ADVERTISEMENT

എല്ലാം പഠിച്ചതാണ് അമ്മാ... പക്ഷേ, ചോദ്യപേപ്പർ കിട്ടിയപ്പോഴേക്കും ആകെ ബ്ലാങ്ക് ആയ പോലെ. ഒന്നും ഓർത്തെടുക്കാനായില്ല.’’ പരീക്ഷക്കാലമായാൽ മിക്ക വീടുകളിലും കേട്ടുവരുന്ന പല്ലവിയാണിത്. കുട്ടികളെ വഴക്കു പറഞ്ഞിട്ടോ തല്ലിയിട്ടോ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകില്ല. മറിച്ച് എന്താണ് അവരുടെയുള്ളിലെ യഥാർഥ പ്രശ്നമെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഇതുവഴി കുട്ടികളിലെ ആത്മവിശ്വാസം വർധിക്കുകയും പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും. വരാനിരിക്കുന്ന പരീക്ഷാ ദിവസങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചാലോ?

ആവർത്തനം: പഠിച്ചതു പല തവണ ആവർത്തിച്ചു വായിച്ചുറപ്പിക്കുന്നതു നല്ലതാണ്. ഉദാഹരണത്തിന് പുതിയ ഒരു വാക്കു പഠിച്ചെന്നു കരുതുക. ആ വാക്കു വാചകത്തിൽ ഉൾപ്പെടുത്തി ഉപയോഗിച്ചു നോക്കാം. അപ്പോൾ ആ സന്ദർഭം കൂടി ഓർമയിൽ ഉറയ്ക്കും. അ തുകൊണ്ട് റിവിഷനും പ്രാക്ടീസും അൽപം കൂടിയാലും കുഴപ്പമില്ല. പഠിക്കുന്നതൊക്കെ ലോങ് ടേം മെമ്മറിയിലേക്കു ശേഖരിക്കപ്പെടുന്നുണ്ട്.

ADVERTISEMENT

ചങ്കിങ് രീതി: വലിയൊരു ചാക്ക് സാധനം മാറ്റി വയ്ക്കണമെന്നു കരുതുക. ഒന്നിച്ചുയർത്താൻ കഴിയാത്തതു കൊണ്ട് നമ്മൾ അത് സ്പ്ലിറ്റ് ചെയ്തു പലതാക്കി എടുത്തു മാറ്റിവയ്ക്കാറില്ലേ. അതു പോലെയാണ് അറിവും. നീളവും സങ്കീർണതയും ഉള്ള വാചകങ്ങളും സമവാക്യങ്ങളും സ്പ്ലിറ്റ് ചെയ്തു പഠിക്കുന്ന രീതിക്കാണ് ചങ്കിങ് എന്നു പറയുന്നത്. കാര്യം വ്യക്തമായി മനസ്സിലാകാൻ ഒരു ഉദാഹരണം കൂടി പറയാം. ആധാർ കാർഡിലെ 12 അക്ക നമ്പർ മനഃപാഠമാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ ബുദ്ധിമുട്ടാകും. എന്നാൽ അതിനെ നാല് അക്കങ്ങൾ ഉള്ള മൂന്നു പീസാക്കി ഓർമിക്കാൻ നോക്കു. രണ്ടോ മൂന്നോ വട്ടം അതു താളത്തിൽ പറയുകയുമാകാം. ഇതേ തന്ത്രം തന്നെ പഠനത്തിലും ഉപയോഗിക്കാം.  

ചുരുക്കെഴുത്തുകൾ: ഓർത്തിരിക്കേണ്ട വിവരങ്ങൾ ചെറിയ സൂത്രവാക്യങ്ങളിൽ ഒളിപ്പിച്ച് ഓർത്തുവയ്ക്കുന്ന വിദ്യയാണ് ന്യുമോണിക്സ്. ഓർത്തുവയ്ക്കേണ്ട വാചകത്തിന്റെ ആദ്യ അക്ഷരങ്ങള്‍ ചേർത്തുണ്ടാക്കുന്ന ചുരുക്കെഴുത്തിനെ അക്രോണിമുകൾ എന്നു പറയും. നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നതിന്റെ ഷോർട് ഫോം ആയ ന്യൂസ് ചുരുക്കെഴുത്തിന് ഉദാഹരണമാണ്.

ADVERTISEMENT

ചെയിനിങ്: പഠിക്കാനുള്ള വിവരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കഥ മെനഞ്ഞെടുക്കുന്നതിനെ ചെയിനിങ് എന്ന് പറയുന്നു.

