ജോലി സമ്മർദങ്ങളോടു ‘കടക്ക് പുറത്ത്’ എന്നു പറയാനാകാത്ത സാഹചര്യമാണു മിക്കവർക്കും. എല്ലാം സഹിച്ച് ഒരു ദിവസം പൊട്ടിത്തെറിക്കുമ്പോഴേ ചുറ്റുമുള്ളവർ പോലും സംഗതി തിരിച്ചറിയൂ. സമ്മർദം ഇല്ലാത്ത ജോലികളൊന്നുമില്ല. അതുകൊണ്ടു സമ്മർദം നേരിടാൻ വഴികൾ കണ്ടുവയ്ക്കണം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവത്തിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ കേൾക്കാം.
എഴുതാം, സമ്മർദം 1,2,3
സമ്മർദത്തിനു പിടികൊടുക്കുന്ന സമയത്തു കൂടുതൽ ഭക്ഷണം കഴിക്കുന്നതായിരുന്നു കണ്ണൂർ മാടായി കോളജിലെ അധ്യാപികയായ സി. എച്ച്. മുബീനയുടെ ശീലം, പ്രത്യേകിച്ചും മധുരമുള്ളവ. ഇപ്പോൾ അത് ഒഴിവാക്കിയെന്നു മുബീന. ‘‘സ്ട്രസ് ഉണ്ടാക്കുന്ന കാരണങ്ങൾ എന്താണെന്നു നമ്പരിട്ട് ഒരു പേപ്പറിൽ എഴുതുന്നതാണ് ഇപ്പോഴ ത്തെ രീതി. ഓരോന്നിനും എന്താണു പരിഹാരമെന്നു വെവ്വേറേ ചിന്തിക്കും. എല്ലാം കഴിഞ്ഞ് ആ പേപ്പർ കീറി പറത്തുന്നതോടെ മനസ്സ് ഫ്രീ ആകുമെന്നു മുബീന പറയുമ്പോൾ സഹപ്രവർത്തകരായ ഡോ. കെ. വി. സിന്ധുവും ഡോ. ജൈനിമോളും ഡോ. രമ്യയും ഡോ. സ്വപ്ന ആ ന്റണിയും ശരിവയ്ക്കുന്നു.
നിലവിലുള്ള അവസ്ഥയെ ഒന്നു മറികടന്നാൽ തന്നെ സമ്മർദം പകുതി കുറയുമെന്ന് ഡോ. സിന്ധു പറയുന്നു. ‘‘ആ സമയത്തെ ഒന്നു മാറ്റിയെടുക്കുന്നതു നല്ല ട്രിക്കാണ്. തനിച്ചു ഡ്രൈവ് ചെയ്യുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യാം. അല്ലെങ്കിൽ വിസ്തരിച്ചൊരു കുളി. അതോടെ മനസ്സിനു പുതിയ ഉണർവു കിട്ടും. ശരീരവും കൂളാകും. ഇനി ചിന്തിച്ചു നോക്കിയാൽ നേരത്തേ പ്രശ്നമെന്നു തോന്നിയ പലതും അത്ര പ്രശ്നമേയല്ല എന്നു തിരിച്ചറിയാനാകും.’’
വീടും കുട്ടികളും ജോലിയുമൊക്കെയായി ജോലിസംബന്ധമായ സമ്മർദം സ്ത്രീകൾക്ക് അൽപം കൂടുതലാണെന്ന് ഡോ. ജൈനിമോൾ പറയുന്നു. ‘‘വീട്ടിലെത്തിയാൽ ഇരട്ടിപ്പണി കാത്തിരിക്കുന്നു എന്ന ആലോചന പോലും സമ്മർദമുണ്ടാക്കും. ഇഷ്ടമുള്ള പാട്ടും പുസ്തകവുമൊക്കെയാണ് അതിനു പരിഹാരം. ഈ ജോലി തീർത്താൽ ഇന്നലെ വായിച്ചു പകുതിയാക്കിയ നോവൽ പൂർത്തിയാക്കാം എന്നതു പോലെ പോസിറ്റീവായ ചിന്തകൾ മാത്രം മനസ്സിലേക്കു നിറയ്ക്കും. മറ്റൊരു ട്രിക് കൂടിയുണ്ട്, വീട്ടിലെത്തിയാൽ ഓഫിസ് വാട്സാപ് ഗ്രൂപ്പുകൾ തുറക്കാറേയില്ല.’’
