ADVERTISEMENT

രാജ്യാന്തര യാത്രകൾക്കും മറ്റു രാജ്യങ്ങളിൽ ജോ ലി ചെയ്യുന്നതിനും ദീർഘകാലം താമസിക്കുന്നതിനും മറ്റും പലവിധ രേഖകൾ ആവശ്യമാണ്. ഇത്തരത്തിൽ വിദേശത്തേക്കു പോകാനാഗ്രഹിക്കുന്നവർക്കു പാസ്പോർട്ട്, വീസ, വർക്ക് പെർമിറ്റ്, താമസത്തിനുള്ള പെർമിറ്റ് എന്നിവയെക്കുറിച്ചു സമഗ്രമായ ധാരണ ഉണ്ടായിരിക്കണം. രാജ്യാന്തരതലത്തിൽ കരിയർ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പ്രഫഷനലുകൾ അവർ പോകാനാഗ്രഹിക്കുന്ന നാടുകളിലെ കുടിയേറ്റ നിയമങ്ങളെക്കുറിച്ചും ആവശ്യമായ രേഖകളെക്കുറിച്ചും അടിസ്ഥാന ധാരണ നേടേണ്ടത് അത്യാവശ്യമാണ്.

യാത്രകളും തൊഴിൽ മാറ്റവും (job transition) ഉൾപ്പെടെയുള്ള നിയമപരമായ പരിവർത്തനത്തിന് ഇതത്യാവശ്യമാണ്. ഇത്തരം അടിസ്ഥാന രേഖകളെക്കുറിച്ചും അവയു ടെ പ്രാധാന്യത്തെക്കുറിച്ചും സമഗ്രമായ അവലോകനമാണ് ഈ ലക്കത്തിൽ. ഇത്തരം നിബന്ധനകളും നിയമങ്ങളും വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഇവ പാലിക്കാതെയിരുന്നാൽ ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും മനസിലാക്കാം.

വേണം ഈ അടിസ്ഥാന രേഖ

രാഷ്ട്രം അവരുടെ പൗരന്മാർക്കു നൽകുന്ന അടിസ്ഥാന യാത്രാരേഖയാണു പാസ്പോർട്ട്. മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനും സ്വന്തം രാജ്യത്തേക്കു മടങ്ങാനും പാസ്പോർട്ട് കൂടിയേതീരു. സാധാരണഗതിയിൽ ഏതൊരു പൗരനും പാസ്പോർട്ടിന് അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്തു പല വിധത്തിലുള്ള പാസ്പോർട്ടുകളുണ്ട്. ഡിപ്ലോമാറ്റുകൾക്കും ഉദ്യോഗസ്ഥർക്കുമായി പ്രത്യേകയിനം പാസ്പോർട്ടാണു നൽകുന്നത്. സാധാരണ പൗരന്മാർക്കായി അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനപ്പെടുത്തി പാസ്പോർട്ടുകളെ തരംതിരിച്ചിട്ടുണ്ട്.

പത്താം ക്ലാസ്സോ തത്തുല്യമോ ആയ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത വ്യക്തികൾക്ക് എമിഗ്രേഷൻ ചെക്ക് റിക്വയേഡ് (ECR) പാസ്പോർട്ടുകളും ഉയർന്ന യോഗ്യതയുള്ളവർക്ക് എമിഗ്രേഷൻ ചെക്ക് നോട്ട് റിക്വയേഡ് (ECNR) പാസ്പോർട്ടുമാണു ലഭിക്കുക. അൺ-സ്‌കിൽഡ്/സെമി-സ്‌കിൽഡ് ജോലികൾ ചെയ്യുന്നവരാണു പൊതുവെ ECR പാസ്പോർട്ടുള്ളവർ. ഇത്തരത്തിലുള്ള വ്യക്തികളെ അനധികൃതമായി മ റ്റു രാജ്യങ്ങളിലെത്തിച്ചു തൊഴിൽ ചൂഷണങ്ങൾക്കു വിധേയരാക്കാതിരിക്കാനാണു നമ്മുടെ സർക്കാർ ഇത്തരത്തിൽ എമിഗ്രേഷൻ ചെക്ക് ആവശ്യമാക്കി വച്ചിരിക്കുന്നത്.

