ADVERTISEMENT

ഒരു ചിരിയിൽ വിശേഷങ്ങളൊതുക്കുന്ന, ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ മറുപടി പറയുന്ന ജെൻ സി കിഡ് ആണ് മിയ അന്ന. പക്ഷേ, വാക്കുകളിലെ പിശുക്കു നേട്ടങ്ങളുടെ കാര്യത്തിലില്ല. തോക്കെടുത്താൽ ഈ 16 വയസ്സുകാരി അടിമുടി മാറും. പഞ്ചാബിലെ പട്യാലയിലായിൽ നടന്ന അഖിലേന്ത്യ ഷോട്ട് ഗൺ ചാംപ്യൻഷിപ് ട്രാപ് ഷൂട്ടിങ് മത്സരത്തിൽ മിയയുടെ തോക്കിൽ നിന്നു പാഞ്ഞ തിരകൾ ഉന്നം പിഴയ്ക്കാതെ ലക്ഷ്യം ഭേദിച്ചപ്പോൾ പിറന്നതു ചരിത്രമാണ്. കേരളത്തിനായി ട്രാപ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ മലയാളി താരം എന്ന ഒരിക്കലും തിരുത്തി കുറിക്കാൻ ആകാത്ത നേട്ടം.

കോട്ടയം ഇരവിനല്ലൂരെ മിയയുടെ പാലത്തിങ്കൽ വീട്ടിലേക്ക് മറ്റൊരു നേട്ടം കൂടി ഈയടുത്ത് എത്തി. ഡൽഹിയിൽ നടന്ന ഐഎസ്എസ്എഫ് നാഷനൽ ഷൂട്ടിങ് ചാംപ്യൻഷിപ്പിലെ വിജയത്തിലൂടെ ‘റിനൗൺഡ് ഷൂട്ടർ’ റാങ്കിലേക്ക് ഉയർന്നിരിക്കുകയാണ് ഈ മിടുക്കി.

ADVERTISEMENT

ആദ്യാക്ഷരം കുറിക്കും മുന്നേ

ആശാൻ കളരിയിൽ ചേരും മുന്നേ അങ്കക്കളരിയിൽ ചുവടുവച്ചു തുടങ്ങിയതാണു മിയ. കുഞ്ഞുനാളിൽ കളർ പെൻസിലുകളോടോ കണ്ണുപൊത്തിക്കളിയോടോ ആയിരുന്നില്ല മിയയുടെ ചങ്ങാത്തം. ഓട്ടവും ചാട്ടവും തലകുത്തി മറിയലും ഒക്കെയായി ആകെ ജഗപൊക. കുഞ്ഞു മിയയുടെ മെയ്‌വഴക്കവും ഇഷ്ടവും കണ്ടറിഞ്ഞു കോട്ടയം തടിക്കൽ കളരിയിലേക്കു മിയയെ കൈ പിടിച്ചു നടത്തിയത് അച്ഛൻ ഗിരീഷാണ്.

ADVERTISEMENT

‘‘ആയോധന കലകളോട് എനിക്കും ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്നു. ജൂഡോ നാഷനൽ ഇവന്റിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, സാഹചര്യങ്ങൾ കൊണ്ടു മുന്നോട്ടു പോകാനായില്ല. മിയയുടെ കായികതാൽപര്യങ്ങൾ കണ്ടപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ കളരിയിൽ ചേർത്തു.’’ കളരിത്തട്ടിലെ മണ്ണിൽ ഡോ. ബൈജു വർഗീസ് ഗുരുക്കളുടെ കീഴിൽ മിയ ആയോധന കലയുടെ ഹരിശ്രീ കുറിച്ചു. അതേ കളരിയിലാണ് ഇന്നും പരിശീലനം.

വർഷം രണ്ടു തികയും മുൻപ് ദേശീയ കളരിപയറ്റു മത്സരത്തിൽ രണ്ടു സ്വർണം നേടി എട്ടു വയസ്സുകാരി മിയ അച്ഛന്റെ പ്രതീക്ഷ കാത്തു. മെയ്പയറ്റും കൂട്ടച്ചുവടും ഇനങ്ങളിലായിരുന്നു നേട്ടം.

