ADVERTISEMENT

നാലുവർഷ ബിരുദ പ്രോഗ്രാമുകളിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരുപാടു ചോദ്യങ്ങളുമുണ്ട്. പൊതുവായ സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടിയും ഇതാ.

പരമ്പരാഗത ബിരുദ പഠനത്തിൽ  നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?

ADVERTISEMENT

കേരളത്തിലെ ബിരുദ പഠനത്തിൽ കാതലായ മാറ്റമാണു നാലു വർഷ ബിരുദ പഠനം ലക്ഷ്യമാക്കുന്നത്. പുതിയ രീതിയിൽ പഠനം ക്ലാസ്മുറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പ്രായോഗിക പരിശീലനവും ഉണ്ടാകും. സയൻസ് വിഷയങ്ങളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഇതുണ്ടാകും. ഗ്രൂപ്പ് ചർച്ചകൾ, സെമിനാറുകൾ, അഭിമുഖങ്ങൾ, വ്യവസായ ശാല സന്ദർശനം അങ്ങനെ പല കാര്യങ്ങൾ ഉൾപ്പെടുന്നതാണു പാഠ്യപ്രവർത്തനം.

പുതിയ പ്രോഗ്രാമിൽ മൂന്നു രീതിയിൽ ബി രുദം പൂർത്തീകരിക്കാം. മൂന്നു വർഷം കൊണ്ടോ അല്ലെങ്കിൽ രണ്ടര വർഷം കൊണ്ടോ മൂന്നു വർഷ ബിരുദം നേടാം.

ADVERTISEMENT

നാലു വർഷത്തിൽ ഓണേഴ്സ് അല്ലെങ്കിൽ ഓണേഴ്സ് വിത് റിസർച്ച് ബിരുദം നേടാം. ഓണേഴ്സ് ബിരുദം മൂന്നര വർഷത്തിലും പൂർത്തിയാക്കാം. ഇഷ്ടമില്ലാത്തത് പരീക്ഷ പാസാകാൻ വേണ്ടി ക്ലേശിച്ച് പഠിക്കേണ്ടതുമില്ല. പകരം അഭിരുചിയുള്ള വിഷയം ആഴത്തിൽ പഠിക്കാം. പ്രോഗ്രാമിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ഉണ്ട്. പ്രായോഗിക പരിശീലനം കൂടി പഠനത്തിനൊപ്പം ചേരുന്നതിനാൽ ഇഷ്ടമുള്ള മേഖലയിൽ മികച്ച തൊഴിൽ നേടുക താരതമ്യേന എളുപ്പമാകും. ‌

മറ്റൊരു പ്രത്യേകത ബിരുദ പഠനത്തിനായി തിരഞ്ഞെടുത്ത മേജർ വിഷയം ആവശ്യമെങ്കിൽ മാറ്റാനുള്ള അവസരമാണ്. ഇനി മുതൽ ഒരു പോലെയുള്ള പരീക്ഷകൾ ആയിരിക്കില്ല മറിച്ചു വിഷയത്തിലെ അറിവും മികവും തെളിയിക്കാൻ അവസരം നൽകുന്ന  മൂല്യനിർണയ രീതികളാകും.

ADVERTISEMENT

സർവകലാശാല നൽകുന്ന സിലബസിനോട് ഒപ്പം ഓരോ പേപ്പറിലും ഒരു മൊഡ്യൂൾ ടീച്ചർ സ്പെസിഫിക് കണ്ടെന്റ് എന്ന നിലയിൽ  അധ്യാപകൻ സ്വയം തയാറാക്കുകയും ആന്തരിക മൂല്യനിർണയത്തിലൂടെ വിദ്യാർഥികൾക്കു മാർക്കുകൾ നൽകുകയും ചെയ്യുന്ന രീതിയും പുതിയ പദ്ധതിയിൽ ഉണ്ടാകും. അതോടൊപ്പം സർവകലാശാല സിലബസിനു പുറമേ സിഗ്‌നേച്ചർ കോഴ്സുകൾ എന്ന നിലയിൽ അധ്യാപകർക്കു സ്വയം തയാറാക്കുന്ന പേപ്പറുകൾ പഠിപ്പിക്കാൻ ഉള്ള അവസരവും ഉണ്ട്. വിദ്യാർഥികൾക്ക് ഏതു വിഷയവും മൈനറായോ ജനറൽ കോഴ്സുകളായോ തിരഞ്ഞെടുത്തു പഠിക്കാം. ആർട്സ്, ഹ്യുമാനിറ്റീസ്‌, സയൻസ്, കൊമേഴ്സ് എന്നീ വേർതിരിവുകളില്ലാതെ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

