ക്ലാസിൽ നിന്നും ടീച്ചറോട് പറയാതെ ഇറങ്ങിപ്പോയി ഡെലൂലുവായി മലയാളികളുടെ ഇഷ്ടം നേടി From School Plays to Social Media: Riya Shibu's Evolution
Mail This Article
‘‘ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയിരുന്ന കുട്ടിയാണ് ഞാൻ. ’’ സർവ്വം മായ എന്ന സിനിമയിലെ ഡെലൂലുവായ റിയ ഷിബു പറയുന്നു.
ക്ലാസിലിരിക്കുമ്പോൾ പുറത്തൊരു ചിത്രശലഭത്തെക്കണ്ടാൽ, ഒരു മഴ പെയ്താൽ അങ്ങോട്ട് ചെല്ലാൻ മനസ്സ് പറയും. ക്ലാസിൽ ടിച്ചറുണ്ടെന്ന കാര്യമൊക്കെ മറക്കും. ടീച്ചർമാർ എന്നെക്കുറിച്ച് പപ്പയോടും ഉമ്മയോടും ധാരാളം പരാതി പറയുമായിരുന്നു. പപ്പയും അമ്മയും അതൊക്കെ നൈസ് ആയി ഡീൽ ചെയ്തു.
എത്രകാലം ഈ ഇറങ്ങിപ്പോക്ക് തുടർന്നു ?
എട്ടാം ക്ലാസ് വരെ ഞാനീ പരിപാടി തുടർന്നു. ഒൻപതാം ക്ലാസിൽ പപ്പയും ഉമ്മയും എന്നെ ഹോസ്റ്റലിലാക്കി. അതോടെ നിയന്ത്രണങ്ങൾ ഇഷ്ടമില്ലാത്ത ഞാൻ കടുത്ത നിയന്ത്രണത്തിലായി. ഫിലിം പ്രൊഡ്യൂസറായ പപ്പ ഷിബു തമീൻസിന്റെ ജോലി സൗകര്യത്തിനായാണു തിരുവനന്തപുരത്തു നിന്നു ഞങ്ങൾ ചെന്നൈയിലേക്കു താമസം മാറുന്നത്. ഉമ്മ മുംതാസും ബിസിനസ്സിൽ സഹകരിക്കുന്നുണ്ട്. സേലത്തെ മോണ്ട് ഫോർട് സ്കൂളിൽ ബോർഡിങ്ങിലാണ് എന്നെ ചേർത്തത്. സ്വന്തം കാര്യം സ്വയം ചെയ്യാൻ ശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം.
മോണ്ട് ഫോർട്ടിലെ ഇംഗ്ലിഷ് ടീച്ചറാണ് ‘റിയ... നിന്റെ ശബ്ദം വളരെ നല്ലതാണ്’ എന്നാദ്യം പറയുന്നത്. അതെന്നെ അതിശയിപ്പിച്ചു. ക്ലാസിലെ ബോയ്സ് നിന്റെ ശബ്ദം ആൺകുട്ടിയുടേത് പോലെയാണല്ലോ എന്നു കളിയാക്കുമായിരുന്നു. ‘അതേ.. നിന്നെക്കാൾ നല്ല ശബ്ദമല്ലേ എന്റേത്..’ എന്ന് ഞാൻ മറുപടി കൊടുക്കുമെങ്കിലും കുറച്ച് ആത്മവിശ്വാസക്കുറവൊക്കെ എനിക്ക് തോന്നുമായിരുന്നു. ടീച്ചർ അങ്ങനെ പറഞ്ഞതോടെ ഞാൻ സ്കൂൾ നാടകങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ടീച്ചർ എന്നെ പ്രസംഗിക്കാനും പ്രേരിപ്പിച്ചു.
അന്നു മുതൽ സ്കൂളിലെ സ്ഥിരം ‘മാസ്റ്റർ ഓഫ് സെറിമണി’ (പരിപാടികളുടെ അവതാരക) ഞാനായി. ടീച്ചർ പറയുമായിരുന്നു ‘റിയ യു ആർ എ സ്റ്റാർ’.
ടീച്ചറുടെ വാക്കുകൾ സത്യമായല്ലോ ?
ചെന്നൈ ലയോള കോളജിലെ വിഷ്വൽ കമ്യൂണിക്കേഷൻ പഠന കാലമാണ് എന്നെ രൂപപ്പെടുത്തിയത്. അഭിനയം, സംവിധാനം, എഡിറ്റിങ്, സക്രിപ്റ്റിങ് എല്ലാം പരിശീലിക്കാൻ കഴിഞ്ഞു. ഒപ്പം ഡബ്സ്മാഷ്, ടിക്‌ടോക്, റീൽസ് എന്നിവ ചെയ്തു തുടങ്ങി. പെട്ടെന്ന് ‘ഐഡിയ’ ഇട്ട്, അതു സ്വാഭാവികമായി അഭിനയിച്ച് റെക്കോർഡ് ചെയ്യാനും രസകരമായി എഡിറ്റ് ചെയ്യാനും എനിക്കു കഴിയും എന്ന വിശ്വാസമാണ് റീലുകളും ട്രാൻസിഷൻ വിഡിയോകളും ചെയ്യാൻ കാരണം.
‘കത്തി’ സിനിമയിലെ സമാന്തയുടെ ഡയലോഗ് ‘നാൻ പോയി, ബ്രഷ് പണ്ണിട്ട് കുളിച്ചിട്ട് വന്ത്ട്രേൻ ’ ചെയ്തത് ഒരുപാട് പേർ ഷെയർ ചെയ്തു. നല്ല കമന്റ്സും കിട്ടി. റീലുകളാണ് എന്നെ സർവ്വം മായയിലെ ഡെലൂലുവിലേക്ക് എത്തിച്ചത്.
