ADVERTISEMENT

കണ്ടെയ്നറിലും കാരവനിലുമൊക്കെ വീടുവയ്ക്കുന്ന കാലമാണ് വരാനിരിക്കുന്നത്. സാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ചെങ്കിലും ഇതിനൊക്കെ ഇറങ്ങാനുള്ള ധൈര്യം മിക്കവർക്കും ഇല്ല എന്നതാണ് സത്യം. പുതിയൊരു കാര്യം ചെയ്യുമ്പോൾ കുറച്ച് തിരിച്ചടികൾ സാധാരണമാണെങ്കിലും മനസ്സ് പറയുന്നതിനു പിന്നാലെ പോവുന്നതാണ് രൂപ് ഷാജിയുടെ ശൈലി. സ്ഥിരമായി താമസിക്കാൻ കണ്ടെയ്നർ ഹോം നിർമിക്കാൻ ധൈര്യപ്പെടാത്ത മലയാളിക്കു മുന്നിൽ രൂപ് മാതൃകയായി.

കാരവനിൽ നിന്ന് കണ്ടെയ്നറിലേക്ക്

Containerhome1
Exterior view of the house, Roop Shaji and family
ADVERTISEMENT

കാരവൻ വാങ്ങി അതിൽ താമസിക്കുകയും യാത്ര ചെയ്യുകയുമായിരുന്നു യാത്രാപ്രിയർ ആയ രൂപിന്റെയും ഭാര്യ കൃഷ്ണേന്ദുവിന്റെയും സ്വപ്നം. സ്ഥിരമായൊരു കോൺക്രീറ്റ് വീട് എന്തിന് എന്നതായിരുന്നു അവരുടെ ചിന്ത.  കാരവൻ സ്വപ്നം തൽക്കാലം നടക്കില്ല എന്നായപ്പോൾ രൂപിന്റെ മനസ്സ് കണ്ടെയ്നറിലേക്ക് ചാഞ്ഞു. ആവശ്യാനുസരണം അഴിച്ചെടുക്കാനും വീണ്ടും ഉറപ്പിക്കാനും സാധിക്കും എന്നത് കണ്ടെയ്നറിന്റെ പ്രത്യേകതയാണ്.

മാതൃകകളില്ലാതെ തുടക്കം

Containerhome12
Drawing Area
ADVERTISEMENT

വർഷങ്ങൾക്കു മുൻപ് എറണാകുളം ജില്ലയിലെ പിറവത്ത് രൂപിന്റെ അച്ഛൻ വാങ്ങിയ 22 സെന്റിൽ കണ്ടെയ്നർ ഹോം നിർമിക്കാം എന്നതിലെത്തി തീരുമാനം. ‘‘ കുടുംബത്തോടെ താമസിക്കാൻ കണ്ടെയ്നർ വീട് നിർമിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നറിയാൻ മുൻമാതൃകകൾ തേടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല,’’ രൂപ് ഷാജി പറയുന്നു. ‘‘ കണ്ടെയ്നർ വാങ്ങി വീട് തനിയേ ചെയ്യുകയായിരുന്നു. യൂട്യൂബ് ചാനലുകളിൽ കണ്ട വിദേശ വീടുകളായിരുന്നു പ്രചോദനം.’’

വിൽക്കാനുള്ള കണ്ടെയ്നറുകൾ പ്രദർശിപ്പിക്കുന്ന ഏലൂരിലെ ഒരു യാർഡിൽ നിന്നാണ് രൂപ് തനിക്കാവശ്യമുള്ളത് തിരഞ്ഞെടുത്തത്. കാര്യമായ തകരാറുകളില്ല എന്നു തോന്നുന്നത് തിരഞ്ഞെടുക്കുകയായിരുന്നു. 10, 20, 40 അടി വീതം നീളമുള്ള കണ്ടെയ്നറുകളാണ് വില്പനയ്ക്കു വച്ചിരിക്കുന്നത്. എട്ടടി വീതിയും ആറര, എട്ടര, ഒൻപതര ഇഞ്ച് ഉയരവുമാണ് കണ്ടെയ്നറുകൾക്ക്. ട്രക്കുകളിലാണ് കണ്ടെയ്നർ സൈറ്റിൽ എത്തിക്കുന്നത്.

