ADVERTISEMENT

സൈനിക കന്റീനിലേക്ക് 500 കിലോ തേയില വേണമെന്നാവശ്യപ്പെട്ടാണു കോട്ടയത്തെ തേയില മൊത്തവ്യാപാരിയുടെ ഫോണിലേക്ക് ‘ആ സൈനികന്റെ’ ആദ്യത്തെ വിളി വന്നത്. 500 കിലോ തേയിലയായതിനാൽ വില, മറ്റു കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച തുടർസംഭാഷണത്തിനായി വാട്സ് ആപ് ചാറ്റിലേക്കും വ്യാപാരിയെ ക്ഷണിച്ചു. ആ വാട്സാപ്പിൽ ഡിപി ആയി നൽകിയിരുന്നതു സൈനിക യൂണിഫോമിലുള്ള ഒരു ചിത്രമായിരുന്നതിനാൽ വ്യാപാരിക്കു ‘പ്രഥമദൃഷ്ട്യാ’ സംശയിക്കാൻ ഒന്നുമില്ലായിരുന്നു.

ബില്ലുകൾ നൽകുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ജിഎസ്ടി നമ്പരും അയാൾ വ്യാപാരിക്കു നൽകി. പരിശോധനയിൽ ആർമി ഹെഡ് ക്വാർട്ടേഴ്സിന്റേതാണ് ആ നമ്പരെന്നു ബോധ്യപ്പെട്ടതോടെ തേയില എവിടെ എത്തിച്ചു നൽകാനും തയാറാണെന്നു വ്യാപാരി അറിയിച്ചു. പാറമ്പുഴയിലുള്ള എൻസിസി കന്റീനിന്റെ വിലാസമാണ് അപ്പോൾ സൈനികൻ നൽകിയത്.

ADVERTISEMENT

കച്ചവടത്തിനു മുൻപ് അംഗീകൃത വ്യാപാരിയായി സൈനിക വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യണമെന്നു അതിനായി അടച്ചു നൽകുന്ന ലിങ്കിൽ ക്ലിക് ചെയ്യണമെന്നായി സൈനികന്റെ അടുത്ത ആവശ്യം. സാമ്പത്തിക ഇടപാടുകളിൽ പ്രശ്നമില്ലെന്നു മനസ്സിലാക്കാനായി ആ ലിങ്ക് വഴി 100 രൂപ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു.

മിന്നിയ അപായ സിഗ്‌നൽ

ADVERTISEMENT

അതോടെ വ്യാപാരിയുടെ തലയിൽ ‘അപകട സൈറൺ’ മുഴങ്ങി. ലിങ്കിലൂടെ പണമയക്കാനാകില്ലെന്നും 100 രൂപ നേരിട്ടു നൽകാമെന്നും വ്യാപാരി ഉറപ്പിച്ചു പറഞ്ഞു. 500 കിലോയിൽ തുടങ്ങി 50,000 കിലോ വരെയായി മാറാവുന്ന സൈനിക ഓർഡറുകളുടെ ആദ്യപടിയാണെന്നും, ഇങ്ങനെ നിലപാടെടുത്താൽ ഓർഡര്‍ അടുത്തയാൾക്കു കൊടുക്കേണ്ടി വരുമെന്നുമൊക്കെ അയാള്‍ പറഞ്ഞെങ്കിലും വ്യാപാരി വിട്ടുകൊടുത്തില്ല. സംശയം തോന്നി പാറമ്പുഴയിലെ എൻസിസി കന്റീനിൽ നേരിട്ട് അന്വേഷിച്ചതോടെ തട്ടിപ്പാണെന്നു ബോധ്യമായ വ്യാപാരി പൊലീസിൽ പരാതി നൽകി.

അടുത്ത സംഭവം നടന്നത് 2022 ഡിസംബറിലാണ്. പുതിയ കാർ എടുക്കുന്നതിനു മുന്നോടിയായി തൃശൂരിലെ ഒരു ലേഡി ഡോക്ടർ പഴയ കാർ വിൽക്കുന്നതിനുള്ള പരസ്യം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമിട്ടു. പലരും മെസേജ് ചെയ്യുകയും വിളിക്കുകയുമൊക്കെ ചെയ്തെങ്കിലും കൂട്ടത്തിലുള്ള സൈനികൻ മറ്റാരും പറയാത്ത വില പറയുകയും തുടർന്നു വിലപേശലില്ലാതെ കാർ വാങ്ങാൻ സമ്മതം അറിയിക്കുകയും ചെയ്തു.

ADVERTISEMENT

വണ്ടി നോക്കാനായി രണ്ടുപേർ സൈനിക യൂണിഫോമിൽ വന്നു. സെയിൽ ലെറ്റർ തയാറാക്കാനായി ഐഡി കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പികൾ കൈമാറുകയും ചെയ്തു. നിശ്ചിത തിയതിയിൽ ഇരുവരും വീണ്ടുമെത്തി സെയിൽ ലെറ്റർ ഒപ്പിട്ടു, കാർ കൊണ്ടുപോയി.

