മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശി സഫ്രീന ലത്തീഫിന് (Safrina Latheef) ഏറെ സവിശേഷമായിരുന്നു. അന്നു പുലർച്ചെ എന്നല്ല, 17 നു പാതിരാവു മുതൽ തന്നെ. എന്നാൽ, സ്വന്തം നാട്ടിലോ കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 8000 മീറ്ററിൽ അധികം മുകളിൽ, ഈ ഭൂമിയിലെ ഏറ്റവും ഉയരമേറിയ ഇടത്തിലേക്കു ചുവടു വച്ചു കയറുകയായിരുന്നു ആ സമയത്ത്. ഒടുവിൽ 10.25 ന് ആ ലക്ഷ്യം കൈവരിച്ചു, എവറസ്റ്റിന്റെ നെറുകയിൽ, 8848.86 മീറ്റർ ഉയരത്തിൽ എത്തി. എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത!
“ലോകത്തിലെ ഉയരമേറിയ കൊടുമുടിയുടെ മുകളിലെത്തിയ നിമിഷം എങ്ങനെ വിവരിക്കണം എന്നറിയില്ല. സത്യമോ സ്വപ്നമോ എന്നു തിരിച്ചറിയാനാകാതെ സ്വയം നുള്ളി ബോധ്യപ്പെടുത്തേണ്ടി വന്ന അവസ്ഥ. അതുവരെയുണ്ടായിരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അലിഞ്ഞുപോയ നിമിഷം.” ഫ്രോസ്റ്റ് ബൈറ്റ് ബാധിച്ച്, കരിനീലിച്ച തന്റെ വലത്തെ കയ്യിലെ ചെറുവിരൽ തുമ്പിലേക്കു നോക്കിക്കൊണ്ടു സഫ്രീന ഓർത്തെടുത്തു.
മലകളിലേക്കു നടന്ന വഴി
ചെറുതല്ലാത്ത ഒരു സ്വപ്നം, കുറച്ചേറെ വെല്ലുവിളികൾ, കയ്യെത്തിപ്പിടിച്ച ലക്ഷ്യം ഒപ്പം ചരിത്ര നേട്ടവും. സഫ്രീന ലത്തീഫിന്റെ എവറസ്റ്റ് പർവതാരോഹണത്തെ ഇങ്ങനെ ചുരുക്കാം. കോളജ് പഠനകാലത്തു തന്നെ പ്രവാസിയായ അവർ ബാങ്കിങ് രംഗത്തെ ജോലി മടുത്തപ്പോൾ ബേക്കിങ്ങിലും പിന്നീടു പർവതങ്ങളുടെ വഴിയിലേക്കും തിരിഞ്ഞതാണ്. “പണ്ടുമുതലേ സാഹസിക സഞ്ചാരങ്ങളോടും ക്യാംപിങ്ങിനോടും താൽപര്യമുണ്ടായിരുന്നു. എന്നാൽ, പ ഠനവും ജോലിയുമൊക്കെ ആ ആഗ്രഹങ്ങളിൽ നിന്നു പിന്നോട്ടു വലിച്ചു. കോവിഡ് കാലത്തിനു ശേഷം ജിംനേഷ്യത്തിൽ ചേർന്നു, ചിട്ടയായ വ്യായാമം ആരംഭിച്ചു. പിന്നീട് ഓടാൻ തുടങ്ങി. ഹാഫ് മാരത്തോൺ ചെയ്തു. അത്രയൊക്കെ ആയപ്പോഴാണു മലകളിലേക്കുള്ള ട്രെക്കിങ് പരീക്ഷിക്കാം എന്നു തോന്നിയത്.
ഒന്നു പറയാതെ വയ്യ, ജീവിതപങ്കാളി ഡോ. ഷെമീൽ മുസ്തഫയുടെയും എന്റെയും ഇഷ്ടങ്ങളും താൽപര്യങ്ങളും ഒരുപോലെയാണ്, പരസ്പര പൂരകങ്ങളാണ്. കിളിമഞ്ജാരോ എന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയിലേക്ക് പുറപ്പെട്ടതും ഒരുമിച്ചു തന്നെ. അവിടെ കയറുമ്പോഴും അത് ഒറ്റപ്പെട്ട യാത്രയായിരിക്കും എന്നായിരുന്നു മനസ്സിൽ. എന്നാൽ, കൊടുമുടിയുടെ മുകളിലെത്തിയപ്പോൾ, വേറിട്ട അനുഭവം. അതുവരെ കാണാത്ത വിശാലമായ പ്രകൃതിദൃശ്യങ്ങൾക്കു മുകളിൽ നിൽക്കുമ്പോൾ മനസ്സിലായി, ഇനി എന്റെ പാതകൾ പർവതങ്ങളുടെ മുകളിലേക്കു തന്നെ.
