നമുക്കെന്താ ഇത് നേരത്തേ തോന്നാതിരുന്നത്?! ഈ വീടു കാണുന്ന ശരാശരി മലയാളി ഇങ്ങനെ ചിന്തിക്കുന്നതിൽ തെറ്റുണ്ടോ? Single storey house for small family
Mail This Article
ലളിതമായ ഡിസൈൻ ആണ് ചില വീടുകളുടെ സൗന്ദര്യം. അലങ്കാരങ്ങളോ ആർഭാടമോ അല്ല, ഭംഗിയായി വിന്യസിച്ച ചതുരങ്ങളാണ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മാവുങ്കലുള്ള ഈ വീടിന്റെ ഭംഗി. ചെറുകുടുംബത്തിന് സന്തോഷത്തോടെ ജീവിക്കാനുള്ള സൗകര്യങ്ങൾ തികഞ്ഞ ഒറ്റനില വീടാണിത്.
ടെറസ് ഒരു മായാലോകം
പ്രകൃതിയിലേക്കു നോക്കിയിരിക്കാൻ ഇഷ്ടപ്പെടുന്ന കുടുംബത്തിനു വേണ്ടി അസ്തമയം കാണാനും ഒരുമിച്ചിരുന്ന് സൊറ പറയാനും പറ്റിയൊരു ഫാമിലി ഗാതറിങ് സ്പേസ് ആയാണ് ഇവിടത്തെ ടെറസ് ഡിസൈൻ ചെയ്തത്. കാന്റിലിവർ ശൈലിയിൽ നീട്ടിയെടുത്ത കോൺക്രീറ്റ് സ്ലാബിൽ എത്ര പേർക്കുവേണമെങ്കിലും ഇരിക്കാനും നീണ്ടുനിവർന്നു കിടക്കാനും വരെ സൗകര്യമുണ്ട്.
പ്രത്യേക ആകൃതിയില്ലാത്ത പത്ത് സെന്റ് 1770 ചതുരശ്രയടിയുള്ള ഒറ്റനില വീടിന്റെ നിർമാണത്തിൽ വെല്ലുവിളിയായെന്ന് നന്ദകിഷോർ പറയുന്നു. എങ്കിലും വീട്ടുകാർ ആഗ്രഹിച്ചതുപോലെ കന്റെംപ്രറി ഡിസൈനിലുള്ള വീട് നിർമിക്കാൻ സാധിച്ചു. ചതുരം അല്ലെങ്കിൽ ബോക്സ് ആകൃതികളാണ് വീടിന്റെ ഓരോ ഡിസൈൻ ഘടകത്തിനും സ്വീകരിച്ചത്. മുറ്റത്തു വിരിച്ച ടൈൽ പോലും ചതുരത്തിലാണ്. ജനലുകളുടെയും വാതിലുകളുടെയുമെല്ലാം ഡിസൈനുകളിലും ഫർണിച്ചറിലുമെല്ലാം ചതുരങ്ങൾ ഇടംപിടിച്ചിരിക്കുന്നു. മുറികൾക്ക് കൂടുതൽ വ്യാപ്തി തോന്നിക്കാൻ ഇത് സഹായിക്കുന്നു. മാത്രവുമല്ല, ആയാസരഹിതമായി വൃത്തിയാക്കാനും ഭാവിയിലെ അറ്റകുറ്റപ്പണികൾ എളുപ്പമാക്കാനും ഈ ആകൃതി സഹായിക്കും.
ലിവിങ് റൂം-കാഴ്ചകളുടെ കാൻവാസ്
ഇടങ്ങൾ വിശാലമാക്കുക, പുറം കാഴ്ചകൾ ആസ്വദിക്കാനാകുക ഇത് രണ്ടും അടിസ്ഥാനപ്പെടുത്തിയാണ് ലിവിങ് റൂം ഡിസൈൻ ചെയ്തത്.
∙ നിലം മുതൽ ലിന്റൽ വരെ ഉയരമുള്ള ജനൽ നൽകി അകത്ത് കാറ്റും വെളിച്ചവും ഉറപ്പാക്കി. പടിഞ്ഞാറു വശത്തേക്കു തുറക്കുന്ന ജനൽ ഉയരം കുറച്ച് ചൂട് അകത്തു കയറുന്നതിന്റെ അളവ് നിയന്ത്രിച്ചു. ഇതിലൂടെ ധാരാളം കാറ്റ് കിട്ടുകയും ചെയ്യും.
∙ മുറികളിലേക്കുള്ള സഞ്ചാരപാതയ്ക്ക് തടസ്സമുണ്ടാക്കാതെ ഫർണിച്ചറിന്റെ സ്ഥാനം ക്രമീകരിച്ചു.
∙ വെള്ളയ്ക്ക് പ്രാധാന്യം നൽകിയെങ്കിലും മഞ്ഞ, പിങ്ക് എന്നീ നിറങ്ങളുടെ പേസ്റ്റൽ ഷേഡുകളുടെ അകമ്പടിയോടെയാണ് ലിവിങ് റൂം സജ്ജീകരിച്ചത്.
