ADVERTISEMENT

കവി, നിരൂപകൻ, ടെലിവിഷൻ മാധ്യമപ്രവർത്തകൻ എന്നീ നിലയിൽ ശ്രദ്ധേയനായ ടി.കെ. സന്തോഷ്കുമാറിന്റെ പുതിയ കവിതാസമാഹാരമാണ് ‘പച്ചയ്ക്ക് മുറിച്ചത്’. ഈ പുസ്തകത്തെക്കുറിച്ച് കവി ‘വനിത ഓൺലൈനിൽ’ എഴുതിയ അനുഭവക്കുറിപ്പ് വായിക്കാം –

തുളുമ്പി വരുന്നതാണ് എനിക്ക് കവിത. പച്ചയ്ക്ക് മുറിച്ചത് എന്റെ മൂന്നാമത്തെ കാവ്യസമാഹാരമാണ്. എത്രത്തോളം (2004), കാമറ (2012) എന്നീ സമാഹാരങ്ങൾക്കു ശേഷം ഉണ്ടായ ഇടവേളയിൽ കാലവും കവിതയും ഒരുപാട് മാറി. പതിനഞ്ചുവർഷത്തോളമുള്ള ഇടവേള. അത്രകാലം ഇവിടെ ഉണ്ടായിരുന്നു. കവിത മഹാ ലഹരിയായി എന്നിൽത്തന്നെ ഞാനായി ഉറഞ്ഞു നിന്നു. എല്ലാ ബാഹ്യ കൃത്യങ്ങളുടെയും ബലം കവിത മാത്രമായിരുന്നു.

ADVERTISEMENT

ഇനി ഞാൻ കവിതയെഴുതുമോ എന്ന് എനിക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. കവിത കൈവിട്ടു പോകുന്നത് മഹാവ്യസനമാണ്. ചിലതൊക്കെ കുറിച്ചുനോക്കി. അങ്ങനെയിരിക്കെ 2023-ന്റെ അവസാനം എനിക്ക് ഒരു സർജറി വേണ്ടിവന്നു. സർജറി വിജയമായിരുന്നു. പക്ഷേ വിട്ടുമാറാതെ മുറിവുകളുടെ വേദന ഇരട്ടിച്ചു. പത്തു ദിവസം ആശുപത്രിയിൽ കിടന്നു. ഡിസ്ചാർജ് ദിവസം ഡോ. രാം രാജ് കൈ ചേർത്തുപിടിച്ചു: ‘‘പ്രാർത്ഥന കേട്ടു. കൈവിട്ടു പോകുമോ എന്നു പേടിച്ചു’’. കണ്ണീർ എന്റെ നെറ്റിയിൽ ചിതറി.

വീട്ടിലെത്തി. കീറിമുറിക്കലിൽ മരണത്തിന്റെ വക്കിലൂടെ നടന്ന ഞാൻ. വീണു പോകുമായിരുന്ന നിമിഷങ്ങളെ തിരിച്ചുകൊണ്ടുവന്നവർ. അങ്ങനെയാണ്, ‘അപ്പോൾ നിന്നെ കണ്ടേൻ’ എന്ന കവിത ഉറവായത്.

ADVERTISEMENT

‘ഞാനെൻ വേദനയാറ്റി, ച്ചേർത്തുപിടിപ്പൂ

കാരുണ്യത്തിന്നുറവിൽ നീണ്ടകരങ്ങൾ

ADVERTISEMENT

ഉലകിൽച്ചേർത്തുപിടിക്കലുതന്നെ

ജീവിത, മൊറ്റപ്പെടലേനരക,മതേതൊരു

കാലത്തും, പൂവിതളിന്നടരുകളൊന്നൊയ്

ചേർന്നുചിരിക്കുമ്പോഴേയഴകുവിളങ്ങൂ’