പവർഫുളാണ് ഹാൻഡ് നോട്ടുകൾ

ADVERTISEMENT

ക്ലാസിൽ ടീച്ചർ പഠിപ്പിക്കുമ്പോൾ ഹാൻഡ് നോട്ട് എഴുതുന്നതു നല്ല ശീലമാണ്. പിരീഡ് കഴിഞ്ഞാലുടൻ എല്ലാം ഒന്നുകൂടെ മനസ്സിൽ കാണാൻ ശ്രമിക്കുക. സംശയം തോന്നുന്ന ഭാഗം ടീച്ചറോടു ചോദിച്ചു മനസ്സിലാക്കാം. വീട്ടിലെത്തിയ ശേഷം ഒരു റഫ് നോട്ടിലേക്ക് അതതു ദിവസം പഠിച്ചതൊക്കെ ഒന്നോ രണ്ടോ വട്ടം എഴുതി പഠിക്കുന്നതും ഓർത്തിരിക്കാൻ ഏറെ സഹായിക്കും. പുതിയ അറിവുകളെ മുൻപ് പഠിച്ചതിനോട് ചേർത്തു വായിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാം.

അസോസിയേഷൻ മെമ്മറി

മുന്നറിവുകളോടു ചേർത്തുവച്ചാണ് നമ്മുടെ തലച്ചോറ് കാര്യങ്ങൾ ഓർത്തിരിക്കുക. ഇതിനെ അസോസിയേഷൻ മെത്തേഡ് എന്നു പറയുന്നു.

ഉദാഹരണമായി  ബൾഗേറിയയുടെ   തലസ്ഥാനം     സോ ഫിയ എന്നു പറഞ്ഞാൽ ഓർത്തിക്കാൻ ബുദ്ധിമുട്ടാണ്. അ തേസമയം ബൾഗേറിയയെ ബുൾ എന്നും സോഫിയയെ സോഫ എന്നും സങ്കൽപിക്കുക. എന്നിട്ട് ബുൾ സോഫയി ൽ കിടക്കുന്നതു മനസ്സിൽ കാണാൻ കുട്ടികളോടു പറയാം. മൂവ്മെന്റ് വിഷ്വലാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. അതുവഴി ബൾഗേറിയയുടെ തലസ്ഥാനം സോഫിയയാണെന്ന് കുട്ടിയുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. ഏതൊരു വിവരം തലച്ചോറിൽ സ്‍റ്റോർ ചെയ്യുന്നതിനും അസോസിയേഷൻ മെത്തേഡ് സഹായിക്കും.

ചരിത്രവും കണക്കും

സംഭവങ്ങളും അത് നടന്ന വർഷങ്ങളും കൃത്യമായി ഓർമിക്കുന്നതു ഹിസ്റ്ററി പഠനത്തിൽ പ്രധാനമാണ്. ഇതെല്ലാം എങ്ങനെ പഠിച്ചു തീരാനാണ് എന്ന നെഗറ്റീവ് മനോഭാവം വേണ്ട. കഥ വായിക്കുന്നതു പോലെയോ സിനിമ കാണുന്നതു പോലെയോ വിഷ്വലായി മനസ്സിൽ കണ്ട് പഠിച്ചാൽ ഹിസ്റ്ററി സിംപിളാണ്.

പാഠഭാഗത്തിൽ നമുക്കേറെ ഇഷ്ടപ്പെടുന്ന കഥാപാത്രം നമ്മളാണെന്നു കൂടി മനസ്സിൽ കണ്ടാൽ സംഗതി ഈസി.വർഷങ്ങൾ മനഃപാഠമാക്കാൻ സ്വന്തമായി ഒരു കോഡ് രൂപകൽപന ചെയ്യാവുന്നതാണ്.

 കണക്കിലെ കളികൾ മനസ്സിലാക്കിയാൽ ഇത്ര രസകരമായ വിഷയം വേറെയില്ല. സൂത്രവാക്യങ്ങളിലാണ് കണക്കിലെ കൗതുകം ഒളിഞ്ഞിരിക്കുന്നത്. പഠനമുറിയിൽ എളുപ്പത്തിൽ കാണാവുന്ന ഇടങ്ങളിൽ ഫോർമുലകൾ എഴുതി ഒട്ടിക്കുക. പലയാവർത്തി കാണുകവഴി ഇതു മനസ്സിൽ പതിയും. അതതു ദിവസങ്ങളിൽ പഠിപ്പിക്കുന്നവ  അന്നു തന്നെ പ്രാക്ടീസ് ചെയ്യണം.