ഉദാഹരണത്തിനു ഫിസിക്സ് ബിരുദത്തിനു പ്രവേശനം നേടുന്ന വിദ്യാർഥിക്കു മേജർ ആയി ഫിസിക്സ് പഠിക്കുന്നതോടൊപ്പം മൈനർ എന്ന നിലയിൽ ചരിത്രം, ഫിലോസഫി, സാമ്പത്തിക ശാസ്ത്രം, സംഗീതം, സ്പോർട്സ് ഇങ്ങനെ ഇഷ്ടമുള്ള ഏതു വിഷയവും മൈനർ ആയി പഠിക്കാം. അതുപോലെ ചരിത്രം മേജർ വിഷയമായി തിരഞ്ഞെടുത്ത വിദ്യാർഥിക്ക് കംപ്യൂട്ടർ സയൻസ് വിഷയത്തിൽ വേണമെങ്കിലും മൈനർ തിരഞ്ഞെടുക്കാം. അതായതു വിദ്യാർഥിക്ക് ഏതു വിഷയവും തിരഞ്ഞെടുത്തു പഠിക്കുന്നതിന് ഒരു തടസ്സവും ഇല്ല എന്നർഥം.

ബിരുദ പഠനത്തിനിടയിൽ ബ്രേക് എടുക്കാമോ?

ഓരോ സെമെസ്റ്ററിനു ശേഷവും അതുവരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ആവശ്യമെങ്കിൽ കോഴ്സ് കം ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നേടിക്കൊണ്ടു ബ്രേക്ക് എടുക്കാൻ സാധിക്കും. തുടർന്ന് ഏഴു വർഷത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കാനുള്ള അവസരം ഉണ്ടാകും. പഠിച്ച കോളജിലോ യൂണിവേഴ്സിറ്റിയിലോ തന്നെ തുടർന്നു പഠിക്കണമെന്നുമില്ല. ഇതിനായി കോളജുകളും യൂണിവേഴ്സിറ്റികളും പ്രത്യേക സീറ്റുകൾ ഒഴിച്ചിടും. ഇതിൽ ലഭ്യമായവയിൽ ചേർന്നു പഠനം തുടരാം.

കേരളത്തിലെ ഒരു കോളജിൽ നിന്ന് ഇടയ്ക്കു വച്ച്  മറ്റൊരു കോളജിലേക്കു  മാറാൻ കഴിയുമോ?

തീർച്ചയായും. യൂണിക് ഐഡി വഴിയാണ് ഇതു സാധ്യമാകുന്നത്. ആധാർ ഐഡി പോലെ ഒരു യുണീക് ഐഡിയാണ് ഒാരോ വിദ്യാർഥിക്കും ഉള്ളത്. വിദ്യാർഥിയുടെ അക്കാദമിക് ഹിസ്റ്ററി ഈ ഐഡിയുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കും. അതുകൊണ്ടു തന്നെ വിദ്യാർഥി മറ്റൊരു കോളജിലേക്കോ സർവകലാശാലയിലേക്കോ അതേ പ്രോഗ്രാം പഠിക്കാൻ ചേർന്നാലും മാറ്റമൊന്നും വരില്ല. ആദ്യ ക്യാംപസിൽ നിന്നു നേടിയ ക്രെഡിറ്റ്സ് അടുത്ത കോളജിൽ ചേരുമ്പോളും നഷ്ടപ്പെടില്ല. പ്രോഗ്രാം പൂർത്തിയാക്കാനാവശ്യമായ ക്രെഡിറ്റ്സ് പുതിയ കോളജിൽ നിന്നു നേടാം. എവിടെ നിന്നാണോ പഠനം പൂർത്തിയാക്കുന്നത് ആ സർവകലാശാലയിൽ നിന്നാകും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നത്.

degree-program9

മൈനർ ബിരുദം എന്താണ്?  

അഭിരുചി അനുസരിച്ച് വിഷയങ്ങൾ മൈനർ കോഴ്സുകളായി തിരഞ്ഞെടുത്തു പഠിക്കാം. മേജർ കോഴ്സിനോട് അനുബന്ധമായ വിഷയങ്ങളോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയമോ മൈനറായി തിരഞ്ഞെടുക്കാം. ഒന്നാം വർഷം പഠിക്കുന്ന രണ്ട് മൈനർ വിഷയങ്ങളിലേക്കു വിദ്യാർഥിക്ക് ആവശ്യമെങ്കിൽ തന്റെ മേജർ മാറ്റി എടുക്കാവുന്നതാണ്.

