നമ്മുടെ തൊഴിലിടങ്ങളിൽ സ്ത്രീ സൗഹാർദപരമായ അന്തരീക്ഷമുണ്ടോ? കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ നിന്ന്...
വനിതാദിനം, മാതൃ ദിനം, ആർത്തവ ശുചി ത്വ അവബോധ ദിനം... ഇങ്ങനെ ആചരണങ്ങളെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ടു നമ്മുടെ നാട്ടിൽ. ഇതേ കേരളത്തിലെ ഓഫിസുകളി ൽ സ്ത്രീസൗഹാർദപരമായ അന്തരീക്ഷമാണോ ഉള്ളത്? അത്തരത്തിലുള്ള പെൺതൊഴിലിടങ്ങൾ യാഥാ ർഥ്യമാക്കാൻ വിവിധ മേഖലകളിൽ വിദഗ്ധരായ വനിതകൾ നൽകുന്ന നിർദേശങ്ങളും അറിയാം.
വേണ്ടേ അടിസ്ഥാന സൗകര്യങ്ങൾ?
‘‘എത്ര സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമാണിതെന്നറിയാമോ? എന്നിട്ടു സ്ത്രീകൾക്കു പേരിനൊരു വാഷ്റൂമാണുള്ളത്.’’ എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി പറയുന്നു.
‘‘ആർത്തവ ദിനങ്ങൾ പേടിസ്വപ്നമാണു ഞങ്ങൾക്ക്. അൻപതിലേറെ വനിതകൾ േജാലി ചെയ്യുന്ന ഞങ്ങളുടെ സ്ഥാപനത്തിൽ റെസ്റ്റ് റൂം േപാലുമില്ല. ഏതെങ്കിലും സ്ത്രീക്ക് ആർത്തവ ദിവസങ്ങളിലോ ഗർഭകാലത്തോ ബുദ്ധിമുട്ടുകളുണ്ടായാൽ അൽപനേരം വിശ്രമിക്കാൻ പോലും ഇടമില്ല. മേലധികാരികളായ പുരുഷന്മാർക്കു വൃത്തിയുള്ള വാഷ്റൂമുകളും റെസ്റ്റ്റൂമും വേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നുമില്ല.
ആർത്തവത്തെക്കുറിച്ചും അതു മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും എല്ലാ സ്ഥാപനങ്ങളിലെയും പുരുഷന്മാർക്കു ബോധവത്കരണം നിർബന്ധിതമാക്കണം.’’ ആ യുവതിയുടെ വാക്കുകളിലുണ്ട് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സ്വരം.
‘‘വർക് ഫ്രം േഹാം ചെയ്യാൻ കഴിയുന്ന ജോലിയാണ് എന്റേത്. പ്രസവത്തീയതിയടുത്തതോടെയാണ് വർക് ഫ്രം ഹോം ഓപ്ഷൻ ചോദിച്ചത്. തരാൻ കഴിയില്ലെന്നാണു മേലധികാരി പറയുന്നത്.’’ എറണാകുളം സ്വദേശിയും ഗർഭിണിയുമായ യുവതിയുടെ വാക്കുകളിൽ സങ്കടം നിറയുന്നു.
‘‘ഇനിയിപ്പോൾ പ്രസവം കഴിയുമ്പോഴും പേരിനു മാത്രമാകും അവധി. ഈ അവസ്ഥ കാരണം പലരും ജോലി ഉ പേക്ഷിച്ചു പോകുകയാണ്.’’ നിരാശ നിഴലിട്ട കണ്ണുകളോടെ അവൾ പറഞ്ഞു.
‘‘ആറു മാസം കുഞ്ഞിനെ നിർബന്ധിതമായി മുലയൂട്ടണമെന്നു സർക്കാർ പറയുന്നുണ്ടല്ലോ? പ്രസവാവധി പേരിനു മാത്രം കിട്ടുന്ന അമ്മമാർ എങ്ങനെയാണു കുഞ്ഞിനെ ആറു മാസം മുലയൂട്ടുക?’’ ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയും നവജാതശിശുവിന്റെ അമ്മയുമായ യുവതി േചാദിക്കുന്നു.
‘‘അൻപതിലേറെ ജീവനക്കാരുള്ള, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ വേണമെന്നാണു നിയമം. കേരളത്തിലെ എത്ര സ്ഥാപനങ്ങളിൽ ഇതു നടപ്പാക്കുന്നുണ്ട്? ഈ കാര്യങ്ങൾ ആരെങ്കിലും അ ന്വേഷിക്കുന്നുണ്ടോ?