സഹോദരതുല്യനും പ്രിയകവിയുമായ പി. രവികുമാറിന് അയച്ചു കൊടുത്തു. അദ്ദേഹമാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളുടേയും ആദ്യവായനക്കാരൻ. അദ്ദേഹത്തിന് ഇഷ്ടമായി. നിരന്തരം ഞങ്ങൾ കവിതയെക്കുറിച്ച് സംസാരിച്ചു. ആശാൻ നിത്യവിഷയമായി. മനസ്സിന്റെ അടിത്തട്ടിൽനിന്ന് ആശാൻ കവിതയായി പൊന്തിവന്നു. അരയാൽ എന്ന നെടുനെടുങ്കൻ ബിംബം. അടിമുടി ആശാന്റെ വേരോട്ടം. ആഴത്തിന്റെ ആവാഹിക്കൽ. ആശാന്റെ കവിതകളുടെയോ കഥാപാത്രങ്ങളുടെയോ പേരൊന്നും കയറിക്കൂടാത്ത വരവ്. ആശാന്റെ കാവ്യജീവിതത്തിന്റെ മുറുക്കം. ശ്വാസനില! ‘ഏതു കൊടും കടലുമെടുത്തു നീന്തിക്കേറുമുടൽ’. ആ മെയ്യുറപ്പാണ് ആഴത്തിലേക്ക് പോയത്. അന്നുരാത്രി ഞാൻ എഴുതിക്കൊണ്ടിരുന്നു. ആശാൻ എന്ന മഹാഛന്ദസ്. ശമയമനിയമങ്ങൾക്ക് അതീതമായ പ്രണയവാരിധി. അതിൽ മുങ്ങിയപ്പോൾ ഞാൻ കരഞ്ഞു. ഞാൻ ഉറക്കെ ‘കരുണ’ വായിച്ചു.

‘ഒടുക്ക, മാഴത്തിൽ നിന്നുമാഴത്തിലേക്കൂളിയിട്ടു

പരിപൂർണ്ണ മഹാബോധം, മഹാഛന്ദസ്സായ്

വാഴ്വ്, കിനാവായി, യാഴിയാകാശമാ, യപൂർണ്ണമായ്

പൂർണ്ണതയ്ക്കുമീതേ നീർത്തു മഹാശൂന്യത

മഹാവാക്യം മഹാധ്യാനം മറവിതന്നെതിർകാലം

മനമലരിതളിലായ്ത്തെളിഞ്ഞകാവ്യം

മഹാദുഃഖക്കൊടുങ്കടലടിയിൽ നിന്നുയർന്നതാം

മഹാഭാവം താരാകാശ,മെരിയും സൂര്യൻ’.

ആ രാത്രി കരഞ്ഞുതിർന്നു. മനമലരിതളിൽ വെളിച്ചം: ‘ആഴം’ പൂർത്തിയായി. അപ്പോഴാണ് അനിത തമ്പി വിളിച്ചത്. സുഗതകുമാരിയെക്കുറിച്ച് അനിത സംവിധാനം ചെയ്ത ഡോക്യുമന്ററി കാണാൻ ചെല്ലണം. പോസ്റ്റ് സർജിക്കൽ സാഹചര്യം. പോകാൻ പറ്റിയില്ല. സുഗതകുമാരിക്കാലം ഇരമ്പിവന്നു. സ്വസ്ഥതയില്ലാതെ കിടന്നു. രാത്രി മൂന്നു നാലു മണിയായി. സുഗതകുമാരി മുന്നിൽ വന്ന പോലെ തോന്നി. കിടപ്പറയ്ക്ക് തൊട്ടടുത്താണ് എഴുത്ത്. വെള്ളം കുടിച്ചു. പുറത്തേക്കുള്ള വാതിലുകളും ജനലുകളും തുറന്നുകിടന്നിരുന്നു. ഈറൻകാറ്റ് ഉള്ളിലേക്ക് പ്രവഹിച്ചു. നേരം പുലർന്നു. കവിത മുഴങ്ങി. ‘പവിഴമല്ലി’ : ‘കവിതയായ് തുളുമ്പുന്നൊരോർമ്മകൾതൻ സുഗന്ധത്തെ

വിളിക്കുന്ന പേരന്താണു, പവിഴമല്ലി.

വനവേടനെയ്ത കിളിയുയിരറ്റു വീണനേരം

അരുതേന്നുയർന്ന സ്വരം, പവിഴമല്ലി.

നെടും പാതയരികിലെ തണലുകളരിഞ്ഞപ്പോൾ

തടഞ്ഞ കൈവിരൽത്തുമ്പിൽ വിരിഞ്ഞരാഗം

വീണുപോയോർ, പുറത്തായോർ, ചതിയിൽപ്പെട്ടിടറയിയോർ

ഏതൊരാൾക്കു മഭയമായലിഞ്ഞഗാനം’.