ഇരട്ട പൗരത്വം

പല രാജ്യങ്ങളിലേയും പൗരന്മാർക്ക് ഒന്നിലധികം രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കാവുന്നതാണ്. ഇരട്ട പൗരത്വം അല്ലെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെ പാസ്പോർട്ടുകൾ കൈവശം വയ്ക്കുന്നതു സങ്കീർണമായ കാര്യമാണ്. എല്ലാ രാജ്യങ്ങളും ഇതിനനുവദിക്കില്ല. മാത്രമല്ല, പല രാജ്യങ്ങളുടേയും പൗരത്വം ലഭിക്കുന്നതിനു കർശനമായ നിബന്ധനകളുമുണ്ട്. ഇന്ത്യ അതിന്റെ പൗരന്മാരെ ഒരേ സമയം ഒന്നിലധികം പാസ്പോർട്ട് കൈവശം വയ്ക്കാൻ അനുവദിക്കുന്നില്ല. മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് നേടുന്ന ഏതൊരു ഇന്ത്യൻ പൗരനും അവരുടെ ഇന്ത്യൻ പാസ്പോർട്ട് തിരികെ സമർപ്പിക്കണമെന്നു നമ്മുടെ രാജ്യത്തെ നിയമം അനുശാസിക്കുന്നു. ഇതു പാലിച്ചില്ലെങ്കിൽ നിയമപരമായ നടപടികൾക്കു വഴിവയ്ക്കും.

വീസ എന്ന യാത്രാനുമതി

രാജ്യാന്തര യാത്രയ്ക്കു വേണ്ട മറ്റൊരു പ്രധാന യാത്രാനുമതി രേഖയാണു 'വീസ'. ഒരു വ്യക്തിക്കു മറ്റൊരു രാജ്യം നൽകുന്ന ഔദ്യോഗിക യാത്രാനുമതിയാണു 'വീസ'. ഏതെങ്കിലുമൊരു പ്രത്യേക ഉദ്ദേശത്തിനായി ഒരു നിശ്ചിത കാലയളവിലേക്കു കൃത്യമായ നിബന്ധനകളോടെ നൽകുന്നൊരു പെർമിറ്റാണിത്. അതാതു രാജ്യങ്ങൾ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ അതിനെ നിയമവിരുദ്ധമായി കണ്ടുകൊണ്ടു കടുത്ത നടപടികളിലേക്കു കടന്നേക്കാം.

പലരും വീസ എന്നതിനെ ജോലി ചെയ്യാനുള്ള പെർമിറ്റായി തെറ്റിദ്ധരിക്കാറുണ്ട്. ആളുകളുടെ ഇത്തരം അറിവില്ലായ്‌മ മുതലെടുത്താണു തട്ടിപ്പു സംഘങ്ങൾ പലരെയും കെണിയിലാക്കുന്നത്. ഇവിടെ നമ്മൾ മനസിലാക്കേണ്ട വസ്തുത വീസയും വർക്ക് പെർമിറ്റും രണ്ടും രണ്ടാണെന്നുള്ളതാണ്. യാത്രികരുടെ പൗരത്വം, സന്ദർശനോദ്ദേശം, താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവു തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചു വീസയ്ക്കാവശ്യമായ രേഖകൾ മാറിക്കൊണ്ടിരിക്കും. ഇതിൽ രാജ്യങ്ങൾ തമ്മിലും മാറ്റങ്ങളുണ്ടാകും.

