ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ? സ്മാർട് ഫോൺ കൂടുതൽ സ്മാർട്ടാക്കാൻ ചില ‘ടെക്നിക്സ്’ Essential Apps for Your Smartphone
Mail This Article
സാധാരണ ഫോണിൽ നിന്നു സ്മാർട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തതോടെ കോൾ ചെയ്യാൻ വേണ്ടി ഫോൺ കൊണ്ടു നടക്കുന്ന കാലം മാറി. യാത്രകൾക്കിടെ ഫോട്ടോയെടുക്കാനും പോകേണ്ട വഴി കണ്ടുപിടിക്കാനും പണമിടപാടു നടത്താനുമെന്നു വേണ്ട അത്യാവശ്യ രേഖകൾ സൂക്ഷിക്കാൻ വരെ നമ്മൾ സ്മാർട് ഫോണിനെയാണ് ഏൽപ്പിക്കുന്നത്.
ഫോൺ സ്മാർട്ടാകുമ്പോൾ ആപ്ലിക്കേഷനുകളും ഫീച്ചേഴ്സും നന്നായി മനസ്സിലാക്കിയില്ലെങ്കിൽ പണി പാളും. ഫോൺ ഉപയോഗം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്ന ചില ആപ്ലിക്കേഷനുകളും ഹെൽത് ഐഡിയയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒപ്പം ഡീപ് ഫേക് പ്രതിരോധിക്കാനുള്ള വഴിയും.
ട്രൂ കോളർ
നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പരിൽ നിന്നുള്ള കോൾ ആരുടേത് എന്നറിയാനായി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണു ട്രൂ കോളർ (Truecaller). ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ കോണ്ടാക്ട് ലിസ്റ്റ് ഡേറ്റാബേസിലേക്കു പോകുകയും, പിന്നീട് ആരെങ്കിലും ഒരു നമ്പർ തിരയുമ്പോൾ ഡേറ്റാബേസിൽ നിന്ന് ആ നമ്പരിന്റെ ഉടമയെ കണ്ടെത്തി തരുകയും ചെയ്യുന്ന സേവനമാണിത്. പരിചയമില്ലാത്ത നമ്പരിൽ വാട്സ്ആപ് ഉണ്ടോ എന്നറിയാനും വേണമെങ്കിൽ ഡിപി കാണാനുമുള്ള സൗകര്യം ഇതിലുണ്ട്.
ഡിജി ലോക്കർ
ആധാർ, പാൻ, വോട്ടർ ഐഡി, വിവിധ സർട്ടിഫിക്കറ്റുകൾ, വാഹന രേഖകൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്ലാറ്റ്ഫോമാണു ഡിജി ലോക്കർ (DigiLocker). നിങ്ങളുടെ പേരിൽ അക്കൗണ്ട് തുടങ്ങി രേഖകൾ ഇതിലേക്കു ചേർത്താൽ എപ്പോൾ വേണമെങ്കിലും ഇവ ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനുമാകും. പല ഗവൺമെന്റ് സേവനങ്ങൾക്കും ഡിജി ലോക്കർ രേഖകൾ ആവശ്യപ്പെടാറുമുണ്ട്.
പോൾ ആപ്
കേരള പൊലീസിന്റെ 27 സേവനങ്ങൾ ഒന്നിച്ചു ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണു പോൾ ആപ് (Pol-App). അടുത്ത പൊലീസ് സ്റ്റേഷൻ, ഫോൺ നമ്പരുകൾ, ഇമെയിൽ തുടങ്ങിയവയൊക്കെ ആപ്പിൽ നിന്നറിയാം. വീടു പൂട്ടിപോകുന്ന അവസരത്തിൽ അക്കാര്യം സ്റ്റേഷനിൽ അറിയിക്കുന്നതു മുതൽ സൈബർ തട്ടിപ്പുകൾക്കെതിരായ ജാഗ്രതാ നിർദേശങ്ങളും പാസ്പോർട് വെരിഫിക്കേഷൻ സ്റ്റാറ്റസുമെല്ലാം ആപ്പിൽ ലഭ്യമാണ്.
ഭീം യുപിഐ
പണമിടപാടുകളിൽ ഏറ്റവും സുരക്ഷിതത്വം ഉറപ്പുനൽകുന്നതു കേന്ദ്രസർക്കാരിന്റെ ആപ്ലിക്കേഷനായ ഭീം യുപിഐ (BHIM- UPI) ആണ്.
ഇടപാടിനിടെ പണം നഷ്ടപ്പെടുന്ന സാഹചര്യത്തിലോ മറ്റോ ബാങ്കുകളെ സമീപിക്കുമ്പോൾ അതതു യുപിഐ ആപ്പുകളുടെ കസ്റ്റമർ കെയർ സർവീസിനെ ബന്ധപ്പെടാനാകും മറുപടി കിട്ടുക. എന്നാൽ ഭീം യുപിഐ വഴി നടത്തിയ ഇടപാടിലെ പരാതികൾ ബാങ്കുകൾ നേരിട്ടു പരിഹരിച്ചു തരും.