മാന്യതയുടെ മുഖംമൂടി

അന്നു വൈകിട്ട് അഞ്ചിനകം എട്ടു ലക്ഷം രൂപ അക്കൗണ്ടിലെത്തുമെന്നു കരുതി കാത്തിരുന്ന ഡോക്ടർക്കു തെറ്റി. രണ്ടു ദിവസം കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ എത്താത്തതിനെ തുടർന്നു സൈനികനെ വിളിച്ച ഡോക്ടർ ഞെട്ടി, ഫോൺ സ്വിച്ച്ഡ് ഓഫ്. വാട്സാപ്പിൽ മെസേജ് ഇട്ടെങ്കിലും മറുപടി ഇല്ല. ഫെയ്സ് ബുക് മാർകറ്റ് പ്ലേസിൽ പരസ്യത്തിനു താഴെ ആദ്യം വന്ന മെസേജ് തിരഞ്ഞെങ്കിലും അതും ഡിലീറ്റ് ചെയ്തിരുന്നു.

പൊലീസിൽ പരാതി നൽകിയപ്പോഴാണ് മറ്റൊരു ഞെട്ടൽ കൂടിയുണ്ടായത്, സെയിൽ ലെറ്റർ ഒപ്പിട്ടു നൽകിയിരിക്കുന്നതിനാൽ മോഷ്ടിച്ചു എന്നു പരാതിപ്പെടാനാകില്ല. പോരെങ്കിൽ സൈനികൻ നൽകിയ രേഖകളൊക്കെ വ്യാജവുമാണ്. സൈനികനു താക്കോൽ കൈമാറുമ്പോൾ ഫോട്ടോ എടുക്കാൻ പോലും ഡോക്ടർ മടിച്ചത്, ചിത്രം പുറത്തുപോയാൽ രാജ്യസുരക്ഷയെ ബാധിക്കുമോ എന്നോർത്താണത്രേ. റിപബ്ലിക് ദിനപരേഡിലെയും മറ്റും പ്രകടനങ്ങൾ വിഡിയോയാക്കി സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുന്ന സൈനികർക്കില്ലാത്ത സുരക്ഷാഭീതിയാണ് ഇക്കാര്യത്തിൽ ഡോക്ടർ കാണിച്ചത്.

സെയിൽ ലെറ്റർ അടിസ്ഥാനമാക്കി ഉടമസ്ഥതാ രേഖകൾ മാറ്റിയിട്ടുണ്ടോ എന്നു പരിശോധിച്ചെങ്കിലും പഴയ ആർസി ഉടമസ്ഥന്റെ പേരിൽ തന്നെയായിരുന്നു അപ്പോഴും കാർ. ട്രാഫിക് വയലേഷന്റെ പേരിൽ ചെല്ലാൻ ഏതെങ്കിലും വന്നിട്ടുണ്ടോ എന്നറിയാനായി പരിവാഹൻ വെബ്സൈറ്റ് വഴി നിരീക്ഷിച്ചെങ്കിലും അങ്ങനെയും ഒന്നുമില്ല.

കയ്യിൽ നിന്നൊരു ചില്ലിക്കാശു പോലും ചെലവാക്കാതെ കിട്ടിയ കാർ പൊളിച്ചു വിറ്റാൽ പോലും ലാഭമാണല്ലോ. മൂന്നു വർഷത്തിനിപ്പുറവും കാറിന്റെ യാതൊരു വിവരവും ലഭ്യമല്ല എന്നതിൽ നിന്നു മനസ്സിലാക്കേണ്ടതും അതാണ്. അതുതന്നെയായിരുന്നു തട്ടിപ്പുകാരുടെ ഉദ്ദേശ്യവും.

കെണി ഇങ്ങനെ

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയിലൂടെയും ഒഎൽഎക്സ് (OLX) പോലുള്ള Buy and Sell പ്ലാറ്റ്ഫോമുകളിലൂടെയും വീട്ടുപകരണങ്ങളും ഫർണിച്ചറും കാറുമൊക്കെ വാങ്ങാനും വിൽക്കാനുമെത്തുന്ന സൈനികരുടെ വ്യാജ പ്രൊഫൈലുകളിലൂടെയാണു കെണിയുടെ ചുരുൾ നിവരുന്നത്. സൈനികർക്ക് അടിയന്തര സാഹചര്യം എപ്പോൾ വേണമെങ്കിലും വരാമെന്ന ചിന്ത നമുക്കുണ്ട്. സിനിമകളിലെ അത്തരം രംഗങ്ങളിലൂടെ ഉണ്ടായ  അബദ്ധധാരണയാണത്. ആ ധാരണയാണു സൈനിക പ്രൊഫൈലുകളുടെ പിടിവള്ളി.

