ADVERTISEMENT

നാട്ടിലെ സാഹചര്യത്തിൽ പഠിച്ചുവരുന്ന വിദ്യാർഥികൾക്കു വിദേശരാജ്യങ്ങളിൽ പോകാനോ ജോലി ചെയ്യാനോ താൽപര്യമുണ്ടെങ്കിൽ പഠിക്കുന്ന കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക പ്രാധാന്യം നൽകണം. നിങ്ങൾ പഠിക്കുന്ന/പഠിക്കാൻ പോകുന്ന കോഴ്സുകൾക്കു രാജ്യാന്തര തലത്തിൽ അംഗീകാരമോ ഡിമാന്റോ ഉണ്ടോ എന്നതും കണക്കിലെടുക്കേണ്ട ഘടകമാണ്. 

രാജ്യാന്തരതലത്തിൽ മികച്ച സാധ്യതകൾ കണ്ടെത്തുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചാണ് ഈ ലക്കം ചർച്ച ചെയ്യുന്നത്. കൂടുതൽ സാധ്യതകൾ തുറന്നു തരുന്നതും ഭാവിയിൽ കൂടുതൽ ആവശ്യമുള്ളതുമായ സ്കില്ലുകൾ ഏതൊക്കെയാണ്, കോഴ്‌സുകൾക്കുള്ള അംഗീകാരം, രാജ്യാന്തര തലത്തിലുള്ള പ്രസക്തി, പഠിക്കുന്ന സ്ഥാപനങ്ങളുടെ മേന്മ, നാട്ടിൽ നിന്നോ വിദേശത്തുനിന്നോ പഠിക്കുന്നതിന്റെ സാധ്യതകൾ എന്നിവയെല്ലാം നമുക്കു നോക്കാം.

ADVERTISEMENT

കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ

ഉന്നത വിദ്യാഭ്യാസത്തിലേക്കെത്തുമ്പോൾ തങ്ങളുടെ ഇഷ്ടങ്ങളും അഭിരുചികളും മാത്രം നോക്കി കോഴ്സുകൾ തിരഞ്ഞെടുക്കുകയാണ് പൊതുവെ വിദ്യാർഥികൾ ചെയ്യുന്നത്. കോഴ്സുകളോ കരിയറോ തിരഞ്ഞെടുക്കുമ്പോൾ ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണെങ്കിലും ഗൗരവമേറിയ പലതും നമ്മൾ ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. ആദ്യംതന്നെ നിങ്ങൾ ജോലി ചെയ്യാൻ പോകുന്ന തൊഴിൽ കമ്പോളത്തിൽ (പ്രത്യേകിച്ചും രാജ്യാന്തരതലത്തിൽ) ആവശ്യമായതും ഡിമാൻഡ് ഉള്ളതുമായ സ്കില്ലുകൾ ഏതൊക്കെയെന്ന് ഗവേഷണം നടത്തണം. അതനുസരിച്ചുള്ള കോഴ്സുകൾ ഏവ, അതിൽ തങ്ങൾക്കു പഠിക്കാൻ  സാധിക്കുന്നത് ഏവ എന്നും മനസ്സിലാക്കണം.

ADVERTISEMENT

ഉദാഹരണത്തിന് അമേരിക്കയിലേക്കോ കാനഡയിലേക്കോ കുടിയേറാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഉറപ്പായും ആ രാജ്യത്തെ സാമ്പത്തികാവസ്ഥയും കൂടുതൽ ജോലി സാധ്യതയുള്ള മേഖലയും ഏതൊക്കെയെന്നു മനസ്സിലാക്കണം. ഓസ്ട്രേലിയ, ന്യൂസിലന്റ്‌, തുടങ്ങിയ രാജ്യങ്ങൾ അവർക്ക് ആവശ്യമുള്ള തൊഴിലുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഹെൽത്ത് കെയർ, എൻജിനീയറിങ്, ടെക്നോളജി തുടങ്ങി സ്‌കിൽഡ് വർക്കുകൾ (പ്ലമിങ്, ഇലക്ട്രിഷൻ തുടങ്ങിയവ) എന്നിവ ഉൾപ്പെടെ ആ രാജ്യത്ത് ഒഴിവുകളുള്ള മേഖലകൾ ഉൾപ്പെടുത്തിയാകും ഇതു തയാറാക്കുക. ഉദാഹരണമായി, ഓസ്‌ട്രേലിയ പലപ്പോഴും നഴ്സിങ് മേഖലയിലുള്ള പ്രഫഷനലുകളെ തിരയുന്നുണ്ട്. അതുപോലെ കംപ്യൂട്ടർ പ്രോഗ്രാമിങ്, ഡേറ്റ സയൻസ്, മറ്റു സ്‌കിൽഡ് വർക്ക് (skilled trades) എന്നിവയിൽ കഴിവുള്ള ആളുകളെയാണു കാനഡ പലപ്പോഴും അന്വേഷിക്കുന്നത്. 