കാളിയമർദ്ദനം മുതലേ സുഗതകുമാരി മനസ്സിൽ കയറിക്കൂടിയതാണ്. ടെലിവിഷനിൽ ജേണലിസ്റ്റായിരുന്നപ്പോൾ ഞാൻ സുഗതകുമാരിയെ ഇന്റർവ്യൂ ചെയ്തിട്ടുമുണ്ട്. കലഹതാരള്യം. ‘പവിഴമല്ലി’ അവസാനിച്ചത് ഇങ്ങനെയാണ്:

‘വരണ്ടു, വെടിഞ്ഞു നീണ്ട പുഴകൾ, നെൽപ്പാടങ്ങളിൽ

അരണ്ടു താഴ്ന്നിറങ്ങുന്ന ചിറകടികൾ

ഉണങ്ങി,യടർന്നു പൊട്ടിപ്പിളർന്ന തായ് ച്ചില്ലകളിൽ

ഉരിഞ്ഞു തൂങ്ങുന്ന കൂടിൻകരച്ചിൽ, കണ്ണീർ

ചിതറിയ കളിക്കോപ്പു,ടഞ്ഞപാൽക്കുടങ്ങൾ,പീലി

കൊഴിഞ്ഞു ചിന്നിയനാദം, മണൽത്തകിടി:

മനമുരുക്കത്തിലാണ്ടു നിവരുന്നു- വീണ്ടും മുള

തളിർത്തു സുഗന്ധിയാകും പവിഴമല്ലി’.

സുഗതകുമാരി സംബോധന ചെയ്ത വിഷയങ്ങളും അതിനെതിരെ, തോല്ക്കാനായി നടത്തിയ സമരങ്ങളും ഇന്നും നിലനിൽക്കുന്നു!

ഓർമ്മകൾ തിരതല്ലി.

തിരുവനന്തപുരത്തെ കൂട്ടുകാരിൽ മനസ്സിൽ കയറികൂടിയ അനന്തപദ്മനാഭൻ, അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് എഴുതിയ പുസ്തകം ഞാൻ വായിച്ചു കിടന്നു. പി. പദ്മരാജന്റെ കഥകളും നോവലുകളും സിനിമകളും മനസ്സിലേക്ക് കയറി വന്നു.

‘കാറ്റുകെട്ടിയ പമ്പരം പോലെ, പായ്-

ക്കെട്ടഴിഞ്ഞ വൻതോണി കണക്കെയായ്

മാത്രകളെണ്ണിയുന്മാദലോലമായ്

കൂട്ടം തെറ്റിവരും കഥാഗാത്രങ്ങൾ’.

