ഐടി ജോലി വിട്ട് കേക്ക് ബേക്കറായി; ഇരട്ടി വരുമാനം സ്വന്തമാക്കുന്ന പാർവതി രവികുമാർ വിജയിച്ചതിങ്ങനെ
Mail This Article
തിരുവനന്തപുരത്തെ കേക്ക്ഡ് ബൈ പാർവതി രവികുമാർ എന്ന സ്ഥാപനത്തിലേക്കു കയറിച്ചെല്ലുമ്പോൾ ഒരു വശത്ത്, അടുക്കളയിൽ, ഉച്ചയൂണിനുള്ള വിഭവങ്ങൾ ഒരുങ്ങുന്നു. മറുവശത്തു കസ്റ്റമൈസ്ഡ് കേക്കുകളുടെ പാക്കിങ്ങ് നടക്കുന്നു. കേക്കുകൾ ബേക്ക് ചെയ്യുന്ന തിരക്കിലായിരുന്നു പാർവതിയും സഹായികളും.
കോളജ് പഠനം പൂർത്തിയാക്കി അധികം വൈകാതെ ഐടി മേഖലയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും പാചകത്തോടുള്ള താത്പര്യം പാർവതിയെ തലസ്ഥാനനഗരിയിലെ തിരക്കേറിയ ബേക്കർ ആക്കി മാറ്റി. 2021ൽ പ്രമുഖ ഐടി കമ്പനിയിലെ സിസ്റ്റം എൻജിനീയർ ജോലിയിൽനിന്നു പടിയിറങ്ങുമ്പോൾ പാർവതിക്കു വയസ്സ് 29. പാർവതിയുടെ മധുരമായ വിജയകഥ ഇങ്ങനെ
മാമ്പഴക്കാലത്തെ ഐഡിയ
വെറുതേ കേക്ക് ഉണ്ടാക്കുക എന്നതിനപ്പുറം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ആഗ്രഹം. മാമ്പഴക്കാലമാണെന്നു കണ്ടപ്പോഴേ ആദ്യ ബൾബ് മിന്നി. അങ്ങനെയാണ് മാംഗോ കുൽഫി കേക്ക് ട്രൈ ചെയ്തത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മാംഗോ കുൽഫിയുടെ ആരാധകരായി മാറി. ഇനിയെന്ത് എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു കസ്റ്റമർ ഇളനീര്കൊണ്ട് എന്തെങ്കിലും ചെയ്യാമോ എന്നു ചോദിക്കുന്നത്. ആ ചോദ്യത്തിനുത്തരമായിരുന്നു ഇളനീർ പുഡ്ഡിങ് കേക്ക്. ഇന്നും കേക്ക്ഡ് ബൈ പാർവതി രവികുമാറിൽ ഡിമാൻഡുള്ള രണ്ട് കേക്കുകളാണ് ഇവ. പതുക്കെ ബർത്ത് ഡേ, വിവാഹം, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങൾക്കുള്ള കസ്റ്റമൈസ്‍ഡ് കേക്കുകൾ ചെയ്തു തുടങ്ങി. അന്നൊക്കെ കേക്ക്ബേക്കിങ് പാഷൻ മാത്രമായിരുന്നു.
ഇഷ്ടങ്ങൾ രുചിയോടെ വിളമ്പാം
കോവിഡ് കാലത്ത് ബേക്കിങ്ങിൽ വേണ്ട ശ്രദ്ധന ൽകാൻ സാധിക്കാതെ വന്നു. ഈ വിഷമം സ്വാഭാവികമായും എന്റെ ജോലിയേയും ബാധിച്ചു തുടങ്ങി. ഒരുപാടു ദിവസത്തെ ആശങ്കകൾക്കും ചിന്തകൾക്കുമൊടുവിൽ ഞാൻ ഉറപ്പിച്ചു, ബേക്കിങ് മതി.
ജോലി രാജിവച്ച് ബേക്കിങ് എന്നു പറഞ്ഞ് ഇറങ്ങുന്ന എന്നെ അധ്യാപികയായ അമ്മ വനജകുമാരിയും ബിസിനസ്സുകാരനായ അച്ഛൻ രവികുമാറും ആശങ്കയോടെ നോക്കി നിന്നത് ഇന്നും ഓർക്കുന്നു. ബേക്കിങ്ങിനെ ഞാൻ ഗൗരവത്തോടെ കാണുന്നു എന്നു മനസ്സിലാക്കാൻ അവർക്ക് ഒരുപാടു സമയം വേണ്ടി വന്നു. നിശ്ശബ്ദ പിന്തുണ നൽകി അനിയത്തി കാർത്തിക എപ്പോഴും കൂടെയുണ്ട്. സ്ഥാപനം തുടങ്ങാനായി ഭീമമായ തുക വേണ്ടി വന്നില്ല എന്നതു വലിയ ആശ്വാസമായിരുന്നു. ഓർഡറുകൾ വർധിച്ചതോടെ പുതിയൊരിടം കണ്ടെത്തി. നാലു വീട്ടമ്മമാരെ സഹായത്തിനായി ഒപ്പം കൂട്ടി. അവരുടെ കൈപ്പുണ്യവും കഠിനാധ്വാനവും കേക്ഡ് ബൈ പാർവതി രവികുമാറിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
സോഷ്യൽമീഡിയയിലൂടെ സ്ഥാപനം കൂടുതൽ ആളുകളിലേക്കെത്തി.
കേക്കിനു പുറമേ ആരംഭിച്ച പൊതിച്ചോറ് സംരംഭം ഓൺലൈൻ ഫൂഡ് ഡെലിവറി സർവീസ് ആപ്പുകളിൽ ഹിറ്റായി. ഡൈനിങ് സ്പേസ് കൂടിയുള്ള ഒരിടമായി വളരാനുള്ള ഒരുക്കത്തിലാണ് ഞങ്ങളിപ്പോൾ.’’ പാർവതിയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു.