ADVERTISEMENT

പ്ലാൻ പതിവു പോലെ

Containerhome13
Kitchen and breakfast table

20 അടിയുടെ മൂന്ന് കണ്ടെയ്നർ ആണ് രൂപ് ഉപയോഗിച്ചത്. കണ്ടെയ്നർ ഒന്നിന് ഏകദേശം 1,10,000 രൂപയായിരുന്നു വില. മൂന്ന് കണ്ടെയ്നറുകൾ ഉപയോഗിച്ച് വീടിന്റെ പ്ലാൻ തയാറാക്കിയത് രൂപും കൃഷ്ണേന്ദുവും തന്നെയായിരുന്നു. പഞ്ചായത്തിൽ നിന്നുള്ള അംഗീകാരത്തിന് റജിസ്ട്രേഡ് എൻജിനീയറെ സമീപിച്ചു എന്നുമാത്രം. സാധാരണ വീടുകൾക്കുള്ള അതേ നടപടികൾ തന്നെയാണ് കണ്ടെയ്നർ വീടിനും. ഇത്തരം ബദൽ നിർമാണങ്ങൾക്ക് ബാങ്ക് ലോൺ ലഭ്യമല്ല എന്ന പ്രശ്നമുണ്ട്. ഒരു കണ്ടെയ്നർ താഴെയും മറ്റു രണ്ടെണ്ണം L ആകൃതിയിൽ മുകളിലുമാണ് ക്രമീകരിച്ചത്. L ആകൃതിയുടെ ബാക്കി ഭാഗം സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ച് പൂർത്തീകരിച്ച് വീട് ചതുരാകൃതിയിലാക്കി. കോമൺ ഏരിയ പൂർണമായി സ്റ്റീൽ സ്ട്രക്ചറിലും L ആകൃതിയിൽ കിടപ്പുമുറികളും ക്രമീകരിച്ചു. ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൺ എന്നിവ ഉൾപ്പെട്ട കോമൺ ഏരിയ 20X12 അടിയാണ്. രണ്ട് കണ്ടെയ്നറുകളെയും ബെഡ്റൂമും ബാത്റൂമുമായി വിഭജിച്ചിരിക്കുന്നു. ഇത് കൂടാതെ ചെറിയൊരു സിറ്റ്‌ഔട്ടുമുണ്ട്.

പ്ലോട്ടിനനുസരിച്ച് വീട്

Containerhome14
Bed room and attached bathroom

ചെരിഞ്ഞ പ്ലോട്ട് ആയതിനാൽ രണ്ട് തട്ടുകളായാണ് വീട് ക്രമീകരിക്കാൻ തീരുമാനിച്ചത്. താഴത്തെ തട്ടിൽ ഒരു കണ്ടെയ്നർ സ്ഥാപിച്ച് മറ്റു രണ്ട് കണ്ടെയ്നറുകളും മുകളിലെ തട്ടിനോടു സമനിരപ്പിൽ വരുന്ന വിധത്തിൽ ക്രമീകരിച്ചു. 2000 കിലോയിലേറെ ഭാരമുള്ള കണ്ടെയ്നറുകൾ സ്ഥാപിക്കാൻ തൂണുകൾ നിർമിക്കാൻ ചെലവ് വളരെയധികം വരും. അങ്ങനെ അടിത്തറയ്ക്കു പകരം കണ്ടെയ്നർ തന്നെ ഉപയോഗിച്ചു. കൂടാതെ, ഒരടി സമചതുരത്തിലുള്ള എട്ട് കോൺക്രീറ്റ് ബീമുകളും രണ്ട് മെറ്റൽ ബീമുകളും കണ്ടെയ്നർ വീടിനെ താങ്ങി നിർത്താൻ ആവശ്യമായിവന്നു. മുകളിലെ കണ്ടെയ്നറുകളിൽ ഒന്നിനെ ശക്തിപ്പെടുത്താനാണ് മെറ്റൽ ബീം നൽകിയത്. ഈ ഭാഗം കാർപോർച്ച് ആയി പ്രയോജനപ്പെടുത്തുന്നു. താഴത്തെ കണ്ടെയ്നർ സ്റ്റോറേജ് യൂണിറ്റ് ആയും പെറ്റ് ഹൗസ് ആയുമാണ് ഉപയോഗിക്കുന്നത്.