കണ്ണുകളടച്ചു ദീർഘമായി ശ്വസിച്ച്, ഇതിനെയും മറികടക്കാൻ കഴിയും എന്ന് ആവർത്തിച്ചു പറയുന്നതാണ് ഡോ. സ്വപ്നയുടെ ടെക്നിക്. പിന്നെ നന്നായി ഉറങ്ങും. കോമഡി റീലുകളും പാട്ടുമൊക്കെ കണ്ട് മനസ്സു റിലാക്സ് ചെയ്യുക കൂടി ചെയ്യുമെന്ന അഭിപ്രായത്തോടു പക്ഷേ, ഡോ. രമ്യയ്ക്ക് അൽപം എതിർപ്പുണ്ട്. ‘‘ഒറ്റയ്ക്കു സ്ട്രെസ് മാനേജ് ചെയ്യാൻ പറ്റാത്ത ഘട്ടങ്ങളുമുണ്ട്. അതുകൊണ്ട് അമിത ആത്മവിശ്വാസത്തോടെ സമ്മർദത്തെ സമീപിക്കാതിരിക്കാം. അവനവനിലേക്കു ചുരുങ്ങുന്നതാണു സ്ട്രെസ്സ് വഷളാക്കുന്നതെന്ന രമ്യയുടെ അഭിപ്രായത്തിനു ടീച്ചർമാരെല്ലാം നൂറുമാർക്കു കൊടുത്തു.
കൂട്ടുകൂടാം, ഒത്തുചേരാം
സർക്കാർ ആശുപത്രിയിൽ മരുന്നില്ല, ഡോക്ടറില്ല എന്നൊക്കെയുള്ള വാർത്തകൾ മിക്കവാറും പത്രത്തിൽ വരും. മെഡിക്കൽ കോളജിന്റെ കാര്യം പറയുകയും വേണ്ട. പക്ഷേ, ഇതിനിടയിൽ മികച്ച സേവനം നൽകാനായി അക്ഷീണം പണിയെടുക്കുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും അറിയുന്നില്ലെന്ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം അസോഷ്യേയേറ്റ് പ്രഫസറായ ഡോ. റാണി ലക്ഷ്മി പറയുന്നു. ‘‘ക്ലിനിക്കൽ ജോലികൾക്കു പുറമേ പിജി, യുജി കുട്ടികൾക്കു ക്ലാസ്സെടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. പരീക്ഷാ പേപ്പർ നോക്കാനും മെഡിക്കൽ ബോർഡുകളുടെ ഭാഗമാകാനും അഡ്മിനിസ്ട്രേഷൻ ഉത്തരവാദിത്തങ്ങളുമൊക്കെയായി ജോലികൾ പിന്നെയും ബാക്കി.
തിരക്കും സമ്മർദവും മറന്ന് ആശ്വസിക്കാനുള്ള വഴി ചെറിയ ഒത്തുകൂടലുകളാണ്. പിജി വിദ്യാർഥികളെയും ഒപ്പം കൂട്ടും. പാട്ടും ഡാൻസും റീൽസ് ഷൂട്ട് ചെയ്യലുമൊക്കെയായി പിന്നെ ചിരിയും മേളവും തന്നെയാകും. നല്ല ഭക്ഷണമൊക്കെ കഴിച്ചു ചെറുയാത്ര നടത്തി തിരിച്ചെത്തുമ്പോഴേക്കും കൂളാകും. മനസ്സ് ചെറുപ്പമായി ഇരിക്കുന്നതിന്റെ രഹസ്യവും അതാണ്. ശരീരത്തിന്റെ ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജിം, നീന്തൽ, സൂംബ പോലെയുള്ളവയിൽ മിക്കവരും സജീവമാണെന്ന് ഡോ. അനിത കെ. ഗോപാൽ, ഡോ. ബെസി ബിനു സാം, ഡോ. ആശ ജി. നാഥ്, ഡോ. ബിന്ദു സജിത് എന്നിവരും പറയുന്നു.