‘നക്ഷത്രങ്ങളേ കാവൽ’ പദ്മരാജന്റെ ആദ്യനോവലിന്റെ പേരാണ്. അത് അങ്ങനെ തന്നെ വച്ചു, കടപ്പാടോടെ. പദ്മരാജനെ പണ്ടേ എനിക്ക് ഇഷ്ടമാണ്. ജേണലിസം പഠിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഒരു ഓർമ്മദിനത്തിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അനന്തപദ്മനാഭന്റെ അമ്മ രാധാലക്ഷ്മി പദ്മരാജനുമായി സംസാരിച്ചിരുന്നു. അത് അന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രഭാവർമ്മ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ജേണലിസം പഠനകാലത്ത് അഭയം പ്രസ് ക്ലബിനു തൊട്ടടുത്തുണ്ടായിരുന്ന കാർത്തിക ലോഡ്ജ് ആയിരുന്നു. സെക്രട്ടറിയേറ്റിനു ചുവടേയുള്ള വാസസ്ഥലം. കസ്റ്റംസിൽ സൂപ്രണ്ടായിരുന്ന എന്റെ അമ്മാവൻ (കെ. പ്രഭാകരൻ) വഴിയാണ് അവിടെ ചേക്കേറിയത്. ജേണലിസത്തിന്റെ രാവിലെയും വൈകിട്ടുമുള്ള ബാച്ചുകാർ പലരും ലോഡ്ജിന് അകത്തും പുറത്തുമായി തമ്പടിക്കും. അനന്തപദ്മനാഭൻ, മുരളി ഗോപി, എം. വി. നികേഷ് കുമാർ, സബിൻ ഇക്ബാൽ, ബാലു എന്ന ബാലചന്ദ്രൻ, മനു രമാകാന്ത്, ജോമി തോമസ്, ലാൽ ലൂക്കോസ് അങ്ങനെ ഒട്ടേറെ കൂട്ടുകാർ. ജോമി അന്ന് സക്കറിയയുടെ നിത്യസന്ദർശകനായിരുന്നു. സാഹിത്യവും സിനിമയും പത്രവും ടെലിവിഷനും സംവാദാത്മമായി കൂടിക്കുഴഞ്ഞ കാലം. എൻ. ആർ. എസ്. ബാബുവാണ് കോഴ്സ് ഡയറക്ടർ. ടി. എൻ. ഗോപകുമാർ, സി. ഗൗരീദാസൻ നായർ, എം. ജി. രാധാകൃഷ്ണൻ, എസ്. ഡി. പ്രിൻസ് - അങ്ങനെ അദ്ധ്യാപകർ. ജീവിതത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നൊന്നും അറിയാത്ത കാലം. കലാകൗമുദിയിൽ എഴുതുക വലിയ മോഹമായിരുന്നു. എസ്. ജെ. എന്ന എസ്. ജയചന്ദ്രൻ നായരെ കണ്ടു. വാതിൽ തുറന്നു കിട്ടി. ഒന്നു രണ്ടു കവർസ്റ്റോറികൾ വന്നു. അപ്പോഴേക്കും എസ്. ജെ. കലാകൗമുദി വിട്ടു, മലയാളം വാരിക തുടങ്ങി. എൻ. ആർ. എസ്. ബാബു, കലാകൗമുദി എഡിറ്റാറായി. എന്നെ കൂടെക്കൂട്ടി. അന്നവിടെ കള്ളിക്കാട് രാമചന്ദ്രൻ, ഇ.വി. ശ്രീധരൻ, പിന്നെ വിജു വി. നായർ. കലവൂർ രവികുമാർ വേറെ താവളം തേടി. അങ്ങനെ പലരും. എല്ലാറ്റിന്റെയും അധിപതിയായി എം. എസ്. മണി എന്ന ചീഫ് എഡിറ്റർ. കാലം രമണീയമായി. അരാജകസുന്ദരനക്ഷത്രപഥങ്ങൾ. ഫിലിം ഫെസ്റ്റിവലുകൾ. എത്രയെത്ര സിനിമകൾ. മൂന്നാംകിട സിനിമകളിൽ നിന്ന് മൂന്നാം ലോക സിനിമകളിലേക്കുള്ള കുതിപ്പ്. മക് ബൽ ബഫും മജീദ് മജീദിയുമായിരുന്നു അന്ന് താരങ്ങൾ. സിനിമയെക്കുറിച്ചുള്ള എഴുത്തുകൾ. തീർത്ഥപാദമണ്ഡപം – കൂത്ത്, കൂടിയാട്ടം, കഥകളി–കലാമണ്ഡലം ഗോപിയാശാൻ, അടൂർ ഗോപാലകൃഷ്ണൻ. കേരളകവിത. സംക്രമണം. അയ്യപ്പപ്പണിക്കർ, ഒ. എൻ. വി. കർണ്ണഭാരം - കാവാലം, മോഹൻലാൽ. ലങ്കാലക്ഷ്മി - നരേന്ദ്രപ്രസാദ്, മുരളി. രാത്രികളും പകലുകളും ചരടുകൾ പൊട്ടി പറന്നുനടന്നു. അക്കാലത്തിന്റെ ഇരുളും വെളിച്ചവുമാണ് ‘കാർത്തിക ലോഡ്ജ്’ എന്ന കവിത. അങ്ങനെയൊരു കവിത എഴുതുമെന്ന് സ്വപ്നത്തിൽ നിനച്ചില്ല.

‘വീടുമൂരും വിട്ടുവന്നവരെത്രയോ

കേറിക്കിടന്നയിട, മതിൻമണ്ണട്ടി

നീക്കി നോക്കുമ്പൊഴറിയാമാക്കാലത്തിൻ

വീർപ്പുകൾ, കാളകൂടങ്ങൾ, വിശപ്പുകൾ’

ഇന്ന് കാർത്തിക ലോഡ്ജ് ഇല്ല. സഹവാസങ്ങൾ പൊയ്പ്പോയി. തൊണ്ണൂറുകളുടെ ജീവിതം പുതിയ നൂറ്റാണ്ടിനു വഴിമാറി. എവിടെയും പുതുമകൾ. പുരോഗതിയുടെ ചിഹ്നങ്ങൾ.

