ADVERTISEMENT

‘റോസ്‌ലിനി’ലെ ടൈറ്റിൽ റോളിലൂടെ തിളങ്ങിയ സഞ്ജന ദിപു നമ്മുടെ സ്വന്തം ശ്രീശാന്തിന്റെ കുടുംബക്കാരിയാണ്...

ഒന്നിച്ചെത്തിയ രണ്ടു സമ്മാനങ്ങൾ

ADVERTISEMENT

റോസ്‌ലിൻ വെബ് സീരീസ് സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ഗാനരചയിതാവ് വിനായക് ശിവയും ഞാനും ഇൻ‍സ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹമാണ് ഈ പ്രൊജക്ടിന്റെ കാര്യം ആദ്യമായി പറഞ്ഞത്. സൂം കോളികളിലൂടെയാണ് ക്രൂവുമായുള്ള സംസാരമൊക്കെ നടന്നത്. ഹോട്ട്സ്റ്റാറിനു വേണ്ടിയുള്ള ആ വെബ്‌സീരീസിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്നാണ് അവരെന്നെ നേരിൽ കണ്ടത്. റോസ്‌ലിന്റെ ഭയമാണ് സീരീസിന്റെ ത്രെഡ്. ഞാൻ ബുദ്ധിമുട്ടി അഭിനയിച്ചതും ആ പേടി ആണ്. ആദ്യ എപ്പിസോഡിൽ കാട്ടിലൂടെ നടക്കുന്ന രംഗമുണ്ട്.  എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ഷോട്ടുകളുടെ എണ്ണം കൂടിയപ്പോൾ കരഞ്ഞുപോയി. ഷോട്ട് ഓക്കെ ആയെന്നു സംവിധായകൻ സുമേഷേട്ടൻ പറഞ്ഞു, ഒപ്പമൊരു കമന്റും , ‘തകർത്തഭിനയിച്ചു’. റോസ്‌ലിനൊപ്പമാണ് മൂന്നു വർഷം മുൻപ് ഷൂട്ടിങ് പൂർത്തിയായ ഹിന്ദി സീരീസ് ബാൻഡ്‌വാലയും ആമസോൺ പ്രൈമിൽ റിലീസായത്. 

മുല്ല എന്ന ആൺകുട്ടി

ADVERTISEMENT

സിനിമ കാണാൻ പോയി സിനിമാനടിയായ ആളാണ് ഞാൻ. ഒരിക്കൽ തിയറ്റിൽ വച്ച് ഗീതുവാന്റിയെ (ഗീതു മോഹൻദാസ്) കണ്ടു. പരിചയപ്പെട്ടപ്പോൾ തേടി നടന്ന ആരെയോ കണ്ടപോലെ ആന്റി അൽപനേരം നോക്കിനിന്നു. ‘എന്റെ സൗന്ദര്യം കണ്ടു സിനിമയിൽ എടുക്കുമായിരിക്കും’ എന്ന് അന്നു ഞാൻ അച്ഛനോടു തമാശ പറഞ്ഞു. പിറ്റേന്ന് ഗീതുവാന്റിയുടെ ഫോൺ, ‘സഞ്ജനയുമായി മൂത്തോൻ സിനിമയുടെ ഓഡിഷൻ വരാമോ’ എന്ന ചോദ്യം കേട്ട് അച്ഛനും ഞാനും വണ്ടറടിച്ചു പോയി. 

ഞാൻ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിൽ ജന്മദിനത്തിന്  ഒരു ടാസ്ക് ഉണ്ട്. സ്റ്റേജിൽ കയറി നിന്ന് പേരും ക്ലാസും വലുതാകുമ്പോൾ ആരാകുമെന്നും പറയണം. എനിക്ക് ഒരാഗ്രമേ പറയാനുള്ളൂ... ‘ഐ വുഡ് ലൈക് ടു ബി ആൻ ആക്ടർ.’ പല സിനിമകളുടെയും കാസ്റ്റിങ് കോൾ  കണ്ടു വീട്ടിൽ പറയുമ്പോൾ അച്ഛൻ നോ പറയും. ഒരാഗ്രഹത്തിനും എതിരു നിൽക്കാത്ത അച്ഛനെന്താ സിനിമയോടു മാത്രം നോ പറയുന്നത് എന്നു ചിന്തിച്ചിരുന്നു. മൂത്തോന് ‘യെസ്’ പറഞ്ഞപ്പോഴാണ് മനസ്സിലായത് നല്ല അവസരത്തിനായി കാത്തിരിക്കുകയാണെന്ന്. മൂത്തോനിലെ മുല്ലയ്ക്കു ലഭിച്ച സ്നേഹമാണ് എന്റെ അഭിനയമോഹത്തിന് പ്രോത്സാഹനമായത്.

