‘വ്യാജ സൈറ്റ് വഴി എയർടിക്കറ്റ്, പരിവാഹന്റെ പേരിൽ എസ്എംഎസ്, പാഴ്സലിൽ ലഹരി മരുന്ന്...’; തട്ടിപ്പിന്റെ ചില പ്രധാന രീതികള്‍
Mail This Article
തട്ടിപ്പുകൾക്ക് ഓരോ കാലത്തും ഓരോ രൂപമാണ്. ഒരു തട്ടിപ്പ് പൊലീസ് കണ്ടെത്തി അന്വേഷണം വ്യാപിപ്പിക്കുന്നു, നാട്ടുകാര്‍ മനസ്സിലാക്കുന്നു എന്നു തോന്നിയാല്‍ ആ രീതി ഉപേക്ഷിക്കും. തട്ടിപ്പിന്റെ ചില പ്രധാന രീതികള്‍
പാഴ്സലിൽ ലഹരി മരുന്ന്: മയക്കുമരുന്നു കണ്ടെത്തിയ പാഴ്സലിൽ നിങ്ങളുടെ പാസ്പോർട്ടിന്റെ കോപ്പി കിട്ടിയിട്ടുണ്ട്, ആധാർ നമ്പറുണ്ട് എന്നൊക്കെ പറഞ്ഞു ഫോണ്‍ വരുന്നതോടെയാണു തട്ടിപ്പിന്‍റെ തുടക്കം. പൊലീസ് യൂണിഫോമിൽ വാട്സാപ്‍ കോൾ വരും. വിര്‍ച്വല്‍ അറസ്റ്റിലാണ്, ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ആളെത്തും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തും. ഒടുവില്‍ രക്ഷപെടാനുള്ള വഴിയായി ലക്ഷങ്ങൾ പിഴയൊടുക്കാൻ പറയുന്നു.
ഇതിന്റെ തന്നെ മറ്റൊരു രീതിയുണ്ട്. ലോകപ്രശസ്ത കുറിയർ കമ്പനിയായ ഫെഡ്എക്സിൽ നിന്നാണെന്ന പേരിലാണു ഫോൺ വരുന്നത്. നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധമായി പാഴ്സൽ വന്നിട്ടുണ്ട് കൂടുതലറിയണമെങ്കിൽ 9 അമർത്തുക. പിന്നീട് വിരട്ടൽ ആണ്. ആപ് ഡൗൺലോഡ് ചെയ്ത് പണം അടയ്ക്കാനാണ് നിർദേശം. മാനസികമായി ത കർത്തുകളഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്ത കേസുകൾ കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വീട്ടിൽ ഇരുന്നു പണമുണ്ടാക്കൽ: എല്ലാ കാലത്തും നല്ല മാർക്കറ്റുള്ള തട്ടിപ്പാണിത്. സോഷ്യൽ മീഡിയയിൽ ‘വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാം’ എന്ന പരസ്യം വരും. ഓഹരി ഇടപാടു മുതൽ ഓൺലൈൻ ജോലിയും വൻ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇടനിലക്കാരനായി നിന്ന് കമ്മീഷൻ നേടാം തുടങ്ങി പല തട്ടിപ്പുകൾ.
വ്യാജ സൈറ്റുകൾ: ഒറ്റ നോട്ടത്തിൽ ഒറിജിനൽ സൈറ്റ് ആണെന്നു തോന്നും. പക്ഷേ, വ്യാജനായിരിക്കും. ആലപ്പുഴയിൽ വ്യാജ സൈറ്റ് വഴി എയർടിക്കറ്റ് ബുക്ക് ചെയ്ത് ഒരു ലക്ഷം രൂപ നഷ്ടമായ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാട്സാപ് കോൾ വഴി അശ്ലീല വിഡിയോ: അപരിചിത നമ്പറിൽ നിന്നുള്ള കോൾ. കണക്ട് ആയപ്പോൾ നഗ്നയായ പെൺകുട്ടിയെ കാണുന്നു. വെപ്രാളപ്പെട്ട് കോൾ കട്ട് ചെയ്യുമ്പോഴേക്കും അടുത്ത കോൾ. അതിൽ നിങ്ങളുടെ മുഖം മറ്റൊരു ശരീരവുമായി മോർഫ് ചെയ്ത ന ഗ്നരൂപം. ഇത് പ്രചരിപ്പിക്കുമെന്നു ഭയപ്പെടുത്തി പണം തട്ടിയെടുക്കും.
പരിവാഹന്റെ പേരിൽ തട്ടിപ്പ്: നിങ്ങളുടെ വാഹനം ഗതാഗതനിയമം ലംഘിച്ചു എന്ന എസ്എംഎസ് വരുന്നു. കൂടുതൽ അറിയാൻ ഒരു ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്നു. എസ്എംഎസ് അനുമതിയും നൽകാൻ പറയും. അതോടെ ഒടിപി ആക്സസ് ചെയ്യാനും ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടാനും തട്ടിപ്പുകാര്‍ക്കു കഴിയും.