സമകാലികതയെ ആഴത്തില്‍ അനുഭവിപ്പിക്കുമ്പോഴും എക്കാലത്തും പുത്തനായി നില്‍ക്കുന്ന കവിതകളാണ്
മലയാളത്തിന്റെ പ്രിയ കവി കെ.ജി.ശങ്കരപ്പിള്ളയുടേത്. അദ്ദേഹം 1969 മുതൽ 2026 വരെയുള്ള കാലത്തെഴുതിയ സമ്പൂർണ്ണകവിതകളുടെ ബൃഹത് സമാഹാരമാണ് ‘കെ ജി എസ് കവിതകള്‍ സമ്പൂര്‍ണ്ണം (1969-2026)’. ഈ പുസ്തകത്തെക്കുറിച്ചും കെജിഎസ്സിനെക്കുറിച്ചും മലയാളത്തിന്റെ പ്രിയനോവലിസ്റ്റും പത്രപ്രവർത്തകനുമായ അജയ് പി.മങ്ങാട്ട് ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
‘കവിത ചെറുതെങ്കിൽ വാക്ക്
വാഴയിലപോലെ വലുത്.
കവിത വലുതെങ്കിൽ വാക്ക്
ആലില പോലെ ചെറുത്
ബാഷോ പറഞ്ഞു,
മലഞ്ചെരിവിലെ
പുഴയോരക്കുടിലിന്റെ മുറ്റത്തുനിന്ന്.
പഴം തിന്ന് മതിവന്ന കാക്ക
ബാഷോ പറയുന്നതെന്തെന്ന് ചിന്തിച്ച്
വാഴക്കൈയിലിരുന്നു :
ഇരിഞ്ഞും തുരന്നും കൊത്തിയും
എത്രപേർ തിന്നാലും
വാഴ കവിഞ്ഞ്
കുല കവിഞ്ഞ്
നിറം കവിഞ്ഞ്
മധുരം കവിയുന്നൊരു കനിയേ
കവിത’.
- ബാഷോയും കാക്കയും
കെജിഎസുമായുള്ള സമ്പർക്കങ്ങളിൽനിന്നാണ് എഴുതാനുള്ള ശരിയായ പ്രചോദനം എനിക്ക് ആദ്യം ലഭിച്ചത്. മഹാരാജാസിൽ വിദ്യാർഥിയായിരുന്ന കാലത്ത് ഒരു കവിതയുമായാണ് ഞാൻ ആദ്യം കവിയെ സമീപിച്ചത്. അക്കാലത്ത് കെജിഎസിന്റെ പത്രാധിപത്യത്തിൽ സമകാലീന കവിത എന്ന ത്രൈമാസികം ഇറങ്ങിയിരുന്നു. കവിതയിൽ ഞാൻ നിന്നില്ല. പിന്നീടൊരിക്കൽ, കെജിഎസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്യങ്ങൾ എനിക്കു നല്ല പ്രചോദനമായി. എനിക്കു കിട്ടിയ പാഠം ഇതായിരുന്നു - നല്ല അടിച്ചുറപ്പിച്ചുവേണം വാക്യമെഴുതാൻ. അതിനിടയിലൂടെ ഒന്നും ചോർന്നുപോകരുത്. അമിതമെന്നു തോന്നുംവിധം വാക്കുകളെ ചെത്തിയൊതുക്കുന്ന കെജിഎസിന്റെ പ്രവൃത്തിയെ ഞാൻ ആരാധിച്ചു. കവിതയെക്കാൾ ഗദ്യത്തിലാണ് എന്തെങ്കിലും ചെയ്യാനാകുക എന്ന തോന്നൽ അങ്ങനെ ശക്തമായി. കോളജുകാലം തീർന്നതിനുപിന്നാലെ കവിതയെഴുത്തുനിർത്തി ഞാൻ ഗദ്യമെഴുതാൻ തുടങ്ങി.
കെജിഎസിനെ ആദ്യം കാണുമ്പോൾ ഞാൻ വായിച്ചുകൊണ്ടിരുന്നതു ബോറിസ് പാസ്റ്റർനാക്കിന്റെ ‘ഡോക്ടർ ഷിവാഗോ’ ആയിരുന്നു. മഹാരാജാസ് കോളജ് ലൈബ്രറിയിൽനിന്നു ലഭിച്ച മൊഡേൺ ലൈബ്രറി എഡിഷനായിരുന്നു അത്. കെജിഎസ് ആ നോവലിനെ ധാരാളം പ്രശംസിച്ചു. അന്ന അഹ്മതോവ, മരീന സ്വേറ്റേവ എന്നീ റഷ്യൻ മഹാകവികളെ വിവരിച്ചു. ബുദ്ധനും ഗുരുവും വരുന്ന കുറേ കഥകൾ പറഞ്ഞു. യഥാർഥത്തിൽ, ആ ദിവസങ്ങളിൽ കെജിഎസിലെ കവിയെയും വായനക്കാരനെയും ആദ്യം പിന്തുടർന്നും പിന്നീട് ഉപേക്ഷിച്ചും നടത്തിയ വായനയാണ് എനിക്കുള്ളിൽ പുതിയ ഗദ്യലോകം ഉണ്ടാക്കിയത്.