നാലു മാസങ്ങൾക്കു ശേഷം ഞങ്ങൾ ട്രെക്ക് ചെയ്തത് അർജന്റിനയിൽ ആൻഡിസ് മലനിരകളിലെ അകൻകാഗ്വ കൊടുമുടിയുടെ മുകളിലേക്ക്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ കൊടുമുടികളിൽ വലുത്. ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും. ഖത്തറിൽ തിരികെ എത്തിയ ഉടനെ തന്നെ ഞങ്ങൾ ഫിസിക്കൽ ട്രെയിനറെ പോയി കണ്ടു. ‘ഞങ്ങൾക്ക് എവറസ്റ്റ് കയറണം, അതിനുള്ള പരിശീലനമാണു വേണ്ടത്’ എന്നു പറഞ്ഞു. അദ്ദേഹം കൃത്യമായ പദ്ധതി തയാറാക്കി വേണ്ട മാർഗനിർദേശം തന്നു. കഴിഞ്ഞ മൂന്ന്-നാലു വർഷമായി അതു പിന്തുടരുന്നു. 2024 ൽ എവറസ്റ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക പരീക്ഷപോലെ റഷ്യയിലെ എൽബ്രസ് കൊടുമുടിയിലേക്കും ഞങ്ങൾ ഒരുമിച്ച് നടന്നു.’’
ഞങ്ങളൊന്നു കരുതി, ദൈവം മറ്റൊന്നും
‘‘കഴിഞ്ഞ സീസണിൽ ആദ്യം എവറസ്റ്റ് എക്സപഡിഷൻ ലക്ഷ്യമിട്ടിരുന്നു. ബെയ്സ് ക്യാംപിലേക്കു ട്രെക്ക് ചെയ്തിരുന്നു. പരിശീലനത്തിനിടെ ഷെമീലിന്റെ കയ്യിനു പരുക്കേറ്റു. എവറസ്റ്റിന്റെ മുകളിലും ഞങ്ങൾക്ക് ഒരുമിച്ചു നിൽക്കാനായിരുന്നു ആഗ്രഹം. അതുകൊണ്ട് അന്ന് അത് ഉപേക്ഷിച്ചു. 2025 ആദ്യം വീണ്ടും പരിശീലനം നടത്തവേ ഷെമീലിനു കാലിൽ പരുക്കേറ്റു. ‘ഇനി കാത്തിരിക്കാനുള്ള ക്ഷമയില്ല, എവറസ്റ്റിനു മുകളിലേക്ക് ഞാൻ ഒറ്റയ്ക്ക് പോകട്ടെ?’ എന്നു ചോദിച്ചു.