തൊഴിൽസാഹചര്യം വിലയിരുത്തണം

ADVERTISEMENT

പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളുടെ തൊഴിൽ പട്ടികകൾ മാത്രമല്ല അവലംബിക്കാവുന്ന മാർഗം. ലോകത്തെ വിവിധ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടുകളെയും ആശ്രയിക്കാവുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ രാജ്യാന്തര തൊഴിൽ സംഘടന അഥവാ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ILO), ലോക സാമ്പത്തിക ഫോറം (World Economic Forum, WEF), എന്നിങ്ങനെ പല സ്ഥാപനങ്ങളും രാജ്യാന്തരതലത്തിൽ തൊഴിൽ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലുകളിലുണ്ടാകുന്ന മാറ്റങ്ങൾ, ലോകത്തെ പുതിയതരം തൊഴിലുകൾ, പുതുതായി ഉണ്ടായിവരുന്ന സാധ്യതകൾ, പുതിയകാലത്ത് ആവശ്യമായ വൈദഗ്ധ്യങ്ങൾ (skills), കൂടുതൽ ഡിമാൻഡ് ഉള്ള സ്കില്ലുകൾ, എന്നിങ്ങനെ കരിയറിനെ ഗൗരവമായി കാണുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇത്തരം റിപ്പോർട്ടുകളിലുണ്ട്. ഇവ വായിക്കുകയും തൊഴിൽ കമ്പോളത്തിലെ മാറ്റങ്ങൾ അറിയുകയും ചെയ്താൽ  കൃത്യമായ നിരീക്ഷണങ്ങളിലേക്കെത്താൻ സാധിക്കും. ഇത്തരം പല റിപ്പോർട്ടുകളും നിർമിതബുദ്ധി (Artificial Intelligence), ഡേറ്റ സയൻസ്, പുനരുപയോഗപ്രദമായ ഊർജം (renewable energy), ഹരിത സമ്പദ് വ്യവസ്ഥ (green economy) എന്നീ മേഖലകളിൽ ഉണ്ടാകാൻ പോകുന്ന സാധ്യതകളെക്കുറിച്ചു വളരെ നാളുകളായി പറയുന്നുണ്ട്. 

ഇന്നു മിക്കവാറും എല്ലാ വികസിതരാജ്യങ്ങളിലും ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് ധാരാളം അവസരങ്ങളുള്ളതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. രാജ്യാന്തരതലത്തിൽ സേവനങ്ങളാവശ്യമുള്ള മേഖലകളുമായി ബന്ധപ്പെട്ട  വിഷയങ്ങൾ  പഠിക്കുന്നതു വിദേശത്തു മികച്ച സാധ്യതകൾ ഉറപ്പാക്കാൻ സഹായിക്കും. അതോടൊപ്പം ഗ്ലോബൽ സ്കിൽ ഗ്യാപ് മനസ്സിലാക്കിക്കൊണ്ട് ആവശ്യമായ നൈപുണ്യങ്ങൾ കൂടി നേടിയെടുത്താൽ തീർച്ചയായും ഗുണം ചെയ്യും. ഉദാഹരണത്തിന് ഒരു എൻജിനീയറിങ് വിദ്യാർഥി ഡേറ്റ സയൻസോ സൈബർ സെക്യൂരിറ്റിയോ കൂടി പഠിച്ചിരിക്കുന്നതു കരിയറിൽ പല വിധത്തിൽ ഉപകാരപ്പെടാം.

