ടൈപ്പിങ്ങിനേക്കാൾ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നത് എഴുത്ത്... എഴുതുന്നവർക്ക് ഓർമശക്തിയും കൂടും എന്ന് പഠനം Handwriting vs. Typing: The Impact on Brain Activity
Mail This Article
‘എഴുതിപ്പഠിക്ക് തലയിലോട്ട് അതൊക്കെയങ്ങ് കയറട്ടേ’ എന്ന് പലരും പറഞ്ഞ ആ വാചകം കാര്യമായിട്ടെടുത്ത് അതിൻമേൽ പഠനം നടത്തിയിരിക്കുകയാണ് കുറച്ചു ഗവേഷകർ...
2023ൽ നോർവീജിയൻ ഗവേഷകർ ഒരുപറ്റം കുട്ടികളെ തലച്ചോറിന്റെ പ്രവർത്തികൾ നിരീക്ഷിക്കുന്ന ഇ.ഇ.ജി.(ഇലക്ട്രോ എൻസിഫാലോഗ്രാം) ക്യാപ്പുകൾ ധരിപ്പിച്ച് ഒരു പരീക്ഷണം നടത്തി. അതിൽ കുറച്ചു പേർ പഠനകാര്യങ്ങൾ കൈകൊണ്ട് എഴുതിയെടുക്കുകയും മറ്റുള്ളവർ അവ ടൈപ് ചെയ്യുകയുമായിരുന്നു..
സ്ക്രീനിലെ റീഡിങ്ങുകൾ നോക്കിയ ഗവേഷകർ അക്ഷരാത്ഥത്തിൽ ഞെട്ടി. ഓരേ കാര്യം തന്നെയാണ് ഇരു കൂട്ടരും ചെയ്തതെങ്കിലും കൈകൊണ്ട് വിവരങ്ങൾ എഴുതിയെടുത്തവരുടെ തലച്ചോറിന്റെ പ്രവർത്തനം കണ്ടിട്ടായിരുന്നു അത്. എഴുതിയവരുടെ തലച്ചോറിലെ ഓർമയുടേയും പഠനത്തിന്റേയും ഇടങ്ങൾ മറ്റുള്ളവരിൽ നിന്നും കൂടുതലായി ഉത്തേജിക്കപ്പെടുന്നു.
പരീക്ഷണശേഷം അവർ കേട്ടകാര്യങ്ങൾ ഓർമിച്ചെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈകൊണ്ട് എഴുതിയവരാണ് മറ്റുള്ളവരെക്കാൾ നന്നായും വേഗത്തിലും വിവരങ്ങൾ ഓർമിച്ചെടുത്തത്.
എഴുത്തിനെ ഗവേഷകർ ‘സെൻസറിമോട്ടോറുകളുടെ ഉത്സവം’ എന്നാണ് ഇതോടെ വിശേഷിപ്പിച്ചത്. കീബോർഡിൽ ടൈപ് ചെയ്യുമ്പോൾ വിരലുകൾ ഒരു നിശ്ചിത ക്രമത്തിൽ മാത്രമാണ് സഞ്ചരിക്കുക. എന്നാൽ എഴുത്തിലേക്കെത്തുമ്പോൾ ഓരോ അക്ഷരമെഴുതുന്നതും ഒരു ഡാൻസ് കോറിയോഗ്രഫി തന്നെയാണെന്ന് അവർ പറയുന്നു.
എഴുത്തിലൂടെ അക്ഷരം പഠിക്കുന്ന കുട്ടിക്ക് വായന എഴുപ്പമാകുന്നു, ടു ഡു ലിസ്റ്റ് കൈകൊണ്ട് എഴുതി വയ്ക്കുന്ന മുതിർന്നവർ അവ നന്നായി ഓർമിച്ചു വയ്ക്കുന്നു. വയസായവർ പോലും ഒരു കാര്യം കൈകൊണ്ട് എഴുതി വച്ചാൽ ടൈപ്പിങ്ങിനെ അപേക്ഷിച്ച് വളരെ വേഗത്തിൽ അവർക്കത് ഓർമിച്ചെടുക്കാനാകുന്നു എന്നൊക്കെ ഈ പഠനം വഴി കണ്ടെത്തി.
കീബോർഡുകൾ മോശമെന്നല്ല അതിന് കാര്യപ്രാപ്തിയുണ്ടാകും എന്നിരുന്നാലും തലച്ചോറിനെ തുള്ളിക്കളിപ്പിക്കാനുള്ള കഴിവ് എഴുത്തിനു സ്വന്തം!