‘നിറ’ത്തിലെ എബിയേയും സോനയേയും വെല്ലുന്ന ലൗ സ്‌റ്റോറിയാണ് കോഴിക്കോട് സ്വദേശികളായ റിനുവിന്റെയും നജുവിന്റെയും. ഓർക്കുന്നില്ലേ? പ്രാങ്ക് കോളിലൂടെ ബെസ്റ്റ് ഫ്രണ്ടിനോടു പ്രണയം പറഞ്ഞ ആ ചെറുപ്പക്കാരനെ?
കടപ്പുറത്ത് കാറ്റും കൊണ്ടിരിക്കുകയാണ് കഥാനായകൻ റിനു ഒസ്സ. ഒരു ഓൺലൈൻ മീഡിയ പ്രതിനിധി അയാളോട് ബെസ്റ്റ് ഫ്രണ്ടിനെ വിളിച്ചു പ്രൊപോസൽ പ്രാങ്ക് നൽകാൻ പറയുന്നു. പയ്യൻസ് രണ്ടും കല്പിച്ചു കൂട്ടുകാരിയെ വിളിച്ചു സംഗതി അവതരിപ്പിച്ചു. പെൺകുട്ടിയാട്ടെ, ചെക്കനേയും നാട്ടുകാരെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് ലൈവായി യെസ് പറയുന്നു. പക്ഷേ, പിന്നെ എന്താണു സംഭവിച്ചതെന്ന് ആർക്കും വലിയ ധാരണയുണ്ടായില്ല.
ശരിക്കും കല്ല്യാണം കഴിച്ചോ?
നജു: സത്യായും ഞമ്മള് കല്ല്യാണം കഴ്ച്ചൂന്നു വിശ്വസിക്കാൻ പറ്റണില്ല.
റിനു: ഓള് ഇടയ്ക്കിടെ ചോദിക്കും ശരിക്കും ഞമ്മടെ നിക്കാഹ് കഴിഞ്ഞാന്ന്. ഒൻപതു വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഗേൾ ബെസ്റ്റ് ഫ്രണ്ട് എന്നു പറയാൻ എനിക്ക് ഓള് മാത്രമേയുള്ളൂ. അതുകൊണ്ടാണ് അന്ന് പ്രാങ്ക് ചെയ്യാൻ പറഞ്ഞപ്പോഴും ഞാൻ ഓളെത്തന്നെ വിളിച്ചത്. ഞാൻ പ്രതീക്ഷിച്ചതു പറയും എന്നാണ്. പക്ഷേ ഓൾടെ റിപ്ലൈയിൽ എന്റെ കിളി പോയ്.
നജു: ആദ്യം തമാശയാണെന്നാണ് വിചാരിച്ചേ. കാരണം അത്തരത്തിലൊരു സംസാരമോ നോട്ടമോ ഒന്നും രണ്ടാൾടേം ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പിന്നെയാണ് മനസ്സിലായെ സംഗതി ശരിക്കും പറഞ്ഞതാണെന്ന്.
വിെണ്ണെത്താണ്ടി വരുവായ ഇഫക്ട്
റിനു: പ്രൊപോസ് ചെയ്തതിനുശേഷം കാണുന്നത് അടുത്ത ദിവസം. നജു ഓഫീസിൽ നിന്നിറങ്ങി വരുന്നത്. (റിനുവിന്റെ സംസാരത്തിൽ ഒരു ‘വിണ്ണൈത്താണ്ടി വരുവായ’ ഇഫക്ട്). എന്നും ഓടി വന്ന് ബൈക്കിൽ കേറുന്ന പെണ്ണാണ്. അന്ന് സ്ലോ മോഷനിലായിരുന്നു നടപ്പ്. ഈ മുഖത്ത് അന്നാദ്യമായി ഞാൻ നാണം കണ്ടു.
നജു: അത്രേം ദിവസം ഓൻ എന്റെ ബെസ്റ്റി മാത്രമായിരുന്നല്ലോ. പെട്ടെന്നല്ലേ മാറിയെ?
കൂട്ടുകാരി കൂട്ടായി വന്നപ്പോൾ
റിനു: എന്റെയൊരു സുഹൃത്തിന്റെ കല്ല്യാണത്തിനാണ് നജുവിനെ ആദ്യമായി കാണുന്നത്. കൂട്ടായ കാലം മുതൽ എന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് ഓളാണ്. സിനിമയിലൊക്കെ കാണുന്നതു പോലെ എന്റെ ടോൺ അനുസരിച്ച് എന്താണു മനസ്സിലെന്നു കണ്ടുപിടിക്കാൻ ഓൾക്ക് പ്രത്യേക കഴിവാണ്‌ട്ടോ. എനിക്കു ബാങ്ക് അക്കൗണ്ട് ഇല്ല. ഓളാണെന്റെ വേൾഡ് ബാങ്ക്.
നജു: ഫ്രണ്ട് ആയിരുന്നപ്പോള്‍ മുതൽ റിനുവിൽ ഏറെ ഇഷ്ടമായത്ഓൻ തരുന്ന ബഹുമാനവും കെയറിങ്ങുമാണ്. പങ്കാളിക്ക് അങ്ങനെ ആകണം എന്ന് എല്ലാവരും ആഗ്രഹിക്കുമല്ലോ.
റിനു: പ്രാങ്ക് വിഡിയോ വൈറലായതോടെ സംഗതി രണ്ടു വീടുകളിലും അറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഒരുമിച്ചുള്ളൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് ‘ ഞങ്ങൾ സെറ്റായി’ എന്നൊരു പോസ്റ്റ് അങ്ങിട്ടു. പിന്നെ ആർക്കും മുടക്കുപറയാൻ പറ്റില്ലല്ലോ. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ്. ഞാൻ വ്ലോഗിങ്ങുമായി കറങ്ങി നടക്കുന്നു. നജു ജോലിക്കുപോയി കുടുംബം പോറ്റുന്നു. ചിലർക്കെങ്കിലും അതെങ്ങനെ ശരിയാകും എന്നു തോന്നിയേക്കാം. പക്ഷേ ഞങ്ങൾ ഹാപ്പിയാണ്.