ADVERTISEMENT

‘‘സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഒരു വിഷയത്തിനേ ട്യൂഷനു പോയിട്ടുള്ളൂ... അത് ഹിന്ദിയാണ്. ‘ഹിന്ദി മു‍‍‍ഛെ നഹി മാലൂം’ ആയതിനാലാണ് ഈ ഹിന്ദിക്കാരിയെ എനിക്കു കിട്ടിയതും. ഞങ്ങൾ പരിചയപ്പെടുമ്പോൾ പല്ലവിക്ക് സൗത്ത് ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ടെന്നു പോലുമറിയില്ല.’’ അരവിന്ദ് ചിരിയോടെ പറഞ്ഞുതുടങ്ങി.

‘‘എല്ലാത്തിനും നിമിത്തമായതു കമ്പിളിപുതപ്പാണ്. 2014ലാണ് എംടെക് പഠനത്തിനായി ഡെറാഡൂൺ യുപിഇഎസ്സിൽ എത്തുന്നത്. മരം കോച്ചുന്ന തണുപ്പാണവിടെ. കമ്പിളിപ്പുതപ്പ് ഇല്ലാതെ പറ്റില്ല. ഹിന്ദി അറിയാതെ പുതപ്പു വാങ്ങാൻ പോയാൽ പറ്റിക്കപ്പെടുമെന്ന പേടികൊണ്ട് ക്ലാസ്മേറ്റായ പല്ലവിയോടു സഹായം ചോദിച്ചു. ആ ഷോപ്പിങ് യാത്രയാണു ഞങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിച്ചത്.

ADVERTISEMENT

ക്ലാസ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ നേപ്പാളിലേക്കു ഞാനൊരു സോളോ ട്രിപ് പ്ലാൻ ചെയ്തു. പക്ഷേ, സീസണായതിനാൽ ടിക്കറ്റ് കിട്ടുന്നേയില്ല. അങ്ങനെയിരിക്കെയാണു പല്ലവി വീട്ടിലേക്ക് പോകുന്നുണ്ടെന്നു പറഞ്ഞത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ആണു പല്ലവിയുടെ വീട്. അവിടുന്നു മൂന്നു മണിക്കൂർ യാത്ര ചെയ്താൽ നേപ്പാളിലെത്താം. ആ അവസരം മിസ് ചെയ്യാനായില്ല. ടിക്കറ്റ് ഷെയർ ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ പല്ലവിക്കു സമ്മതമായിരുന്നു. ആ യാത്രയിലാണു ഞങ്ങൾ അടുത്തത്’’ അരവിന്ദ് ഇതു പറയുമ്പോൾ പല്ലവി ചിരിയോടെ തലയാട്ടി.  

ഇന്റേൺഷിപ്പും ബീഫ് ഫ്രൈയും

ADVERTISEMENT

വാട്സാപ്പ് വന്നിട്ട് അന്ന് അധികമായിട്ടില്ല. ചാറ്റിങ്ങിലൂടെ കൂടുതൽ അടുത്തെന്ന് അരവിന്ദ് പറയുന്നു. ‘‘ഇന്ത്യയുടെ ഇങ്ങേയറ്റത്തുള്ള ഞാനും അങ്ങേയറ്റത്തുള്ള പല്ലവിയും ഇഷ്ടം പറഞ്ഞപ്പോൾ തന്നെ ഒരു തീരുമാനമെടുത്തു, ഒന്നിച്ചു ജീവിക്കുന്ന കാലത്തോളം പ്രണയം തുടരും.

