ഫോണില്‍ സ്പേസ് കുറയുമ്പോൾ തിടുക്കത്തിൽ സ്റ്റോറേജ് ക്ലിയ ർ ചെയ്ത് ആവശ്യമുള്ള ഫയലുകളും ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. അത് ഒഴിവാക്കാനുള്ള മാർഗമാണ് ആദ്യം. ഇൻസ്റ്റഗ്രാമിലെ ലൈക്സ് അറിയാനുള്ള ടിപ്സും എല്ലാ മെസ്സേജും ഒരു ആപ്ലിക്കേഷനിൽ വായിക്കാനുള്ള ടിപ്സും പിന്നാലെ.
ടിപ് ടു സ്റ്റോറേജ്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറിയശേഷം വലതു വശത്തുള്ള പ്രൊഫൈല്‍ ഐക്കണ്‍ സെലക്ട് ചെയ്യുക. അതിലെ മാനേജ് ആപ്സ് ആൻഡ് ഡിവൈസ് (Manage apps and device) എന്നതിൽ മാനേജ് ക്ലിക് ചെയ്യുക. റീസന്റ്ലി അപ്ഡേറ്റഡ് (Recently Updated) എന്നതു സെലക്ട് ചെയ്ത ശേഷം ലീസ്റ്റ് യൂസ്ഡ് (least used) എന്നാക്കി മാറ്റുക. അപ്പോള്‍ ഏറ്റവും കുറവായി നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ഏതൊക്കെ എന്നു കാണാം. ആ കൂട്ടത്തിൽ നിന്ന് ആവശ്യമില്ലാത്തവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.
പ്ലേ സ്റ്റോറിൽ നിന്നു സ്റ്റോറേജ് അനലൈസര്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താൽ അതിലെ ബിഗ്ഗസ്റ്റ് കാഷേയിൽ (biggest cache) നിന്നു കാഷേ സെലക്ട് ചെയ്താല്‍ ഫോണില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളും അവയുടെ താത്കാലിക മെമ്മറിയും (ടെംപററി മെമ്മറി) കാണാം. അതിൽ നിന്നു വാട്സാപ്പ് ഒഴികെയുള്ളവ സെലക്ട് ചെയ്തു ക്ലിയര്‍ കാഷേ (clear cache) കൊടുത്താല്‍ സ്റ്റോറേജ് കൂടുതല്‍ ഫ്രീയാക്കി എടുക്കാം.
ആരൊക്കെ ലൈക് ചെയ്തു ?
ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവര്‍ അല്ലെങ്കില്‍ നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ നിങ്ങളുടെ ഏതെല്ലാം ഫോട്ടോകളും വിഡിയോകളും ഇതുവരെ ലൈക്ക് ചെയ്തിട്ടുണ്ട്, കമന്റ് ചെയ്തിട്ടുണ്ട്, നിങ്ങള്‍ അവരുടെ ഏതെല്ലാം ഫോട്ടോസും വിഡിയോസും ലൈക്ക് ചെയ്തിട്ടുണ്ട് എന്നൊക്കെ അറിയാന്‍ ആഗ്രഹമുണ്ടോ ?
ആരു ലൈക് ചെയ്തു എന്നാണോ അറിയേണ്ടത് അവരുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ എടുക്കുക. വലതു വശത്തുള്ള ഡോട്ടുകളില്‍ അമര്‍ത്തി സീ ഷെയേഡ് ആക്റ്റിവിറ്റി (See shared activity) എന്നതു സെലക്ട് ചെയ്യുക. അവരെ നിങ്ങൾ ഫോളോ ചെയ്ത ഡേറ്റും അവര്‍ നിങ്ങളെ ഫോളോ ചെയ്ത ഡേറ്റും അപ്പോൾ കാണാം.
അതിനു താഴെയുള്ള ലൈക്ക്സ് (Likes) എന്നതിൽ ക്ലിക് ചെയ്താൽ അവരുടെ ഏതെല്ലാം പോസ്റ്റുകള്‍ക്കു നിങ്ങള്‍ ലൈക്ക് നല്‍കിയെന്നും രണ്ടാമത്തെ ടാബില്‍ അവര്‍ നിങ്ങളുടെ ഏതെല്ലാം പോസ്റ്റുകള്‍ക്ക് ലൈക്ക് നല്‍കിയെന്നും കാണാം. ഇതുപോലെ തന്നെ ടാഗും കമന്റുമൊക്കെ പരിശോധിക്കാം.
രഹസ്യമായി ബീപർ
ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍, ടെക്സ്റ്റ് മെസേജ് എന്നിവയിലൊക്കെ വരുന്ന മെസ്സേജുകൾ ഒറ്റ ആപ്ലിക്കേഷനിലൂടെ കാണാനും റിപ്ലൈ കൊടുക്കാനും സഹായിക്കുന്ന ആപ്ലിക്കേനാണ് ബീപർ (Beeper). ഇതിനായി ആദ്യം ബീപര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം (ലിങ്ക്– www.bit.ly/beper). അതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം അതിൽ കാണിക്കുന്ന റിക്കവറി കോഡ് കോപ്പി ചെയ്യണം. ഇനി നിങ്ങള്‍ ഉപയോഗിക്കുന്ന വാട്സാപ്പും ടെലഗ്രാമും ഇന്‍സ്റ്റാഗ്രാമും ഒക്കെ ഓപ്പൺ ചെയ്തശേഷം കോഡ് വഴി ലിങ്ക് ചെയ്ത് കൊടുക്കുക.
അതിനു ശേഷം മൊബൈലില്‍ ബീപര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കംപ്യൂട്ടറിലെ അതേ ഐഡി ഉപയോഗിച്ചു ലോഗിന്‍ ചെയ്തശേഷം കംപ്യൂട്ടറിലെ ബീപറുമായിട്ട് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പെയര്‍ ചെയ്താല്‍ നേരത്തേ ലിങ്ക് ചെയ്തു നൽകിയ എല്ലാ ആപ്ലിക്കേഷനുകളും ഫോണിലെ ബീപറിൽ വരുന്നതു കാണാം.