ഗൂഗിള്‍ കീപ്
എന്തു ടൈപ്പ് ചെയ്താലും സേവ് ചെയ്യാതെ തന്നെ അതേ നിമിഷത്തില്‍ സ്റ്റോർ ആകുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ കീപ് (Google Keep). തലക്കെട്ടും ഹൈലൈറ്റുകളും നൽകി ലേഖനം മ നോഹരമാക്കാൻ മാത്രമല്ല സംസാരിക്കുന്ന ടെക്സ്റ്റ് ലേഖനത്തിലേക്കു ചേർക്കാനുള്ള ഓപ്ഷനുമുണ്ട്.
സാധനങ്ങളുടെ ലിസ്റ്റും മറ്റും എഴുതി വയ്ക്കാനുള്ള Tick box ഓപ്ഷനും അവ അതതു സമയത്ത് ഓർമപ്പെടുത്തുന്ന അലാറവും കീപ്പിന്റെ സവിശേഷതയാണ്.
ഫാമിലി ലിങ്ക്
കുട്ടികൾ ഫോണിൽ ഏതൊക്കെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു, എത്ര സമയം അവയിൽ ചെലവഴിക്കുന്നു എ ന്നൊക്കെ സ്ക്രീൻ ചെയ്യാനും വേണമെങ്കിൽ അവ നിയന്ത്രിക്കാനും സംവിധാനങ്ങളുള്ള ഗൂഗിളിന്റെ ആപ്ലിക്കേഷനാണു ഫാമിലി ലിങ്ക് (Family Link). ഇതിലൂടെ സ്പൈ ആപ്ലിക്കേഷനു സമാനമായി കുട്ടിയുടെ ഫോൺ ഉപയോഗം രക്ഷിതാക്കൾക്കു മോണിറ്റർ ചെയ്യാം.
നിശ്ചിത സമയത്തേക്കു മാത്രമായി ഉപയോഗം പരിമിതപ്പെടുത്തുക, അനാവശ്യ കണ്ടന്റ് കാണുന്നതു തടയുക, ലൊക്കേഷൻ പരിശോധിക്കുക തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.
ഗൂഗിൾ ഡ്രൈവ്
പ്രിയപ്പെട്ട ഫോട്ടോകളും പ്രധാന രേഖകളുമൊക്കെ സേഫ് ആക്കി വയ്ക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ഡ്രൈവ് (Google Drive). ഫോണിലെ ഗൂഗിള്‍ എന്ന ഫോള്‍ഡറിലാണ് ഈ ആപ്ലിക്കേഷന്‍ കാണുക. സെറ്റിങ്സിലെ ബാക് അപ് On ചെയ്താല്‍ ഫോൺ ക്യാമറ വഴി എടുക്കുന്ന എല്ലാ ഫോട്ടോയും ഓട്ടോമാറ്റിക് ആയി ഗൂഗിള്‍ ഫോട്ടോസിലേക്ക് അപ്‌ലോഡ് ആകും.
ഫോണിലുള്ള ഫയലുകളും മറ്റും ഗൂഗിളിൽ സൂക്ഷിക്കാനും ഷെയർ ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ഫയൽസ്. വലിയ ഫയലുകളോ ഡ്യൂപ്ലിക്കേറ്റ് ഫയലുകളോ ഒക്കെ നീക്കി ഫോൺ ക്ലീൻ ആക്കി വയ്ക്കാൻ സഹായിക്കുന്ന ഗൂഗിളിന്റെ സൗജന്യ ആപ്ലിക്കേഷനാണിത്.
ക്യാഷ് ബുക്
ഓരോ ദിവസത്തെയും ഏതു ചെലവും ‘ലെഡ്ജർ’ ബുക്കിലെന്ന പോലെ എഴുതി സൂക്ഷിക്കാവുന്ന ആപ്ലിക്കേഷനാണു ക്യാഷ് ബുക് (CashBook). വരവും ചെലവും മാത്രമല്ല, ബില്ലുകളും മറ്റും സ്കാൻ ചെയ്തു സൂക്ഷിക്കാനുള്ള ഓപ്ഷനുമുണ്ട്. കണക്കുകൾ പരിശോധിക്കാനും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോഴുമൊക്കെ ഇതു സഹായമാകും.