തറ, പറ, പിന്നെന്താ
ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വിഡിയോ ഉണ്ട്. മലയാളത്തിൽ നടനം എന്ന വാക്ക് എഴുതി പഠിക്കുകയാണ് കുട്ടി. പക്ഷേ, ഉച്ചത്തിൽ പറയുന്നത് ഇങ്ങനെ, എം, എസ്, എം, ഓ... നടനം. മലയാളം അക്ഷരങ്ങളായ ‘ന’യ്ക്കും ‘ട’യ്ക്കും ഇംഗ്ലീഷിലെ എമ്മിനോടും എസ്സിനോടും സാമ്യമുണ്ടായത് കുട്ടിയുടെ തെറ്റല്ലല്ലോ... അതേ അവസ്ഥയാണു വിദേശ മലയാളികളുടെ കുട്ടികളെ അക്ഷരമാല പഠിപ്പിക്കുമ്പോഴെന്നു യുഎഇയിലെ ഫുജൈറ സെന്റ് മേരീസ് കാത്തലിക് ഹൈസ്കൂളിലെ മലയാളം അധ്യാപികയായ നിഷി പറയുന്നു. ‘‘തറയും പറയുമൊന്നും കണ്ടിട്ടില്ലാത്ത കുട്ടികളെ അതു പറഞ്ഞു പഠിപ്പിക്കേണ്ട അവസ്ഥ ഓർത്തു നോക്കൂ. കുട്ടികൾക്കു മാതൃകയാകേണ്ടവർ എന്ന സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തവും കൊണ്ടു മാത്രമല്ല അധ്യാപകരുടെ സമ്മർദം കൂടുന്നത്.
ക്ലാസ് തുടങ്ങുമ്പോൾ തന്നെ ഇയർ പ്ലാനും ലെസൺ പ്ലാനും ആക്ടിവിറ്റി പ്ലാനുമൊക്കെയായി നൂറുകൂട്ടം തിരക്കുണ്ടാകും. ചെറിയ ക്ലാസ്സ് മുതൽ വലിയ ക്ലാസ്സ് വരെ പഠിപ്പിക്കേണ്ട അധ്യാപകരാണെങ്കിൽ വർഷം മുഴുവൻ ഓടേണ്ടി വരുമെന്നു സബാന ടീച്ചറും ജസീറ ടീച്ചറും ജൂലി ടീച്ചറും ഒരേ സ്വരത്തിൽ പറയുന്നു. പക്ഷേ, ഇതിനിടെ വരുന്ന ആഘോഷങ്ങളിൽ എല്ലാം മറന്നു പങ്കെടുക്കുന്നതാണ് ഇവരുടെ എനർജി ബൂസ്റ്റർ. ‘‘കലാമത്സരങ്ങളും കായിക മത്സരങ്ങളും പ്രത്യേക ദിനാഘോഷങ്ങളുമൊക്കെ വരുമ്പോൾ ടീച്ചർമാർക്കും അവസരമുണ്ട്. പാട്ടിനും ഡാൻസിനുമൊക്കെ ഒത്തുകൂടി പ്രാക്ടീസ് ചെയ്യുന്നതു തന്നെ മനസ്സിനു നല്ല സന്തോഷം നൽകും. വരാനിരിക്കുന്ന ചിൽഡ്രൻസ് ഡേയ്ക്കു വേണ്ടി ഇപ്പോഴേ ഡാൻസ് പ്രാക്ടീസ് തുടങ്ങിയെന്നു കൂട്ടത്തിലെ നർത്തകരായ സിന്ധു ടീച്ചറും റോസ്‌ലിൻ ടീച്ചറും പറയുന്നു.