ഇന്ത്യൻ സഞ്ചാരികൾക്കു വീസ ആവശ്യമില്ലാത്ത രാജ്യങ്ങളുണ്ട്.  US പോലുള്ള ചില രാജ്യങ്ങളുടെ സാധുവായ വീസ നിലവിലുണ്ടെങ്കിൽ വേഗത്തിൽ യാത്രാനുമതി നൽകുന്ന രാജ്യങ്ങളുമുണ്ട്.

ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ (IATA), ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പോലുള്ള വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇത്തരം കാര്യങ്ങൾ  വിശദമായി അറിയാം. എങ്കിലും യാത്രാ ക്രമീകരണം നടത്തുന്നതിനു മുൻപ് അതാത് എംബസികളുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ടതിനു ശേഷം പുതിയ വീസ നിയന്ത്രണങ്ങൾ, നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്.

വർക്ക് പെർമിറ്റ് എന്തിന്?

യാത്ര വീസയും തൊഴിൽ ചെയ്യാനുള്ള അനുമതിയും തമ്മിൽ വേർതിരിച്ചറിയേണ്ടതുണ്ട്. ചില രാജ്യങ്ങൾ ടൂറിസ്റ്റ്/താൽക്കാലിക വീസയിൽ എത്തുന്നവരെ തൊഴിലന്വേഷിക്കുന്നതിൽ നിന്നു തടയുന്നില്ല. പക്ഷേ, ആ രാജ്യങ്ങളിലെ കൃത്യമായ വർക്ക് പെർമിറ്റ് ഇല്ലാതെ അവിടെ ജോലി ചെയ്യുന്നതു കുറ്റകരമാണ്. ഇതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യക്കാർക്കു സന്ദർശന വീസ ആവശ്യമില്ലാത്ത രാജ്യങ്ങളാണെങ്കിലും ഇതു ബാധകമാണ്.

പല രാജ്യങ്ങൾക്കും അവരുടെ അതിർത്തിക്കുള്ളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി പ്രത്യേകം തൊഴിൽ വീസകളോ പെർമിറ്റുകളോ ഉണ്ട്. തൊഴിലുടമയുടെ സ്‌പോൺസർഷിപ്, അപേക്ഷകരുടെ യോഗ്യതകൾ, ഭാഷ പ്രാവീണ്യം എന്നിങ്ങനെ കർശന നിബന്ധനകളുണ്ട് ഇത്തരം വീസകൾ ലഭിക്കുന്നതിന്.

ഉദാഹരണത്തിന് യുഎസ്സിലെ H 1 B വീസ വിദഗ്ധരായ തൊഴിലാളികൾക്കുള്ളതാണ്. പ്രത്യേകിച്ചു ടെക് മേഖലയിൽ. പക്ഷേ, പ്രതിവർഷം നൽകുന്ന വീസകളുടെ എണ്ണത്തിനു പരിമിതികളുണ്ട്. കൂടാതെ അതിസങ്കീർണമായ നിയന്ത്രണങ്ങൾക്കു വിധേയവുമാണ്.

ചില രാജ്യങ്ങൾ തൊഴിലന്വേഷകർക്കായി പ്രത്യേകം ‘തൊഴിലന്വേഷക വീസ’കൾ കൊണ്ടുവന്നിട്ടുണ്ട്. വിദേശ പൗരന്മാർക്കു തങ്ങളുടെ രാജ്യത്തു താമസിച്ചു തൊഴിലന്വേഷണം സുഗമമാക്കുന്നതിനാണ് ഇത്. ഈ വീസയനുസരിച്ച് അവിടെ ഒരു പ്രത്യേക കാലയളവിൽ താമസിക്കാനും സജീവമായി ജോലി തേടാനും അനുമതിയുണ്ട്. വിജയിച്ചാൽ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം.