ADVERTISEMENT

വീട്ടിലുണ്ട് ക്രിക്കറ്റ്, അഭിനയം, പാട്ട്

ഷൂട്ടിങ് സെറ്റ് ആദ്യമായി കണ്ടത് ആറാം വയസ്സിലാണ്. അഭിനേതാവായ അമ്മായി നിവേദിതയുടെ സീരിയൽ ലൊക്കേഷനിലേക്ക് അഭിനയിക്കാനാണ് എന്നെ കൊണ്ടുപോയത്. പക്ഷേ, അമ്മായിയും പ്രൊഡക്‌ഷൻ ടീമും പതിനെട്ടടവും പയറ്റിയിട്ടും രക്ഷയുണ്ടായില്ല.

അച്ഛൻ ദിപുവിന്റെ അനിയനാണ് ക്രിക്കറ്റ് താരം ശ്രീശാന്ത് (ഗോപുചിറ്റപ്പൻ). ചിറ്റപ്പൻ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്, ‘മോട്ടിവേറ്റ്, ഇൻസ്പയർ & ഹെൽപ്.’ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനൊപ്പം നമ്മൾ ഒരു നിലയിലെത്തുമ്പോൾ അവരുടെ കൈ പിടിക്കുകയും വേണം. അച്ഛനും ക്രിക്കറ്റ് ബന്ധമുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണുകളിൽ അച്ഛൻ കോച്ച് ആയിരുന്നു. ഗോപുചിറ്റപ്പനും മധുമാമനും (ഗായകൻ മധു ബാലകൃഷ്ണൻ) ഞങ്ങളും ഒത്തുചേരുമ്പോഴെല്ലാം കരോക്കെയും പാട്ടും ഡാൻസുമൊക്കെയായി ആകെ മേളമാകും.

വൈറലായത് അച്ഛൻ

റോസ്‌ലിന്റെ പ്രമോഷൻ പരിപാടിക്കെത്തിയ അ ച്ഛന്റെ ‘ബ്ലഷിങ് റീൽ’ കാണാത്തവർ കുറവാകും. എന്റെ ബ്രദറാണോ എന്ന് ഒരു ഓൺ‌ലൈൻ മീഡിയ ചോദിച്ചപ്പോൾ  അച്ഛൻ നാണിച്ചുപോയി. ആ വൈറൽ മൊമന്റിൽ ഞാൻ ഹാപ്പിയാണ്. ബെംഗളൂരുവിലെ ബിസിനസ് തിരക്കുകൾക്കിടയിലും എനിക്കൊപ്പം ലൊക്കേഷനിലേക്കു വരുന്നത് അച്ഛനാണ്. അമ്മ കൽപനയും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അനിയൻ ശ്രീദീപ്  എന്റെ ധൈര്യവും പിന്തുണയുമാണ്.  ഇനി ഒരു തമാശ പറയാം. ചന്ദനക്കുറിയിട്ടവരെല്ലാം ഭഗവാന്റെ അടുത്ത ആളാണെന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ ധാരണ. അവരോടെല്ലാം ‘എനിക്ക് അനിയൻ ഉണ്ടാകാൻ പ്രാർഥിക്കുവോ’ എന്നു ഞാൻ ചോദിക്കുന്നത് കേട്ട് അച്ഛനും അമ്മയും കുറേ ചമ്മിയിട്ടുണ്ട്. എറണാകുളം കലൂരാണ് സ്വന്തം നാട്. പക്ഷേ, ഇപ്പോൾ ബെംഗളൂരുവിലാണ് താമസിക്കുന്നത്. വിവിധ കമ്പനികൾക്കു വേണ്ടി സിഎസ്ആർ ആക്ടിവിറ്റികൾ പ്ലാൻ ചെയ്തു നടപ്പാക്കുന്ന ജോലിയാണ് എന്റേത്. അതിനിടയിലാണ് അഭിനയം. പുതിയ ചില പ്രൊജക്ടുകളുണ്ടെങ്കിലും ഒന്നും കമിറ്റ് ചെയ്തിട്ടില്ല. 

Sanjana Dipu: A Rising Star in Malayalam Cinema:

Sanjana Dipu, the lead actress in the Malayalam web series 'Roslyni', is making waves with her performance. She is also the niece of cricketer Sreesanth and has acted in films like 'Muthon'.

ADVERTISEMENT