 പരീക്ഷ എഴുതുമ്പോൾ വേഗത്തിൽ ഉത്തരം കണ്ടെത്താന്‍ പ്രാക്ടീസ് സഹായിക്കും. റിവിഷൻ ആരംഭിക്കുമ്പോള്‍ ലളിതമായതിൽ നിന്ന് കാഠിന്യമേറിയ കണക്കുകളിലേക്കു കടക്കുന്നതാവും ഉത്തമം. ചോദ്യം നന്നായി വായിച്ചു മനസ്സിലാക്കിയശേഷം എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ഫോർമുല മനസ്സിൽ കാണുക. ഡയഗ്രം, ഗ്രാഫ് മുതലായവുടെ സഹായം തേടാം. ഉത്തരം കിട്ടിക്കഴിഞ്ഞാൽ സ്റ്റെപ്പുകൾ ഒന്നുകൂടി വിലയിരുത്തി ഉത്തരം ശരിയെന്ന് ഉറപ്പുവരുത്താൻ മറക്കരുത്

നല്ലതു കഴിക്കാം, നന്നായി ഓര്‍ക്കാം

ഓർമശക്തിയുടെ കാര്യത്തിൽ ഭക്ഷണവും പ്രധാനമാണ്. ചിന്തയും  ഓർമിക്കലും തലച്ചോറിനു വലിയ അധ്വാനമുള്ള ജോലികളാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണം കൃത്യസമയത്ത്, ആവശ്യമായ അളവിൽ കഴിക്കണം. ദിവസത്തിലെ ആദ്യ ഭക്ഷണമായ പ്രാതൽ മുടക്കരുത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനമാണിത‌്.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പു തുടങ്ങിയവ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണം, പഴവർഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ കഴിക്കാൻ മറക്കരുത്.

േവാൾനട്ട്, ബദാം, പിസ്ത, കശുവണ്ടി തുടങ്ങിയ അണ്ടിപ്പരിപ്പുകൾ ഓർമശക്തി വർധിപ്പിക്കാൻ വളരെയധികം സഹായിക്കും. വൈറ്റമിൻ ഇ, തയമിൻ എന്നിവയടങ്ങിയ നിലക്കടല തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.

ആന്റിഓക്സിഡന്റ്, വൈറ്റമിൻ ഇ, ഫാറ്റി ആസിഡ്, ഒമേഗ 3 തുടങ്ങിയവ ധാരാളമായുള്ളതിനാൽ ഓർമശക്തി, ഏ കാഗ്രത, വൈജ്ഞാനിക പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിൽ അണ്ടിപ്പരിപ്പുകൾ വലിയ പങ്കുവഹിക്കുന്നു.

ചീര, മുരിങ്ങയില, ബ്രോക്‌ലി തുടങ്ങിയവയിൽ വൈറ്റമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങി മസ്തിഷ്ക ആരോഗ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ അടങ്ങിയ നെല്ലിക്ക, ബ്ലൂ ബെറി തുടങ്ങിയവ ഓർമശക്തിയും ഏകാഗ്രതയും കൂട്ടാൻ നല്ലതാണ്.

2490306875

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകളും കോളിൻ അടങ്ങിയ മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

അറിവിന്റെ ആദ്യ ജാലകം

ഓർമശക്തി പാരമ്പര്യമായി കിട്ടുന്നതാണെന്നാണു ചിലരുടെയെങ്കിലും ധാരണ. എന്നാൽ ചിട്ടയായ വ്യായാമങ്ങളിലൂടെയും ജീവിതശൈലികളിലൂടെയും ഓർമശക്തി വർധിപ്പിക്കാം എന്നു പഠനങ്ങൾ പറയുന്നു. ഒരു കുഞ്ഞു ജനിച്ച് ആറാം മാസം  മുതൽ മെമ്മറി ട്രെയിനിങ് ആരംഭിക്കാം. ചെറിയ കുട്ടികളിലേക്ക് അറിവു പകർന്നു നൽകേണ്ടതു കളികളിലൂടെയും കഥകളിലൂടെയുമാണ്. പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും കണ്ടെത്തുമ്പോഴും നമ്മുടെ ന്യൂറൽ പ്ലാസ്റ്റിസിറ്റി വർധിക്കും. നൂതന അറിവുകളുമായി പൊരുത്തപ്പെടാനുള്ള  തലച്ചോറിന്റെ ശേഷിയാണ് ന്യൂറൽ പ്ലാസ്റ്റിസിറ്റി.