‘അതിനെന്താ, നമ്മളിൽ ഒരാൾ സമ്മിറ്റിൽ എത്തിയാലും നമ്മൾ എത്തിയ പോലെ അല്ലേ...’ എന്ന ഷെമീലിന്റെ വാക്കുകളായിരുന്നു ഏറ്റവും വലിയ പ്രചോദനം. പിന്നെയാണ് ചെലവിനെക്കുറിച്ചുള്ള ചിന്ത വന്നത്. ഞങ്ങൾ ആഗ്രഹിച്ചു സ്വന്തമാക്കിയ വീട് വിൽക്കാൻ തീരുമാനിച്ചു. വിൽപന നടന്നതോടെ പണത്തെക്കുറിച്ചുള്ള ടെൻഷൻ മാറി. വീട് പിന്നെയാണെങ്കിലും വയ്ക്കാം. പക്ഷേ, എവറസ്റ്റിൽ ഇപ്പോഴല്ലേ പോകാൻ പറ്റൂ. അങ്ങനെ യാത്ര തുടങ്ങി. ’’
നേപ്പാളിലെ ലുക്‌ല എയർപോർട്ടിൽ സഫ്രീന ലാൻഡ് ചെയ്തത് ഏപ്രിൽ 12 ന്. ഏഴു ദിവസം നടന്ന് എവറസ്റ്റ് ബെയ്സ് ക്യാംപിൽ എത്തി. 5364 മീറ്റർ ഉയരത്തിലുള്ള ഇബിസിയിൽ താമസിച്ചു കാലാവസ്ഥയോടും ഉയരമേറിയ പ്രദേശങ്ങളോടും പരിചയപ്പെട്ടു. ഏപ്രിൽ അവസാന വാരം റൊട്ടേഷൻ ക്ലൈംബുകൾ ആരംഭിച്ചു. എവറസ്റ്റിനു മുകളിലേക്കുള്ള പാതയിലെ യഥാർഥ വെല്ലുവിളികൾ മറികടക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്ന മലകയറ്റങ്ങളാണു റൊട്ടേഷൻ ക്ലൈംബ്സ്.
മൂന്നാമത്തെ ക്യാംപ് വരെ പോയി വന്നു മേയ് രണ്ടിനു റൊട്ടേഷൻ ക്ലൈംബ് പൂർത്തിയാക്കി. മുകളിലെ കാറ്റിന്റെ വേഗവും സമയവും കണക്കാക്കി കാലാവസ്ഥാ മോണിറ്ററിങ് വിഭാഗം നൽകുന്ന ഉപദേശം നോക്കി ഓരോ എക്സപഡിഷൻ സംഘവും സമ്മിറ്റ് സമയം നിശ്ചയിക്കും. അതനുസരിച്ചാണ് പിന്നീടുള്ള യാത്ര.’’
സ്ത്രീകളുടെ ഭയം
‘‘എത്ര പരിചിതമായ അന്തരീക്ഷത്തിലും സ്ത്രീ ഏറ്റവും ഭയപ്പെടുന്നത് അവളുടെ ആർത്തവ ദിനങ്ങളായിരിക്കും. എവറസ്റ്റ് എക്സപഡിഷനു പോകുമ്പോൾ ഞാനും അ തേക്കുറിച്ചു ചിന്തിച്ചിരുന്നു. അവിടത്തെ സാഹചര്യത്തിൽ അടുക്കുകളായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്കുള്ളിൽ നിന്നു മെൻസ്ട്രുവൽ കപ്പ് പുറത്തെടുത്തു കഴുകി വൃത്തിയാക്കുക എന്നതു പ്രായോഗികമായി എളുപ്പമുള്ളതല്ല. അതിനാൽ പാഡുകളും റ്റാംപ് ഓൺസുമൊക്കെ കരുതിയിരുന്നു. റൊട്ടേഷൻ ക്ലൈംബിൽ ആർത്തവദിനങ്ങളുമെത്തിയപ്പോൾ ഞാൻ ആശ്വസിച്ചു, സമ്മിറ്റ് ദിനങ്ങൾ ആ ബുദ്ധിമുട്ടില്ലാതെ തന്നെ തരണം ചെയ്യാമല്ലോ എന്ന്.
റൊട്ടേഷൻ ക്ലൈംബിനിടയിൽ ഖുംബു ഐസ് ഫോൾ പ്രദേശം തരണം ചെയ്തത് ആർത്തവത്തിന്റെ ബുദ്ധിമുട്ടുകൾ കൂടി നേരിട്ടുകൊണ്ടായിരുന്നു. പല തരത്തിലുള്ള ഐസ് ഫോർമേഷനുകളാണ് അവിടെ മുഴുവൻ. അതിനിടയിൽക്കൂടിയും അടിയിൽക്കൂടിയും മുകളിൽക്കൂടിയുമൊക്കെ സഞ്ചരിക്കണം.
