ഇങ്ങനെയും ചില കോഴ്സുകൾ: എൻജിനീയറിങ്ങ്, മെഡിസിന്, സി.എ. എന്നിവയ്ക്കൊപ്പം നമുക്ക് അത്ര പരിചിതമല്ലാത്ത പുതിയ കോഴ്സുക്കുറിച്ചറിയാം... Rare Career Choices Based On Your Taste
Mail This Article
മാറി വരുന്ന ലോകത്തിനൊപ്പം ആവശ്യങ്ങളും ആഗ്രഹങ്ങളുമൊക്കെ മാറി മറിയുന്നു. അതിനനുസരിച്ച് പഠന വിഷയങ്ങളിലും ജോലിക്കാര്യത്തിലും മാറ്റം വരുന്നു. തൊഴിൽ മേഖലകളിലേക്ക് പരിസ്ഥിതിയും മനുഷ്യരുടേയും മൃഗങ്ങളുടേയും മാനസികാരോഗ്യവും ഒക്കെ കടന്നു വരുന്നുണ്ട്. പുതിയ തലമുറക്കാർക്ക് തങ്ങൾക്കിഷ്ടമുള്ള മേഖലലും അതിൽ തന്നെ ഇന്ന ഏരിയയും ഒക്കെ ഫോക്കസ് ചെയ്തു പഠിക്കാം. പുതിയ കോഴ്സുകളെ കുറിച്ചും അവ പഠിക്കാനുള്ള മികച്ച ഇടങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നുമൊക്കെ അറിഞ്ഞിരിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും.
∙ എ.ഐ. എത്തിക്സ് കൺസൾട്ടന്റ്
മനുഷ്യർ ഇടപഴകുന്ന സകലയിടത്തേക്കും എ.ഐയും എത്തിക്കൊണ്ടിരുക്കുന്നു. എ.ഐയുടെ സാധ്യതകൾ നമ്മെ പല രീതിയിൽ മുന്നേറാൻ സാഹായിക്കുമ്പോൾ തന്നെ അതുയർത്തുന്ന നീതി-ന്യായ പ്രശ്നങ്ങളെ പറ്റിയുള്ള ആകുലതകളും ഒപ്പമുണ്ട്. എവിടം വരെയാണ് പരിധി, എന്തോക്കെയാണ് പകർപ്പുകൾ എന്തൊക്കെയാണ് ‘കട്ട മുതലുകൾ’ തുടങ്ങി പല തർക്കങ്ങളും നിലവിലുണ്ട്. അവ ഇനിയും വർദ്ധിച്ചു വരികയും ചെയ്യും. ഇത്തരം ഘട്ടങ്ങളിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് എ.ഐ. സേവനങ്ങൾ നൽകുന്ന പലരും ഉറപ്പു നൽകേണ്ടതായി വരും. ഈ സാഹചചര്യത്തിലാണ് എ.ഐ. എത്തിക്സ് കൺസൾട്ടന്റ് എന്ന മേഖല ശ്രദ്ധയാകർഷിക്കുന്നത്. തൊഴിലിടങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, പഠന മേഖലകൾ, അക്കാദമിക ഗവേഷണം തുടങ്ങി പല രംഗങ്ങളിലും ഇത്തരം ജോലി സാധ്യതകൾ നിലനിൽക്കുന്നുണ്ട്. തത്വചിന്ത, കംപ്യൂട്ടർ നിയമം, ഡാറ്റാ അനലിറ്റിക്സ് മുതലായ മേഖലകളിൽ ബിരുദം നേടുന്നവർക്ക് ഈ കരിയർ തിരഞ്ഞെടുക്കാം. ഐഐടി ഡൽഹി, ഐഐഎം ബംഗ്ലൂരു, ഓക്സ്ഫേർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ എ.ഐ. എത്തിക്സ് പ്രോഗ്രാമുകൾ പഠിക്കാനുള്ള സൗകര്യം ചെയ്യുന്നുണ്ട്.
∙ വെർട്ടിക്കൽ ഫാമിങ്ങ് സ്പെഷ്യലിസ്റ്റ്/ അർബൻ അഗ്രോണമിസ്റ്റ്
നഗരങ്ങളെയൊക്കെ പച്ചപ്പണിയിക്കാനുള്ള ബുദ്ധിപരമായ ഒരു മാർഗമാണ് വെർട്ടിക്കൽ ഫാമിങ്ങ്. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് പോലുള്ള മെട്രോ ക്രോപ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങളിലും അധികം വിസ്തൃതിയില്ലാത്ത ഇടങ്ങളിലും ടെറസുകളിലുമൊക്കെ പലവിധ കൃഷിയും ചെയ്യാവുന്നതാണ്. ഭക്ഷ്യസുരക്ഷയും വൈവിധ്യവും ഉറപ്പാക്കുന്ന ഭാവിയുടെ കൃഷിരീതിയായി ഇത് പരിണമിക്കുമെന്നതിൽ തർക്കമില്ല. കൃഷിയിലും സുസ്‌സ്ഥിര വികസനത്തിലും താൽപര്യമുള്ളവർക്ക് ശോഭിക്കാവുന്ന മേഖലയാണിത്. അഗ്രിക്കൾച്ചറൽ എനിജിനീയറിങ്ങ്, സസ്റ്റെനബിൾ അഗ്രി ടെക്നോളജി എന്നവയിൽ പഠനം നടത്തുന്നതാണ് ഈ മേഖലകളിലെ കരിയറുകളിലേക്കുള്ള വളർച്ച ഉറപ്പാക്കാനുള്ള വഴി. ടിഎൻഎയു(തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി), ഐഎആർഐ ഡൽഹി, ഐഡിഎആർ എന്നീ സ്ഥാപനങ്ങൾ അനുയോജ്യമായ പഠനവഴികൾ നൽകുന്നുണ്ട്.