ഹാപ്പി ജേണി
യാത്ര പോകുമ്പോൾ പോകേണ്ട സ്ഥലത്തേക്കുള്ള ദൂരവും വഴിയുമൊക്കെ കൃത്യമായി മനസ്സിലാക്കാനുള്ള ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ് (Google Maps). ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യം വന്നാലും നേരത്തേ തന്നെ ലൊക്കേഷൻ സെറ്റു ചെയ്തു വയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
യാത്രയ്ക്കിടെ ഭാഷയറിയാത്ത നാട്ടിൽ പെട്ടുപോയാൽ കാര്യങ്ങൾ ചോദിച്ചറിയാനും ബോർഡുകൾ വായിച്ചു മനസ്സിലാക്കാനുമൊക്കെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ ട്രാൻസ്‌ലേറ്റ് (Google Translate). ഗൂഗിൾ ലെൻസ് (Google Lens) ആപ്ലിക്കേഷൻ വഴിയും ബോർഡുകളും മറ്റും വായിച്ചു മനസ്സിലാക്കാം.
കൂട്ടുകാരുമൊത്തു ഷെയർ ഇട്ടു യാത്ര പോകുമ്പോഴും മറ്റും ചെലവാകുന്ന പണം കണക്കുകൂട്ടാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണു സ്പ്ലിറ്റ് വൈസ് (Splitwise).
ഹെൽത് ഐഡി
എല്ലാ ആരോഗ്യ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സർക്കാർ സേവനമാണു ഹെൽത് ഐഡി. https://abha.abdm.gov.in എന്ന ലിങ്ക് വഴി റജിസ്ട്രേഷൻ സ്റ്റെപ്പുകൾ പൂർത്തിയാക്കി ഹെല്‍ത്ത് ഐഡി ഡൗൺലോഡ് ചെയ്യാം. ഇതിലൂടെ പഴയ ഒപി ടിക്കറ്റു മുതലുള്ള എല്ലാ ആരോഗ്യവിവരങ്ങളും അറിയാനാകും.
‘നോ’ ഡീപ് ഫേക്
നിങ്ങളുടെയോ പരിചയക്കാരുടെയോ ഫേക്ക് വീഡിയോ (ഒറിജിനല്‍ തന്നെയോ) ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ടാല്‍ എങ്ങനെ റിമൂവാക്കാം എന്നു നോക്കാം. https://stopncii.org/ എന്ന ലിങ്കിലൂടെ Stop Non Consensual intimate image Abuse എന്ന പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. ഹോം പേജിലുള്ള Create Your Case ടാബ് വഴി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട നിങ്ങളുടെ സ്വകാര്യ ഫോട്ടോ/ വിഡിയോയുടെ ഒരു ഫയല്‍ അപ്‌ലോഡ് ചെയ്യാം.
സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ആ ഫയലുകൾ ഇന്റര്‍നെറ്റില്‍ നിന്നു റിമൂവ് ആക്കിയതിന്റെ വിവരങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും. നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിനു കീഴിലാണ് ഈ പ്ലാറ്റ് ഫോം എന്നതിനാൽ സ്വകാര്യതയെ ബാധിക്കുമെന്ന പേടിയും വേണ്ട.
ഇൻസ്റ്റാൾ ചെയ്യും മുൻപ്
∙ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ എല്ലാ പെർമിഷനും നൽകേണ്ടി വരും. ഇൻസ്റ്റാൾ ചെയ്ത ഉടനേ ഫോൺ സെറ്റിങ്സിലെ ആപ്ലിക്കേഷൻ മാനേജരിൽ പോയി വേണ്ടാത്ത പെർമിഷനുകൾ ഡിസേബിൾ ചെയ്യണം.
∙ ലിങ്കുകൾ വഴി ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളെ വിശ്വസിക്കരുത്. ചിലപ്പോൾ അവ ഇൻസ്റ്റാൾ ചെയ്താൽ മെനുവിൽ ലിസ്റ്റ് ചെയ്യാറില്ല. ERROR സംഭവിച്ചതാകുമെന്നു കരുതുന്നതു മണ്ടത്തരമാണ്. അവ സ്പൈ ആപ്പുകളോ ഹാക്കിങ് ആപ്പുകളോ ആകാം. സിസ്റ്റം സർവീസ്, സെക്യൂരിറ്റി തുടങ്ങി അൺ ഇൻസ്റ്റാൾ ചെയ്യാൻ മടിക്കുന്ന പേരുകളിലാകും ഇവ സേവ് ചെയ്യപ്പെടുക.
∙ സ്പൈ ആപ്പുകളോ ഹാക്കിങ് ആപ്പുകളോ ഇൻസ്റ്റാൾ ചെയ്തു എന്നു സംശയം തോന്നിയാൽ ഉടൻ തന്നെ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക.
വിവരങ്ങൾക്ക് കടപ്പാട്: രതീഷ് ആർ. മേനോൻ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ.
