ADVERTISEMENT

നൃത്തത്തിനൊപ്പം വളർന്ന ഒരുപാടു പേരിൽ ഒരാളായിരുന്നു ഗായത്രിയും. ചിലങ്കയെ സ്കൂളിലെ ചങ്ങാതിമാരെ പോലെ ചേർത്തു പിടിച്ചു. പക്ഷേ, പത്താം ക്ലാസ്സിന്റെ പടിയിൽ തട്ടി ആ ഇഷ്ടം വീണു പോയി. പഠനത്തിനിടയിൽ ചിലങ്ക മാറ്റിവച്ചു. പിന്നെ ജോലി, വിവാഹം, കുഞ്ഞ്.... 

ഇതു ഗായത്രിയുടെ മാത്രം കഥയല്ല. പല കാരണങ്ങൾ കൊണ്ടു ന‍ൃത്തത്തിനോടുള്ള സ്നേഹം മാറ്റിവയ്ക്കേണ്ടിവന്ന ഒരുപാടു പെൺകുട്ടികളുടേതു കൂടിയാണ്. പക്ഷേ, ഗായത്രി ചിലങ്കയുടെ താളം തിരിച്ചു പിടിച്ചു. അതിനു നിമിത്തമായത് തിരുവന്തപുരത്തെ ഡാൻസ് സ്കൂളായ റിഗാറ്റയും.

ADVERTISEMENT

‘‘തിരുവനന്തപുരം പൂജപ്പുരയിലായിരുന്നു വീട്. അഞ്ചു വയസ്സു മുതൽ റിഗാറ്റയിലായിരുന്നു പഠിച്ചത്. റിഗാറ്റയുടെ നാൽപതാം വാർഷികത്തോട് അനുബന്ധിച്ചു പഴയ വിദ്യാർഥികളുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അതിൽ ഞാനും ചിലങ്കയണിഞ്ഞു. പ്രാക്ടീസ് ചെയ്തിട്ടു പത്തു വർഷത്തിലേറെയായിരുന്നു. പക്ഷേ, ഡാൻസ് കഴിഞ്ഞപ്പോൾ ഗിരിജ ടീച്ചറിന്റെ അനുജത്തി ഗീത ടീച്ചർ എന്നോടു പറഞ്ഞു, നിനക്ക് ഒരു മാറ്റവുമില്ല. ആ വരിയിൽ നിന്നാണ്  നൃത്തം എന്ന ഹോബി രണ്ടാമതു തുടങ്ങിയത്. 

എല്ലാത്തിനുമുണ്ട് സമയം

ADVERTISEMENT

ഞാൻ ജോലി ചെയ്തിരുന്നത് ഐടി മേഖലയിലാണ്. ഇപ്പോള്‍ ഏണസ്റ്റ് ആന്‍ യങ് എന്ന മൾട്ടി നാഷനൽ കമ്പനിയിൽ. ഒഴിവുസമയം ഒട്ടുമില്ലാത്ത ജോലി എന്നാണല്ലോ പൊതുവേ ഐടിയെക്കുറിച്ചു കേട്ടിരിക്കുന്നത്. ആദ്യം ഞാനും അതുപോലെയായിരുന്നു. രാത്രി വൈകുവോളം ജോലി. പിന്നെ തിരിച്ചറിഞ്ഞു, നമ്മള്‍ ഒരു ട്രെൻഡ് സെറ്റ് ചെയ്താൽ അതു തുടർന്നു പോകാനേ പറ്റൂ.  ജോലി സമയം കഴിഞ്ഞും ലേറ്റ് ആയി ഇറങ്ങി ശീലിച്ചാൽ അതു തുടർന്നുകൊണ്ടേയിരിക്കും. അതൊരു വഴിത്തിരിവായിരുന്നു. 

ഇപ്പോൾ എല്ലാ ദിവസവും എനിക്കിഷ്ടമുള്ള ഹോബിക്കുവേണ്ടി രണ്ടര മണിക്കൂർ മാറ്റിവയ്ക്കുന്നു. ശനി ഞായർ ദിവസങ്ങളിൽ രണ്ടര മുതൽ ആറര വരെ റിഗാറ്റയിൽ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. തിരിച്ചുവരിൽ ഒരു മണിക്കൂർ മോഹിനിയാട്ടം കച്ചേരി നടത്തി. അതിന് ഗിരിജ ടീച്ചറും മകൾ മാധവി ചന്ദ്രനും തന്ന പിന്തുണ വലുതാണ്. 

ADVERTISEMENT

മകൻ ആര്യൻ നാലാം ക്ലാസ്സിൽ. അമ്മയും അച്ഛനും ന‍ൃത്തത്തിന്    ഒപ്പം നിൽക്കുന്നു. 

ഹോ‘ബീ പോസിറ്റീവ്’

∙ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വീട്ടമ്മമാർക്കുമൊക്കെയായി ഒരു പ്രത്യേക സെഷൻ റിഗാറ്റയിൽ ഉണ്ട്. അവർക്കൊപ്പം നിൽക്കുമ്പോൾ ജോലിയിലെ പ്രഷറും മറ്റു തിരക്കുകളും ഒന്നും അറിയില്ല. 

∙ ജീവിതവും ജോലിയുമൊക്കെ തരുന്ന സ്ട്രെസ് എല്ലാവർക്കും ഉണ്ടാകും. ഇത്തരം ഹോബികൾ അതിൽ നിന്നുള്ള രക്ഷാമാർഗമാണ്. 

∙ ജോലി, ഹോബി, വീട്ടിലെ കാര്യങ്ങൾ ഇതെല്ലാം കൃത്യമായി കൊണ്ടുപോകാൻ പഠിച്ചു.

∙ യന്ത്രം പോലെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ജീവിതത്തിലേക്ക് ക്രിയേറ്റിവിറ്റി വന്നു. അതോടെ സന്തോഷത്തോടെ പുതുമയോടെ ജീവിക്കാനാകുന്നു. 

Gayatri's Inspiring Return to Dance:

Gayatri's dance journey showcases many women who had to set aside their passion for dance due to studies, work, and family. After a decade-long break, Gayatri rediscovered her love for dance and is now teaching it, inspiring others to pursue their hobbies despite life's demands.

ADVERTISEMENT