നിറങ്ങൾ നിറയുമിടനാഴി
ലിവിങ്Ð ഡൈനിങ് ഏരിയകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി പ്രിയപ്പെട്ട ഇടമാകാൻ ചില കാരണങ്ങളുണ്ട്.
∙ ഫ്ലോറിങ്ങിലെ പസ്സിൽ പാറ്റേൺ (puzzle pattern) ഇടനാഴിയെ ശ്രദ്ധാകേന്ദ്രമാക്കുന്നു. ഒരു അടിയുടെ ടൈലുകൾ ഉപയോഗിച്ചാണ് പാറ്റേൺ സൃഷ്ടിച്ചത്.
∙ മഞ്ഞ നിറത്തിലുള്ള ടെക്സ്ചർ പെയിന്റും വോൾപേപ്പറും ഇടനാഴിയുടെ ഭംഗി കൂട്ടുന്നു. ഫാമിലി ഫോട്ടോകൾ ക്രമീകരിച്ച് ഇവിടം ഫാമിലി ഏരിയ കൂടിയാക്കി മാറ്റി.
വീടിന്റെ സെൻട്രൽ ഹബ്
∙ വീടിന്റെ കേന്ദ്രബിന്ദു എന്ന രീതിയിലാണ് ഡൈനിങ് ഏരിയ ഡിസൈൻ ചെയ്തത്.
∙ കസേരകൾ ഉള്ളിലേക്ക് കയറ്റിവയ്ക്കാവുന്ന, വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ സ്ഥലനഷ്ടം കുറയ്ക്കുന്നു. മേശയ്ക്കും കസേരകൾക്കും കൂർത്ത അരികുകൾ ഇല്ലാത്തതിനാൽ അപകടസാധ്യത കുറവാണ്.
∙ കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന മുറിയാണിത്. ഡൈനിങ് ടേബിളിനു മുകളിലെ പെൻഡന്റ് ലൈറ്റാണ് മുറിയുടെ അലങ്കാരം.
ഊഷ്മളതയാർന്ന കിടപ്പുമുറികൾ
കോമൺ ഏരിയയിൽ നിന്ന് പെട്ടെന്ന് കാണാത്ത വിധത്തിലാണ് കിടപ്പുമുറികൾ ക്രമീകരിച്ചത്. കാറ്റിനും വെളിച്ചത്തിനും കാഴ്ചകൾക്കും തന്നെയാണ് ഇവിടെയും പ്രാധാന്യം നൽകിയിരിക്കുന്നത്.
∙ പടിഞ്ഞാറ് ദിക്കിലേക്ക് കാണുന്ന വിധത്തിൽ, അതായത്, അസ്തമനം കാണാവുന്ന വിധത്തിൽ മാസ്റ്റർ ബെഡ്റൂമിൽബേ വിൻഡോ നൽകിയിട്ടുണ്ട്. ഗെസ്റ്റ് ബെഡ്റൂമിലും ബേ വിൻഡോ ഉണ്ട്.
∙ ബിൽറ്റ് ഇൻ കബോർഡുകൾ കൂടാതെ, മിനിമലിസ്റ്റിക് ആയി അത്യാവശ്യം ഫർണിച്ചറേ ഉപയോഗിച്ചിട്ടുള്ളൂ.
∙ അടിസ്ഥാനനിറമായ വെള്ളയോടൊപ്പം ഊഷ്മളമായ ഏതെങ്കിലും ഒരു നിറം മൂന്ന് കിടപ്പുമുറികളിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.
അടുക്കള- ഉപയോഗത്തിന് മുൻഗണന
∙ ഉപയോഗിക്കാനുള്ള എളുപ്പത്തിനും ഈടിനും വേണ്ടി ടൈൽ ആണ് കൗണ്ടർടോപ് ആയി ഉപയോഗിച്ചിരിക്കുന്നത്.
∙ ആവശ്യത്തിന് സ്റ്റോറേജ്, ആയാസരഹിതമായും പെട്ടെന്നും ജോലി ചെയ്യുക ഇതൊക്കെ മനസ്സിൽ വച്ചാണ് അടുക്കളയുടെ നിർമാണം.
∙ പുറത്തു നിന്നാണ് മുകളിലേക്കു ഗോവണി. ടെറസിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഒരു മുറിയുമുണ്ട്.
ചിത്രങ്ങൾ: വിഷ്ണുനാഥ്
Area: 1770 sqft Owner: ജിതേഷ് കുമാർ & ദീപ്തി ചന്ദ്രൻ Location: മാവുങ്കൽ, കാഞ്ഞങ്ങാട്
Design: J.M.NANDAKISHORE, Architect, ERAYAM ARCHITECTURE STUDIO, നീലേശ്വരം
Email: nandakishorarchitects@gmail.com