90 ഡിഗ്രി കുത്തനെ മഞ്ഞു വീണടിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ റോപ്പിൽ പിടിച്ചു തൂങ്ങിക്കയറുകയും മറുവശത്തു കയറിലൂടെ ഊർന്നിറങ്ങുകയും ചെയ്യണം. ഐസ്പാളികൾക്ക് ഇടയിലെ വിടവിനു മുകളിൽ ഉറപ്പിച്ച അലൂമിനിയം ഏണിയുടെ മുകളിൽ ചവിട്ടി വേണം മറുഭാഗത്തെത്താൻ. ശാരീരികമായ ആയാസങ്ങൾക്കൊപ്പം ആർത്തവം കൂടിയായപ്പോൾ വെല്ലുവിളികൾ ഇരട്ടിച്ചു.
ആദ്യം അവിടെത്തിയപ്പോൾ പാനിക്ക് അറ്റാക്ക് ഉണ്ടായി തിരികെപ്പോകാമെന്നു പറഞ്ഞു. എന്നാൽ, ഷെമീലിനെ കോൺടാക്റ്റ് ചെയ്തപ്പോൾ ലഭിച്ച പ്രചോദനവും എന്റെ ഷെർപയുടെ ക്ഷമാപൂർവമുള്ള പ്രോത്സാഹനവും കൂടിയായപ്പോഴാണു തുടരാൻ സാധിച്ചത്.
മേയ് 18, 19 തീയതികളിൽ സമ്മിറ്റിൽ നല്ല കാലാവസ്ഥ ലഭിക്കുമെന്ന സൂചന കിട്ടി. മേയ് 14 നു പുലർച്ചെ ഒരു മണിക്ക് ബെയ്സ് ക്യാംപിൽ നിന്നു ഞങ്ങൾ പുറപ്പെട്ടു. ഖുംബു ഐസ് ഫാൾ താണ്ടി ക്യാംപ് രണ്ടിൽ എത്താൻ 14 മണിക്കൂർ എടുത്തു. ഒരു ദിവസം അവിടെ വിശ്രമിച്ചു. 16ാം തീയതി എട്ടര മണിക്കൂർ നടന്നു ക്യാംപ് മൂന്നിലേക്ക്(7200 മീറ്റർ ഉയരത്തിൽ).
17ന് വെളുപ്പിനു ക്യാംപ് 4 ലേക്കു പുറപ്പെട്ടു. പന്ത്രണ്ട് മണിക്കൂർ മലകയറി. 8000 മീറ്ററിനു മുകളിലേക്കുള്ള ഭാഗം അറിയപ്പെടുന്നതു തന്നെ ഡെത്ത് സോൺ എന്നാണ്. എവറസ്റ്റ് പീക്ക് ലക്ഷ്യമിട്ട് എത്തിയ ഒട്ടേറെപ്പേരുടെ ജീവൻ പൊലിഞ്ഞ ഇടം. കാര്യമായ ജീർണതകളൊന്നും സംഭവിക്കാതെ കിടക്കുന്ന ശവശരീരങ്ങൾ മുകളിലേക്കു കയറുമ്പോൾ കാണാം. ഞാൻ സ്വപ്നം കണ്ട പാതയിൽ മുൻപേ ഗമിച്ചവരാണല്ലോ ഈ വീണുകിടക്കുന്നതെന്ന ചിന്ത വന്നാൽ ആരുടെയും കാലുകൾ തളർന്നു പോകും.
ചെങ്കുത്തായ മലഞ്ചെരുവിലൂടെ നാലാമത്തെ ക്യാംപിലേക്കു (7900 മീറ്റർ) നടന്നടുക്കവേ കഴിഞ്ഞ ദിവസം ജീവൻ വെടിഞ്ഞ ഫിലിപ്പിൻസിൽ നിന്നുള്ള ക്ലൈംബറുടെ മൃതദേഹം കണ്ടു. ആ ശരീരം കടന്നേ ക്യാംപിലേക്ക് എത്താനാകൂ. ഇവിടെ നിന്നു ജീവനോടെ എനിക്കു മടങ്ങാനാകുമോ, അതോ ഇതുപോലെ മറ്റൊരു ശരീരമായി വീഴുമോ എന്ന ചിന്ത എന്റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.’’