കെജിഎസ് മലയാളം സാഹിത്യവിദ്യാർഥികൾക്കു ക്ലാസെടുക്കുമ്പോൾ പലപ്പോഴും വരാന്തയിൽ അദ്ദേഹത്തെ ഞാൻ കേട്ടുനിന്നിട്ടുണ്ട്. ഒരിക്കൽ ആശാന്റെ ലീലാകാവ്യത്തെ, മറ്റൊരിക്കൽ നെരൂദയുടെ റെസിഡൻസ് ഓൺ എർത് എന്ന കാവ്യത്തെപ്പറ്റിയും.
ഞാനാദ്യം വായിച്ച കെജിഎസിന്റെ പുസ്തകം ‘കൊച്ചിയിലെ വൃക്ഷങ്ങൾ’ ആയിരുന്നു. കടമ്പനാട്ട് കടമ്പില്ല, അന്യാധീനം, മെഴുക്കു പുരണ്ട ചാരുകസേര,അസുന്ദരം തുടങ്ങി അതിലെ കവിതകളിൽ പലതും അക്കാലത്ത് മനഃപാഠമാക്കാൻ ശ്രമിച്ചിരുന്നു. ഒടിച്ചുമടക്കിയ ആകാശം എന്ന സമാഹാരത്തിലെ ഗൂർഖ, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ, പക്ഷി വേണ്ട, ഒട്ടകം എന്നീ കവിതകൾ ഗൂഢമായ രാസമാറ്റങ്ങളുണ്ടാക്കുന്ന വസ്തുക്കളെപ്പോലെയാണ് എന്റെ ബോധത്തിൽ കലർന്നുപോയത്. (‘ആട്ടിൻകൂട്ടവും ചെന്നായ്ക്കളുമായി കാക്കക്കൂട്ടവും കുയിലുകളുമായി വാക്കുകൾ കലർന്നുവളർന്നു’).
മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും ആ കവിതകൾ ഞാൻ വായിക്കുന്നു. നിങ്ങളെ രൂപപ്പെടുത്തിയ ഒരു കാലത്തിന്റെ നിറവും ശൂന്യതയുമെല്ലാം അങ്ങനെതന്നെയുണ്ട്.
കവിതയുടെ അദ്ഭുതം ഇതാണ്- നിങ്ങൾ എത്ര മാറിയാലും നിങ്ങൾ ഒരിക്കൽ ഒറ്റയ്ക്കുനിന്ന സന്ധ്യകളും നടന്നുവിയർത്ത തെരുവുകളുമെല്ലാം അവിടെ ഭദ്രമായിരിപ്പുണ്ടാകും. സുഹൃത്തുക്കളും അഭിലാഷങ്ങളും നഷ്ടമായാലും പഴകിയ ഹൃദയത്തോട് ഏറ്റവും ഉദാരമായത് കവിത തന്നെയാണെന്നും കെജിഎസിനെ വീണ്ടും വായിക്കുമ്പോൾ ബോധ്യമാകുന്നു.
കാലഹരണപ്പെടാത്ത മൂർച്ചയേറിയ നർമമാണ് കെജിഎസിന്റെ കവിതയിൽ ഞാൻ അനുഭവിച്ചത്. (‘ബുദ്ധന്റെ ഇരിപ്പാണിരിപ്പ് ഒന്നും തിരുത്താനില്ല ഫോട്ടോഷോപ്പിൽ’) വാക്കുകളുടെ പൊരുളെന്താണ്, സത്യവും ഭാഷയും തമ്മിലുള്ള ബന്ധമെന്താണ്, വാക്കുകളിൽ നാമെവിടെ, നമ്മിൽ വാക്കെവിടെ എന്നെല്ലാം കെജിഎസ് നിരന്തരം തിരഞ്ഞു. (‘പുറത്തെടുക്കുമ്പോൾ ഓർമ ഒരു നാടുവാഴിത്തരോഗം, മറവിയിലും കഷ്ടം’)
അരനൂറ്റാണ്ടിനിടെ എഴുതപ്പെട്ട കെജിഎസിന്റെ ഏതു കവിത എടുത്താലും അതിൽ ഒരുവരിയിലെങ്കിലും വാക്കിന്റെ അസ്തിത്വം സംബന്ധിച്ച ഒരു ചോദ്യം, ഒരു നടുക്കം, വേവലാതി ഉണ്ടായിരിക്കും.
‘വാക്ക് ദിക്കുകൾ കൂട്ടുകൾ തെറ്റി
നേര് കൂറുകൾ ക്ഷോഭവും തെറ്റി
പേടി പൊള്ളും സുഖങ്ങളും തേടി
ധീരഗാഥവും ത്യാഗവും ചൊല്ലി
ദൂര ഗൂഢ വഴികളിൽത്തെണ്ടി
തീർന്നു യൗവനം
തീവ്രം കിനാവും’.
(മിത്രസമസ്യ)