തന്നെ ചെയ്യും.
അപരിചിതവും ആകസ്മികവുമായ മാജിക്കൽ റിയലിസം കളിയാടുന്ന വണ്ടർലാന്റാണ് പ്രണയ സ്ഥലികൾ. യാദൃച്ഛികതകൾ പടയണിക്കോലമായുറയുന്ന പ്രണയക്കാവുകൾ. എപ്പോൾ എവിടെ ആരിൽ - എന്നൊന്നും പ്രവചിക്കാനാവാത്ത വിധം എന്തും സംഭവിക്കാവുന്ന അപ്രവചനീയതയാണ് പ്രണയത്തെ ഇത്രമേൽ ചേതോഹരമാക്കുന്നത്. ‘ഇത്രമേൽ വൈകി വൈകി എത്തുന്നതിനാലാണോ പ്രണയമേ നീ എനിക്ക് നീലക്കുറുഞ്ഞിയുടെ ജൻമം തന്നത്’ എന്ന് പഴയൊരു കവിതയിൽ ഞാൻ എഴുതിയിട്ടുണ്ട്.
ഇപ്പോഴിതാ, ‘നമ്മൾ പരസ്പരം’ എന്ന പുസ്തകം പൂർണ്ണ പബ്ളിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ആ കവിതാ സമാഹാരത്തിലെ രചനകളിൽ പ്രണയമുണ്ട്, സൗഹാർദ്ദമുണ്ട്, സാഹോദര്യമുണ്ട്, പ്രകൃതി സ്നേഹമുണ്ട്, നമുക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുണ്ട്.
പ്രണയങ്ങൾ എന്ന കവിത ഇപ്രകാരമാണ്:
‘കൃഷ്ണന്റെയും രാധയുടെയും ഹൃദയകഥ അനശ്വരമാണ് ലൈലാമജ്‌നുമാരുടെ അനുരാഗം അപൂർവ്വ സുന്ദരമാണ് രമണനും ചന്ദ്രികയും തമ്മിലുള്ള പ്രണയം അവിസ്‌മരണീയമാണ്. അറിയപ്പെടുന്ന എല്ലാ പ്രേമകഥകളും പ്രിയതരമാണ്. എന്നാൽ നമുക്ക് എന്നും പ്രിയങ്കരം ആരാലും അറിയാത്ത നമ്മുടെ പ്രണയം തന്നെ!’
അനശ്വരതയുടെയും ആനിർവചനീയമായ ആനന്ദത്തിന്റെയും മറുവാക്കാണ് പ്രണയം. ഇതിഹാസങ്ങളിൽ, പുരാണങ്ങളിൽ, ചരിത്രങ്ങളിൽ - മനുഷ്യർ പാർക്കുന്ന സകല ലോകങ്ങളിലും കാലദേശ വ്യത്യാസമില്ലാതെ അനശ്വരതയെ പുൽകിയ എത്രയെത്ര പ്രണയ കഥകൾ. സ്നേഹം മൃതിയെപ്പോലും തോൽപ്പിക്കുന്ന അമൃതായി പരിണമിക്കുന്നു. വില്യം ബ്ലേക്ക് പറഞ്ഞിട്ടുണ്ട്, ഒരു വസ്തു സ്നേഹിക്കപ്പെടുകയാണെങ്കിൽ അത് അനശ്വരമായിത്തീരും എന്ന്. നമ്മുടെയൊക്കെ കുഞ്ഞു ജീവിതങ്ങൾ ആനന്ദത്തിന്റെ പച്ചയിൽ പന്തലിക്കാൻ പ്രണയം പോലെ ഒരു ഔഷധം വേറെയില്ല. മറ്റേത് വിഖ്യാത പ്രണയത്തേക്കാളും ഊഷ്മളത അവരവരുടെ കുഞ്ഞു പ്രണയങ്ങൾക്ക് തന്നെ.
പ്രണയ വഴികൾ പ്രതിഭാശാലികൾക്ക് പലതാണ്. അവിടെ രാജപാതകളും ഒറ്റയടിപ്പാതകളും ഊടുവഴികളും ഉണ്ട്. ‘ലോല’ എന്ന മലയാളത്തിലെ എക്കാലത്തെയും പ്രണയോപനിഷത്ത് രചിച്ച പത്മരാജൻ എഴുതും: ‘നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. വർഷങ്ങൾക്കുശേഷം നീ അത് കേൾക്കുമ്പോൾ അത്ഭുതത്തോടെ പുഞ്ചിരിക്കും, എനിക്ക് അത് മതി’. എന്നാൽ മാധവിക്കുട്ടി ലേശം കടന്ന് പറയുന്നത് നോക്കൂ: ‘എനിക്ക് സ്നേഹം വേണം. അത് പ്രകടമായി തന്നെ വേണം കിട്ടണം. ഉള്ളിൽ സ്നേഹം ഉണ്ട് പക്ഷേ പ്രകടിപ്പിക്കാൻ ആവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാൻ അറിയുമോ ?’. സ്നേഹമാണ് സ്നേഹത്തിന്റെ സമ്മാനമെന്ന് ജോൺ ഡ്രൈഡൻ സൂചിപ്പിച്ചിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് എണ്ണമില്ലാത്തത് പോലെയും സമുദ്രത്തിന് വിശ്രമമില്ലാത്തത് പോലെയും അനുരാഗത്തിന് അവസാനമില്ല എന്ന് മറ്റൊരു പ്രതിഭാശാലിയും പ്രണയഭാവങ്ങളുടെ നൂറ് പൂക്കൾ വിടർത്തുന്നു. അവസാനിക്കാത്ത ഗാനങ്ങളായി അറിയാത്ത രാഗങ്ങളായി അജ്ഞാത വർണ്ണങ്ങളായി ഒളിച്ചിരിക്കുന്ന പ്രണയപ്പൊരുളുകൾ വരയായും വാക്കായും ഇനിയും വെളിപ്പെട്ടു കൊണ്ടേയിരിക്കും. ‘നമ്മൾ പരസ്പരം’ എന്ന സമാഹാരത്തിലെ ‘ആരുമല്ലല്ലോ’ എന്ന കവിത കൂടി എടുത്ത് ചേർത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം:
‘ഒരു മരച്ചോട്ടിലിരുന്ന്
കവിത പറയുന്നു നമ്മൾ
ക്ഷീണിച്ചപ്പോൾ
ആ മരത്തിലേക്ക് നീ ചാരി.
എന്റെ നെഞ്ചുണ്ടായിരുന്നല്ലോ നിനക്ക് ചായാൻ
എന്ന് വെറുതെ ആശിച്ചു.
ഒരു പാറപ്പുറത്തിരുന്ന്
കഥ പറയുന്നു, നമ്മൾ
തളർന്നപ്പോൾ
പരുക്കൻ നിലത്തേക്ക് ഞാൻ കിടന്നു.
നിന്റെ മടിയുണ്ടായിരുന്നല്ലോ
ശയിക്കാൻ
എന്ന് വെറുതെ മോഹിച്ചു.
ഒരു വാഹനത്തിലൊറ്റയ്ക്ക്
യാത്ര പോകുന്നു,നമ്മൾ.
ബ്രേക്കിട്ടുലഞ്ഞപ്പോൾ
നീ വണ്ടിയെ മുറുകെപ്പിടിച്ചു.
എ ചുമലുണ്ടായിരുന്നല്ലോ
താങ്ങുവാനെന്ന്
വെറുതെ ആശിച്ചു.
ആശയുണ്ടാകിലെന്ത്,
ആരുമല്ലല്ലോ നമ്മൾ
ആരുമല്ലല്ലോ!’.