സ്വപ്നം പോലെ സമ്മിറ്റ്
‘‘ഉച്ചയ്ക്കു ശേഷം ക്യാംപ് 4 ൽ എത്തി. ഏതാനും മണിക്കൂർ അവിടെ വിശ്രമിക്കാൻ സമയമുണ്ട്. പീ ബോട്ടിൽ എ ടുത്തു മൂത്രമൊഴിക്കുമ്പോൾ മുഴുവൻ രക്തമയം... എന്റെയുള്ളിലെ ജൈവ ഘടികാരം എവിടെയൊക്കെയോ വേഗത്തിൽ ചലച്ചിരിക്കാം. ആർത്തവ ദിനങ്ങൾ ഏറെ നേരത്തെ തന്നെ എത്തി. കയ്യിൽ പാഡോ ഒന്നുമില്ല. ഞാൻ ഒന്നു നിശ്ചയിച്ചു, അതിനെ അതിന്റെ വഴിക്കു വിടുക.
രാത്രി എട്ടു മണിക്കു ശേഷം സമ്മിറ്റ് പുഷ് എന്ന് വിളിക്കുന്ന അന്തിമ ഘട്ടത്തിലേക്കു കടന്നു. ഏതാണ്ട് ആയിരം മീറ്റർ ഉയരം കയറാൻ 14 മണിക്കൂർ എടുത്തു. ഹിലരി സ്റ്റെപ് എന്ന ഭാഗത്തു വച്ച് എനിക്ക് ഓക്സിജൻ സിലിണ്ടർ മാറേണ്ടിയിരുന്നു. അതിനായി 15-20 നിമിഷം എടുത്തു. ആ സമയത്ത് ഒട്ടേറെ പേർ എന്നെ മറികടന്നു മുകളിലേക്കു കയറിയിരുന്നു. അതോടെ ഹിലരി സ്റ്റെപ്പിൽ എനിക്ക് അര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. അതും കാലപ്പഴക്കം ചെന്ന ഒരു മൃതശരീരത്തിന്റെ തലയുടെ തൊട്ടുമുകളിൽ. എപ്പോൾ നോട്ടം തിരിച്ചാലും ലോകത്തിന്റെ നെറുകയിലേക്കു കയറുക എന്ന സ്വപ്നവുമായി വന്ന ഒരാളുടെ ജീവനില്ലാത്ത ശരീരം കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥ...
ഒടുവിൽ മുൻപേ കയറിയവരെല്ലാം തിരിച്ചിറങ്ങിയതോടെ ഷെർപ്പ പറഞ്ഞു നടക്കാം, ലക്ഷ്യത്തിലേക്ക്. സാവധാനം അവസാന മീറ്ററുകൾ മുകളിലേക്കു കയറി. മഞ്ഞിന്റെപരമോന്നതസിംഹാസനത്തിലേക്കു കയറുമ്പോൾ ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്. അതുവരെ തോന്നിയ ഭയങ്ങളെയെല്ലാം മായ്ചു കളയുന്ന സുന്ദരമായ അനുഭൂതി ഉള്ളിൽ നിറഞ്ഞു. ചുറ്റും നോക്കുമ്പോൾ നുപ്ടെസെ, ലോട്സെ... തുടങ്ങി കൂറ്റൻ മലകൾ. എന്നാലും അവയെക്കാളൊക്കെ ഉയരത്തിൽ മേഘങ്ങൾക്കും മുകളിൽ നിൽക്കും പോലെ തോന്നി.
അരമണിക്കൂറിലേറെ സമ്മിറ്റിൽ ചെലവിട്ടു. താഴേക്ക് ഇറങ്ങുമ്പോൾ കാലാവസ്ഥ പാടേ മാറി. സ്നോ ബ്ലൈൻഡ്നെസ്സും ഫ്രോസ്റ്റ് ബൈറ്റ്സും തളർത്താൻ ശ്രമിച്ചു. എ ങ്കിലും എവറസ്റ്റിന്റെ മുകളിലെത്തിയ സന്തോഷത്തിന്റെ കരുത്തിൽ താഴേക്കിറങ്ങി. ഉയരങ്ങൾ നമ്മെ അമ്പരപ്പിക്കും. ഈ ലോകത്തെ ചെറുകണിക മാത്രമാണെന്നു ബോധ്യപ്പെടുത്തും. പക്ഷേ, ആ ആനന്ദത്തിൽ മുഴുകി നിൽക്കുമ്പോൾ നമ്മളും പ്രകൃതിയും ഒന്നായ പോലെ തോന്നും.’’