‘2 സ്‌റ്റേറ്റ്സ്’ വായിക്കുമ്പോൾ ഞാൻ കരുതിയില്ല എന്റെ ജീവിതത്തിലും അങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന്: അമൃത A Real-Life Two States Love Story
Mail This Article
ചേതൻ ഭഗത്തിന്റെ ‘2 സ്‌റ്റേറ്റ്സ്’ വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല എന്റെ ജീവിതവും ഏറെക്കുറെ അങ്ങനെയാകുമെന്ന്. ബെംഗളൂരു കോഗ്‌നിസന്റിൽ പ്രോഗ്രാമർ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന കാലം. ഓഫിസ് വരാന്തയിൽവച്ചാണ് ആദ്യമായി ജയ്‌യെ കാണുന്നത്. ‘ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്നൊരു തോന്നൽ പെട്ടെന്ന് ഉള്ളിൽ മിന്നി. പിന്നീടാണ് ഗുജറാത്തുകാരൻ ജയ് സോണിയെ ഔദ്യോഗികമായി പരിചയപ്പെടുന്നത്. ഒരു വൺ ഡേ പിക്നിക്ക് ഞങ്ങളെ സുഹൃത്തുക്കളാക്കി. മെല്ലെ മെല്ലെ ജയ് എന്റെ സന്തോഷനിമിഷങ്ങളുടെ പേരായി മാറി.’’ എറണാകുളം സ്വദേശി അമൃത പറയുന്നു.
തിരുപ്പതിയിലൊരു കൂടിക്കാഴ്ച
‘‘സുഹൃത്ത് എന്ന ലേബലിൽ ഇരുവീടുകളിലും ഞങ്ങള്‍ സുപരിചിതരാണ്. എന്നാൽ, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോഴേ കേരളവും ഗുജറാത്തും എങ്ങനെ ഒരുമിപ്പിക്കുമെന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മാസ്‌റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലേക്കു പോകുന്നതിനു മുൻപ് ജയ് അദ്ദേഹത്തിന്റെ അമ്മയോടു കാര്യം അവതരിപ്പിച്ചു. ‘എനിക്കിത് അപ്പോഴേ തോന്നിയിരുന്നു’ എന്നായിരുന്നു അമ്മയുടെ മറുപടി.
ഒരു വർഷത്തിനുള്ളിൽ ഞാനും ബോസ്റ്റണിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്സിറ്റിയിൽ മാസ്‍റ്റേഴ്സിനു ചേർന്നു. യാത്രയ്ക്കു മുൻപ് എന്നെയും കുടുംബത്തേയും നേരിൽ കാണണം എന്ന് ജയ്‌യുടെ അമ്മ പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയ്ക്ക് അല്പം ദൈവീകത വേണമല്ലോ. അങ്ങനെ തിരുപ്പതിയിൽ വച്ച് എന്റേയും ജയ്‌യുടേയും കുടുംബങ്ങൾ പരസ്പരം കണ്ടു.
എന്റെ വീട്ടിൽ അമ്മയ്ക്കു ഞങ്ങളുടെ ബന്ധം അറിയാമെങ്കിലും അച്ഛന് അവർ എന്റെ ഏതോ ഒരു സുഹൃത്തിന്റെ കുടുംബം മാത്രമായിരുന്നു. ഞാൻ യുഎസിൽ എത്തിയ ശേഷമാണ് അച്ഛൻ അറിയുന്നത്. ആദ്യം ടെൻഷനായെങ്കിലും ജയ്‌യുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ എല്ലാം ഓക്കെ. ’’
മധുരപലഹാരങ്ങളും പാലടപ്രഥമനും
‘‘കേരളത്തിന്റെ പച്ചപ്പ്, സദ്യ, പാലടപ്രഥമൻ എന്നിങ്ങനെ നീളുന്നു ജയ്‌യുടെ ഇഷ്ടങ്ങൾ. ഗുജറാത്തി മധുരങ്ങളും ആതിഥ്യമര്യാദയും എനിക്കേറെ ഇഷ്ടമാണ്. നിറപറയും മുല്ലപ്പൂവും പട്ടുപുടവയുമൊക്കെയുള്ള കല്ല്യാണമായിരുന്നു എന്റെയുള്ളിൽ. ഒടുവിൽ നടന്നതോ, ഗംഭീര ഗുജറാത്തി കല്യാണം. കോവിഡ് സമയമായതിനാൽ ജയ്‌യുടെ ബന്ധുക്കൾക്കു കൊച്ചിയിലേക്കു വരിക പ്രയാസമായിരുന്നു. ഞങ്ങളുടെ സംഘം ചത്തീസ്ഗഡിേലക്കു ഫ്ലൈറ്റ് പിടിച്ചു. അഞ്ചു വർഷത്തെ പ്രണയകാലം കടന്നു ചത്തീസ്ഗഡിൽ വച്ചു ഞങ്ങൾ വിവാഹിതരായി.
അപ്പോഴും എന്റെ മനസ്സിൽ നിന്നു പട്ടു സാരി പോയില്ലായിരുന്നു കേട്ടോ. വിവാഹശേഷം ജയ്‍യുടെ കുടുംബവുമൊത്തു കൊച്ചിയിൽ റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. കേരള മുണ്ടും ജൂബയുമിട്ടു ഭയങ്കര ഹാൻഡ്സം ലുക്കിൽ ജയ് എത്തി. ആഗ്രഹിച്ചതുപോലെ ഞാൻ പട്ടുസാരിയണിഞ്ഞു. ജയ്‌യുടെ ബന്ധുക്കളും സാരിയും മുണ്ടുമൊക്കെ അണിഞ്ഞാണ് വേദിയിലെത്തിയത്.
വിവാഹം കഴിഞ്ഞു നാലു വർഷമായി. കലിഫോർണിയയിൽ സോറ്റ്‌വെയർ എൻജിനീയർമാരാണ് രണ്ടുപേരും. ഗുജറാത്തിലെയും കേരളത്തിലെയും പരമ്പരാഗത ആഘോഷങ്ങളിലെല്ലാം ഞങ്ങൾ രണ്ടുപേരും പങ്കുചേരും. കണ്ടന്റ് ക്രിയേഷൻ എന്ന എന്റെ പാഷന് പിന്നിൽ എല്ലാ എഫർട്ടും ഇട്ടു നിൽക്കുന്നത് ജയ്‌യാണ്.
എന്റെ വളർച്ചയ്ക്കു തുണയായി നിൽക്കുന്ന, എന്റെ കുഞ്ഞു കുഞ്ഞു വിജയങ്ങൾ പോലും ആഘോഷിക്കുന്ന നല്ലൊരു സുഹൃത്താണു ജയ്.’’
