ഫോൺനമ്പരുകൾ നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനും വഴിയുണ്ട്; ഏറ്റവും ഉപകാരപ്പെടുന്ന ടെക്നിക് അറിയാം
Mail This Article
ഫോൺ വന്നതോടെ മിക്കവരും ഉപേക്ഷിച്ച ഒരു ശീലമുണ്ട്. അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ അത്യാവശ്യമുള്ള ഫോൺ നമ്പരുകൾ പോലും ഓർമയുണ്ടാകില്ല. പലരും നമ്പരുകൾ ഡയറിയിൽ എഴുതി സൂക്ഷിക്കാറുമില്ല.
അതിനുമപ്പുറം കടന്നു ഡയറിയുടെ സ്ഥാനം ഫോണിനു നൽകുന്നവരുമുണ്ട്. അവരാകും എണ്ണത്തിൽ കൂടുതൽ. അങ്ങനെ എല്ലാം ഫോണിൽ സേവ് ചെയ്യുന്നവരാണ് അധികവും. അതിന് അവരെ കുറ്റം പറയാനുമാകില്ല. എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും ഈ ഡേറ്റ ആക്സസ് (Access) ചെയ്യാൻ സ്മാർട് ഫോണല്ലാതെ വേറേ വഴിയില്ല. പക്ഷേ, ഇതു നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്നു ചിന്തിച്ചിട്ടുണ്ടോ?
നമ്പർ ഡീലീറ്റായോ?
ഫോണിലുള്ള കോൺടാക്റ്റ്സ് അഥവാ ഫോണ്‍ നമ്പറുകള്‍ അബദ്ധവശാല്‍ നിങ്ങള്‍ ഡിലീറ്റ് ആക്കി എന്നു കരുതുക. അല്ലെങ്കില്‍ കുട്ടികള്‍ ഫോണെടുത്തു കളിച്ചപ്പോഴോ മറ്റോ അവ നഷ്ടപ്പെട്ടു എന്നു കരുതുക. ഇത്തരം സാഹചര്യത്തില്‍ ഏറ്റവും ഉപകാരപ്പെടുത്താവുന്ന ഒരു അറിവാണ് ഇത്തവണ പറയുന്നത്.
കംപ്യൂട്ടറിൽ ഗൂഗിള്‍ ക്രോം ഓപ്പണാക്കി അതില്‍ https://google.com/contacts ഈ ലിങ്ക് തുറക്കുക. സൈന്‍ ഇന്‍ (Sign In) ചെയ്തിട്ടില്ല എങ്കില്‍ നിങ്ങളോടു സൈന്‍ ഇന്‍ ചെയ്യാന്‍ അപ്പോൾ സിസ്റ്റം ആവശ്യപ്പെടും.
അപ്പോൾ ഫോണില്‍ നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഗൂഗിള്‍ അക്കൗണ്ട് ഏതാണോ അതു തന്നെ ഇവിടെ ലോഗിന്‍ ചെയ്തു കൊടുക്കുക.
പഠിക്കാം പടിപടിയായി
ലോഗിന്‍ ചെയ്തു കൊടുക്കുമ്പോള്‍ വരുന്ന പേജില്‍ ഇടതു വശത്തായി മെനു (Menu) എന്ന ഓപ്ഷൻ കാണാം. അത് ഓപ്പണാക്കിയ ശേഷം ഏറ്റവും താഴെയായി കാണിച്ചിട്ടുള്ള ട്രാഷ് (Trash) എന്നത് സെലക്റ്റ് ചെയ്യുക. അതാ നോക്കൂ നിങ്ങളുടെ ഡിലീറ്റായിപ്പോയ എല്ലാ കോൺടാക്റ്റ്സും അവിടെ കാണാം.
ഏതെങ്കിലും ഒരു കോൺടാക്റ്റിൽ അമര്‍ത്തി പ്രസ് ചെയ്ത ശേഷം അതിന്റെ ഇടതു സൈഡില്‍ വരുന്ന ചെക്ക് ബോക്സില്‍ (Check box) ടിക് (Tick) ഇടാം. ഇനി മുകളില്‍ നിന്നും ഓള്‍ (All) എന്നതു സെലക്റ്റ് ചെയ്യുക. അപ്പോൾ കാണുന്ന റിക്കവര്‍ (Recover) എന്ന ബട്ടനില്‍ അമര്‍ത്തുക.
ഇനി ഫോണിലെ കോൺടാക്റ്റ്സ് ക്ലോസ് ചെയ്തിട്ട് തിരികെ ഓപ്പണാക്കിയാല്‍ നഷ്ടപ്പെട്ട എല്ലാ കോൺടാക്റ്റ്സും അവിടെ തിരികെ വന്നിരിക്കുന്നതായി കാണാം.
ശ്രദ്ധിക്കണേ
ഫോണിലെ സെറ്റിങ്സില്‍ അക്കൗണ്ട്സ് (Accounts) എന്നതില്‍ നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഗൂഗിള്‍ അക്കൗണ്ട് (Google account) സെലക്ട് ചെയ്യുക. അതിലെ അക്കൗണ്ട് സിങ്ക് (Account sync) എന്നതില്‍ കോൺടാക്റ്റ് സിങ്ക് (Contact sync) എന്ന ടാബ് എനേബിള്‍ (Enable) ആണെന്ന് ഉറപ്പു വരുത്താന്‍ എല്ലാവരും ശ്രദ്ധിക്കുക.
ഡീഫോള്‍ട്ടായി തന്നെ ഇത് എനേബിള്‍ഡ് ആയിരിക്കുമെങ്കിലും എന്തെങ്കിലും കാരണവശാല്‍ സിങ്ക് ഡിസേബിള്‍ഡ് (Sync disabled) ആണെങ്കില്‍ നമുക്ക് ഇത്തരം സാഹചര്യങ്ങളിൽ കോൺടാക്റ്റ്സ് റിക്കവര്‍ ചെയ്തെടുക്കാൻ സാധിക്കില്ല എന്ന കാര്യം മറക്കല്ലേ.