അമ്മയുടെ ഒപ്പം (‘അമ്മ അറിയുമോ ആരേലും’ എന്ന കവിതയിലുണ്ട്) അമ്മവീട്ടിലേക്ക് നടന്നു പോകുമായിരുന്ന കൂട്ടിക്കാലത്ത് കല്ലടയാറിന്റെ നനവുകൾ കയറിക്കൂടിയ ഓർമ്മകളിൽ നിന്നും പുളഞ്ഞ ജലഭ്രാന്തുകൾ നഗരജീവിതത്തെ പലപ്പോഴും ശംഖുമുഖത്ത് എത്തിച്ചു. ഒറ്റയ്ക്ക് അവിടെപ്പോയി തിരകളെണ്ണിയിരിക്കും. കടലിനോട് വർത്തമാനം പറയും. തിരകളിൽ നിന്നിറങ്ങി നാഗകന്യകളും കിഴവന്മാരും വന്നു നിന്നു. അവരോട് സംസാരിക്കും. വിദൂരതയിൽ പായ് വഞ്ചികൾ ആടിയുലയുന്നതും തിരകളുടെ താളത്തിലേക്ക് ആകാശം ചുവന്ന് ആഴ്ന്നിറങ്ങതും കണ്ട കാലം. തന്നത്താൻ സംസാരിച്ചു തിരിച്ചു നടക്കും. അക്കാലത്തിന്റെ പരിണാമത്തിൽ നിന്നാണ് ‘ശംഖുമുഖം’ എന്ന കവിത. തീരങ്ങൾ ഇടിഞ്ഞു പോയിരിക്കുന്നു. ഫോസിൽക്കാലം രൂപപ്പെട്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം, പുത്തൻവാണിജ്യതുറമുഖങ്ങൾ. അതെല്ലാം ലോകത്തെല്ലാം തീരശോഷണത്തിന്റെ ഹേതുവാകാം.

‘തുടരേ കരയിടിയുന്നു, കടൽകയറുന്നു

ശംഖുമുഖം മുഖമില്ലാതായിട്ടോർമ്മയിലൊരു

തീരത്തി, ന്നെല്ലിൻകൂടുകണക്കെ വേച്ചുവിറ

ച്ചെന്തും തിന്നാൻ നാവും നീട്ടി വരുന്നൊരു ജന്തു’.

മനുഷ്യർ തോറ്റുകൊണ്ടിരിക്കുകയാണ്. അതിനെ ഭാഷയിൽ രൂപപ്പെടുത്തുന്നത് കവിതയാണ്. ഫോസിലുകളുടെ കാലം ദൈനംദിനജീവിതത്തെ ഷോക്കേസ് ചെയ്തു തുടങ്ങിക്കഴിഞ്ഞു. ശാസ്ത്രത്തിന്, സാങ്കേതികവിദ്യയ്ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ ? അറിയില്ല. പരിസ്ഥിതി ഇടിഞ്ഞുപോകുന്നു. അതിന്റെ ഉത്കണ്ഠ കവിതയായി മാറുന്നു. ചരിത്രം കവിതയെ നോക്കുന്നു. കവിത അനുഭൂതിയാണ്. അനുഭൂതി ചരിത്രമാണ്. ശംഖുമുഖം- മുഖം ഇല്ലാതെ, എല്ലിൻ കൂടു കണക്കെ, വേച്ചുവിറച്ച് മുന്നിൽ കാണുന്നതെന്തും തിന്നാൻ, നാവും നീട്ടിവരുന്ന ജന്തു! ആ ദൃശ്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു പ്രഭാതത്തിൽ ഞാൻ ആ കടപ്പുറത്തുചെന്നു നിന്നു. കാലുകളിൽ തിരകൾ വന്നു തൊട്ടു പോയി. വിഴിഞ്ഞം തുറമുഖത്തുനിന്ന് വാണിജ്യക്കപ്പലുകളുടെ ഇരമ്പം തിരകൾക്കു മീതേ അലച്ചു വന്നു. തീരത്തിന് തലകറങ്ങുന്നതുപോലെ. കടൽത്തീരം എല്ലിൻകൂടായി ജനതതിയെ വിഴുങ്ങുന്ന കാഴ്ച ഭാവിയുടെ സ്ഥിതിബോധത്തിൽ നിവർന്നു നില്ക്കുന്നു.

മാറിയ കാലങ്ങളും കലക്കങ്ങളും നീറലുകളും കൈത്താങ്ങുകളും ഞാനറിയാത ഈ കവിതകളിലുണ്ട്. ഇടറി വീഴാൻ പോയ എം.ടി.യെ മമ്മൂട്ടി താങ്ങിപ്പിടിച്ചതും മമ്മൂട്ടിയിലേക്ക് എം.ടി. ചാഞ്ഞതും മനസ്സിൽ അലിവിന്റെ മാറാദൃശ്യമായി നില്ക്കുന്നു. (‘സമ്മോഹനം’ എന്ന കവിത). എന്നാൽ സ്നേഹരഹിതമായ കാഴ്ചകളുടെ ഇരുട്ട് മറുവശത്ത്:

‘കണ്ടുകണ്ടിപ്പോളെല്ലാം കാഴ്ചപ്പണ്ടാരമായി

തിന്നുതിന്നിപ്പോളെല്ലാം തീറ്റപ്പണ്ടാരമായി

കാണലും ഒടുങ്ങാത്ത തീറ്റയും ആക്രാന്തത്തിൽ

ആരിപ്പോളാരെന്നൊന്നു, മറിയാൻവയ്യാതായി’.

