ADVERTISEMENT

സ്വന്തം ‘തല വെട്ടി മാറ്റി’ മേശപ്പുറത്തു വച്ചാൽ എങ്ങനെയുണ്ടാകുമെന്നറിയണോ? സംഗതി അൽപം ഭ്രമാത്മകമാണെങ്കിലും ഒരു തരി ചോരപൊടിയാതെ ആ തല ചിരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നല്ല തമാശ! ഒപ്റ്റിക്കൽ ഇല്യൂഷനിലൂടെയാണ് ഇതു സാധ്യമാകുന്നതെന്നുള്ള ഊർജതന്ത്ര രസം കൂടി പറ‍ഞ്ഞു കിട്ടുമ്പോൾ സംഗതി ജോർ! തൃശൂർ വിമല കോളജിലെ ഫിസിക്സ് വിഭാഗം നടത്തുന്ന ഫിസി ഗാല പ്രദർശനത്തിലാണ് ഈ ശാസ്ത്ര കൗതുകങ്ങൾ കാത്തിരിക്കുന്നത്. പ്രവേശനം സൗജന്യം.

കോളജിലെ ഫിസിക്സ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഇതൊരുക്കിയിരിക്കുന്നത് ആറുമുതൽ പത്തുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്കു ശാസ്ത്ര കൗതുകം പകരാനാണ്. എങ്കിലും ആർക്കും ഇതു കാണാനെത്താം. സ്വന്തം ശരീരം തനിയെ കൂളായി ഉയർത്താമോ– എന്നതാണ് അടുത്ത ചോദ്യം. യന്ത്രം ജീവിതം എത്രമാത്രം എളുപ്പമാക്കുന്നുവെന്നു മനസിലാക്കാൻ നിങ്ങൾക്ക് അങ്ങനെ ശരീരം ഉയർത്തി പരീക്ഷിക്കാം. ‘പുള്ളി’ക്കാരനാണ് ഇതിനു പിന്നിലെ ചാലകശക്തി. എന്നു വച്ചാൽ പുള്ളികൾ അഥവാ കപ്പികൾ.

കപ്പികളുടെ എണ്ണം കൂടുന്തോറും നമ്മുടെ ഭാരം കുറയുന്നതായി നമുക്ക് അനുഭവപ്പെടും. അതായത്, പുള്ളി ഉപയോഗിച്ചു നമ്മളെത്തന്നെ ഒറ്റയ്ക്കു വലിച്ചുയർത്താമെന്നു സാരം. ആന്റിനകളുടെ ട്രാൻസ്മിഷൻ രഹസ്യം, ഊർജതന്ത്രം അടിസ്ഥാനമാക്കിയ കളിപ്പാട്ടങ്ങൾ ഇവയെല്ലാമുണ്ട്. വകുപ്പുമേധാവി ഡോ. കെ.എ. മാലിനി, സ്റ്റുഡന്റ് കോ ഓഡിനേറ്റർ ദിവ്യ ജോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

More

ADVERTISEMENT
ADVERTISEMENT