എട്ടാം ക്ലാസ്സ് മുതൽ സ്വപ്നം കണ്ട ജോലി ഇനി സ്വന്തം; എയര്‍ഫോഴ്സില്‍ പൈലറ്റായി കീർത്തന! മധുരം നൽകി അധ്യാപകരും കൂട്ടുകാരും
Mail This Article
പൈലറ്റ് ആകണമെന്ന സ്വപ്നം എട്ടാം ക്ലാസ്സ് മുതൽ കീർത്തനയുടെ മനസ്സിൽ ചേക്കേറിയതാണ്. സ്വപ്നങ്ങളെ ചിറകുകളാക്കിയ ആ പെണ്‍കുട്ടി ഇനിതൊട്ട് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ വനിത പൈലറ്റാകും. സ്വപ്നങ്ങള്‍ക്കു പുറകെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പ്രചോദനമാവുകയാണ് കീർത്തന. വായുസേനയിൽ ഫ്ലൈയിങ് ഓഫിസറായി കഴിഞ്ഞ ദിവസമാണ് കീർത്തന എൻ ബി കമ്മീഷനഡ് ആയത്.
വടവുകോട് പുത്തൻകുരിശ് അയ്യങ്കുഴി സ്വദേശിയായ കീർത്തനയുടെ വീട്ടിൽ ക്രിസ്തുമസ് ദിനത്തിൽ മധുരപലഹാരങ്ങളുമായാണ് വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥി പ്രതിനിധികളും എത്തിയത്. പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ ജൂനിയർ ഹെഡ് ഗേൾ, സീനിയർ ഹെഡ് ഗേൾ എന്നീ പദവികൾ വഹിച്ച കീർത്തന സ്കൂളിനും അഭിമാനമാണ്.
രാജ്യത്തിന്റെ അതിരുകൾ സംരക്ഷിക്കുന്ന എയര്‍ഫോഴ്സില്‍ പൈലറ്റ് ആകുവാനുള്ള സ്വപ്നം വളരുന്നതിൽ ഈ നേതൃത്വ കാലയളവ് നിർണ്ണായകമായ പങ്ക് വഹിച്ചെന്ന് കീര്‍ത്തന പറഞ്ഞു. കുട്ടിക്കാലം തൊട്ട് അച്ഛനും അമ്മയും നൽകിയ പിന്തുണയും, സ്കൂൾ- കോളജ് തലങ്ങളിൽ അധ്യാപകരും കൂട്ടുകാരും നൽകിയ പിന്തുണയും തന്നെ സ്വപ്ന സാഫല്യത്തിലേയ്ക്ക് നയിച്ചു എന്നും കീർത്തന അഭിപ്രായപ്പെട്ടു.
പരമഭട്ടാര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ മനോജ് മോഹൻ, വൈസ് പ്രിൻസിപ്പാൾ ശ്രീജ ടി ജി, വിദ്യാവർദ്ധനം കോ-ഓഡിനേറ്റർ കെ.ജി .ശ്രീകുമാർ, പ്രൈമറി വിഭാഗം ഹെഡ് ദീപ്തി കെ. ജി എന്നിവർ കീർത്തനയെ വീട്ടിൽ ചെന്ന് അഭിനന്ദിച്ചു. എന്‍ സി ബാബുവാണ് കീര്‍ത്തനയുടെ അച്ഛന്‍, അമ്മ ശ്രീകല ബാബു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയാണ് കീര്‍ത്തന.