സ്ഥാപനത്തിൽ കുഞ്ഞിനെ പരിപാലിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ അമ്മമാർക്ക് ഇടയ്ക്കു കുഞ്ഞിനു മുലയൂട്ടാനും കഴിയും. ഇതൊന്നുമില്ലാത്തതു കൊണ്ടു പല സ്ത്രീകളും ജോലി ഉപേക്ഷിക്കുകയോ ശമ്പളമില്ലാതെ അവധിയിൽ േപാകുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. ഇതാണോ തൊഴിലിടങ്ങളിലെ സ്ത്രീ സൗഹാർദം.’’ യുവതിയുടെ വാക്കുകളിലെ രോഷം അണയുന്നില്ല.
ലൈംഗികമായ അതിക്രമങ്ങളിൽ നിന്നു രക്ഷിക്കാനുള്ള നിയമങ്ങളുണ്ടായിട്ടും തൊഴിലിടങ്ങളിൽ നീതി ലഭിക്കുന്നില്ലെന്നു തിരുവനന്തപുരം സ്വദേശിയായ യുവതി പറയുന്നു. ‘‘സ്ഥാപനത്തിൽ പോഷ് ആക്ട് പ്രകാരം ഇന്റേനൽ കമ്മിറ്റിയുണ്ട്. പക്ഷേ, മേലധികാരിക്കെതിരെ പരാതി പറഞ്ഞ സുഹൃത്തിന്റെ അവസ്ഥ എന്തെന്നറിയാമോ? ഭൂരിഭാഗം പേരും അവരെ ഒറ്റപ്പെടുത്തി. കടുത്ത മാനസികസമ്മർദത്തിലാണ് അവർ. ഇനിയാരെങ്കിലും പരാതിയുമായി മുന്നോട്ടു വരുമോ?’’ അവരുടെ വാക്കുകളിൽ നിരാശ.
തൊഴിൽ നഷ്ടപ്പെടുകയോ േജാലിസ്ഥലത്തു വിവേചനം നേരിടേണ്ടി വരികയോ ചെയ്യുമെന്ന ആശങ്കയുള്ളതുകൊണ്ടു പേരു വെളിപ്പെടുത്താൻ ഈ സ്ത്രീകൾക്കു താൽപര്യമില്ല. ഈ ആശങ്ക പറയുന്നുണ്ടു െതാഴിലിടങ്ങളിലെ സ്ത്രീകളോടുള്ള മനോഭാവത്തിന്റെ യഥാർഥ നിറം.
വേണം ഇൻക്ലൂസീവ് തൊഴിലിടങ്ങൾ
‘‘സ്ത്രീകളെ പരിഗണിക്കുന്ന നയങ്ങൾ തൊഴിലിടങ്ങളി ൽ നടപ്പാക്കേണ്ടതുണ്ട്.’’ കോഴിക്കോടുളള സന്നദ്ധ സംഘടനയായ തണലിലെ ചൈൽഡ് ആൻഡ് വിമൻ റിസിലിയൻസ് പ്രോജക്ട് വിഭാഗം മേധാവി ഡോ. നൂർജഹാൻ കണ്ണഞ്ചേരി പറയുന്നു.
‘‘സ്ത്രീകൾക്കു യോജിച്ച ജോലി, അല്ലാത്തവ എന്ന വ്യത്യാസം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങളിൽ ആർത്തവ അവധി നൽകുന്നതിനെക്കുറിച്ചു വരെ ചർച്ച ചെയ്യപ്പെടുന്നു. പല സ്വകാര്യ സ്ഥാപനങ്ങളിലും പ്രസവാവധി പോലും ലഭിക്കുന്നില്ല. ഗർഭകാലത്തോ പ്രസവശേഷമോ മതിയായ അവധി നൽകാൻ തയാറാകാത്തവർ ആർത്തവ അവധി ഏതു കാലത്താവും പരിഗണിക്കുക?

സ്ഥാപനങ്ങൾ സ്ത്രീസൗഹാർദപരമാണോ എന്നറിയാൻ ചില ചോദ്യങ്ങൾ േചാദിക്കാം. എത്ര സ്ഥാപനങ്ങളിലാണു തൊഴിലാളികളായ സ്ത്രീകൾക്കു വേണ്ടിയുള്ള നയങ്ങൾ ഉള്ളത്? സ്ത്രീയുടെ പ്രത്യേക അവസ്ഥകളായ ആർത്തവം, ഗർഭം തുടങ്ങിയ കാര്യങ്ങൾ തൊഴിലിടങ്ങളിൽ പരിഗണിക്കുന്നുണ്ടോ?
ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് േജാലിയും ഉത്തരവാദിത്തങ്ങളും മാനസികസമ്മർദമില്ലാതെ ഒരുമിച്ചു കൊണ്ടുപോകാൻ സഹായകമായ അന്തരീക്ഷം തൊഴിലിടങ്ങളിലുണ്ടോ? എത്ര സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങളെ നോക്കാനുള്ള ക്രെഷ് ഒരുക്കിയിട്ടുണ്ട്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറയും യാഥാർഥ്യം.