ലോകത്തെ നിലവിലുള്ള സാധ്യതകൾ കണക്കിലെടുക്കുന്നതോടൊപ്പം നമ്മൾ ഖ്യാതി നേടിയിട്ടുള്ള ചില മേഖലകളുണ്ട്. പണ്ടു മുതലേ കേരളത്തിൽനിന്നുള്ളവർ ലോകമെമ്പാടും പോയി വിജയകരമായി ചെയ്തുപോരുന്ന ജോലികളാണവ. ഉദാഹരണമായി നഴ്സിങ് - കെയർ ഗിവിങ് അനുബന്ധ മേഖല, ഇൻഫർമേഷൻ ടെക്നോളജി (IT), ഒരു പരിധിവരെ ഓയിൽ ആൻഡ് ഗ്യാസ് മേഖല. ഇത്തരത്തിൽ മലയാളികൾക്ക് പേരുള്ള മേഖലകളിലുള്ള കോഴ്സുകൾ പഠനത്തിനായി തിരഞ്ഞെടുക്കുന്നതും ബുദ്ധിപരമാണ്. 

കേരളത്തിൽ നിന്നുള്ള നഴ്സുമാരുൾപ്പെടെ കെയർ ഗിവിങ് മേഖലയിലുള്ളവരുടെ സ്തുത്യർഹമായ സേവനം ലോകത്തെവിടെയും പ്രസിദ്ധമാണ്. നഴ്സിങ് ഉൾപ്പെടെ അനുബന്ധ മേഖലയിലുള്ള കോഴ്സുകൾ നല്ല സ്ഥാപനങ്ങളിൽ നിന്നു പഠിക്കുന്നത് പ്രായോഗികമായ സാധ്യതയാണ്. അതുപോലെ ആഗോളതലത്തിൽ വളർന്നുവരുന്ന ഐ.ടി., കംപ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ളവർക്കു കൂടുതൽ അവസരങ്ങളുണ്ടാകുന്നുണ്ട്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിലും അനുബന്ധ എൻജിനീയറിങ്/ ടെക്നോളജി ബിരുദധാരികൾക്ക് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലുൾപ്പെടെ അവസരങ്ങളുണ്ട്.

മികവുള്ള സ്ഥാപനങ്ങളിലെ പഠനം

രാജ്യാന്തരതലത്തിൽ സാധ്യതയുള്ള വിഷയങ്ങൾ പഠിക്കുന്നതു തൊഴിൽസാധ്യത കൂട്ടുമെങ്കിലും ഇന്ത്യയിൽത്തന്നെ പഠിക്കുന്നവര്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  എല്ലാ ഡിഗ്രികൾക്കും രാജ്യാന്തരതലത്തിലുള്ള പ്രസക്തിയോ അംഗീകാരമോ ഒരുപോലെയല്ല. ഐഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിലോ മികച്ച റാങ്കിങ് ഉള്ള യൂണിവേഴ്സിറ്റികളിലോ പഠിച്ചവര്‍ക്കു വിദേശജോലി നേടുന്നത് ഏറെ സുഗമമായിരിക്കും. ഇത്തരം സ്ഥാപനങ്ങൾക്കു ലോകത്തെങ്ങുമുള്ള വിശ്വാസ്യതയാണ് ഇതിനൊരു കാരണം. മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ തൊഴിൽ കമ്പോളത്തിലെ മാറ്റങ്ങളനുസരിച്ചും വിദേശ മാനദണ്ഡങ്ങളനുസരിച്ചും അവരുടെ പാഠ്യരീതികളും മറ്റും യഥാസമയങ്ങളിൽ പരിഷ്കരിച്ചുകൊണ്ടിരിക്കും. മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള സാധ്യതകളും തുറന്നുതരുന്നു. ഇതെല്ലാം വിദ്യാർഥികളെ സംബന്ധിച്ച് ഭാവിയിൽ ഉപകാരപ്പെടുന്ന കാര്യങ്ങളാണ്. പ്രശസ്തമല്ലാത്ത കോളജുകളിൽ നിന്നോ സര്‍വകലാശാലകളില്‍ നിന്നോ പഠിച്ചിറങ്ങുന്നവർക്കു കൂടുതൽ കടമ്പകൾ കടക്കേണ്ടി വന്നേക്കാം.