അകം സാധാരണ വീടുപോലെ

Containerhome15
Multifunctional Terrace

അകത്ത് രണ്ട് ഇഞ്ച് കനത്തിൽ റോക്ക് വൂൾ ഉറപ്പിച്ച് മുകളിൽ ജിബ്രോക്ക് ഡ്രൈ വോൾ പാനൽ പിടിപ്പിക്കുകയാണ് ചെയ്തത്. ഭിത്തി കണ്ടാൽ സാധാരണ വീടുകളുടേതുപോലെത്തന്നെ തോന്നും എന്നതാണ് ഈ പാനലിന്റെ ഗുണം. സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി, ഈർപ്പം കടത്തിവിടായ്ക, ഫിനിഷ്, വയറിങ് ചെയ്യാനുള്ള സൗകര്യം എന്നതിനൊക്കെയാണ് പാനൽ തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകിയത്. വില, ലഭ്യത, ഇൻസുലേഷൻ ചെയ്യാനുള്ള സൗകര്യം, തീപ്പിടുത്തം ചെറുക്കാനുള്ള കഴിവ് എന്നിവ റോക്ക് വൂൾ തിര‍ഞ്ഞെടുക്കാൻ കാരണമായി. ബാത്റൂമിൽ അല്പം കൂടി ഗുണമേന്മ കൂടിയ പാനൽ ഘടിപ്പിച്ച് മുകളിൽ പശ ഉപയോഗിച്ച് ടൈൽ ഒട്ടിച്ചു. വാട്ടർ റെസിസ്റ്റന്റ് ആയ പാനലാണ് തിര‍ഞ്ഞെടുത്തത്. പ്ലമിങ്ങും ഇലക്ട്രിക്കൽ വർക്കും കൺസീൽഡ് ആയി ചെയ്തു. ബാത്റൂമിന്റെ നിലത്ത് പ്ലൈവുഡിനു മുകളിൽ ഫൈബർ സിമന്റ് ബോർഡ് ഒട്ടിച്ചു, വെള്ളം ഒഴുകിപ്പോകാൻ വേണ്ട ചെരിവും കൊടുത്തു. നിലവും രണ്ട് അടിയോളം ഉയരത്തിൽ ഭിത്തിയും വാട്ടർ പ്രൂഫിങ് ചെയ്തു. കോമൺ ഏരിയയിൽ സിമന്റ് ഫൈബർ ബോർഡ് ഇട്ട് അതിലേക്ക് ടൈൽ ഒട്ടിക്കുകയാണ് ചെയ്തത്. സിമന്റ് ബേസ്ഡ് പശയാണ് ഇവിടെ ഉപയോഗിച്ചത്.  

ചെറിയ വീടല്ല; സ്മാർട് ഹോം

Containerhome17
View from the back

കോമൺ ഏരിയയിൽ നിരക്കി നീക്കാവുന്ന വാതിൽ മാത്രം യുപിവിസി ആണ്. ഭിത്തിക്കു പകരം അലുമിനിയം ഫ്രെയിമിൽ ഗ്ലാസ് ഇട്ടു. ജനലുകളും അലുമിനിയം തന്നെ. അകം വാതിലുകൾ ഡബ്യൂപിസി കൊണ്ടു നിർമിച്ചു. കണ്ടെയ്നറിനു മുകളിൽ അലുമിനിയം കൊണ്ടും സ്റ്റീൽ സ്ട്രക്ചറിനു മുകളിൽ 30 എംഎം കനമുള്ള അലുമിനിയം പഫ് പാനൽ കൊണ്ടുമാണ് ട്രസ്സ് ചെയ്തത്. ഏകദേശം മൂന്ന് മാസം എടുത്തു വീട് പൂർത്തിയാകാൻ. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്തതിനാൽ ചെലവ് ഏകദേശം 30 ലക്ഷം വന്നു.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

PROJECT DETAILS

Area: 500 sqft Owner: രൂപ് ഷാജി & കൃഷ്ണേന്ദു Location: നെച്ചൂർ, പിറവം

Email: roopshaji@gmail.com