മനസ്സു കൈവിട്ടാൽ
ഒത്തൊരുമിച്ചുള്ള ടീച്ചർമാരുടെ സന്തോഷത്തിനിടെ ഒറ്റപ്പെടുത്തലിൽ മനസ്സു കൈവിട്ടു പോയ സഹപ്രവർത്തകയുടെ അനുഭവം പറഞ്ഞതു മലപ്പുറത്തെ അധ്യാപികയാണ്. ‘‘നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപിക. കുട്ടികൾക്കിടയിൽ നല്ല പേരും. എന്തു ജോലി കൊടുത്താലും ഏറ്റവും നന്നായി പൂർത്തിയാക്കുകയും ചെയ്യുന്ന ടീച്ചർ. ഇതൊന്നും ‘അത്ര രസിക്കാത്ത’ ചിലർ അപവാദം പ്രചരിപ്പിച്ചു.
മാനേജ്മെന്റിനും പ്രിൻസിപ്പാളിനും ചില രക്ഷിതാക്കൾ വഴി പരാതി ചെന്നതോടെ, തന്റെ ഭാഗത്തു തെറ്റൊന്നുമില്ല എന്ന് ഉറപ്പുണ്ടായിട്ടും അപമാനഭാരത്താൽ സ്കൂളിലേക്ക് ഇനിയില്ല എന്നു ചിന്തിച്ചുപോയി അവർ. ലീവെടുത്തു വീട്ടിലിരുന്ന ടീച്ചർ മാനസികാരോഗ്യ വിദഗ്ധന്റെ കൗൺസലിങ്ങിനു ശേഷമാണു കുറച്ചെങ്കിലും ഓക്കെയായത്. പക്ഷേ, ജോലിയോടുള്ള സമീപനം തന്നെ ആ സംഭവത്തോടെ മാറിമറിഞ്ഞു.’’
പേരു വെളിപ്പെടുത്തരുതെന്ന നിർദേശത്തിൽ ഐടി ഉദ്യോഗസ്ഥ സ്വന്തം അനുഭവവും പറഞ്ഞു. ‘‘കുറേ നാളായി വർക് ഫ്രം ഹോം ചെയ്യുകയാണ്. പ്രോജക്ടും മറ്റും തീർക്കാനായി രാപകലില്ലാതെ അധ്വാനിക്കേണ്ടി വരും. അതിനിടെ കുട്ടിയെ ശ്രദ്ധിക്കാനൊന്നും സമയം കിട്ടിയില്ല. 12 വയസ്സുള്ള മകൾക്ക് മൊബൈൽ അഡിക്‌ഷൻ വന്നതിനു ചികിത്സ തേടിയാണു മനോരോഗ വിദഗ്ധനെ കണ്ടത്. പക്ഷേ, കാര്യങ്ങൾ അന്വേഷിച്ച ഡോക്ടർ മരുന്നു നിർദേശിച്ചത് എനിക്ക്. ശ്രദ്ധക്കുറവു കൊണ്ടാണ് മോൾക്ക് ഈ പ്രശ്നം വന്നതെന്ന കുറ്റബോധം കൊണ്ടു വിഷാദത്തിലായിരുന്നു ഞാൻ. സമയവും കാലവുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അപൂർവം സന്ദർഭങ്ങൾ ഉണ്ടാകാം. പക്ഷേ, കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി കൊടുക്കേണ്ട സമയം പോലും ഒഴിവാക്കിയുള്ള ജോലി പറ്റില്ലെന്ന് എച്ച്ആറിന് ഇമെയിൽ അയച്ചു. ആ ധൈര്യം കിട്ടിയതു കൗൺസലിങ്ങിനു ശേഷമാണ്. ഇപ്പോൾ ജോലിയും മകളുടെ കാര്യവുമൊക്കെ നന്നായി കൊണ്ടുപോകുന്നു.’’