ഇന്നു വൈകുന്നേരത്തിനുള്ളിൽ ഡെറാഡൂണിലേക്കു വണ്ടി കയറണം, അത്യാവശ്യമായി ഫ്ലാറ്റിലെ സാധനങ്ങൾ ഒഴിവാക്കുന്നു, കട്ടിൽ, ഡൈനിങ് ടേബിൾ, അലമാര, ഫ്രിജ്, ടിവി എന്നിവയെല്ലാം കൂടി 20,000 രൂപയ്ക്കു വിൽക്കുന്നു എന്ന മട്ടിലാകും അവർ നൽകുന്ന പരസ്യം. കമനീയമായ ചിത്രങ്ങളും ഒപ്പമുണ്ടാകും. ട്രാൻസ്ഫറാണ്, അതുകൊണ്ടാണ് ഇത്ര വിലക്കുറവിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്നത് എന്നു പറയുമ്പോൾ ആരും വിശ്വസിച്ചു പോകും.

താത്പര്യമറിയിക്കുന്നവർക്കു സംസാരത്തിനിടയിൽ മറ്റൊരു ഓ ഫർ കൂടി നൽകും. ആദ്യഗഡുമായി 10,000 രൂപ അയച്ചാൽ മതി, ഫർണിച്ചർ ഇന്നുതന്നെ പാഴ്സൽ അയക്കാം. ബാക്കി 10,000 രൂപ ഫർണിച്ചറുകൾ കിട്ടിയ ശേഷം ട്രാൻസ്ഫർ ചെയ്താൽ മതി. ഈ ഓഫറിൽ മയങ്ങി, പതിനായിരം രൂപയും വിലാസവും നൽകി കാത്തിരുന്നിട്ടു കാര്യമില്ല. പണം കിട്ടിയാലുടൻ പ്രസ്തുത പരസ്യം വരെ ഡിലീറ്റ് ചെയ്ത് അവർ മുങ്ങും.

സൈബർ സേഫ്റ്റി ടിപ്സ്

∙ ഏത് അടിയന്തര സാഹചര്യത്തിലും സൈനികർക്കു താമസം മാറേണ്ടി വന്നാൽ ഗൃഹോപകരണങ്ങൾ മാറ്റുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും സംവിധാനം അവരുടെ പക്കൽ തന്നെയുണ്ട്. ഇവയ്ക്കായി ആരെയും ആശ്രയിക്കേണ്ട കാര്യമില്ല എന്നു പൊതുജനം മനസ്സിലാക്കണം.

∙ അത്യാവശ്യമാണ്, രണ്ടു ദിവസത്തിനകം വിൽപന നടക്കണം എന്ന മട്ടിൽ വരുന്ന പരസ്യങ്ങൾ വ്യാജമാണെന്ന് ഓർക്കണം. സൈനിക യൂണിഫോം കാണുമ്പോൾ മനസ്സിൽ ഉടലെടുക്കുന്ന വിശ്വാസ്യതയാണ് ഇത്തരം തട്ടിപ്പുകാരുടെ പിടിവള്ളി. രാജ്യാതിർത്തിയോടു ചേർന്നുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളാകും പലപ്പോഴും പണം കൈമാറ്റം ചെയ്യാനായി നൽകുക. അതു വിശ്വാസ്യത കൂട്ടും.

∙ സോഷ്യൽ മീഡിയ പരസ്യങ്ങളുടെ തട്ടിപ്പിൽ പെട്ടാലും പ്രസ്തുത പ്ലാറ്റ്ഫോമുകൾക്ക് അ തിൽ യാതൊരു ഉത്തരവാദിത്തവുമില്ല എന്നാണു നിലവിലെ നിയമം. ഇവയെ സൈബർ നിയമങ്ങളുടെ പരിധിയിൽ പെടുത്തിയാണ് അന്വേഷിക്കുന്നത്.

∙ നിലവിലെ പോളിസി പ്രകാരം പണം കൈമാറിയ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കുകൾ കൈമാറാൻ കൂട്ടാക്കാറില്ല. പണത്തട്ടിപ്പിന് ഇരയായാൽ പ്രസ്തുത ബാങ്ക് 25000 രൂപ വരെ കസ്റ്റമറിനു തിരിച്ചു നൽകണമെന്ന മട്ടിൽ നിയമഭേദഗതി വരുത്താൻ ആർബിഐ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതോടെ ബാങ്കുകളുടെ സഹകരണവും ശ്രദ്ധയും കൂടുമെന്നു പ്രതീക്ഷിക്കാം.

The Uniform's Mask: How Scammers Exploit Trust:

Beware of online scams impersonating soldiers to defraud individuals. These fraudsters exploit the trust associated with military personnel, using fake profiles and urgent situations to trick victims into sending money or handing over valuable assets like cars and furniture.

ADVERTISEMENT