ADVERTISEMENT

പിന്നീട് ഉറുമി, വാൾ, ഒറ്റച്ചുവട്, കൂട്ടച്ചുവട്, വടിപയറ്റ് എന്നിങ്ങനെ ഇനങ്ങളിലായി ദേശീയ തലത്തിൽ മത്സരിച്ചു. ഏഴു സ്വർണവും ഒരു വെള്ളിയും നേടിയ ഈ മിടുക്കിയെ തേടി കഴിഞ്ഞ വർഷം ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സും എത്തി. കളരിപ്പയറ്റിൽ ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയതിന്റെ പേരിൽ.

ഇടയ്ക്ക് കോവിഡും ലോക്‌ഡൗണും വന്നില്ലായിരുന്നില്ലെങ്കിൽ സ്വർണപതക്കങ്ങളുടെ എണ്ണം ഇനിയും കൂടി യേനെ. പത്താം ക്ലാസ്സിലെ പരീക്ഷാദിനങ്ങളിലൊഴികെ ഒരു ദിവസം പോലും മിയ കളരിപരിശീലനം മുടക്കിയിട്ടില്ല.

Mia2
മിയ അന്ന റെക്കോർഡുകളുമായി

ആദ്യ പരിഗണന സ്പോർട്സിന്

സമ്മാനങ്ങൾ വയ്ക്കാൻ മിയയുടെ വീട്ടില്‍ ഒരു മുറി തന്നെ ഒരുക്കിയിട്ടുണ്ട്. സ്കൂള്‍ മത്സരങ്ങളില്‍ നിന്നു നേടിയ ചെറിയ മൊമന്റോകൾ മുതൽ ഓരോ നേട്ടവും ഇവിടെ ഭദ്രം. ‘‘സ്കൂളിലെ മത്സരങ്ങളിൽ സ്പോർട്സ് ഇനങ്ങളിലെല്ലാം മിയ പങ്കെടുക്കും. കുറഞ്ഞത് അഞ്ചു മെഡൽ എങ്കിലും നേടിയേ വീട്ടിലെത്താറുള്ളൂ...’’ എന്ന് അമ്മ സിനു അഭിമാനത്തോടെ പറയുന്നു.

പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ 11ാം ക്ലാസ്സിലാണു മിയ പഠിക്കുന്നത്. പത്താം ക്ലാസ്സായപ്പോൾ ഒരു വർഷത്തേക്കു മാർഷൽ ആർട്സ് പരിശീലനം നിർത്തിയാലോ എന്നാലോചിച്ചിരുന്നു. പക്ഷേ, പ്രിൻസിപ്പൽ ഫാ. ജോഷ് കാഞ്ഞുപറമ്പിൽ അനുവദിച്ചില്ല. ‘പരിശീലനം നിർത്തിയാൽ ഒന്നോ രണ്ടോ മാർക്ക് കൂടുതൽ കിട്ടാമെന്നേയുള്ളൂ. സ്പോർട്സിൽ കഴിവുള്ളവർ ആദ്യ പരിഗണന അതിനു തന്നെ നൽകണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. വിജയപ്പടവുകൾ കയറാൻ പിന്തുണച്ചവരെ മിയ തെല്ലും നിരാശപ്പെടുത്തിയുമില്ല. 95 ശതമാനം മാർക്കോടെയാണു പത്താം ക്ലാസ് പാസായത്.

മിയയ്ക്ക് താൽപര്യം സ്പോർട്സ് എങ്കിൽ ചേച്ചി മിലിക്ക് ഇഷ്ടം ആർട്സ് ആണ്. മിയയേക്കാൾ 12 വയസ്സിനു മുതിർന്ന മിലി ബെംഗളൂരുവിൽ ഗ്രാഫിക് ഡിസൈനറാണ്.

ഉറുമിയിൽ നിന്ന് തോക്കിലേക്ക്

ഉറുമി അരയില്‍ തിരുകി മിയ പിന്നെ, കയ്യിലെടുത്തത് തോക്കാണ്. ‘‘അച്ഛനും അപ്പൂപ്പനും ആംസ് ലൈസൻസ് ഉണ്ടായിരുന്നു. വീട്ടിലെ ലിവിങ് റൂമിന്റെ ഭിത്തിയിൽ തലയെടുപ്പോടെ നെഞ്ചും വിരിച്ചിരിക്കുന്ന തോക്ക് കണ്ടു വളർന്നതും ഷൂട്ടിങ്ങിനോടു താൽപര്യം തോന്നാൻ ഒരു കാരണമാകാം.’’ മിയ പറഞ്ഞു.