തെറ്റുന്ന കണക്കുകൾ
ഏറ്റവും സമ്മർദമുള്ള ജോലികളിലൊന്നായി കണക്കാക്കപ്പെടുന്ന ബാങ്കിങ്ങിൽ മ നസ്സു കൈവിട്ടാൽ കണക്കുകൂട്ടലെല്ലാം തെറ്റുമെന്നു ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥനായ അനീഷ് കുമാർ പറയുന്നു. ‘‘ബാങ്കിങ്ങിൽ ഏറ്റവും പ്രധാനം ബിസിനസ്സാണ്. ലോണും ഇൻഷുറൻസും മറ്റനേകം കാര്യങ്ങളുമൊക്കെയായി ഓരോ ദിവസവും പുതിയ കസ്റ്റമേഴ്സിനെ ബാങ്കിന്റെ ഭാഗമാക്കണം. മറ്റൊരു നാട്ടിൽ ജോലി ചെയ്യുന്ന പലർക്കും സമ്മർദം ചെറുതല്ല. പുതിയ സ്ഥലത്തു ബിസിനസ് പിടിക്കുക അത്ര എളുപ്പമല്ല. കുടുംബത്തിൽ നിന്നു പോലും അകന്നു താമസിക്കുന്നത് ഇരട്ടി സമ്മർദമാകും. ഇതു ജോലിയെ ദോഷമായി ബാധിക്കുകയും ചെയ്യും.’’
മുൻപ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന അനീഷ് കുമാറിനു യൂണിഫോം ഫോഴ്സിലെ ചിട്ടകളെ കുറിച്ചു പറയുമ്പോൾ ഉത്സാഹം. ‘‘24 മണിക്കൂറും കടലിലാണെങ്കിലും കൃത്യസമയത്ത് ഇടവേള ഉണ്ട്. ഭക്ഷണം, വിനോദങ്ങൾ എല്ലാത്തിനും കൃത്യമായി ടൈംടേബിളും. ഈ ചിട്ടകൾ കൊണ്ടുതന്നെ ജോലിയിലെ സമ്മർദം ബാധിക്കില്ല. ലീവിനു വരുമ്പോൾ തിരിച്ചു ചെല്ലുന്നതു വരെ ഒരു ഉത്തരവാദിത്തവും ബാധിക്കുകയുമില്ല. പക്ഷേ, ബാങ്കിൽ ലീവ് ആയാൽ പോലും ഫോൺ കോളുകൾക്കു മറുപടി പറയാതിരിക്കാനാകില്ല എന്ന് അനീഷിന്റെ സഹപ്രവർത്തകരായ മനോജ് കുമാറും ജോർജുകുട്ടിയും സുനിൽ കുമാറും പറയുന്നു. ലോങ് ലീവെടുത്തു യാത്രചെയ്യുന്നതാണ് ഇവരുടെ സ്ട്രെസ് മാനേജ്മെന്റ് വഴി.
വിദേശവും സ്വദേശവും
ഇനി അന്യരാജ്യത്തു ജോലി ചെയ്യുന്നതിന്റെ സന്തോഷം കേട്ടാലോ? മൂന്നുവർഷമായി യുകെയിൽ എൻഎച്ച്എസ് നഴ്സായി ജോലി ചെയ്യുന്ന മീനുമോൾ ആന്റണിയും അയർലൻഡിൽ നഴ്സായ മെറിൻ വർഗീസും ഹെൽത് വിഭാഗം ഉദ്യോഗസ്ഥനായ ജോസ് ജോർജും വിദേശത്തെ വർക്കിങ് അവേഴ്സിൽ ഹാപ്പിയാണ്. ‘‘ആഴ്ചയിൽ നാലുദിവസമാണ് ജോലി. ഓരോ ജോലിയും ഇത്ര മണിക്കൂർ മിനിമം ചെയ്യണമെന്നുണ്ട്. അതുപോലെ തന്നെയാണു ശമ്പളവും. മിനിമം വേതനം ഇത്രയാകണമെന്നു നിയമമുണ്ട്. തൊഴിലുടമയ്ക്ക് അതു തെറ്റിക്കാൻ പറ്റില്ല.