ആറാം മാസം മുതൽ കുഞ്ഞുങ്ങൾക്ക് ഫ്ലാഷ് കാർഡുകൾ പരിചയപ്പെടുത്താം. കുഞ്ഞ് തലച്ചോറുകൾ ഫ്ലാഷ് കാർഡിലെ ചെറിയ വിവരങ്ങൾ വരെ ഒപ്പിയെടുത്ത് ഓർമയിൽ സൂക്ഷിക്കും. പിന്നീടു സമാനമായ വസ്തുക്കൾ ചുറ്റും കാണുമ്പോൾ കുട്ടികൾ അവയെ കൃത്യമായി തിരിച്ചറിയും. ഇതിനെ പാറ്റേൺ റെക്കഗ്‌നിഷൻ എന്നു പറയും.

ഫ്ലാഷ് കാർഡിനു പകരം യഥാർഥ വസ്തുക്കളും ഉപയോഗിക്കാം. ചെറിയ കുട്ടികളിൽ കൗതുകമുണർത്തുന്ന മറ്റൊരു വിദ്യ സംഗീതമാണ്. വാക്കുകളുടെയും ശബ്ദങ്ങളുടെയും ആവർത്തനവും ഈണവും താളവുമെല്ലാം വളരെ വേഗത്തിൽ കുഞ്ഞു മനസ്സിൽ പതിയും. ഇതിനെ മ്യൂസിക്കൽ പാറ്റേൺ റെക്കഗ്‌നിഷൻ എന്നു പറയും. ഭാഷാപരമായ അറിവുകൾ ഒപ്പിയെടുക്കുന്നതിലും കുട്ടികൾക്കു പ്രത്യേക കഴിവുണ്ട്. ഭാഷാവികാസത്തിൽ ബെഡ് ടൈം സ്റ്റോറികളും വലിയ പങ്കുവഹിക്കുന്നു.

ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു ദിവസം ഒരു ആക്ടിവിറ്റി എന്ന രീതിയിൽ പരമാവധി 15 മിനിറ്റ് മാ റ്റിവയ്ക്കാം. ഓരോ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യുന്നതു കുഞ്ഞുങ്ങൾ ആസ്വദിക്കുക മാത്രമല്ല ഇതിലൂടെ കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കാനും സാധിക്കും.

മാറാം നല്ലതിനായി

നല്ല ഉറക്കം : ശരീരത്തിനെന്നപോലെ തലച്ചോറിനും വിശ്രമം ആവശ്യമാണ്. ഓർമകളെ ഏകോപിപ്പിക്കുന്നതിൽ ഉറക്കത്തിനു വലിയ പങ്കുണ്ട്. അതുകൊണ്ട് ഏഴ് – ഒൻപതു മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഉ റക്കം പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തെ സമീകൃതാഹാരശീലവും.

വ്യായാമത്തിൽ പിശുക്കല്ലേ : ദിവസേന അരമണിക്കൂറെങ്കിലും നിർബന്ധമായും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുക വഴി തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും ചെയ്യും.

സമ്മർദം വേണ്ടേ വേണ്ട : ശാരീരിക, മാനസിക ആരോഗ്യത്തെ മാത്രമല്ല, ഓർമശക്തിയേയും സമ്മർദം പ്രതികൂലമായി ബാധിക്കും. സമ്മർദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക.

ഫോൺ എടുക്കാൻ വരട്ടെ : ഒരു വാക്കിന്റെ അർഥം മറന്നു പോയാൽ നമ്മളാദ്യം ചെയ്യുക എന്താകും? നമുക്ക് നന്നായി അറിയുന്ന വാക്ക് ആണെങ്കിൽപ്പോലും. ആലോചിച്ചെടുക്കാനുള്ള ക്ഷമ കാണിക്കാറില്ല എന്നതല്ലേ സത്യം. ഫോണെടുത്തു ഗൂഗിളിനോട് ചോദിക്കും.

ഇനി മുതൽ ഈ രീതിയോട് ബൈ പറയാം. സാവകാശം, സമയമെടുത്തു തലച്ചോറ് കാര്യങ്ങൾ കണ്ടെത്തട്ടേ. അമിതമായ സ്ക്രീൻ ടൈമും റീലുകളും തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒാർക്കാം.