‘‘തോക്ക് കയ്യിലെത്താൻ അൽപം കാത്തിരിക്കേണ്ടി വന്നു. 12 വയസ്സു മുതലേ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. കോട്ടയം റൈഫിൾ അസോസിയേഷനിലാണു പരിശീലനത്തിന്റെ ആരംഭം. നാഷനൽ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിനൗൺഡ് ഷൂട്ടേഴ്സ് ആയ ചെറിയാൻ കെ. കളരിക്കലിനെയും ജിബിൻ കുര്യനെയും പരിശീലകരായി കിട്ടിയതാണ് ഈ വിജയങ്ങളുടെയെ ല്ലാം തുടക്കം.’’ പോയിന്റ് 22 ഫയർ ആമിലും പോയിന്റ് 177 റൈഫിളിലുമായിരുന്നു മിയ പരിശീലിച്ചും മത്സരിച്ചും തുടങ്ങിയത്.

‘‘വിറച്ചു പോയ ഒരു മത്സരമാണ് എനിക്ക് നാഷനൽ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആസ്പയറിങ് ഷൂട്ടർ ടൈറ്റിൽ നേടിത്തന്നത്. 2023ൽ ന്യൂഡൽഹിയിൽ വച്ചുനടന്ന നാഷനൽ ഷൂട്ടിങ് ചാംപ്യൻഷിപ്. പോയിന്റ് 177 റൈഫിളിലാണ് മത്സരം.

ഡൽഹിയിലെ വായുമലീനികരണം കാരണം ശരീരം അസ്വസ്ഥമായിരുന്നു. കൂടാതെ കൊടുംതണുപ്പും. വിരലുകള്‍ മരവിച്ചിരിക്കുകയാണ്. ട്രിഗർ അമർത്തുന്നതിൽ പാളിച്ച വരുമോ എന്ന ടെൻഷൻ ഓരോ നിമിഷവും കൂടിവന്നു. വളരെ ആയാസത്തിലും സമ്മർദത്തിലുമാണ് അന്നത്തെ മത്സരം വിജയിച്ചത്.’’ ഉന്നം തെറ്റാത്ത മനസാന്നിധ്യം മിയയുടെ വാക്കുകളിൽ തിളങ്ങി.

Mia3
1. മിയ കുടുംബത്തിനൊപ്പം. 2. മിയ മത്സരവേദിയിൽ

ഐ ആം ‘ട്രാപ്ഡ്’

ഷൂട്ടിങ്ങിൽ ഇനി എന്ത് എന്ന ചിന്തയാണ് ട്രാപ് ഷൂട്ടിങ് പരിശീലിക്കാം എന്ന തീരുമാനത്തിലേക്കു നയിച്ചതെന്നു മിയ. അതാകട്ടെ വെല്ലുവിളികൾ നിറഞ്ഞ തീരുമാനവുമായിരുന്നു. ‘‘ട്രാപ് ഷൂട്ടിങ്ങിനു വേണ്ട ഷൂട്ടിങ് റേഞ്ച് കേരളത്തിലില്ല. അതുകൊണ്ടു തന്നെ ലൈവ് പ്രാക്ടീസ് സാധ്യമല്ല. അണ്ടർഗ്രൗണ്ട് സ്റ്റേഷൻസിൽ നിന്നു കളിമൺ നി ർമിതമായ ഡിസ്ക് 100–110 കിലോമീറ്റർ/അവ്‌ർ സ്പീഡിൽ വ്യത്യസ്ത ആങ്കിളിൽ പല റേഞ്ചിൽ മുന്നിലൂടെ പറക്കും. ഇതു ഷൂട്ട് ചെയ്തു വീഴ്ത്തണം. അതാണ് ട്രാപ് ഷൂട്ടിങ്.’’ മിയ വിശദമാക്കി.

