ഉറക്കത്തിൽ പോലും ഫോണിനെ പറ്റി ചിന്തിക്കുക, അതിനടുത്തു നിന്നു മാറാൻ പറ്റാതാകുക ഒക്കെയുണ്ടോ? ടെക്കിന്റെ അടിമയാകാതെ ബോസാകാനുള്ള വഴികളറിയാം... Track and Limit Your Screen Time
Mail This Article
ലാപ്ടോപ്പും, ടാബും, ഫോണും, കംപ്യൂട്ടറും ഒക്കെ കൂടി എടുക്കുന്ന സമയം ജീവിതത്തിൽ നിന്നു കുറച്ചാൽ ബാക്കി കിട്ടുന്ന തുച്ഛത്തിലാണ് നമ്മൾ എല്ലാ തരത്തിലും പൂർണമായ സമാധാനം അനുഭവിക്കുന്നത് എന്നു കരുതുക. ഇനിയൊന്നു ചിന്തിച്ചു നോക്കു എത്രയുണ്ട് നിങ്ങളുടെ സമാധാനം? മനുഷ്യന്റെ ആവശ്യങ്ങൾക്കു നിർമിച്ചവ വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ ഉപയോഗിക്കുന്ന അഡിക്ഷൻ മാറ്റിവച്ച് ‘വെബ് മാറാലകൾ’ മുറിച്ചു കടക്കാം. അതിലുള്ള ചില വഴികളിതാ:
∙നെറ്റ് ഉപയോഗിക്കുന്ന സമയം കുറിച്ചു വയ്ക്കുക എന്നതാണ് ആദ്യപടി. ഇതിൽ കള്ളത്തരം കാണിക്കാതെ സത്യസന്ധമായി സ്വയം വിലയിരുത്തൽ നടത്തുക. ഇനി എല്ലാത്തിനുമുള്ള സമയം ഭാഗിച്ചു നൽകാം. ഫെയ്ബുക്കിനിത്ര, വാട്സ്ആപ്പിനിത്ര അങ്ങനെ. ഒരു തവണ ടൈംടേബിൾ ഉണ്ടാക്കിയാൽ അത് മറ്റുള്ളവർ കാണുന്ന തരത്തിൽ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ ചാർട്ടിൽ എഴുതി ഒട്ടിക്കാം. അങ്ങനെ വരുമ്പോൾ ഒരു ചലഞ്ച് എന്ന നിലയിൽ ഈ ടൈംടേബിൾ പാലിക്കാൻ സാധിക്കും.
∙ ഉറക്കം കളഞ്ഞുള്ള ഒരു ചാറ്റിങ്ങും സൈറ്റ് സർഫിങ്ങും വേണ്ട. ഫോൺ നോക്കി ഉറങ്ങാൻ കിടക്കുന്നവരിൽ 70 ശതമാനം പേർക്കും ഉറക്കക്കുറവുണ്ടാകുന്നു എന്ന് കണക്കുകൾ പറയുന്നു. അതുകൊണ്ട് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോണിനോടും കംപ്യൂട്ടറിനോടുമൊക്കെ ടാറ്റാ പറയാം.
∙ നെറ്റ്‌വർക്കില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കു പോകണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നുണ്ടോ? ‘അതേ’ എന്നാണ് ഉത്തരമെങ്കിൽ നെറ്റ്‌വർക്ക് വലയിൽ നിങ്ങളും കുടുങ്ങിയിട്ടുണ്ടെന്നർഥം. നെറ്റ്‌വർക്കില്ലാത്തിടത്തേക്ക് എപ്പോഴും പോകാൻ കഴിഞ്ഞെന്നു വരില്ല പകരം ‘നോ നെറ്റ് ടൈം’ ശീലിക്കാം. ഇത്രയും മണിക്കൂറുകൾ ഞാൻ നെറ്റ് ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക. എന്തു വന്നാലും തീരുമാനത്തിൽ നിന്നു വ്യതിചലിക്കരുത്. അലാം സെറ്റ് ചെയ്തിട്ട് ഗാഡ്ജെറ്റ്സ് ഉപയോഗിക്കാം.
∙ ഗ്രൂപ്പുകൾ ചറപറ വേണ്ട. തൊട്ടപ്പുറം താമസിക്കുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്, അതിൽ തന്നെ സിനിമാപ്രേമികൾക്കുള്ള ഉപ ഗ്രൂപ്പ്, ഇതിൽ ഒരു നടനെ അനുകൂലിക്കുന്നവരുടേതു മാത്രമായിട്ട് ഉപ-ഉപ ഗ്രൂപ്പ്. ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും ലൈക്കിയ പെയ്ജുകളുടെ നോട്ടിഫിക്കേഷൻ കൊണ്ട് ഇരിക്കപ്പൊറുതിയില്ല. അവസാനം ഇക്കണ്ടതൊക്കെ കയറി വന്ന് ഫോൺ ഹാങ്ങായി അതിന്റെ ടെൻഷൻ വേറെ! ഫോൺ ഹാങ്ങ് ആകുന്ന പോലെ ഇത്രയും കാര്യങ്ങൾ നോക്കിയും കണ്ടും നമ്മുടെ തലയും തലച്ചോറും നമ്മൾ അറിയാതെ ഹാങ്ങ് ആകുന്നുണ്ട്. ആവശ്യമുള്ളതു മാത്രം മതി എന്നു തോന്നിത്തുടങ്ങിയെങ്കിൽ മടിക്കണ്ട ആവശ്യമില്ലാത്തതിലെ ‘ക്വിറ്റ്’ ബട്ടൺ നിങ്ങളെ ഉറ്റ് നോക്കുന്നുണ്ട്. ഡു ഇറ്റ് നൗ. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്ന ഒരു വഴിയാണിത്തരം ഗ്രൂപ്പുകൾ എന്നു കൂടി ഓർക്കാം. ഒഴിവാക്കാവുന്ന അനാവശ്യ ഗ്രൂപ്പുകളിൽ നിന്നൊക്കെ ഇറങ്ങിപ്പോരാം.
∙ കുട്ടികൾക്ക് കഴിവതും ഫോൺ കൊടുത്ത് കളിപ്പിക്കാതിരിക്കാം. മറ്റുള്ള കളിക്കോപ്പുകളും നിങ്ങളുടെ ശ്രദ്ധയും കിട്ടിതന്നെ അവർ വളരട്ടേ. പിന്നീട് തിരുത്താൻ നോക്കുന്നതിലും നല്ലതല്ലേ ആദ്യമേയുള്ള നേർവഴി.
∙ ഫോണില്ലാതെ ലൈഫ് ബോറിങ്ങ് ആണെന്നു കരുതുന്നവർ പഴയ ഹോബികളും ഇഷ്ടങ്ങളും പൊടിതട്ടിയെടുക്കുക. ഗിറ്റാർ ക്ലാസ്, ഡാൻസ് ക്ലാസ്, ചിത്രരചന, കളരി പ്രാക്ടീസ്, ഔട്ടിങ്ങിന് പോകുക, എഴുത്ത്, പാചകം, ക്രാഫ്റ്റ് മെയ്ക്കിങ്ങ്, പക്ഷിനിരീക്ഷണം പോലുള്ള വ്യക്തിഗത ഇഷ്ടങ്ങൾക്കായി സമയം മാറ്റി വയ്ക്കാം... അലസതമാറി ജീവിതത്തിൽ പോസിറ്റിവിറ്റി നിറയുന്നത് അനുഭവിച്ചറിയാം.
ഡോ. വിപിൻ വി. റോൾഡന്റ്, കൗൺസലർ,