സ്ത്രീകളുടെ ശാരീരികമായ പ്രത്യേക അവസ്ഥകളും അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും െതാഴിലിടത്തിൽ പരിഗണിക്കണം എന്ന് ആവശ്യപ്പെടുമ്പോൾ നിയമം എല്ലാവർക്കും ഒന്നല്ലേ എന്ന േചാദ്യമാണു നേരിടേണ്ടി വരിക. സ്ത്രീകളെക്കൂടി ചേർത്തുനിർത്തുന്ന തൊഴിലിടം എന്ന ആശയത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണിത്. ഈ ആശയം കൃത്യമായി സ്ഥാപനങ്ങളിലെ അധികാരികൾ മനസ്സിലാക്കിയാൽ മാത്രമേ സ്ത്രീ സൗഹാർദപരമായ തൊഴിലിടം യാഥാർഥ്യമാകൂ.’’
നിഷേധിക്കരുത് അവസരങ്ങൾ
‘‘ശാരീരികമായ അവസ്ഥ പരിഗണിക്കണമെന്ന ആവശ്യത്തിന്റെ പേരിൽ സ്ത്രീകൾക്കു തൊഴിലവസരങ്ങൾ നി ഷേധിക്കുന്ന അവസ്ഥയുണ്ടാകരുത്.’’ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിലെ പ്രഫസർ ആൻഡ് നോഡൽ ഓഫിസർ (ജെൻഡർ ആൻഡ് ഡിസെബിലിറ്റി) ആയ ഡോ. അനിഷ്യ ജയദേവ് പറയുന്നു.
‘‘ഗർഭിണിയായ സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന നിലപാടാണു ചില സ്ഥാപനങ്ങളെടുത്തിരുന്നത്. അതിനെതിരെ പോരാടേണ്ടി വന്നിട്ടുണ്ട്.
പോഷ് ആക്ട് വന്നതോടെ കരാർ തൊഴിലാളികളായി പുരുഷന്മാരെ എടുത്താൽ മതി എന്ന നിലപാടെടുക്കുന്നവരും ഈ നാട്ടിലുണ്ട്. ആർത്തവ അവധി, ആർത്തവവിരാമ കാലത്തുള്ള പരിഗണന ഇവ നല്ലതു തന്നെ. എന്നാൽ, ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതോടെ സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്നു പുറന്തള്ളുകയല്ല വേണ്ടത്. േജാലിക്കു പ്രാധാന്യം കൊടുക്കുന്നതിനൊപ്പം ജീവനക്കാരായ സ്ത്രീകളുടെ വെൽനസ് കൂടി പരിഗണിക്കുന്ന തരത്തിലുള്ള നയങ്ങളൊരുക്കാം. ലൈംഗികമായോ അല്ലാതെയോ ഉള്ള അതിക്രമങ്ങൾ, വിവേചനം ഇവയില്ലാത്ത അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങൾ, വിശ്രമിക്കാനുള്ള ഇടം തുടങ്ങിയവ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
ഇതിനൊപ്പം അടുത്തടുത്തു സ്ഥിതി ചെയ്യുന്ന കുറേയേറെ സ്ഥാപനങ്ങൾക്കു വേണ്ടി പൊതുവായി കുട്ടികൾക്കുള്ള ഡേ കെയർ, സ്ത്രീകൾക്കു േയാഗ, വ്യായാമം ചെയ്യാനുള്ള വെൽനസ് സെന്റർ ഇവ ഒരുക്കാം.’’
തൊഴിലിടത്തിൽ വേണം നീതി
‘‘ലിംഗനീതി, സമത്വം തുടങ്ങിയ ആശയങ്ങളെക്കുറിച്ചു പ ലർക്കും കൃത്യമായ ധാരണയില്ല. ഇവ കൃത്യമായി മനസ്സിലായാൽ മാത്രമേ സ്ത്രീ സൗഹാർദപരമായ തൊഴിലിടം യാഥാർഥ്യമാക്കാൻ കഴിയൂ.’’ തിരുവനന്തപുരത്തെ സഖി വിമൻസ് റിസോഴ്സ് സെന്ററിന്റെ സെക്രട്ടറിയും അഭിഭാഷകയുമായ ജെ. സന്ധ്യ പറയുന്നു.
പ്രസവാവധിയും തുല്യവേതനവും നടപ്പാക്കിയാൽ മാത്രം തുല്യത ഉറപ്പുവരില്ല. പുരുഷാധിപത്യസമൂഹമാണു നമ്മുടേത്. എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനവും വിവേചനവും കാണാം. പുതുതലമുറ ഈ വിവേചനത്തെയും അനീതിയെയും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവയ്ക്കു പരിഹാരം കാണാൻ മേലുദ്യോഗസ്ഥർക്കു കഴിയുന്നില്ല.
