ഇലക്ട്രിക് വണ്ടി വെള്ളത്തിലിറക്കാമോ, മിന്നലുള്ളപ്പോൾ ചാർജിങ്ങിനു കുത്തിയിടാമോ? ആശങ്കകൾക്ക് മറുപടി
Mail This Article
ഇലക്ട്രിക് സ്കൂട്ടറിനോടു ചങ്ങാത്തമായിട്ട് മാസങ്ങൾ കുറച്ചാകുന്നതേയുള്ളൂ. ഒച്ചപ്പാടുകളില്ല, അനാവശ്യ ചെലവുകളില്ല. ദിവസം കഴിയുന്തോറും ‘ഇവി’യോട് ഇഷ്ടം കൂടിവരികയാണ്.
അങ്ങനെയിരിക്കെയാണു മഴയിങ്ങെത്തിയിരിക്കുന്നത്. ഇനിയിപ്പോൾ ചെളിയായി വെള്ളമായി... ഒപ്പം സംശയങ്ങളുടെ ഇരമ്പവും മനസ്സിൽ മിന്നിത്തുടങ്ങി. ഇലക്ട്രിക് വണ്ടി വെള്ളത്തിലിറക്കിയാൽ ഓക്കെയാണോ? മിന്നലുള്ളപ്പോൾ ചാർജിങ്ങിനു കുത്തിയിട്ടാൽ പ്രശ്നമാകുമോ? സംശയങ്ങൾ തീരുന്നേയില്ല.
മഴക്കാലത്തു ശ്രദ്ധിക്കാം
∙ ചാർജിങ് ചെയ്യുന്നതിനു മുൻപ്, ചാർജിങ് പോർട്ടും കേബിളും മുഴുവനായും ഈർപ്പമില്ലാതാണെന്ന് ഉറപ്പാക്കുക.
∙ മേൽക്കൂരയുള്ള ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുക.
∙ കഴിയുന്ന പക്ഷം മേൽക്കൂരയ്ക്കു കീഴിലോ ഷെൽട്ടറിലോ ചാർജിങ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക.
∙ കനത്ത മഴയിലോ മിന്നലുണ്ടാകുമ്പോഴോ ചാർജ് ചെയ്യരുത്. ഇത് വൈദ്യുത അപകടസാധ്യത കുറയ്ക്കാൻ സ ഹായിക്കും.
∙ ചാർജിങ് കേബിളുകൾ ഉണങ്ങിയതും വൃത്തിയുള്ളതുമായിരിക്കണം. പുറത്തു ചാർജിങ് ചെയ്യുമ്പോൾ നിലവാരമുള്ള വെതർ പ്രൂഫ് എക്സ്റ്റൻഷൻ കോഡുകൾ മാത്രമേ ഉപയോഗിക്കാവൂ.
∙ ഏറെ നനവുള്ള ഭാഗങ്ങൾ തുടച്ചു വൃത്തിയാക്കിയ ശേ ഷം ചാർജ് ചെയ്യുന്നതാണ് നല്ലത്. ചാർജറിൽ വെള്ളം വീഴരുത്. ഷോർട്ട് ആകാനുള്ള സാധ്യതയുണ്ട്. വെള്ളം നനഞ്ഞു ഷോർട്ട് ആയാൽ വാറന്റി ലഭിക്കില്ല.
∙ ചാർജിങ് പോർട്ടുകൾക്ക് ശരിയായ എർത്തിങ് നിർബന്ധമാണ്.
∙ ബാറ്ററിയുടെ ഭാഗം മുങ്ങുന്ന വിധം റോഡിൽ വെള്ളമുണ്ടെങ്കിൽ വാഹനം ഓടിക്കരുത്. വെള്ളക്കെട്ടിൽ വാഹനം പാർക്ക് ചെയ്യാനും പാടില്ല.
∙ വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെടുകയാണെങ്കി ൽ സെല്ലുകൾക്ക് ഡാമേജ് സംഭവിക്കും. ചെറിയ വെള്ള ക്കെട്ടിലൂടെ ഓടിച്ചാലൊന്നും സെൽ ഡാമേജ് സാധാരണ സംഭവിക്കാറില്ല.