ജർമനിയിലെ ‘ഓപ്പർച്യൂണിറ്റി കാർഡ്’ ശ്രദ്ധേയമായ ഉദാഹരണമാണ്. ഇതു ജർമൻ തൊഴിൽ വിപണിയെക്കുറിച്ചു പര്യവേഷണം നടത്തുന്നതിനു വിദഗ്ധരായ പ്രഫഷനലുകൾക്ക് അവസരങ്ങൾ തുറന്നുതരുന്നു.

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്

വീസ, വർക്ക് പെർമിറ്റ് എന്നിവയെക്കുറിച്ചു വിദ്യാർഥികളും അറിഞ്ഞിരിക്കണം. പൊതുവെ വിദ്യാർഥി വീസകൾ മുഴുവൻ സമയ ജോലികൾക്കായി ഉദ്ദേശിച്ചുള്ളതല്ല. മിക്ക രാജ്യങ്ങളിലും പ്രത്യേക പെർമിറ്റില്ലാതെ തന്നെ വിദ്യാർഥിവീസയിലെത്തിയവർക്ക് ആഴ്ചയിൽ നിശ്ചിത സമയം എന്ന നിരക്കിൽ പാർട്ട്-ടൈം ജോലികൾ ചെയ്യാം. ഏതൊക്കെ ജോലികൾ ചെയ്യാമെന്നും എത്ര സമയം ചെയ്യാമെന്നതിനുമെല്ലാം നിയന്ത്രണങ്ങളുണ്ടാകും.

പഠനശേഷം പോസ്റ്റ്-സ്റ്റഡി വർക്ക് വീസ അഥവാ സ്റ്റേ-ബാക് സൗകര്യം മിക്ക രാജ്യങ്ങളും നൽകുന്നുണ്ട്. ഇതനുസരിച്ചു പഠനം പൂർത്തിയാക്കിയവർക്ക് ആ രാജ്യത്ത് ഒരു നിശ്ചിത കാലം താമസിക്കുന്നതിനും ജോലി തേടാനും സാധിക്കും.

ദീർഘകാല കരിയർ സാധ്യതകൾക്കും സ്ഥിരതാമസത്തിലേക്കുമുള്ള വിലപ്പെട്ട പാതയാണു സ്റ്റേ-ബാക്. അതിനാൽ വിദേശത്തു പഠിക്കാൻ തീരുമാനിക്കുമ്പോൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് സാധ്യതകൾ മനസിലാക്കണം.

പെർമനന്റ് റെസിഡൻസ്

വിദേശത്തു ജോലി ചെയ്യാനാഗ്രഹിക്കുന്ന തൊഴിലന്വേഷകരുടെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്നാണ് പോകാനാൻഗ്രഹിക്കുന്ന രാജ്യങ്ങളിൽ PR ലഭിക്കുകയെന്നത്.

പെർമനന്റ് റെസിഡൻസ് (PR) എന്നത് ഒരു രാജ്യത്തു ദീർഘകാലം താമസിക്കാനുള്ള അനുമതിയാണ്. ഈയവസരത്തിൽ നിങ്ങൾക്ക് അവിടെ തൊഴിൽ ചെയ്യാം. ഓരോ രാജ്യങ്ങളുടെയും PR സംബന്ധിച്ച നിയമങ്ങൾ വ്യത്യസ്തമാണ്.

നമ്മുടെ സ്വന്തം രാജ്യത്തു നിന്നുകൊണ്ടുതന്നെ PR നു വേണ്ടി അപേക്ഷിക്കാവുന്ന രാജ്യങ്ങളുണ്ട്. കാനഡ ഒരു ഉദാഹരണമാണ്. എന്നാൽ, മറ്റു ചിലയിടങ്ങളിൽ ഒരു നിശ്ചിത കാലം സ്‌കിൽഡ് വർക്കർ വീസയിൽ ഒരു നിശ്ചിത കാലയളവിൽ താമസിക്കണം. ഇതിനൊരുദാഹരണമാണ് UK യിലെ Indefinite Leave to Remain (ILR).