‘കൊന്നതെന്തിന് ?’ എന്ന ചോദ്യം നാമറിയാതെ ദൈനംദിനം ചോദിക്കുന്നു. അതൊരു കവിതയായി. ആ കവിതയുടെ തുടർച്ചയാണ് ‘റീലുകൾ’. ഉറക്കം നഷ്ടപ്പെടും വിധം ക്രൈമുകളുടെ ആവർത്തനം; തലമുറ എവിടേക്ക് എന്ന ഉത്കണ്ഠ. പുതിയ അൽഗൊരിതങ്ങളിൽ എല്ലാം ഡേറ്റയായി മാറുന്നു. അവിടെയും തേടുന്നത് ‘അപരൻ ഞാനെന്നുള്ള അറിവിൻ കാന്തി’ (‘റീലുകൾ’ എന്ന കവിത) ആണ്.

പച്ചയ്ക്ക് മുറിച്ചതു തന്നെയാണ് ഈ കാലത്തെ അനുഭവങ്ങൾ. ഹിംസാത്മകതയുടെ കാകോളം ചീറുന്ന കാലം; വ്യവസ്ഥ. അതിന്റെ അളവുകൾക്ക് അനുസരിച്ച് എല്ലാം സ്വയം മുറിക്കപ്പെടുന്നു. അപ്പോഴും കലയിൽത്തന്നെയാണ് പ്രതീക്ഷ. കലയ്ക്കു മാത്രമേ ഭയരഹിതമായ ഉരിയാട്ടം സാധ്യമാകൂ. അതാണ് കലയുടെ രാഷ്ട്രീയം.

‘കാട്ടിൽ ശിഥിലം കിടക്കുന്ന കല്ലുകൾ

ചീന്തിയും കൊത്തി, യുരച്ചും വിളക്കിയും

നീർത്തി വടിവാർന്നഴകിന്നളവുകൾ

തീർക്കും കല കാവ്യകാന്തി ചിന്നുന്നതാം’ (‘സൃഷ്ടി’ എന്ന കവിത).

ബ്രെയിൻ റോട്ട് (Brain Rot) കാലത്തെ കവിതകളായിരിക്കാം ‘പകർന്നാട്ടം’, ‘ആകാശഗട്ടറുകൾ’ എന്നിവ. രണ്ടും യാത്രാനുഭവങ്ങളാണ്. സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത പടലപിരിയലുകൾ ആ രണ്ടു കവിതകളിലുമുണ്ട്. പലപ്പോഴും വെളിവ് എനിക്കുതന്നെ ശീർഷാസനപ്പെടുന്നു. കറുപ്പും വെളുപ്പുമായി. ചിലപ്പോൾ ചെറുതും വലുതുമായി. വേറെ ചിലപ്പോൾ പുറത്തേക്കിറങ്ങാൻ പറ്റാതെ അകത്തേക്കത്തേക്ക്. ഒന്നും എന്തുകൊണ്ടന്നറിയില്ല. ഒരാളിൽത്തന്നെ അനേകം ഉയിരുകൾ കുടിപ്പാർക്കുന്നു. അപ്പോഴും കെട്ടുപോകല്ലേ ഭൂമിയെ തൊട്ടു നെറ്റിയിൽ വയ്ക്കും വെളിച്ചങ്ങൾ എന്ന പ്രാർത്ഥനയുണ്ട്. അത് അലിവിലുള്ള അഭയം തേടലാണ്. ‘നാമദേവ’ത്തിൽ എന്റെ തമ്പുരാനുണ്ട്. ജാതിഭേദമില്ലാത്ത അലിവ്. അതിലാണ് കാലം ചലിച്ചു കൊണ്ടിരിക്കുന്നത്. കിളിയായി പറന്നു കൊണ്ടിരിക്കുന്നത്. പറക്കാൻ കഴിയുക യെന്നാൽ ജീവിക്കാൻ കഴിയുക എന്നാണ്.

നമുക്ക് ഇനി ഹിംസകൾ/ ഹത്യകൾ വേണ്ടാ. ഏതുഹത്യയിലും,

‘കെട്ടുപോയതെന്റെ

കണ്ണിലെ വെളിച്ചമല്ലോ

പൊട്ടിത്തെറിച്ചതെന്റെ

കുരൽ നാദമല്ലോ

ഉയിരറ്റു കിടപ്പതെവിടെയും

ഞാനാണല്ലോ’.