ഇതു കൂടാതെ നൂതനമായ മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ (MDC), എബിലിറ്റി എൻഹാൻസ്മെന്റ്‌ കോഴ്സുകൾ(AEC), വാല്യൂ അഡിഷൻ കോഴ്സുകൾ (VAC), സ്കിൽ എൻഹാൻസ്മെന്റ്‌ കോഴ്സുകൾ (SEC) തുടങ്ങിയ ജനറൽ കോഴ്സുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുത്ത് പഠിക്കാം.

Folk Tales and Songs from India, Narratives of Humour, Content Writing, Sports Literature and Cinema, Fundamentals of Advertising and Public Relations, Flavours of the Past and Present: Food, Culture and Society, Filmic Approaches to History, Mathematics for competitive examinations തുടങ്ങി വൈവിധ്യമാർന്ന കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഇടയ്ക്ക് വച്ച് പഠിക്കുന്ന വിഷയം മാറ്റാൻ പറ്റുമോ?

മൂന്നാമത്തെ സെമസ്റ്ററിൽ വിദ്യാർഥിക്ക് അയാൾ തിരഞ്ഞെടുത്ത മൈനർ വിഷയങ്ങളെയോ, മൾട്ടി ഡിസിപ്ലിനറി വിഷയങ്ങളെയോ മേജർ ആക്കി മാറ്റാനുള്ള അവസരമുണ്ട്. ആറുമാസമാണ് ഒരു സെമെസ്റ്ററിന്റെ കാലാവധി. 8 സെമസ്റ്ററുകളാണ് ഓണേഴ്‌സ് പ്രോഗ്രാമിനുള്ളത്. ഓണേഴ്സിനും ഓണേഴ്‌സ് വിത്ത് റിസർച്ചിനും ഒരേ കാലയളവാണ്. ഓണേഴ്‌സ് വിത്ത് റിസർച്ചിൽ 12 ക്രെഡിറ്റ് വരുന്ന ഒരു റിസർച് പ്രോജക്റ്റ് പൂർത്തിയാക്കണം.

ഡബിൾ മെയിൻ എല്ലാ കോളജിലും ലഭിക്കുമോ?

പുതിയ ബിരുദ പ്രോഗ്രാമിൽ വ്യത്യസ്ത രീതിയിലുള്ള പാത്ത് വേ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. സിംഗിൾ മേജർ അല്ലെങ്കിൽ മേജർ വിത്ത് മൾട്ടി ഡിസിപ്ലിൻസ് ഓഫ് സ്റ്റഡി, മേജർ വിത്ത് മൈനർ, ഡബിൾ മേജർ എന്നിവയാണ് ഓപ്ഷനുകൾ.

ഉദാഹരണത്തിന്, മൂന്നു വർഷം കൊണ്ട്  മേജർ വിഷയത്തിൽ 68 ക്രെഡിറ്റുകൾ നേടുന്ന ഒരു വിദ്യാർഥി സിംഗിൾ മേജർ ഡിഗ്രിക്ക് അർഹത നേടുന്നു. ഇതോടൊപ്പം  24 ലോ അതിൽ അധികമോ ക്രെഡിറ്റുകൾ ഒരു മൈനർ വിഷയത്തിൽ നേടുന്നു എങ്കിൽ അയാൾ മേജർ വിത്ത് മൈനർ എന്ന ഡിഗ്രിക്ക് അർഹത നേടുന്നു. ഇപ്രകാരം സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള വിവിധ അനുപാതത്തിൽ ക്രെഡിറ്റുകൾ നേടുകയാണ് വിദ്യാർഥികൾ ചെയ്യേണ്ടത്.  അതായത് ഒരേ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ വ്യത്യസ്ത രീതിയിൽ ഡിഗ്രി പൂർത്തിയാക്കാൻ ഉള്ള അവസരം ഉണ്ടാകും എന്നർഥം.  തിരഞ്ഞെടുപ്പ് പൂർണമായും വിദ്യാർഥികളുടേത് ആയി മാറുന്നു.

degree-program2

ഡബിൾ മേജർ ബിരുദമായി അവരുടെ ബിരുദ പ്രോഗ്രാമിനെ മാറ്റാൻ വിദ്യാർഥികൾക്കു മുന്നിൽ പല മാർഗങ്ങളുണ്ട്.  അതിനാവശ്യമായ ക്രെഡിറ്റുകൾ പഠിക്കുന്ന കോളജിൽ നിന്നോ അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ അംഗീകൃത ഓൺലൈൻ എജ്യൂക്കേഷനൽ പ്ലാറ്റ്ഫോമുകളിൽ നിന്നോ  നേടാം.