പിജി ആദ്യ വർഷം. പല്ലവിയും ഞാനും ഒരു സുഹൃത്തും തിരുവനന്തപുരം ദുരന്തനിവാരണ അതോറിറ്റി കേന്ദ്രത്തി ൽ ഇന്റേൺഷിപ്പിനായി വന്നു. കെഎസ്ആർടിസി ബസി ൽ യാത്ര ചെയ്തും മലയാള സിനിമ കണ്ടും കേരളവുമായി പല്ലവി കൂടുതൽ ഇണങ്ങി. ഒരിക്കൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. പൊറോട്ടയും ബീഫുമാണു ഞാൻ ഓർഡർ ചെയ്തത്. ഹാർഡ് കോർ ബീഫ് ഫാനായ എ ന്നെ ബ്രാഹ്മിൻ ആയ പല്ലവി എങ്ങനെ അളക്കുമെന്നറിയാനായിരുന്നു ആ പരീക്ഷണം. പല്ലവി എതിർപ്പൊന്നും പറഞ്ഞില്ല. ബീഫ് പറ്റില്ല എന്ന് അന്നു പറഞ്ഞിരുന്നെങ്കിൽ നിന്നെ കെട്ടില്ലായിരുന്നുവെന്ന് ഇപ്പോൾ ഞാൻ തമാശയായി പറയാറുണ്ട്.

ADVERTISEMENT

പല്ലവിയെ വീട്ടുകാര്‍ക്കു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു ഇന്റേൺഷിപ്. വീക്കെൻഡിൽ ഞങ്ങൾ കോട്ടയത്തെ എന്റെ വീട്ടിലെത്തി. അവിടുന്ന് എല്ലാവരും കൂടി കറങ്ങാനിറങ്ങി. അന്നു ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തിനു ഞാൻ അധിക പരിഗണന നൽകിയെന്നു പറഞ്ഞു പല്ലവി അസ്വസ്ഥയായി. ആ പിണക്കം കണ്ട് അമ്മ പറഞ്ഞു ‘ഇവൾക്കു നിന്നോട് ഒരു ചായ്‌വുണ്ട്’. എനിക്ക് പല്ലവിയോടും ചായ്‌വുണ്ടെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ...

അവർ ഉറപ്പിച്ച കല്യാണം

എംടെക്കിനു ശേഷം മൂന്നു വർഷത്തോളം ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. പിന്നെയാണു വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിച്ചത്. പല്ലവിയുടെ വീട്ടിൽ സമ്മതമായിരുന്നെങ്കിലും എന്റെ വീട്ടിൽ അതായിരുന്നില്ല സ്ഥിതി. ആറു മാസം ശ്രമിച്ചിട്ടും അവർ എതിർത്തപ്പോൾ നിരാശയായി. അതോടെ ജോലിവിട്ട് പോളണ്ടിൽ സിനിമ പഠിക്കാൻ പോകാൻ തയാറെടുത്തു. എന്റെ മാനസികാവസ്ഥ അപ്പോഴാണവർക്കു മനസ്സിലായത്. അങ്ങനെ അവർ പല്ലവിയെ കാണാൻ പോയി.

അന്ന് ഞാനറിയാതെ അച്ഛനും അമ്മയും കയ്യിൽ ഒരു മോതിരം കരുതിയിരുന്നു. പെണ്ണുകണ്ടിറങ്ങും മുൻപ് ആ മോതിരം പല്ലവിയുടെ വിരലിലണിയിച്ച് അവർ വിവാഹമുറപ്പിച്ചു.’’ അരവിന്ദും പല്ലവിയുമിപ്പോൾ വിവാഹത്തിന്റെ എട്ടാം വാർഷികം ആഘോഷിക്കുകയാണ്. ബെംഗളൂരുവിലെ മൾട്ടിനാഷനൽ കമ്പനിയിലാണ് അരവിന്ദിനും പല്ലവിക്കും ജോലി. ഇവരുടെ മകൻ ആരവിന് അഞ്ചു വയസ്സായി.

From Dehradun to Nepal: A Journey of Friendship and Love:

Aravind and Pallavi's love story began unexpectedly with a Hindi tuition need during their M.Tech studies in Dehradun, India. Their friendship blossomed during shared experiences like shopping for blankets, a trip to Nepal, and an internship in Kerala, where Pallavi embraced local culture and food, ultimately leading to a beautiful interfaith marriage and a happy family life.

ADVERTISEMENT