നേരെമറിച്ച് ഇന്ത്യയിൽ നിന്നു നേടിയ ചില ബിരുദങ്ങൾ/ക്വാളിഫിക്കേഷനുകൾ മറ്റുരാജ്യങ്ങളിൽ അംഗീകരിക്കപ്പെടുന്നില്ല എന്നതും ഒാര്‍മയില്‍ വേണം. ഉദാഹരണത്തിന് മെഡിസിൻ, നിയമം തുടങ്ങിയ വിഷയങ്ങൾ ഇന്ത്യയിൽ പഠിച്ചു ബിരുദം നേടിയാലും നേരിട്ടു മറ്റു രാജ്യങ്ങളിൽ പോയി ജോലിചെയ്യാൻ സാധിക്കില്ല. ഇതിനായി അതതു രാജ്യങ്ങളിലെ റെഗുലേറ്ററി ബോഡികളുടെ അംഗീകാരം നേടേണ്ടതുണ്ട്. ഇത്തരം ഡിഗ്രികളുടെ ജോഗ്രഫിക് പോർട്ടബിലിറ്റി പരിമിതമാണെന്നു പറയാം. 

ഗ്ലോബൽ കരിയർ എന്ന നിങ്ങളുടെ സ്വപ്നം പെട്ടെന്നു സാധ്യമാക്കുന്നതിനു രാജ്യാന്തരതലത്തിലോ നിങ്ങൾ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളിലോ അംഗീകൃതമായ ഒരു യോഗ്യത (acreditation) നേടിയെടുക്കുന്നതിലൂടെ സാധിക്കും. സാധാരണ യൂണിവേഴ്സിറ്റി ബിരുദത്തിനു പുറമെ ഇത്തരത്തിലുള്ള ഇന്റർനാഷനൽ അക്രെഡിറ്റേഷനുകൾ കൂടുതൽ രാജ്യങ്ങളിൽ തൊഴിലവസരങ്ങളുണ്ടാക്കിയേക്കാം. പല തൊഴിലുകളിലും രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നുള്ള നിർദിഷ്ട സർട്ടിഫിക്കേഷനുകൾ മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളും തൊഴിലുടമകളും അവ അംഗീകരിക്കുന്നുണ്ട്.

വിദേശവിദ്യാഭ്യാസം ലക്ഷ്യമിടുമ്പോൾ

രാജ്യാന്തര തലത്തിൽ ഒരു കരിയർ നേടിയെടുക്കാനാഗ്രഹിക്കുന്നതിന്റെ ഭാഗമായി പലരും ആശ്രയിക്കുന്ന ഒന്നാണ് വിദേശ വിദ്യാഭ്യാസം. പഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ പോകുന്നത് അവരുടെ ജോലിസാധ്യത കൂട്ടുമെന്നും പഠിക്കാൻ പോയ രാജ്യത്തോ മറ്റു രാജ്യങ്ങളിലോ എളുപ്പത്തിൽ തൊഴിൽ നേടാൻ അവസരമുണ്ടാകുമെന്നും പലരും കരുതുന്നു. ഇതിൽ വാസ്തവമുണ്ടെങ്കിലും മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നിങ്ങൾ പോകുന്ന രാജ്യത്തെ സമ്പദ്ഘടന എന്തുതരം വ്യവസായങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും ഏതുതരം സ്കില്ലുകളുള്ള ആളുകൾക്കാണു കൂടുതൽ സാധ്യതയുള്ളതെന്നുമാണു പ്രാഥമികമായി വിലയിരുത്തേണ്ടത്. കൂടാതെ പഠിക്കുന്ന സ്ഥാപനങ്ങളുടെ റാങ്കിങ് (global academic ranking) പ്രധാനമാണ്. ഉയർന്ന റാങ്കുള്ള ഒരു സർവകലാശാലയിൽ പഠിക്കുന്നത് ബിരുദത്തിന്റെ സ്വീകാര്യത വർധിപ്പിക്കും. 