‘‘സംസ്ഥാനതലത്തിൽ പങ്കെടുത്താൽ മാത്രമേ ദേശീയതലം വരെ പോകാൻ കഴിയൂ. അങ്ങനെയാണു കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷന്റെ ശുപാർശയോടെ തെലങ്കാന റൈഫിൾ അസോസിയേഷൻ മെംബർഷിപ് എടുത്ത് ഗസ്റ്റ് ഷൂട്ടറായി മത്സരിച്ചത്. ഷൂട്ടർ ഡോ. മുജാഹിദ് അലി ഖാൻ ആണ് കോച്ച്. സ്പോർട്സ് അതോറ്റിറ്റി ഓഫ് തെലങ്കാനയുടെ ഷൂട്ടിങ് റേഞ്ച് സെക്കന്ദരാബാദിലുണ്ട്. അവിടെയാണ് പ്രാക്ടീസ്.’’ പരിശീലനത്തിന്റെ നാൾവഴികൾ മിയ പറഞ്ഞു തുടങ്ങി.

‘‘സ്കൂൾ അവധിയായാൽ അച്ഛനൊപ്പം സെക്കന്ദരാബാദിലേക്കു വണ്ടി കയറും. അവിടെ താമസിച്ചു ട്രെയ്നിങ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങും. പിന്നീട് വീട്ടിലാണ് പ്രാക്ടീസ്. ലൈവ് ഫയർ ചെയ്യാനാകില്ല. ഡ്രൈ പ്രാക്ടീസ് ആ ണ്. തോക്കിൽ കാട്രിജിനു പകരം സ്നാപ് ക്യാപ് ലോഡ് ചെയ്യും. അച്ഛൻ ഭിത്തിയില്‍ പലയിടങ്ങളിലായി ലേസർ അടിക്കും. അതിനനുസരിച്ചു ഞാൻ ഫയർ ചെയ്യും.’’ മിയ പറഞ്ഞു. ‘‘തോക്കു പിടിക്കാൻ നല്ല കൈക്കരുത്ത് വേണം. അതിനായി വീട്ടിൽ ദിവസവും നൂറു പ്രാവശ്യം തോക്ക് ഹോൾഡ് ചെയ്തും തോളിൽ വച്ചും പ്രാക്ടീസ് ചെയ്യും.’’സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റജിസ്ടേർഡ് കോച്ച് ശ്രീജിത്‌ വി.യും ട്രാപ് ഷൂട്ടിങ്ങിനു വേണ്ട നിർദേശങ്ങൾ നൽകി ഒപ്പമുണ്ട്.

ട്രാപ് ഷൂട്ടിങ്ങിലെ സ്വർണനേട്ടത്തിനു മുന്നേ ലോക റെക്കോർഡും വെടിവച്ചു വീഴ്ത്തിയിട്ടുണ്ട് മിയ. ട്രാപ് ഷൂട്ടിങ്ങിൽ (12 ബോർ ഷോട് ഗൺ) 1.48 സെക്കൻഡിൽ 20 ഷോട്ട് ഓൺ ടാർഗറ്റ് എന്നത് ലോകറെക്കോർഡാണ്. ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷനൽ ബുക് ഓഫ് വേൾഡ് റെക്കോർഡ് എന്നിവയിൽ ഈ നേട്ടം സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്പോർട്സിനെ സ്നേഹിക്കുന്ന ഏതു വ്യക്തിക്കും ഒളിംപിക്സ് സ്വർണം എന്നതിൽ കുറഞ്ഞൊന്നും സ്വപ്നം കാണാനില്ല. ഇന്ത്യൻ പതാകയേന്തി സ്വർണമെഡൽ നെഞ്ചോടു ചേർത്തു വച്ച് ദേശീയഗാനം കാതിൽ മുഴങ്ങുന്ന ആ അഭിമാന നിമിഷമാണു മിയയുടെ സ്വപ്നം.

Mia Anna: The Shooting Star from Kerala:

Mia Anna, a renowned shooter from Kerala, has made history in trap shooting. This 16-year-old's achievements in sports, including Kalarippayattu and shotgun championships, fuel her dream of winning an Olympic gold.

ADVERTISEMENT