ഇൻസ്റ്റഗ്രാമിൽ നിന്നു ഹൈ ക്വാളിറ്റിയിൽ വിഡിയോ ഡൗൺലോഡ് ചെയ്യാൻ വഴിയുണ്ട്.! ടെക് ടിപ്സ് Protect Yourself from WhatsApp Hacking: Essential Safety Tips
Mail This Article
വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ നൂറുകണക്കിനു പരാതികൾ പല സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വാർത്തകളിലൂടെ നമ്മൾ കേട്ടു.
ഒരു നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ വാട്സാപ് ഗ്രൂപ്പുകൾ കണ്ടെത്തി അവയിലെ നമ്പരുകൾ കൂടി ഹാക്ക് ചെയ്യുന്ന ചെയിൻ രീതിയാണു മിക്കവാറും കണ്ടുവരുന്നത്. വാട്സാപ്പിലേക്ക് ഒടിപിയോ കോഡോ ഒക്കെ വന്നിട്ടുണ്ടെന്നും അത് അയച്ചു നല്‍കുമോ എന്നു ചോദിച്ചാണു തുടക്കം. പരിചയക്കാരുടെ നമ്പരിൽ നിന്നാകുമ്പോൾ പലരും സംശയിക്കില്ല.
പക്ഷേ, ചില തട്ടിപ്പുകളുടെ രീതി കുറച്ചുകൂടി കടന്നതാണ്. വാട്സാപ്പിലേക്കു ലഭിക്കുന്ന ലിങ്കുകളാണ് ഇവരുടെ ചൂണ്ട. അശ്ലീല ദൃശ്യങ്ങളെന്നോ ഓഫർ എന്നോ ഒക്കെ ലിങ്കിനു പേരും ഇട്ടിട്ടുണ്ടാകും. ക്ലിക് ചെയ്യുന്നതോടെ വാട്സാപ് മാത്രമല്ല, ഫോണും ഹാക്ക് ചെയ്യപ്പെടും.
ഭയം വേണ്ട, ജാഗ്രത മതി
∙ സഹായം ചോദിച്ചോ മറ്റോ സുഹൃത്തിന്റെ വാട്സാപ്, ടെലഗ്രാം മെസേജുകൾ ലഭിച്ചാൽ റെഗുലർ കോൾ ചെയ്തു വിവരം തിരക്കാൻ മടിക്കരുത്. ഹാക്കിങ് ആണോ എന്നുറപ്പാക്കാൻ മാത്രമല്ല, യഥാർഥത്തിൽ സഹായം ആവശ്യമുള്ള സുഹൃത്തിനു മാനസിക പിന്തുണ നൽകാനും ഉപകരിക്കും.
∙ വിഡിയോയോ ഫോട്ടോയോ ഹാക്ക് ചെയ്തെടുത്തു ബ്ലാക്ക് മെയില്‍ ചെയ്യുന്നതുപോലെയുള്ള ഭീഷണികൾ വരാം. ഹാക്കിങ് തിരിച്ചറിഞ്ഞു ഗ്രൂപ്പുകളിൽ അലർട് മെസേജ് ഇട്ടാലും ഹാക്കർമാർ അവ ഡിലീറ്റ് ചെയ്തേക്കാം. അപ്പോൾ പേടിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതു മണ്ടത്തരമാണ്.
∙ പരിചയക്കാരുടെ നമ്പരിൽ നിന്നായാലും ഒടിപി, കോഡ് എന്നിവ ചോദിച്ചു വരുന്ന മെസേജുകളോടു പ്രതികരിക്കരുത്. റെഗുലർ കോൾ ചെയ്ത് ഉറപ്പാക്കിയ ശേഷമേ കോഡുകൾ കൈമാറാവൂ.
∙ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ളവയിൽ നിന്നുള്ള ബംപർ ഓഫർ എന്നൊക്കെ മെസേജുകളോ ക്ലെയിം ലിങ്കുകളോ വരാം. അവയും ഹാക്കിങ് തന്ത്രമാണ്. അതത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അല്ലാതെ ഒരു ഓഫറും ആരും ഉപഭോക്താവിനു നൽകുന്നില്ല.
∙ ഓഫറോ, അറസ്റ്റോ എന്നൊക്കെ പറഞ്ഞുള്ള വിഡിയോ കോളുകളും ഇപ്പോൾ ധാരാളം വരുന്നുണ്ട്. വെർച്വൽ അറസ്റ്റ് പോലുള്ള കോളുകൾ വന്നാൽ നിങ്ങളുടെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കാനും അവിടെ നിന്നു വിളിക്കാനും അവരോട് ആവശ്യപ്പെട്ടു കോൾ കട്ട് ചെയ്യുക. ആ കോളിന്റെ സ്ക്രീൻഷോട്ടോ റെക്കോർഡിങ്ങോ പോലെ ശേഖരിക്കാവുന്ന പരമാവധി വിവരങ്ങൾ കൂടി എടുത്ത ശേഷം എത്രയും വേഗം പൊലീസിൽ പരാതി നൽകുക.
∙ ഹാക്കിങ് സംശയിക്കാവുന്ന ഏതു പ്രവൃത്തിയും സ്വയം പരിഹരിക്കാൻ നോക്കാതെ പൊലീസിൽ അറിയിക്കുക.
ഇൻസ്റ്റഗ്രാം വിഡിയോ
ഇൻസ്റ്റഗ്രാമിൽ നിന്നു വിഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിൽ തന്നെയുണ്ട്. പക്ഷേ, ഡൗൺലോഡ് ചെയ്യുന്ന വിഡിയോയുടെ ക്വാളിറ്റി കുറവായിരിക്കുമെന്നു മാത്രമല്ല, യൂസർ നെയിം വിഡിയോയിൽ വാട്ടർ മാർക്കായി വരികയും ചെയ്യും. ഈ പ്രശ്നം ഒഴിവാക്കി ഹൈ ക്വാളിറ്റിയിൽ വിഡിയോ ഡൗൺലോഡ് ചെയ്യാൻ വഴിയുണ്ട്.
ഇഷ്ടപ്പെട്ട റീലിന്റെ ലിങ്ക് കോപ്പി ചെയ്തെടുത്ത ശേഷം ടെലഗ്രാം ഓപ്പണാക്കി സേവ്ഡ് മെസ്സേജ് എന്നതു സെലക്ട് ചെയ്ത് അതില്‍ ആ ലിങ്ക് പേസ്റ്റ് ചെയ്യുക. ഇന്‍സ്റ്റഗ്രാം എന്നതിനു തൊട്ടുമുന്നില്‍ ഡി ഡി എന്നു ടൈപ്പ് ചെയ്ത ശേഷം 10 സെക്കൻഡ് കാത്തിരിക്കുക.
ഇന്‍സ്റ്റഫിക്സ് എന്നു വരുമ്പോള്‍ സെൻഡ് അമർത്തുക. അപ്പോള്‍ വരുന്ന പ്രിവ്യൂ വിലോ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്തോ ടച്ച് ചെയ്താല്‍ വിഡിയോ പ്ലേ ആകും. ഇനി മുകളിലുള്ള 3 ഡോട്ടില്‍ അമര്‍ത്തി സേവ് ടു ഗാലറി കൊടുത്താല്‍ വാട്ടര്‍ മാര്‍ക്കില്ലാത്ത വിഡിയോ ഡൗണ്‍ലോഡ് ആകും.