ഫിസിയോതെറപ്പി പഠനത്തിനായി ബെംഗളൂരുവിലേക്കു പോയതാണ് തൃശൂർ സ്വദേശി കൃഷ്ണപ്രിയ. അവിടെ എത്തിയതിനു പിന്നാലെ മറ്റൊരു സന്തോഷവാർത്തയെത്തി നാട്ടിൽ മെറിറ്റിൽ അഡ്മിഷൻ കിട്ടിയിരിക്കുന്നു.
അന്ന് ബെംഗളൂരുവിൽ തന്നെ പഠനം തുടർന്നോട്ടെ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു കൃഷ്ണപ്രിയയ്ക്ക്. പക്ഷേ, നാട്ടിൽ ഫിസിയോ തെറപ്പിക്ക് അഡ്മിഷൻ കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരെല്ലാവരും. അങ്ങനെ 2018ൽ കൃഷ്ണപ്രിയ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു മടങ്ങി.
തന്നെ സ്നേഹത്തോടെ കെപി എന്നു വിളിച്ചൊരാളെ കണ്ടുമുട്ടാനുള്ള യാത്രയാണ് അതെന്ന് കൃഷ്ണപ്രിയ അപ്പോൾ അറിഞ്ഞിരുന്നില്ല.
കിട്ടിയതു പിന്തുണയും
മണിക്കുട്ടന്റെയും ഷീജയുടെയും ഇരട്ട പെൺകുട്ടികളിൽ ഒരാളായ കൃഷ്ണപ്രിയയ്ക്ക് പ്രണയത്തിലാകുമ്പോഴും ടെൻഷൻ ഒന്നും തോന്നിയിരുന്നില്ല. വീട്ടുകാർ തന്റെ ഇ ഷ്ടം മനസ്സിലാക്കും എന്ന ഉറപ്പുണ്ടായിരുന്നു. പക്ഷേ, ത ലശ്ശേരി സ്വദേശി ഷഹീനു ചെറിയ പേടിയുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് ഷഹീന്റെ ഇക്കാക്ക മുഹമ്മദ് നിഹാലിന്റെ പ്രണയകഥ വീട്ടിലറിയുന്നത്. നിഹാൽ പ്രണയിക്കുന്ന പെൺകുട്ടി ക്രിസ്ത്യാനി. ഈ വിവാഹം എങ്ങനെയും നടത്തണമെന്ന് വാദിച്ച ഷഹീന്റെ ആത്മാർഥത കണ്ട് നിഹാൽ പോലും അമ്പരന്നിരിക്കണം. ഷഹീൻ തലങ്ങും വിലങ്ങും നിന്നു പിന്തുണച്ചതു പിന്നിലെ രഹസ്യം പതിയെ നിഹാലിനു മനസ്സിലായി. പക്ഷേ, ഇക്കാക്കയ്ക്ക് മാതാപിതാക്കൾ നൽകിയ പിന്തുണ കണ്ടപ്പോൾ ഷഹീന് ആശ്വാസമായി.
‘‘എട്ടു വർഷമായി ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട്. സംസാരിക്കാതെ ഒരു ദിവസം പോലുമില്ല. മറ്റെന്തില്ലെങ്കിലും സഹിക്കാം. സംസാരിക്കാതെ കഴിയില്ല. മെഡിക്കൽ കോളജിൽ അഡ്മിഷൻ കഴിഞ്ഞ് ഓറിയന്റേഷൻ ദിവസമാണ് ആദ്യമായി കണ്ടത്.’’ ഷഹീന്റെ വാക്കുകളിൽ കാലം പിന്നോട്ടോടി. കൃഷ്ണപ്രിയയെ കൺമുന്നിൽ കണ്ട നിമിഷത്തിൽ ചെന്നു നിന്നു.
‘‘ കൃഷ്ണപ്രിയയുടെ അമ്മ ഷീജയെയാണ് ആദ്യം പരിചയപ്പെട്ടത്. അമ്മയാണ് എന്നെ കെപിക്കു കാണിച്ചു കൊടുക്കുന്നത്. അന്ന് ഞങ്ങൾ തമ്മിൽ കണ്ടെങ്കിലും സംസാരിച്ചില്ല.’’ ബാക്കി പറഞ്ഞത് കൃഷ്ണപ്രിയയാണ്.
‘‘അഡ്മിഷനെടുത്ത ഏതോ കുട്ടിയുടെ ബ്രദർ ആണ് ഷഹീൻ എന്നാണ് ഞാൻ ആദ്യം കരുതിയത്. ക്ലാസ്സിലെത്തിയപ്പോഴാണ് ബ്രദറല്ല, ക്ലാസ്മേറ്റാണെന്നു മനസ്സിലായത്. ഒരു ബഞ്ചിന്റെ ഇരു വശത്തും ഇരുന്നതും ഒരു ഗാങ്ങിൽ കൂട്ടുകാരായതും എല്ലാം വേഗത്തിലായിരുന്നു.
‘‘അവളോടു സംസാരിക്കാൻ ആദ്യം മുതലേ എന്തോ താൽപര്യം തോന്നി. അതിനു വേണ്ടി കാരണങ്ങൾ ഉ ണ്ടാക്കിക്കൊണ്ടേയിരുന്നു. അങ്ങനെയാണു വേറുതേ ഓരോന്നു പറഞ്ഞു പഴ്സനൽ മെസേജ് അയച്ചതും. ആരാധനയാണ് എനിക്ക് കെപിയോട്. മെല്ലെ ഞങ്ങളുടെ കൂട്ട് വളർന്നു. എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കാൻ തോന്നി.’’ ഷഹീൻ പറയുന്നു.
‘‘ സൂര്യനു താഴെയുള്ള എന്തും ഞങ്ങൾക്കു തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം.’’ കൃഷ്ണപ്രിയ കൂട്ടിച്ചേർത്തു.
കപ്പിൾസ് എന്ന വിളി
‘‘ഞങ്ങൾ അടുപ്പത്തോടെ സംസാരിച്ചിരിക്കുന്നതു കണ്ട് ഒരു കൂട്ടുകാരി വെറുതെ കമന്റടിച്ചു. ‘‘ എന്താ, കപ്പിൾസ്, കഥ പറഞ്ഞു തീർന്നില്ലേ?’ . അതെന്റെ മനസ്സിൽ കൊണ്ടു. ആ ധൈര്യത്തിൽ ഞാൻ കെപിയെ പ്രൊപ്പോസ് ചെയ്തു. വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ തന്നെ സിംപിൾ ആയി വേണമെന്നും ഉറപ്പിച്ചിരുന്നു.’’
‘‘പൂക്കൾ വലിയ ഇഷ്ടമാണ് ഷഹീന്. സമ്മാനമായി മിക്കപ്പോഴും പൂക്കളാണ് തരുന്നതും. ആ ഇഷ്ടത്തിന്റെ ഓർമകളിലാണ് ഫ്ലവർ മോട്ടിഫുകളുള്ള വിവാഹ ഷർട്ട് തിരഞ്ഞെടുത്തത്. കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ഞങ്ങളുടെ വിവാഹം. ഒരുമിച്ചുള്ള യാത്രകളും നീണ്ട സംസാരങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്നു. ’’