‘സാഹസിക യാത്രകളിൽ ഫിറ്റ്‌നസ് പ്രധാനം; കാലാവസ്ഥ പ്രതികൂലമായാൽ യാത്രകള്‍ സംഘര്‍ഷമയമാകാം’: ജോളി ചെറിയാൻ
 
Mail This Article
ചെറുപ്പം മുതലേയുള്ള കമ്പമായിരുന്നു കോഴിക്കോട് തിരുവമ്പാടി സ്വദേശി ജോളി ചെറിയാനു സഞ്ചാരം. ബികോം ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യയില്‍ ഒരു വ ര്‍ഷം ഇന്റേണ്‍ഷിപ്പ് ചെയ്തു. പിന്നീട് ജെറ്റ് എയര്‍വേയ്‌സില്‍ കസ്റ്റമര്‍ സര്‍വീസിലും സെക്യൂരിറ്റി സര്‍വീസിലുമായി 19 വര്‍ഷത്തോളം ജോലി ചെയ്തു.
2019-ല്‍ ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു മുൻപു തന്നെ, ജോളി ട്രെക്കിങ് തുടങ്ങിയിരുന്നു. ഇതിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാര്‍ഗോ സര്‍വീസിലും അമേരിക്കയിലെ മയാമി ആസ്ഥാനമായ ഡിസ്‌നി എന്ന കപ്പലിലും ജോലി ചെയ്തു. ഇപ്പോള്‍ നെടുമ്പാശേരി സിയാല്‍ എയര്‍പോര്‍ട്ട് അ ക്കാദമിയില്‍ ഏവിയേഷന്‍ അധ്യാപികയാണ്.
അഡ്വഞ്ചര്‍ ട്രാവൽ ആണ് ജോളിയുടെ പ്രധാന മേഖ ല. ട്രെക്കിങ്, റോക്ക് ക്ലൈംബിങ്, റാഫ്റ്റിങ്, കയാക്കിങ്, പാരാസെയിലിങ് എന്നിവ. ഒപ്പം യാത്രാപ്രേമികള്‍ക്കായി സംഘമായുള്ള ട്രെക്കിങ്ങുകള്‍ക്കും നേതൃത്വം നല്‍കുന്നു. സ്ത്രീകള്‍ക്കു മാത്രമായുള്ള ഗ്രൂപ്പ് ട്രെക്കിങ്ങും നടത്തി.
പ്രകൃതി സംരക്ഷണവും വനശൂചീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഗാര്‍ഡ്‌സ് ഇനിഷ്യേറ്റീവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണു ജോളി യാത്രകളില്‍ സജീവമാകുന്നത്. സാഹസികയാത്രകള്‍ മുൻപേ തന്നെ ഇഷ്ടമായിരുന്നു. 2017-ല്‍ കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മതികെട്ടാന്‍മലയിലേക്കു പോയ വനിതാസംഘത്തിന്റെ ഭാഗമായതാണു തുടക്കം. അന്നു കൂടെയുണ്ടായിരുന്നവരുടെ സൗഹൃദം പിന്നീടു തുടര്‍ന്നു. അതിലുള്ള സുഹൃത്തുക്കളുമായി ചേര്‍ന്നു പിന്നീടു കുറേ യാത്രകള്‍ നടത്തി.
അഡ്വഞ്ചര്‍ ട്രാവലിനായി സില്‍വര്‍സ്ട്രീം അഡ്വഞ്ചര്‍ എന്ന കമ്പനിയുണ്ടാക്കി. സോഷ്യല്‍ മീഡിയയിലൂടെ ത ന്നെയാണ് ആളുകള്‍ ബന്ധപ്പെടുന്നതും യാത്രകള്‍ക്കു പോകുന്നതും. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സാഹസികയാത്രകളുമായി ജോളി എത്തിയിട്ടുണ്ട്.
കൊല്ലത്തെ തെന്മല, വരയാട്‌മൊട്ട, ഇടുക്കിയിലെ മതികെട്ടാന്‍മല, മലമണ്ട, പാമ്പാടുംചോല, കോട്ടയത്തെ മുണ്ടക്കയം, അടുത്തുള്ള ഉപ്പുക്കുളം, തൃശൂരിലെ മൂടല്‍മല, കാരന്തോട്, കോഴിക്കോട് വയലട, പുതുപ്പാടി, വയനാട് ബ്രഹ്‌മഗിരി, ചിറപ്പുല്ല്, ചെമ്പ്ര, കാസര്‍കോട് റാണിപുരം അങ്ങനെ. കേരളത്തിനു പുറത്തു കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലുമൊക്കെയുള്ള സാഹസികയാത്രകള്‍ക്കൊടുവില്‍ എവറസ്റ്റ് ബേസ് ക്യാംപിലും എത്തി.
അലംഗ്-മദന്‍-കുലംഗ് ട്രെക്കിങ്
‘‘ മഹാരാഷ്ട്രയിലെ സഹ്യാദ്രി മേഖലയിലുള്ള എഎംകെ എന്നറിയപ്പെടുന്ന അലംഗ്-മദന്‍-കുലംഗ് ട്രെക്കിങ് ആണ് ഇതുവരെ പോയതിൽ ഏറ്റവും സാഹസികം എന്നു വിശേഷിപ്പിക്കാവുന്നത്.
സാഹസികസഞ്ചാരികളെ സംബന്ധിച്ചിടത്തോളം, റോക്ക് ക്ലൈംബിങ്ങും റാപ്പെലിങ്ങും ഉള്ള ഇന്ത്യയിലെ ഏറ്റവും ദുര്‍ഘടം പിടിച്ച യാത്രകളിലൊന്നാണിത്. താഴേക്ക് റോപ്പില്‍ ഊര്‍ന്നു വേണം വരാന്‍. അതുപോലെ തന്നെയാണ് അവിടത്തെ ഹരിഹര്‍ ഫോര്‍ട്ടും ജിവ്ധാന്‍ ഫോര്‍ട്ടും. ജീവ്ധാനില്‍ കേബിള്‍ ലൈനിലൂടെ സഞ്ചരിക്കുന്ന സിപ് ലൈൻ യാത്രയുണ്ട്. സാഹസിക യാത്രകളിൽ ഫിറ്റ്‌നസ് പ്രധാനഘടകമാണ്. എല്ലാമുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ യാത്രകള്‍ സംഘര്‍ഷമയമാകാം.’’ ജോളി സഞ്ചാരപ്രേമികളെ ഓര്‍മിപ്പിക്കുന്നു.
സ്‌കൂബാ ഡൈവിങ്ങും മാരത്തൺ ഓട്ടവുമാണു ജോളിയുടെ മറ്റ് ഇഷ്ടമേഖലകൾ. നെടുമ്പാശേരി എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ടി. പി. ഷാജുവാണു ഭര്‍ത്താവ്. മക്കള്‍ ലിയോയും പയസും.
 
 
 
 
 
 
 