∙ ഉണങ്ങിയതും മേൽക്കൂര ഉള്ളതുമായ സ്ഥലത്ത് വാ ഹനം പാർക്ക് ചെയ്യാൻ കഴിയുന്നത്ര ശ്രദ്ധിക്കുക.
∙ മേൽക്കൂരയുള്ള പാർക്കിങ് ലഭ്യമല്ലെങ്കിൽ, ഉന്നത നിലവാരമുള്ള വാട്ടർ റെസിസ്റ്റന്റ് കവർ ഉപയോഗിക്കുക. വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക.
∙ വാഹനം തുരുമ്പു പിടിക്കാതിരിക്കാൻ ആന്റി - റസ്റ്റ് കോട്ടിങ് ചെയ്യുക.
∙ മഴക്കാലത്തു ചെളിയും മറ്റും അടിഞ്ഞു കൂടാനിടയുള്ളതിനാൽ, പുറത്തു പോയി വന്ന ശേഷം വാഹനം കഴുകുക.
∙ വെള്ളം പ്രവേശിക്കുന്നതിനു സാധ്യതയുള്ള സീലുകളും ഇൻസുലേഷനുകളും പരിശോധിച്ചു ലീക്ക് ഇല്ലെന്ന് ഉറപ്പാക്കുക.
∙ ആഴമുള്ള വെള്ളത്തിലും, മുങ്ങിയ റോഡുകളിലും വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. ഇത് ഇലക്ട്രിക്കൽ ഘടകങ്ങൾക്കും ബാറ്ററിക്കും കേടു വരുത്തും, ബാറ്ററി മാറ്റിവയ്ക്കേണ്ടി വരെ വന്നേക്കാം.
∙ ബാറ്ററി ഹെൽത് നിരന്തരം പരിശോധിക്കുക.
∙ വാഹനം സ്വയം റിപ്പയർ ചെയ്യാനുള്ള ശ്രമങ്ങൾ ഒഴിവാക്കുക; ആവശ്യമായതെല്ലാം പ്രഫഷനൽ ടെക്നീഷ്യൻമാരുടെ സഹായം തേടി മാത്രം ചെയ്യുക.
ചെളി പുരണ്ട ഇലക്ട്രിക് വാഹനം പവർ വാഷ് ചെയ്യാമോ?
സാധാരണ കാര്‍വാഷ് ചെയ്യുന്നതുപോലെ വാഹനത്തിന്റെ പുറംഭാഗം വൃത്തിയാക്കാം. വാഹനത്തിന്റെ അണ്ടർബോഡി, വീൽ ആർച്ച് എന്നിവ നോർമലായി കഴുകാം. പ വർ വാഷ് ചെയ്യാൻ പാടില്ല. വാഹനം കഴുകുന്നതിനിടയിൽ ചാർജ് ചെയ്യാനും പാടില്ല.
ബാറ്ററിയിൽ ഈർപ്പം കയറിയിട്ടുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാം?
ബാറ്ററിയിൽ തുരുമ്പ്, വീക്കം, നിറവ്യത്യാസങ്ങൾ, ലീക്ക് എന്നിവയെല്ലാം വെള്ളം കൊണ്ടുള്ള കേടുപാടിന്റെ ലക്ഷണങ്ങളാകാം.
ചാർജ് ചെയ്യുന്നതിൽ തടസം, വാഹനം നിന്നു പോകുക, റേഞ്ച് കുറയുക എന്നിവയെല്ലാം ബാറ്ററി സംബന്ധിച്ച പ്രശ്നത്തിന്റെ സൂചനകളാണ്. സർട്ടിഫൈഡ് ഇവിടെക്നീഷ്യനാണ് ബാറ്ററി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതും.വഴിയിൽ വച്ചാണു പ്രശ്നമുണ്ടാകുന്നതെങ്കിൽ വാഹനത്തിന്റെ റോഡ് സൈഡ് അസിസ്റ്റൻസ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തണം.
വിവരങ്ങൾക്കു കടപ്പാട്:
സെബി ചേലേക്കാട്ട്
അസിസ്റ്റൻറ് എൻജിനീയർ, KSEBL,
തിരുവനന്തപുരം