∙ കാർബൺ ക്രെഡിറ്റ് അനലിസ്റ്റ്/ സസ്റ്റെനബിലിറ്റി ഓഡിറ്റർ
ലോകത്താകമാനമുള്ള ചിന്തിക്കുന്ന മനുഷ്യരും വ്യവസ്ഥികളുമൊക്കെ കാർബൺ ഫുട്ട് പ്രിന്റ് കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതായത് പരമാവധി കുറച്ച് മാത്രം കാർബൺ പരിസ്ഥിതിയിലേക്ക് പുറന്തള്ളുകയുള്ളൂ എന്ന നിശ്ച്ഛയം. അതിനായി ഓരോ സ്ഥാപനവും ‘നെറ്റ് സീറോ’ എമിഷൻ ലക്ഷ്യം വയ്ക്കുന്ന സാഹചര്യത്തിൽ ഈ കോഴ്സിന് സാധ്യത ഏറെയാണ്. ഓരോ കമ്പനിയും ഇന്ന് അവരവർക്കുള്ള പരിസ്ഥിതി ബാധ്യതയെ പറ്റി അവബോധമുള്ളവരാണ്. കാർബൺ ക്രെഡിറ്റുകൾ വ്യാപാരമാക്കുന്നതിലും സുസ്ഥിരത ഉറപ്പാക്കുന്നതിലും പാരിസ്ഥിതിക വിദഗ്ദരുടെ ആവശ്യവുമുണ്ട്. നിർമ്മാണം, എനർജി, ട്രാൻസ്പോർട്ട് തുടങ്ങിയ മേഖലകളിലും അവയുടെ സങ്കേതികതയിലും ഒക്കെ താൽപര്യമുള്ളവർക്ക് ഈ മേഖല തിരഞ്ഞെടുക്കാം. എനിവയോൺമെന്റൽ സയൻസ്, ക്ലൈമറ്റ് ഫിനാൻസ്, സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് തുടങ്ങിയ കോഴ്സുകൾ ഈ മോഖലയിൽ ജോലി സാധ്യത നോക്കുന്നവർക്ക് അനുയോജ്യമായിരുക്കും. TERI സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഐഐഎഫ്എം ബോപാൽ, സിഇപിടി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഇത്തരം കോഴ്സുകൾ സാധ്യമാണ്.
∙ പെറ്റ് ബിഹേവിയറിസ്റ്റ്/ ആനിമൽ സൈക്കോളജിസ്റ്റ്
മൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പണ്ടത്തെ പോലെ വെറുതെ ഒരു മൃഗത്തെ വാങ്ങി ഒരു മൂലയ്ക്ക് കെട്ടിയിടുകയോ കൂട്ടിലിടുകയോ ഒന്നുമല്ല മറിച്ച് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് പലർക്കും അരുമ മൃഗങ്ങൾ. പലപ്പോഴും മൃഗങ്ങൾക്ക് പല തരം മാനസിക പ്രശ്നങ്ങൾ വന്നു ചേരാറുമുണ്ട്. മൃഗങ്ങൾക്ക് വരുന്ന വിഷാദം, അക്രമവാസന, ഭയങ്ങൾ, ആശങ്കകൾ എന്നിവ കൈകാര്യം ചെയ്യുകയാണ് പെറ്റ് ബിഹേവിയറിസ്റ്റിന്റെ കടമ. ഭാവിയിൽ വളരെയധികം ഡിമാന്റുള്ളൊരു ജോലി സാധ്യതയായി ഇത് വളർന്നുവരാനിടയുണ്ട്.
മദ്രാസ് വെറ്റിനറി കോളജ്, ഇന്ത്യൻ വെറ്റിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട്- ഐവിആർഐ ബറെയ്‌ലി, ആനിമൽ ബിഹേവിയർ കോളജ് (യുഎസ്എ) പോലുള്ള സ്ഥാപനങ്ങൾ മികച്ച പരിശീലനം നൽകുന്നു.
∙ ഡിജിറ്റൽ ഹ്യൂമൻ മോഡലർ
മെറ്റാവെഴ്സും വെർച്വർ റിയാലിറ്റിയും ഡിജിറ്റൽ ലോകം വാഴുമ്പോൾ അതിൽ മനുഷ്യരെ പോലുള്ള അവതാറുകൾ നിർമിക്കുന്നതിൽ വലിയ സാധ്യതകളുണ്ട്. ഗെയ്മിങ്ങ്, വെർച്വൽ അസിസ്റ്റന്റ് തുടങ്ങി പലയിടത്തും ഇവ ധാരാളമായി ഉപയോഗിക്കപ്പെടും. 3D മോഡലിങ്ങ്, അനിമേഷൻ, മോഷൻ ക്യാപ്ചർ, ക്യാരക്ടർ ഡിസൈൻ എന്നിവ ഇതിനായി ആവശ്യം വരും. എൻഐഡി അഹമ്മദാബാദ്, എംഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പൂനെ, സൃഷ്ടി സ്കൂള്‍ ഓഫ് ഡിസൈൻ, ഇന്റർനാഷ്ണൽ സ്കൂൾ ഓഫ് ഡിസൈൻ എന്നിവ ഇത്തരം കരിയർ തിരഞ്ഞെടുക്കുന്നവർക്കുള്ള നല്ല ഓപ്ഷനുകളായിരിക്കും.
കടപ്പാട്:സജിത് തോമസ്, കരിയർ വിദഗ്ധൻ