‘ജോലിസമ്മർദം സഹിക്കാൻ പറ്റുന്നില്ല. പക്ഷേ, േജാലി ഉപേക്ഷിക്കാനും കഴിയില്ല’ എന്നു പല സ്ത്രീകളും പരാതി പറയാറുണ്ട്. ലൈംഗികാതിക്രമങ്ങളല്ലാതെയുള്ള വിവേചനങ്ങളും അനീതികളും സ്ത്രീകൾ നേരിടുന്നുണ്ട്. ഇവയ്ക്കെതിരെ പരാതിപ്പെടാൻ സ്ഥാപനങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകില്ല. എല്ലാ സ്ഥാപനങ്ങളിലും പോഷ് ആക്ട് പ്രകാരമുള്ള ഇന്റേനൽ കമ്മിറ്റി, മറ്റു ബുദ്ധിമുട്ടുക ൾ നേരിടുമ്പോൾ അവ പരിഹരിക്കാനുള്ള സംവിധാനം ഇവ രൂപീകരിക്കുകയും നിലനിർത്തുകയും വേണം.
സ്ത്രീസഹപ്രവർത്തകരോടു ശബ്ദമുയർത്താം, ദേഹോപദ്രവമേൽപിക്കാം, വാക്കുകൾ കൊണ്ടു വേദനിപ്പിക്കാം... അതിനൊക്കെ തങ്ങൾക്ക് അധികാരമുണ്ടെന്ന പുരുഷന്മാരുടെ ചിന്താഗതിയും മാറ്റേണ്ടതുണ്ട്.
ഉറപ്പാക്കാം ആരോഗ്യം
∙ വേണ്ട രീതിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ആർത്തവകാലത്തു ശുചിത്വം ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കുക. മതിയായ വാഷ്റൂംസ്, സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നവർക്ക് അവ നിർമാർജനം ചെയ്യാനുളള സൗകര്യം ഇവ വേണം.
∙ ഗർഭിണിയായ സ്ത്രീകൾക്കു സൗഹാർദപരമായ അന്തരീക്ഷം ആവശ്യമാണ്. സഹപ്രവർത്തകരുടെ സഹായവും വേണ്ടി വരാം. കുറേ നേരമിരുന്നു ജോലി ചെയ്യുന്നതിനു പകരം അൽപനേരം നടക്കാൻ അവസരമൊരുക്കുക. ഇതു ജോലിയെ ബാധിക്കുമെന്നു പറഞ്ഞ് അവരെ വിഷമിപ്പിക്കരുത്. ഏതു മേഖലയിലായാലും ഗർഭിണികൾ രാത്രി വൈകി േജാലി ചെയ്യുന്ന സാഹചര്യമൊഴിവാക്കുക. ഭക്ഷണം, ഉറക്കം ഇവയിൽ ചിട്ട വേണം.
∙ പ്രസവാവധിക്കു ശേഷം തിരികെയെത്തുന്ന അമ്മയ്ക്ക് ബ്രെസ്റ്റ് പംപ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കണം. സ്ഥാപനത്തിൽ െക്രഷ് ഉണ്ടെങ്കിൽ, തൊട്ടടുത്തു കുഞ്ഞു സുരക്ഷിതമാണെന്ന ചിന്ത അമ്മയുടെ മാനസികാരോഗ്യത്തിനും ഗുണകരമാകും.
∙ സ്ത്രീകളുടെ ആരോഗ്യത്തിൽ വളരെ പ്രധാനപ്പെട്ട അവസ്ഥയാണ് ആർത്തവവിരാമത്തിനോടടുത്ത കാലവും ആർത്തവവിരാമവും. ഈ കാലത്തു മാനസിക സമ്മർദവും ആർത്തവക്രമക്കേടുകളുമുണ്ടാകാം. ജോലിക്കു പോകുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. സമ്മർദം മൂലമുണ്ടാകുന്ന അസുഖങ്ങളും പിടിപെടാം. ചിലരിൽ വിഷാദവുമുണ്ടാകും. കുടുംബത്തിന്റെ പിന്തുണയോടൊപ്പം ജോലിസ്ഥലത്തെയും പിന്തുണ അവർക്ക് ആവശ്യമാണ്. ആവശ്യമെങ്കിൽ വൈദ്യസഹായം തേടാനും പിന്തുണയേകുക.
∙ സ്ഥാപനങ്ങളിൽ വ്യായാമത്തിനുള്ള സംവിധാനം ഒരുക്കുന്നതു നല്ലതാണ്.