Swayam , NPTEL പ്ലാറ്റുഫോമുകൾ നിലവിൽ തന്നെ ഇത്തരം കോഴ്സുകൾ നൽകി വരുന്നുണ്ട്. ഇതോടൊപ്പം അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ അംഗമായിട്ടുള്ള സർവകലാശാലകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എ ന്നിവ നടത്തുന്ന കോഴ്സുകൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുത്തു പഠിക്കാവുന്നതാണ്.

പുതിയ പാഠ്യക്രമം തൊഴിലവസരങ്ങൾ കൂട്ടുമോ?

വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ഇന്റേൺഷിപ്, പ്രോജക്ട് തുടങ്ങിയവ ആവിഷ്‌കരിക്കുക എന്നതാണു സർവകലാശാലകൾ ലക്ഷ്യം വയ്ക്കുന്നത്.

ബിസിനസ് ഇൻക്യുബേഷൻ സെന്ററുകൾ സ്ഥാപിച്ചുകൊണ്ട് ഇൻഡസ്ട്രി അക്കാദമിക് ലിങ്കേജ് സാധ്യമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സർവകലാശാലകൾ. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വം പരിശീലിപ്പിക്കുന്നതിനും ഉള്ള ഇടങ്ങളായി ക്യാംപസുകൾ മാറും.

എന്താണ് ക്രെഡിറ്റ്?

ക്രെഡിറ്റ് എന്നത് പുതുതായി രൂപകൽപന ചെയ്യപ്പെട്ടതല്ല. 2009 മുതൽ ഇതു നിലവിലുണ്ട്. 120 ക്രെഡിറ്റുകൾ നേടിക്കൊണ്ട് മൂന്ന് വർഷ ബിരുദം നേടുന്നതാണ് ഇപ്പോൾ നിലവിലുള്ള രീതി. പുതിയ രീതിയിൽ ഇത് 133 ആണ്.

ഓണേഴ്‌സ് ആവുമ്പോൾ 177 ക്രെഡിറ്റുകൾ നേടണം. തിയറി വിഷയത്തിൽ ഒരു ക്രെഡിറ്റ് നേടുന്നതിന് 15 മണിക്കൂർ പഠന ബോധന പ്രക്രിയയാണു നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ഒരു ക്രെഡിറ്റ് പ്രാക്ടിക്കൽ ആണ് എങ്കിൽ അ ത് 30 മണിക്കൂർ ആണ് വേണ്ടത്. ഇപ്രകാരം 4 ക്രെഡിറ്റ് ഉള്ള ഒരു കോഴ്സിൽ (പേപ്പറിൽ) പ്രാക്ടിക്കൽ ഇല്ല എങ്കിൽ 60 മണിക്കൂർ പഠന ബോധന പ്രക്രിയയാണ് ഉണ്ടാവുക. ഇത്തരത്തിൽ  വിദ്യാർഥികൾ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് വ്യത്യസ്തമായ മൂല്യനിർണയ രീതികൾ ആണ് സർവകലാശാല വിഭാവനം ചെയ്തിട്ടുളളത്.

ഓണേഴ്സ് കഴിഞ്ഞാൽ

നാലു വർഷ ഓണേഴ്സ് ബിരുദം നേടുന്ന വിദ്യാർഥിക്ക് പിജി രണ്ടാം വർഷത്തിലേക്കു ലാറ്ററൽ എന്റട്രി നേടാം.  പുതുക്കിയ പിജി പഠനം എങ്ങനെ എന്നതു സംബന്ധിച്ച് യു ജിസി മാർഗരേഖ ഇതിനകം തന്നെ പുറപ്പെടുവിച്ചു. സംസ്ഥാന മാർഗരേഖ ഉടനടി ഉണ്ടാവും.  

അതു പോലെ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടുന്നവർക്ക് പിജി ഇല്ലാതെ തന്നെ പിഎച്ച്ഡി ചെയ്യാൻ സാധിക്കും.  ഏറ്റവും മികച്ച വിദ്യാർഥികൾക്ക് ആണ് ഓണേഴ്‌സ് വിത്ത് റിസർച്ച് എന്നത് ലഭ്യമാവുക. ഇതിന് പ്രത്യേകം പ്രവേശന നിബന്ധന ഉണ്ടാവും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എ.എസ്. സുമേഷ്, കൺവീനർ, റൂൾസ് റഗുലേഷൻസ്, സബ് കമ്മിറ്റി ഫോർ FYUGP, എംജി യൂണിവേഴ്സിറ്റി, കോട്ടയം

Understanding the Four Year Degree Program:

The four-year undergraduate program (FYUP) in Kerala introduces significant changes to higher education, emphasizing practical training, interdisciplinary learning, and flexible degree completion options. Students can pursue honours degrees, honours with research, and opt for majors and minors from various disciplines, enhancing their career prospects and allowing for a more personalized academic journey.

ADVERTISEMENT