‘പലരും കളിയാക്കി, ഡ്രൈവർ ഇല്ലാതെ ഒരു ഇന്നോവ പോകുന്നതു കണ്ടെന്ന്’: ഓഫ്റോഡ് കീഴടക്കിയ കഥയുമായി ദൃശ്യ ടി. ഉണ്ണികൃഷ്ണൻ

ആത്മവിശ്വാസം തന്ന വഴികൾ : ദൃശ്യ ടി. ഉണ്ണികൃഷ്ണൻ
തീരെ ചെറുപ്പത്തിലേ യാത്രകൾ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കാർ യാത്രകൾ. എനിക്കു രണ്ടു ചേട്ടന്മാരാണ്. ജിജിനും സനലും. രണ്ടുപേർക്കും വണ്ടികളോടു പ്രത്യേക താല്‍പര്യമുണ്ട്. അവർ വണ്ടി ഓടിക്കുന്നതും വാഹനങ്ങളെക്കുറിച്ചു സംസാരിക്കുന്നതും കണ്ടാണു ഞാനും വളർന്നത്. അങ്ങനെ വലിയ വാഹനങ്ങളോട് എനിക്കും താല്‍പര്യമായി. അതുകൊണ്ടാണു പതിെനട്ടു വയസ്സു തികഞ്ഞ ദിവസം തന്നെ ലൈസൻസിനു അപേക്ഷിച്ചത്. ’’ ട്രാക്കുകൾ കീഴടക്കിയ കഥ ദൃശ്യ പറഞ്ഞുതുടങ്ങി.
‘‘മാരുതി 800 ഓടിച്ചു പഠിച്ചാണ് ലൈസൻസ് എടുത്തത്. അന്നു വീട്ടിൽ ഇന്നോവയുണ്ട്. എനിക്കു പക്ഷേ, അത് ഓടിക്കാനുള്ള ധൈര്യമില്ലായിരുന്നു. അതിനു കാരണം എന്റെ ഉയരക്കുറവായിരുന്നു. സത്യം പറഞ്ഞാൽ സീറ്റിൽ കയറിയിരുന്നാൽ പിന്നെ, സ്റ്റിയറിങ് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു.
ചേട്ടന്മാർ എന്നെ വിട്ടില്ല. അവർ ഇന്നോവ ഓടിക്കാൻ നിർബന്ധിച്ചു. പക്ഷേ, പരാജയപ്പെട്ടു. ആയിടയ്ക്കു ചേട്ടന്മാർ രണ്ടുപേരും വിദേശത്തു ജോലിക്കുപോയി. അപ്പോൾ വീട്ടിലെ ആവശ്യങ്ങൾക്ക് ഇന്നോവ ഓടിക്കാതിരിക്കാൻ കഴിതെയായി. അച്ഛനും അമ്മയും കട്ടയ്ക്കു കൂടെ നിന്നു. അങ്ങനെ അച്ഛൻ തന്ന വിശ്വാസത്തിന്റെ ബലത്തി ൽ ഇന്നോവ മെല്ലെ റോഡിലിറക്കി.
അതൊരു തുടക്കമായിരുന്നു. പിന്നെ, പത്തനംതിട്ട നിന്നു തൃശൂരിലേക്ക് ആദ്യ ദീർഘദൂര യാത്ര. ഇന്നോവ ഓടിച്ചു പോയപ്പോൾ പലരും പറഞ്ഞു.‘ഡ്രൈവർ ഇല്ലാതെ ഒരു ഇന്നോവ പോകുന്നതു കണ്ടെന്ന്. അങ്ങനെ ‘കണ്ടവരെ’ കുറ്റം പറയാൻ പറ്റില്ല. കാരണം, വണ്ടിയിൽ കയറിയിരുന്നാ ൽ എന്നെ കാണാൻ പറ്റില്ല. വണ്ടി പോകുന്നതു മാത്രമേ കാണാൻ പറ്റു.’’
കല്യാണപ്പെണ്ണിന്റെ വരവ്
‘‘കുട്ടിക്കാലത്തു പലരും പല സ്വപ്നങ്ങളാണു കാണുന്നത്. എന്റെ സ്വപ്നങ്ങൾ വളരെ വിചിത്രമായിരുന്നു. നിറയെ വാഹനങ്ങൾ കിടക്കുന്ന കാർ പോർച്ചായിരുന്നു എന്റെ സ്വപ്നവും ആഗ്രഹവും. കല്യാണസമയത്തു ഞാൻ എന്റെ ഒരു സ്വപ്നത്തിലേക്കു കാലെടുത്തു വച്ചു. അന്ന് 2020 ഥാർ ലോഞ്ചിന്റെ സമയമായിരുന്നു. അങ്ങനെ ആ വണ്ടിയുടെ ‘ഫസ്റ്റ് ലേഡി ഓണർ’ പദവി സ്വന്തമാക്കി. എന്നു മാത്രമല്ല കല്യാണ ദിവസം കല്യാണസാരിയിൽ ഞാൻ ഒറ്റയ്ക്കാണ് വണ്ടിയോടിച്ചു കല്യാണമണ്ഡപത്തിൽ എത്തിയത്. ക ല്യാണത്തിനു വന്നവർക്കെല്ലാം അതു കൗതുകക്കാഴ്ചയായിരുന്നു. മാത്രമല്ല ആ വിഡിയോ വൈറൽ ആയി.