PR ലഭിച്ചവർക്കു മറ്റു താൽക്കാലിക താമസക്കാരെ അപേക്ഷിച്ചു വിവിധ സാമൂഹിക ആനുകൂല്യങ്ങൾ ലഭ്യമാകുന്ന തരത്തിൽ അനിശ്ചിതകാലത്തേക്ക് ആ രാജ്യത്തു താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇതു പൗരത്വത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്.

ഓരോ രാജ്യങ്ങളും PR നൽകുന്നത് അവരുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ചാണ്. നിയമങ്ങളും വ്യത്യസ്തമാണ്. കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസം, തൊഴിൽ പരിചയം, ഭാഷാ പ്രാവീണ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുന്ന പോയിന്റ് സിസ്റ്റം അടിസ്ഥാനപ്പെടുത്തിയാണ് PR ലഭിക്കുക.

ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് തൊഴിലുടമ സ്പോൺസർ ചെയ്യുന്ന വർക്ക് വീസയുള്ള സ്ഥലങ്ങളിൽ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്കു മാറാനുള്ള അവസരങ്ങൾ നിയന്ത്രിക്കപ്പെട്ടേക്കാം. പുതിയ ജോലി ഏറ്റെടുക്കുന്നതിനു മുൻപു നിലവിലെ തൊഴിലുടമയിൽ നിന്ന് NOC ആവശ്യമായി വന്നേക്കാം. തൊഴിലുടമ തൊഴിലാളിയുടെ പരിശീലനങ്ങൾക്കും മറ്റുമായി ചെലവഴിക്കേണ്ടിവന്ന തുകയുടെ നഷ്ടം പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചിലയവസരങ്ങളിൽ ഇതു പുതിയ അവസരങ്ങൾ തേടുന്നതിനു വെല്ലുവിളികളുണ്ടാക്കാറുണ്ട്. പോകുന്നതിനു മുൻപ് PR, സ്‌പോൺസർഷിപ് ഇവയെക്കുറിച്ച് വിശദമായി മനസിലാക്കുക.

അവശ്യരേഖകൾ കയ്യിലില്ലെങ്കിൽ

വിദേശത്തു തൊഴിലന്വേഷിക്കുന്നവർ ആതിഥേയരാജ്യങ്ങളിലെ വീസ, വർക്ക് പെർമിറ്റ്, താമസത്തിനുള്ള പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകും.

പിഴ: വീസ ലംഘനം, നിയമവിരുദ്ധ തൊഴിൽ അല്ലെങ്കിൽ അനുവദനീയമായ കാലയളവിനു ശേഷവും ആ രാജ്യത്തു തുടരുക, എല്ലാം വൻ തുക പിഴ ഈടാക്കാനുള്ള കാരണമാകാം.

അറസ്റ്റ്/പ്രോസിക്യൂഷൻ: സാധുവായ പെർമിറ്റില്ലാതെ ജോലി ചെയ്യുകയോ വ്യാജ രേഖകൾ ഉപയോഗിക്കുകയോ പോലെയുള്ള കൂടുതൽ ഗുരുതരമായ ലംഘനങ്ങൾ ആ രാജ്യത്തെ നിയമപ്രകാരം അറസ്റ്റിലേക്കും പ്രോസിക്യൂഷനിലേക്കും നയിച്ചേക്കാം.

ജയിൽ ശിക്ഷ: വ്യാജ രേഖകൾ ചമക്കുകയോ, ആവർത്തിച്ചുള്ള നിയമലംഘനങ്ങളിൽ ഉൾപ്പെടുകയോ ചെയ്യുന്ന കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരാം.

