ബെത്‌ലഹേമിലെ മൊറേലി സിസ്റ്റേഴ്സിൽ ഇളയയാളായി തിളങ്ങിയ ശ്രീരഞ്ജിനിയുടെ വീട്ടിലും നിറയെ സിനിമാക്കാരാണ്.
ബെത്‌ലഹേം ടു ഗോവ
ഒരു ബ്രേക്കിനു ശേഷം കിട്ടിയ സിനിമയാണ് െബത്‌ലഹേം കുടുംബ യൂണിറ്റ്. അതുകൊണ്ടുതന്നെ അതു സിനിമയെ സീരിയസ്സായി കാണാൻ പ്രേരിപ്പിച്ചു. മീനാക്ഷി, മമിത, സ്രിന്റ, ഗ്ലിക്സണായി അഭിനയിച്ച റോഷ ൻ... ഷൂട്ടിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളെല്ലാവരും ഒന്നിച്ചായിരുന്നു.
നിവിൻ ചേട്ടൻ വളരെ കൂളാണ്, എല്ലാവരോടും ഒരേ തമാശ. സുരേഷേട്ടനും വിനയ് ചേട്ടനുമൊക്കെയായി സെറ്റിൽ ഫുൾ വൈബാണ്. ഗോവയിൽ ഷൂട്ടിങ് ഉണ്ടെന്ന് അറിഞ്ഞപാടേ മൊറേലി സിസ്റ്റേഴ്സിനെ പോലെ ഞങ്ങളും ഒന്നിച്ചിരുന്നു ഫുൾ പ്ലാനിങ്ങായിരുന്നു. സിസ്റ്റർ വൈബ് ശരിക്കും എൻജോയ് ചെയ്തു.
മൊറേലി സിസ്റ്റേഴ്സിന്റെ മൂന്നു ഫാൻസ് പെരുമ്പാവൂരിലെ വീട്ടിലുമുണ്ട്. ബിസിനസ്സുകാരനായ ഭർത്താവ് രഞ്ജിത്തും നാലു വയസ്സുള്ള മോൻ നകുലും രണ്ടു വയസ്സുള്ള മോൾ ഭൂമിയും.
കണ്ണാടിക്കഥ
ചേട്ടൻ ബിലഹരി സംവിധായകനാണ്. അള്ള് രാമേന്ദ്ര ൻ, കുടുക്ക് എന്നീ സിനിമകൾ ചേട്ടന്റേതാണ്. അതുകൊണ്ട് എനിക്കു സിനിമയിലേക്കു വരാൻ അധികം സ്ട്രഗിൾ ചെയ്യേണ്ടി വന്നില്ല. ചേട്ടൻ സിനിമ പാരഡിസോ ക്ലബ് എന്ന കൂട്ടായ്മയിൽ അംഗമായിരുന്നു. ആ കൂട്ടായ്മ വഴിയാണ് ചേട്ടൻ ആദ്യ ഷോർട്ഫിലിമായ കണ്ണാടിക്കഥ ചെയ്തത്. നേരത്തേ കാസ്റ്റ് ചെയ്തിരുന്നയാൾ പെട്ടെന്നു പിന്മാറിയപ്പോഴാണ് അഭിനയിക്കാൻ എനിക്ക് അവസരം വന്നത്.
ചേട്ടന്റെ കൂട്ടുകാരായിരുന്നു ആ ഷോർട് ഫിലിമിന്റെ പിന്നണിയിലുള്ളവരെല്ലാം. അനിയത്തിക്കുട്ടി എന്ന കെയർ കിട്ടിയതുകൊണ്ട് ടെൻഷനുണ്ടായിരുന്നില്ല. പക്ഷേ, ഉള്ളിന്റെയുള്ളിൽ പേടിയുണ്ടായിരുന്നു. ചേട്ടൻ നന്നായി വഴക്കു പറയും. ആ വഴക്കു കേട്ടു പിണങ്ങിയിരിക്കാനുള്ള ഫ്രീഡവും ആ ലൊക്കേഷനിൽ കിട്ടും.
തണ്ണീർമത്തൻ ദിനങ്ങൾ
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഷോർട് ഫിലിമാണ് മൂക്കുത്തി. അതിലെ നായികയായത് അപ്രതീക്ഷിതമായാണ്. അതിനു ശേഷമാണ് തണ്ണീർമത്തൻ ദിനങ്ങളിൽ വിനീത് ശ്രീനിവാസന്റെ ജോടിയാകാൻ ഗിരീഷേട്ടൻ അവസരം തന്നത്. അനശ്വരയും മാത്യുവും കുറേ കുട്ടികളുമൊക്കെയായി വലിയ രസമായിരുന്നു അതിന്റെ ഷൂട്ടിങ്. സീനിയർ ആക്ടറെന്ന ജാഡയൊന്നുമില്ലാതെയാണു വിനീതേട്ടൻ സെറ്റിൽ വരിക. ട്രിപ് പോകുന്ന സീനിലൊക്കെ ഞങ്ങൾ ബസിൽ തന്നെയായിരുന്നു.
വിനീതേട്ടനൊപ്പം കുറച്ചു സീനുകളിലേ ഉള്ളെങ്കിലും ആളുകൾ മുഖം ഓർത്തുവച്ചു. സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും ആളുകൾ ഓർക്കുന്നത് ക്ലൈമാക്സിൽ കല്യാണം മുടങ്ങിയതോർത്തുള്ള എന്റെ ബോധക്ഷയമാണ്. റിയൽ ലൈഫിൽ സംഗതി തിരിച്ചാണ്. തണ്ണീർമത്തൻ കഴിഞ്ഞു കുറച്ചു മാസങ്ങൾക്കുള്ളിൽ എന്റെ കല്യാണം കഴിഞ്ഞു.
പാട്ടും ഡാൻസും
അങ്കമാലിയിലെ എളവൂരിലാണു സ്വന്തം വീട്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണെങ്കിലും ഞാൻ എത്തിയതു മറ്റൊരു വഴിയിലാണ്. പ്ലസ്ടു കഴിഞ്ഞു കാലടി സംസ്കൃത സർവകലാശാലയിൽ നിന്നു ബിഎ ഭരതനാട്യം. പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ നാട്ടിലെ സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി കിട്ടി. അവിടെ ഒന്നരവർഷം ജോലി ചെയ്ത ശേഷം അയിലൂരിലെ സെന്റ് അർണോൾഡ് സ്കൂളിൽ ഡാൻസ് ടീച്ചറായി. അവിടെയും രണ്ടു വർഷം ജോലി ചെയ്തു.
അമ്മ രമാദേവിയാണ് വീട്ടിലെ തിരക്കുള്ള നടി. തണ്ണീർമത്തൻ ദിനങ്ങളിലെ മാത്യുവിന്റെ അമ്മയായി അഭിനയിച്ച അമ്മ കള, ഗോളം, അടി, ഹെർ, പ്രണയം തുടരുന്നു, ചാവേർ... തുടങ്ങി കുറേ സിനിമകളിലുമുണ്ട്.