ഡ്രൈവിങ്ങിനോടുള്ള താല്‍പര്യം കൊണ്ടുമാത്രമാണ് ഓഫ് റോഡിലേക്കു വന്നത്. പിന്നെ എന്നെ ഉയരക്കുറവിന്റെ പേരിൽ കളിയാക്കിയവർക്കുള്ള മറുപടിയാണിതെന്ന് എനിക്കു തന്നെ തോന്നി. പെൺകുട്ടികൾ ഓഫ് റോഡ് വേദികളിലേക്കു വരുന്ന സമയമായിരുന്നു അത്. അതുകൊണ്ടാകും പല ഓഫ്റോഡ് ക്ലബുകളും സമീപിച്ചു.
ഡ്രൈവിങ്ങിന്റെ കാര്യത്തിൽ എന്നപോലെ ആദ്യം എ നിക്ക് ഇതിലും ആദ്യം ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. പിന്നീട് എനിക്കു തന്നെയൊരു ധൈര്യം തോന്നി. അങ്ങനെ AT ROVERS എന്ന ഓഫ് റോഡ് ക്ലബിൽ അംഗമായി. വണ്ടി ഓടിക്കുന്ന ആളിന്റെയും വണ്ടിയുടെയും സുരക്ഷിതത്വം ഓഫ്ഡ്രൈവിൽ പ്രധാനമാണ്. അതിനുള്ള പരിശീലനം തന്നതു ക്ലബാണ്. സോഷ്യൽ മീഡിയയിൽ സജീവമാണു ഞാൻ. അധ്യാപികയായി മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഫ്രീലാൻസ് ബ്രൈഡൽ മേക്കപ് ആർട്ടിസ്റ്റ് ആയും ജോലി ചെയ്യുന്നുണ്ട്. Cupower Technologies Pvt. Ltd. എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമാണ്.
സാധ്യമായ ഓഫ് ഡ്രൈവ് ട്രാക്കുകളിൽ എല്ലാം വണ്ടിയോടിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് ആണുങ്ങൾ മാത്രം കയ്യടക്കി വച്ചിരുന്നയിടങ്ങളായിരുന്നു ഇതൊക്കെ. ആ ട്രാക്കുകളിലൂടെ വണ്ടിയോടിക്കുമ്പോൾ എന്നും അഭിമാനം.

ഇതുവരെ ചെയ്ത ഓഫ്റോഡ് യാത്രകളിൽ ഏറ്റവും ഇഷ്ടം തോന്നിയതു ലഹരിക്കെതിരായ പ്രചാരണവുമായി കഴിഞ്ഞ മേയ് മാസത്തിൽ 15 സംസ്ഥാനങ്ങളിലൂടെ പതിനായിരം കിലോമീറ്റർ യാത്ര ചെയ്ത ‘ബിയോണ്ട് ദ് മാപ്’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു. ആ 10,000 കിലോമീറ്റർ യാത്രയിൽ പങ്കെടുത്ത അപൂർവം വനിതകളിൽ ഒരാളായിരുന്നു ഞാൻ.
അച്ഛൻ ഉണ്ണികൃഷ്ണന് ബിസിനസാണ്. അമ്മ സുലോചന ടെക്നോളജിരംഗത്ത്. ബിസിനസുകാരനായ സുജിത്താണ് ജീവിതപങ്കാളി. അദ്ദേഹം തരുന്ന സപ്പോർട്ടാണ് എല്ലാത്തിനുമുപരി പറയേണ്ടത്. ഒട്ടുമിക്ക യാത്രകളിലും അദ്ദേഹം എന്നോടൊപ്പം ഉണ്ടാവും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരത്ത് വള്ളക്കടവ് ഹാജി സിഎച്ച്എംകെഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.
എത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഓഫ്റോഡ് ട്രാക്കിലൂടെ നിയമങ്ങൾ പാലിച്ചുകൊണ്ടു വണ്ടിയോടിക്കുക എന്നതാണല്ലോ ഓഫ്റോഡ് മത്സരത്തിന്റെ നിയമം. ഓരോട്രാക്ക് കീഴടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട്. ഒരു കൊടുമുടി കീഴടക്കിയ അതേ സന്തോഷം. അങ്ങനെ കഠിനമായ മലയിടുക്കുകളും കാടുകളും പാറക്കെട്ടുകളും നിറഞ്ഞ വഴികളും പിന്നിട്ടു ഞങ്ങളുടെ ജീവിതയാത്ര മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു.’’