നാടുകടത്തൽ: കുടിയേറ്റ ലംഘനങ്ങളുടെ പേരിൽ സാധാരണയായി കേട്ടുവരുന്ന ഒന്നാണു നാടുകടത്തൽ. വ്യക്തികളെ ഒരു രാജ്യത്തു നിന്നും നിർബന്ധിതമായി നീക്കം ചെയ്യുകയും ഒരു നിശ്ചിത കാലയളവിലേക്കോ സ്ഥിരമായോ മടങ്ങി വരുന്നതിൽ നിന്നും വിലക്കുകയും ചെയ്യാം. US ൽ ഈയടുത്ത കാലത്ത് ഇന്ത്യക്കാരെ ഈ വിധത്തിൽ ഒഴിപ്പിച്ചിരുന്നു.

ഇത്തരം ചരിത്രമുള്ള വ്യക്തികൾക്കു ഭാവിയിൽ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം പോലും അ സാധ്യമാകും. ഇത്തരം നിയമ ലംഘനങ്ങൾ ചെയ്തവരുടെ ഭാവിയിലെ തൊഴിൽ സാധ്യതകൾക്കുകൂടി മങ്ങലേൽക്കാം. ഇതു ഗൗരവമേറിയ ഒരു കുറ്റമായാണ് കണ്ടുവരുന്നത്. ചില ഉദാഹരണങ്ങൾ...

യുണൈറ്റസ് സ്റ്റേറ്റ്സ്: ടെക് മേഖലയിൽ ധാരാളം അവസരങ്ങളുളള രാജ്യമാണ് US . എങ്കിലും സമീപ വർഷങ്ങളിൽ എച്ച്- 1 B വീസ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കും പരിമിതികൾക്കും വിധേയമായിട്ടുണ്ട്. വീസ നിബന്ധനകളുടെ ലംഘനം നാടുകടത്തലിനും ഭാവിയിൽ അവിടേക്കുള്ള പ്രവേശനം തടയുന്നതിനും ഇടയാക്കും. ഇതു മറ്റു രാജ്യങ്ങളിലേക്കുള്ള എൻട്രിയും തടസപ്പെടുത്തിയേക്കാം.

യുണൈറ്റഡ് കിങ്ഡം: ബ്രെക്സിറ്റിനു ശേഷം യുകെയുടെ ഇമിഗ്രേഷൻ സമ്പ്രദായം കാര്യമായ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വ്യക്തികൾക്കു പിഴ, തടങ്കൽ, നാടുകടത്തൽ എന്നിവ നേരിടേണ്ടിവരും.

ജർമനി: വർക്ക് പെർമിറ്റുകൾ നൽകുന്നതിൽ ജർമനിക്കു കഠിനമായ നിയന്ത്രണങ്ങളുണ്ട്. ശരിയായ ഡോക്യുമെന്റേഷനില്ലാതെ ജോലി ചെയ്യുന്നതു കനത്ത പിഴ ഈടാക്കുന്നതിലേക്കും നാടുകടത്തലിലേക്കും നയിക്കും.

ഓസ്ട്രേലിയ: ഓസ്‌ട്രേലിയയുടെ ഇമിഗ്രേഷൻ സംവിധാനം പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കൂടാതെ സ്‌കിൽഡ് മൈഗ്രേഷനാണ് അവർ പ്രാധാന്യം നൽകുന്നത്. വീസ തട്ടിപ്പു നടത്തുന്നതു വീസ റദ്ദാക്കലിനും ക്രിമിനൽ കുറ്റം ചുമത്തുന്നതിനും കാരണമാകും.

കാനഡ: കാനഡയുടേതും ഓസ്‌ട്രേലിയ പോലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ്. മറ്റു രാജ്യങ്ങളിലെ പോലെ തന്നെ നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്നതു നാടുകടത്തലിലേക്കും ഭാവിയിൽ വിലക്കുകൾക്കും കാരണമാകും.

കടപ്പാട്: ‍ഡോ. മുരളി തുമ്മാരുകുടി, നീരജ ജാനകി

Understanding Essential Travel Documents:

International travel requires a good understanding of passport, visa, and work permit. Understanding required documents and immigration rules are crucial for Indian professionals pursuing global careers.

ADVERTISEMENT