ഓർമശക്തി കൂട്ടാൻ വഴിയുണ്ട്

ഓർമ കുട്ടികൾക്കു മാത്രം വേണ്ട കാര്യമാണെന്ന ചിന്ത വേണ്ട. പ്രായം കൂടും തോറും എല്ലാവരും പിന്തുടരേണ്ട മാർഗങ്ങളാണ് ഇനി പറയുന്നത്.

തലച്ചോറിന്റെ ഉത്സാഹത്തിന് അത്യാവശ്യമായി വേണ്ടതു ചിട്ടയായ പരിശീലനമാണ്. ഇവിടെയാണ് മെമ്മറി ട്രെയിനിങ്ങിന്റെ പ്രസക്തി ഏറുന്നത്.

ലോങ് ടേം മെമ്മറി, വർക്കിങ് മെമ്മറി, സ്പീഡ് റീകോളിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് മെമ്മറി ട്രെയിനിങ്ങിൽ നടക്കുക. നാലു വയസ്സു മുതൽ പരിശീലനം ആരംഭിക്കാം. 20 വയസ്സുവരെ വളരെ വേഗത്തില്‍ പരിശീലനം നേടാനാകും. പ്രായം കൂടുന്നതിനൊപ്പം പ്രയത്നവും വർധിപ്പിക്കണമെന്നു മാത്രം.

∙ ഗെയിമുകളിലൂടെ ഓർമ : മെമ്മറി ഗെയിമുകളും ആക്ടിവിറ്റി കിറ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. ചെസ്സ്, സുഡോക്കൂ, പസിലുകൾ തുടങ്ങിയവ പതിവായി കളിക്കാം.

പഠനം ശ്രദ്ധയോടെ : പുതിയ അറിവുകൾ നേടുമ്പോൾ നമ്മുടെ ശ്രദ്ധ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

∙ ജേണലിങ്: ദിവസവും ഒരു പുസ്തകത്തിന്റെ നാലു താളുകളെങ്കിലും വായിക്കുകയും പത്തു വരിയെങ്കിലും എഴുതുകയും വേണം. ഇതിനായി ജേണലിങ് തുടങ്ങാം. ഓർമയ്ക്കു മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തിനും ജേണലിങ് നല്ലതാണെന്നു പഠനങ്ങൾ പറയുന്നു.

∙ ഏതൊരു വിഷയത്തേയും പരമാവധി ലളിതമായി മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ശ്രമിക്കുക.

മാതാപിതാക്കളറിയാൻ

∙ധാരാളം വെളിച്ചം കയറുന്നതും വായു സഞ്ചാരമുള്ളതുമായ ഇടം കുട്ടികൾക്കു പഠിക്കാനായി നൽകാം.

∙കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന ഒന്നും പഠന മുറിയിൽ ഇല്ലെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം.

∙സ്റ്റഡി ടേബിളിന്റെ സ്ഥാനം ജനാലയ്ക്ക് അഭിമുഖമായി വരാതിരിക്കുന്നതാണ് നല്ലത്. പുറം കാഴ്ചകൾ ശ്രദ്ധ തിരിച്ചെന്നു വരാം. കുട്ടികൾ പഠിക്കുമ്പോൾ വീട്ടിലുള്ളവരും ഫോണും ടെലിവിഷനും ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.

കുട്ടികളേ... റെഡിയല്ലേ

പരീക്ഷയുടെ തലേ ദിവസം പുസ്തകമെടുക്കാമെന്നു കരുതി കാത്തിരിക്കണ്ട. അമിതമായ ഉത്കണ്ഠ ഓർമയെ പ്രശ്നത്തിലാക്കും. അതുകൊണ്ടു നമുക്കൽപം  നേരത്തേ തുടങ്ങാം.

∙ആദ്യമായി വേണ്ടത് കൃത്യമായ ടൈം ടേബിളാണ്. പഠനം മാത്രമല്ല അവധി ദിവസങ്ങൾ, വിനോദങ്ങൾ, ഉറക്കം തുടങ്ങി എല്ലാ വിവരങ്ങളും ടൈം ടേബിളിൽ ഉൾപ്പെടുത്താം. ഓരോ ആഴ്ച കൂടുമ്പോഴും ടൈം ടേബിൾ പുതുക്കുകയും വേണം.