കൊല്ലല്ലേ എന്നു പറഞ്ഞു കൊണ്ടിരിക്കാൻ കവിത നമുക്ക് ആവശ്യമാണ്. അതുകൊണ്ട് എനിക്ക് കവിത കൂട്ടത്തിൽ പാടലും വെള്ളത്തിൽ പൂട്ടലും അല്ല.

2024-2025-കാലത്ത് എഴുതിയതാണ് ഈ കവിതകൾ. (ചിലത് 2026-ലാണ് പ്രസിദ്ധീകരിച്ചത്.) ഇതിനെക്കുറിച്ചുള്ള എന്റെ ഈ കുറിപ്പ് ഇങ്ങനെ അപൂർണ്ണം.

‘പൂർണ്ണതയിൽ കവിതയില്ല.

വിരഹസിന്ദൂരമാണ് കവിത. ശോകം’.

ഈ പുസ്തകമുഹൂർത്തം സാക്ഷാത്കരിച്ച എല്ലാവർക്കും ഹൃദയാർച്ചന.

അവതാരിക എഴുതിത്തന്ന ഏറ്റവും പ്രിയപ്പെട്ട ലീലാവതി ടീച്ചറിന്റെ മഹാമനസ്കതയക്ക് നമോവാകം. ആനുകാലികങ്ങളിലെ ചില കവിതകൾ വായിച്ച് അഭിപ്രായം ശബ്ദസന്ദേശമായി അയച്ചുതന്ന കവി ആലംകോട് ലീലാകൃഷ്ണന് സ്നേഹം. എന്നെ വീണ്ടും കവിതയിലേക്ക് കൈപിടിച്ച പി. രവികുമാറിനാണ് പുസ്തക സമർപ്പണം.

ലീലാവതി ടീച്ചർ ഈ പുസ്തകത്തിലെ കവിതകളെ ‘തനിമയുടെ പ്രകാശം’ എന്നു വിശേഷിച്ചു കൊണ്ട് എഴുതി: ‘ഈ സമാഹാരത്തിലെ ഓരോ രചനയിലും അപരനെ ചേർത്തുപിടിക്കുന്ന, അപരന്റെ ദുഃഖത്തിൽ പങ്കുകൊള്ളുകയും കണ്ണീർ പൊഴിക്കുകയും ചെയ്യുന്ന, യുക്ത്യതീതവും അനിർവചനീയവുമായ സ്നേഹമെന്ന വൈകാരിക ശക്തിക്കായി തുളുമ്പുന്ന, അതിൽ സ്വയം മറക്കുന്ന കവിയെ ദർശിക്കാൻ കഴിയുന്നു. വാക്കുകൾ പൂക്കളും പൂമ്പാറ്റകളും കിളിനാദങ്ങളുമാകുന്നില്ല, പകരം തലയോട്ടികളുടെയും കനൽക്കട്ടകളുടെയും പൊള്ളിക്കുന്ന തീക്കല്ലുകളുടെയും കവിഞ്ഞൊഴുക്കാകുന്നു. അവയെല്ലാം കാലചേതനയ്ക്ക് ചേർന്ന ബിംബങ്ങളാണ്’. പി . രവികുമാർ മറ്റൊരു രീതിയിൽ എഴുതി: ‘ഈ കവിതയിൽ നിന്ന് കാലാതിവർത്തിയായ മൂല്യങ്ങൾ പ്രസരിക്കുന്നു. ഈ കവിതകൾ നന്നേ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. പുതിയ കാലത്തിന്റെ കരുണയറ്റ, സ്നേഹശൂന്യമായ കഠിനയാഥാർത്ഥ്യങ്ങൾ അശനിപാതമായി നമ്മിൽ വന്നു വീഴുന്നു. ഈ കവിതകൾ നമ്മുടെ രാപകലുകളെ വേട്ടയാടുന്നു’. ആലങ്കോട് ലീലാകൃഷ്ണൻ എന്റെ കവിതകളെ സ്വാംശീകരിച്ച വിധം ഇങ്ങനെയാണ്: ‘ഇത് നിർമ്മിക്കുന്ന കവിതയല്ല. അറിയാതെ വരികൾ ഊർന്നു വീഴുന്നതാണ്. ഉള്ളിൽ നിന്ന് കവിത ഉറന്നു വരുമ്പോഴുണ്ടാകുന്ന സന്തോഷവും അനുഭൂതിയും നമുക്കു വേറിട്ടുമനസ്സിലാകും. നിർമ്മിച്ച കവിതയുടെ കൃത്രിമത്വവും മനസ്സിലാകും. കേരളത്തിലിപ്പോഴും നല്ല ആസ്വാദനശേഷിയുള്ള കാവ്യാസ്വാദകരുണ്ട്. അവർ ഇത്തരം കവിതകളെ ഹൃദയത്തിൽ ചേർത്തുപിടിക്കുന്നുമുണ്ട്. അതുകൊണ്ട് സന്തോഷ് കുമാർ തീർച്ചയായും ഇത്തരത്തിൽ നല്ല കവിതകൾ ഇനിയുമെഴുതണം. നല്ല കാവ്യ സംസ്കാരമുള്ള നല്ല പ്രതിഭയുള്ള താങ്കളെപ്പോലെയുള്ള കവികളെ മലയാളത്തിനാവശ്യമുണ്ട്’. ഞാൻ ഇതെല്ലാം ഇവിടെ പകർത്തിയെഴുതുമ്പോൾ കണ്ണുകാണാൻ പറ്റാത്ത വിധം നനയുകയാണ്. കവിത മാത്രമേ എനിക്ക് കൂട്ടായുള്ളൂ. ‘ഡോക്ടർ’ എന്ന കവിതയെപ്പറ്റി അന്ന മരിയ ജോസഫ് ഒക്സ്ഫെഡ് സർവകലാശാലയിൽ ‘ഒരു തെറാപ്യൂട്ടിക് വായന’യായി അവതരിപ്പിച്ചു. ഞാൻ വിറച്ചു പോയി. സർജറിക്കാലത്ത് മരണത്തിന്റെ പെൻഡുത്തിലായ ഞാൻ തിരിച്ചു വന്നതുകൊണ്ടു മാത്രം സാധ്യമായ രചന. അന്നയെ ചേർത്തുപിടിക്കുന്നു. ‘ചെറുതോ ? കറുപ്പോ?’ എന്ന കവിത എന്നെ വിസ്മയിപ്പിച്ചത് വിനയ് പി. ദാസ് എഴുതിയ പഠനത്തിലൂടെയാണ്. വിനയ് എഴുതിയതൊന്നുമല്ല പ്രേരണ. ശാരദാ മുരളീധരൻ നേരിട്ട കറുപ്പിനെപ്പറ്റിയുളള അവഹേളനമാണ്. പക്ഷേ ആ കവിതയെപ്പറ്റിയുള്ള പഠനം എന്നെ വല്ലാതെ ഉലച്ചു. കവിതയുടെ നാനാർത്ഥങ്ങൾ. അവിടെ ഞാൻ നമ്രനാകുന്നു.