കൂടാതെ മികച്ച പാഠ്യപദ്ധതികളും രീതികളും അധ്യാപകരും സഹപാഠികളും പഠനാന്തരീക്ഷം മെച്ചപ്പെട്ടതാക്കാനും സഹായിക്കും. മികച്ച നെറ്റ്‌വർക്കും ഇതുവഴി ഉണ്ടാക്കിയെടുക്കാം. ഉദാഹരണത്തിന്, റിന്യൂവബിള്‍ എനര്‍ജി (renewable energy) സംബന്ധിച്ചുള്ള സാങ്കേതികവിദ്യകളിൽ ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ജർമനി. അതുമായി ബന്ധപ്പെട്ട മേഖലകളിൽ താൽപര്യമുള്ളയാളാണ് നിങ്ങളെങ്കിൽ ഈ വിഷയത്തിൽ ബിരുദാനന്തര ബിരുദപഠനത്തിനായി ജർമനി തെരഞ്ഞെടുക്കാവുന്നതാണ്. ജർമനിയിൽ മികച്ച റാങ്കിങ്ങുള്ള ഒരു സ്ഥാപനത്തില്‍ കൂടിയാണു പഠിക്കുന്നതെങ്കില്‍ മികച്ച ജോലിക്ക് തെല്ലും ബുദ്ധിമുട്ടേണ്ടി വരില്ല.

ചില രാജ്യങ്ങളിൽ പഠിക്കുന്നതു തന്നെ പഠനശേഷം ജോലിചെയ്യാനുള്ള അവസരംകൂടി നൽകുന്നുണ്ട്. കാനഡ, ഓസ്‌ട്രേലിയ, യുകെ, ചില യൂറോപ്യൻ നാടുകൾ ഒക്കെ പഠനശേഷം ഒരു നിശ്ചിത കാലയളവിലേക്ക് 'സ്റ്റേ ബാക്' എന്ന സാധ്യത നൽകുന്നു. അത്രയും കാലം അവിടെ താമസിക്കുകയും ജോലി ചെയ്യുകയുമാവാം. ഈ കാലയളവിൽ തൊഴിൽ പരിശീലനം ലഭിക്കുന്നതോടൊപ്പം സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്താനും ശ്രമിക്കാം. സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ക്രമേണ മെച്ചപ്പെട്ട ജോലിയിലേക്കും പിന്നീടത് പെർമനെന്റ് റെസിഡൻസിലേക്കുമുള്ള വഴിയൊരുക്കും.രാജ്യാന്തര തലത്തിൽ ജോലി സാധ്യതയേറിയ മേഖലയിൽ  നൈപുണ്യം നേടിയെടുക്കാനാണ്  പ്രത്യേകം  ശ്രമിക്കേണ്ടത്. 

വിദേശവിദ്യാഭ്യാസത്തിനു തീരുമാനങ്ങളെടുക്കുന്നതിനു മുൻപേതന്നെ പഠിക്കുന്ന കോഴ്സുകളുടെ അംഗീകാരം, സ്ഥാപനങ്ങളുടെ റാങ്കിങ്, പഠിക്കാനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ, രാജ്യങ്ങളുടെ ഇക്കോണമി, പോസ്റ്റ്-സ്റ്റഡി വീസ ഇവയൊക്കെ കണക്കിലെടുക്കുക. പഠിക്കുന്ന പ്രോഗ്രാമുകളും സ്കില്ലുകളും രാജ്യാന്തര തൊഴിൽ വിപണിയുമായി യോജിക്കുന്നതാണോ എന്നും  ഉറപ്പുവരുത്തണം. വലിയ അവസരങ്ങൾ കയ്യെത്തിപ്പിടിക്കാൻ ഇതൊക്കെ നിങ്ങളെ സഹായിക്കും.

Choosing the Right Courses for International Opportunities:

Unlock your global career by strategically choosing courses and institutions with international demand and recognition. Researching in-demand skills and aligning your education with global job market trends is crucial for a successful international career.

ADVERTISEMENT