സമ്മർദം നൽകി ജോലി ചെയ്യിപ്പിക്കാനാകില്ല എന്നതാണു മറ്റൊരു കാര്യം. ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന് ഉറപ്പാക്കുകയും ചെയ്യും. ആനുവൽ ലീവ് എടുത്തു തീർക്കാൻ ഇത്ര ദിവസം വെക്കേഷൻ എടുത്തോളൂ എന്ന് എച്ച്ആറിൽ നിന്നു നിർദേശം കിട്ടുന്നത് ആലോചിച്ചു നോക്കൂ. ജോലി ചെയ്യുന്നവർ പരസ്പരം കണ്ടാൽ ‘ആർ യൂ ഓക്ൈ മേറ്റ് ?’ എന്നു ചോദിക്കുക ഇവിടെ പതിവാണ്. ഓക്കെ അല്ലാത്ത കാര്യമുണ്ടെങ്കിൽ പരിഹരിക്കാനും കൃത്യമായ വഴികളുണ്ട്. വിദേശത്തു ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞാൽ കിട്ടിയോ ഇല്ലയോ എന്നോർത്ത് ടെൻഷനടിച്ചു നടക്കേണ്ടി വരില്ലെന്ന് ജോസ് പറയുന്നു. ജോലി ലഭിച്ചോ, ഇല്ലയോ എന്നു കൃത്യമായി മറുപടി കിട്ടും. ഏന്തു കാരണം കൊണ്ടാണു ജോലി കിട്ടാത്തത് എന്നും വിശദമായി മെയിലിലുണ്ടാകും. അടുത്ത വട്ടം ഈ പ്രശ്നം പരിഹരിക്കാനുള്ള ടിപ് ആണത്.’’
നാടും വീടും ജോലിയും
വിദേശത്ത് ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടിൽ നിൽക്കുന്നതിന്റെ സമാധാനം ഒന്നു വേറെയാണെന്ന് കോഴിക്കോട് താമരശ്ശേരിയിലെ ആനി ജസ്റ്റിൻ പറയുന്നു. ‘‘നഴ്സിങ് പഠിച്ച ശേഷം അഞ്ചര വർഷം ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്തു. 24 മണിക്കൂറും രോഗിക്കൊപ്പം, അതും വർഷം മുഴുവനും. നാട്ടിലെ വീടുപണിയും ലോണും തീർന്ന പിറകേ വിമാനം കയറി.
വരുമാനം വേണമല്ലോ എന്ന ചിന്തയിലാണു ലീഫി കേരള എന്ന യുട്യൂബ് ചാനൽ തുടങ്ങിയത്. ചക്ക വരട്ടിയതും മീൻ അച്ചാറും അവലോസു പൊടിയുമൊക്കെ ഉണ്ടാക്കുന്ന വിഡിയോക്കു താഴെ പലരും വന്നു ചോദിച്ചു, വിൽപന ഉണ്ടോ? ഐ ഡിയയുടെ ബൾബ് മിന്നിയത് പെട്ടെന്നാണ്.
നാടൻ ഇടിയിറച്ചിയും മീൻ അ ച്ചാറും മാങ്ങാത്തെരയും ചക്കപ്പൊടിയും ചക്ക വരട്ടിയതും നെല്ലിക്ക വ രട്ടിയതും കാന്താരി പൊടിയുമൊക്കെ ഇപ്പോൾ പാക്കറ്റിൽ ഓൺലൈനായി വിൽക്കുന്നു. ഇഷ്ടപ്പെട്ട ജോലി, വീട്ടിലിരുന്നു ചെയ്യുന്നതിന്റെ സന്തോഷം ചെറുതല്ലെന്നു പറഞ്ഞ് ആനിയമ്മ അടുത്ത ഓർഡറിനു മറുപടി ഇടുന്നു.
വാൽക്കഷണം: ഒട്ടും കുറവല്ല ജോലിയിലെ സമ്മർദത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ കാര്യവും. ഒന്നാമതെത്താനുള്ള മത്സരവും റേറ്റിങ്ങിൽ പിന്നിലാകാതിരിക്കാനുള്ള ഓട്ടവും ഓൺലൈനിലെ ‘ഞെട്ടുന്ന’ ഹെഡ്‌ലൈനുകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുമൊക്കെ അതിയായ സമ്മർദം തന്നെയാണ്. ഒപ്പം സദാ ജാഗ്രതയോടെയുള്ള പ്രയത്നവും ഗൗരവമുള്ള നിരീക്ഷണവും വേണം താനും. മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങളുണ്ടായാലും ഉത്സാഹം കുറയ്ക്കാനാകില്ലല്ലോ.