തോറ്റവരുടെ പാട്ടാണ് കവിത.

എന്റെ കവിത തോൽവികളുടെ അക്ഷരരൂപമാണ്.

‘കണ്ടു കണ്ടിപ്പോളെല്ലാം

കാഴ്ചപ്പണ്ടാരമായി

തിന്നു തിന്നിപ്പോളെല്ലാം

തീറ്റപ്പണ്ടാരമായി

കാണലുമൊടുങ്ങാത്ത

തീറ്റയും ആക്രാന്തത്തിൽ

ആരിപ്പോളാരെ,ന്നൊന്നു-

മറിയാൻ വയ്യാതായി’.

ഏതുഹത്യയിലും,

‘കെട്ടുപോയതെന്റെ

കണ്ണിലെ വെളിച്ചമല്ലോ

പൊട്ടിത്തെറിച്ചതെന്റെ

കുരൽ നാദമല്ലോ

ഉയിരറ്റു കിടപ്പതെവിടെയും

ഞാനാണല്ലോ’

കൊല്ലല്ലേ എന്നു പറഞ്ഞു കൊണ്ടിരിക്കാൻ കവിത നമുക്ക് ആവശ്യമാണ്. അതുകൊണ്ട് എനിക്ക് കവിത കൂട്ടത്തിൽ പാടലും വെള്ളത്തിൽ പൂട്ടലും അല്ല.

T.K. Santhosh Kumar's New Poetry Collection 'Pachaykku Murichathu' Explores Life's Deepest Emotions:

Pachaykku Murichathu, the latest poetry collection by T.K. Santhosh Kumar, a noted poet, critic, and television journalist, is a deeply personal exploration of life, loss, and resilience. Emerging after a fifteen-year hiatus, the collection draws inspiration from near-death experiences, the profound influence of poets like Asan and Sugathakumari, and poignant reflections on societal and environmental changes. The poems delve into themes of suffering, compassion, societal struggles, and the search for meaning in a complex world. Kumar's unique style, characterized by evocative imagery and raw emotional honesty, transforms personal experiences into universal truths. The collection signifies a powerful return to poetry, offering solace and introspection to readers.

ADVERTISEMENT