∙സ്റ്റഡി റൂമും സ്റ്റഡി ടേബിളും വാരിവലിച്ചിടാതെ ചിട്ടയായി അടുക്കി വയ്ക്കുക. പഠിക്കാനാവശ്യമായ പുസ്തകങ്ങൾ, പേന, ജോമെട്രി ബോക്സ്, കാൽകുലേറ്റർ തുട ങ്ങിയവ പഠിക്കാനിരിക്കുന്നതിനു മുൻപ് എടുത്തു വയ്ക്കാം

∙ മനസ്സ് ഏറ്റവും ഏകാഗ്രമായിരിക്കുന്നത് എപ്പോഴാണോ ആ സമയം പഠനത്തിനായി തിരഞ്ഞെടുക്കാം. ഓരോ കുട്ടികളിലും ഇതിൽ മാറ്റമുണ്ടായെന്നു വരാം.

ചിലർക്കു വായിച്ചു പഠിക്കാനാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർക്കു കേട്ടു പഠിക്കാനാകും താത്പര്യം. അതേസമയം ചിത്രങ്ങൾ, ഗ്രാഫുകൾ, ചാർട്ടുകൾ മുതലായവയെ ആശ്രയിച്ചു പഠിക്കുന്നവരുമുണ്ട്. പഠനരീതി ഏതായാലും സാരമില്ല, പഠനം നന്നായാൽ മതി.

∙ പഠിക്കാനിരിക്കുമ്പോൾ പ്രധാനമെന്നു തോന്നുന്ന ഭാഗങ്ങൾ, ചോദ്യങ്ങൾ എന്നിവ പ്രത്യേകം കുറിച്ചു വയ്ക്കുക. മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും ക്വസ്റ്റ്യൻ ബാങ്കുകളും പരിശോധിക്കുക. കാണാപ്പാഠത്തേക്കാൾ ഗുണപ്രദം മനസ്സിലാക്കി  പഠിക്കുന്നതാണ്.

∙നമ്മൾ പഠിക്കുന്നതും കാണുന്നതുമായ കാര്യങ്ങളെ തലച്ചോറ് കൃത്യമായി അടുക്കിവയ്ക്കുന്നതു രാത്രിയിൽ ഉറങ്ങുമ്പോഴാണ്. അതുകൊണ്ടുതന്നെ പരീക്ഷാ നാളുകളിൽ ഉറക്കമിളച്ചു പഠിക്കുന്നത് ആരോഗ്യകരമല്ല. ഒരേ സമയത്ത് ഒരുപാടു കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.  

 പ്ലാൻ ചെയ്തു മുന്നോട്ടു പോകാം

∙ കലണ്ടറും പ്ലാനറും : വിവാഹം, പ്രധാന തീയതികൾ, അപ്പോയ്ന്റ്മെന്റ് തുടങ്ങിയവ തീയതിയും സമയവും സഹിതം കൃത്യമായി എഴുതി സൂക്ഷിക്കുക.

∙ ടു ഡു ലിസ്റ്റ് : എത്ര വലിയ ടാസ്കും ചെറുതായി ഭാഗിച്ച് വ്യക്തമായി എഴുതിവയ്ക്കുക. എന്ത്, എ പ്പോൾ, എങ്ങനെ ചെയ്യണമെന്ന് ധാരണ ലഭിക്കാൻ ഇതു നല്ലതാണ്.

∙ റിമൈൻഡർ : അലാറം, നോട്ടിഫിക്കേഷൻ എന്നിവയുടെ സഹായത്തോടെയും കാര്യങ്ങൾ മറക്കാതിരിക്കാൻ സാധിക്കും.

∙ ഡീക്ലട്ടർ ചെയ്യാം : വൃത്തിയുള്ള പരിസരം തെളിച്ചമുള്ള മനസ്സു കൂടിയാണ്. എല്ലാം ചിട്ടയോടെ യഥാസ്ഥാനത്ത് അടുക്കിവയ്ക്കുന്നതു നമുക്കു കാര്യങ്ങ ൾ എളുപ്പമാക്കുക മാത്രമല്ല മനസ്സിനും കണ്ണിനും കൂടി നല്ലതാണ്.

2047878878

വിവരങ്ങൾക്ക് കടപ്പാട്: ശാന്തി സത്യൻ, മെമ്മറി പരിശീലക, സിഇഒ, ബ്രെയിൻ ഹാക്ക്, കൊല്ലം

Effective Memory Improvement Techniques for Students:

Enhance your memory power with effective techniques and strategies. This article provides valuable insights into improving learning and recall for students of all ages.

ADVERTISEMENT