എപ്പോഴും സന്ദർശകരുള്ള വീട്, എന്നിട്ടുമുണ്ട് പ്രൈവസിയും ഇഷ്ടങ്ങൾക്കു മാറ്റിവച്ച ഇടങ്ങളും ; ഇങ്ങനെയാണ് പുതുജനറേഷൻ വീടുകൾ
Mail This Article
റോഡ് നിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്ന വീടിനു ചുറ്റും മഴക്കാലമായാൽ വെള്ളമാണ്. പുതിയ വീടിനെക്കുറിച്ചു ചിന്തിക്കാൻ കൃഷ്ണാനന്ദിനെയും ദീപ്തിയെയും പ്രേരിപ്പിച്ച അനേക ഘടകങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. ഏരൂരിലുള്ള ആറര സെന്റിലെ പഴയ വീട് കളഞ്ഞ് പുതിയതു പണിയുക എന്ന ദൗത്യം നർത്തകരായ കൃഷ്ണാനന്ദും ദീപ്തിയും ആർക്കിടെക്ട് രശ്മി രാധാകൃഷ്ണനെയാണ് ഏൽപ്പിച്ചത്. വീട്ടുകാരുടെ ജീവിതസാഹചര്യങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്ത് ട്രെഡീഷണൽ ഘടകങ്ങൾ ഉൾപ്പെടുത്തിയ വീടാണ് രശ്മി ഡിസൈൻ ചെയ്തത്.
∙ പഴയ വീട് പൂർണമായും പൊളിച്ചുവെങ്കിലും പുതിയ പ്ലാൻ അനുസരിച്ചുള്ള അടിത്തറ നിലനിർത്തി. ഉറപ്പുള്ള ഈ തറയിൽ അഞ്ച് അടിയോളം ഉയരത്തിൽ ബീമും കോളവും പണിത് അതിനു മുകളിലാണ് പുതിയ വീടുപണിതത്.
∙ തിരക്കുള്ള പൊതുപ്രവർത്തകരാണ് കൃഷ്ണാനന്ദിന്റെ അച്ഛനമ്മമാർ. അവരെ കാണാനും സംസാരിക്കാനും ധാരാളം പേർ വരുമെന്നതു കണക്കിലെടുത്തു വേണമായിരുന്നു പ്ലാൻ വരയ്ക്കാൻ.
∙ നർത്തകരായ കൃഷ്ണാനന്ദിനും ദീപ്തിക്കും വീടിനു മുകളിൽ ഡാൻസ് സ്റ്റുഡിയോ ചെയ്യാനുള്ള പ്ലാനുമുണ്ട്. ടെറസ് ഫ്ലാറ്റ് ആയി ചെയ്തത് അവിടെ സ്റ്റുഡിയോ ആക്കി മാറ്റാനാണ് പ്ലാൻ. അതിന് ചരിഞ്ഞ മേൽക്കൂര കൊടുത്ത് വീടിന്റെ ട്രെഡീഷണൽ ഭംഗി പൂർണമാക്കുകയും ചെയ്യാമെന്ന തീരുമാനത്തിലെത്തി. വീടിന്റെ പിന്നിൽ നിന്ന് ടെറസിലേക്കുള്ള ഗോവണി കൊടുത്തത് ഡാൻസ് സ്റ്റുഡിയോ മുന്നിൽക്കണ്ടാണ്. ഗോവണിയോടു ചേർന്ന് ഒരു സിറ്റ്ഔട്ട് കൂടി കൊടുത്തു.
∙ വീട്ടിൽ സന്ദർശകരായി അപരിചിതരും ഉണ്ടാകാം എന്നതിനാൽ ഫോർമൽ ലിവിങ് ഏരിയ പ്രത്യേകമായിത്തന്നെ തിരിച്ചു. ഫാമിലി ഏരിയ ഇവിടെ നിന്ന് പൂർണമായും വേറിട്ടുതന്നെ നിൽക്കുന്നു.
∙ ഫാമിലി ഏരിയ വിശാലമായി ക്രമീകരിക്കുക എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. വീടിന്റെ ഹൃദയമായ ഫാമിലി ലിവിങ്, ഡൈനിങ് എന്നീ ഏരിയകൾ ഡബിൾഹൈറ്റിൽ നിർമിച്ചു. ഡൈനിങ്ങിൽ നിന്നു പാറ്റിയോയിലേക്കു പ്രവേശിക്കാം. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ കോർട്‌യാർഡിലേക്കു കാണുന്ന വിധത്തിൽ മുഴുനീളൻ ജനാലകളുണ്ട്.
∙ ഫാമിലി ലിവിങ്, ഡൈനിങ് ഏരിയകളുടെ വിശാലത പോകാതിരിക്കാൻ അകത്തുനിന്നുള്ള ഗോവണിയുടെ സ്ഥാനം അല്പം മാറ്റിയാണ് കൊടുത്തത്. ഈ ഏരിയ വിശാലമായരിക്കുന്നതിന് ബീം പോലും തടസ്സമാകാതിരിക്കാൻ സിലിണ്ടറിക്കൽ ബീം അല്പം മാറ്റി കൊടുക്കുകയായിരുന്നു.
∙ ഫാമിലി ലിവിങ് ഏരിയ ഡൈനിങ്ങിൽ നിന്ന് ഒരു പടി താഴ്ത്തിയാണ് നൽകിയത്. തിരിച്ചറിയാൻ ഫാമിലി ഏരിയയിൽ ജയ്സാൽമീർ സ്റ്റോണിനോടു സദൃശമായ ടൈൽ വിരിച്ചു.
∙ ഓപ്പൺ കിച്ചൺ ആണ്. അടുക്കളയോടു ചേർന്ന് വർക് ഏരിയയും സ്റ്റോറും കൊടുത്തു.
∙ താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണ്. താഴെ അച്ഛനമ്മമാരുടെ കിടപ്പുമുറിയാണ്. മുകളിലെ മാസ്റ്റർ ബെഡ്റൂം വിശാലമായി നിർമിച്ചു. ജനലിനോടു ചേർന്ന് ഇരിക്കാനുള്ള സൗകര്യവും മാസ്റ്റർ ബെഡ്റൂമിലുണ്ട്.
∙ ക്രോസ് വെന്റിലേഷൻ പ്രധാനമായി ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാന വാതിൽ തുറന്നാൽ ഗോവണിയുടെ മുകളിലെ ജനൽ വരെ തടസ്സമില്ലാതെ കാറ്റു കയറും.
∙ ഫാമിലി ലിവിങ്, ഡൈനിങ് ഏരിയകളിൽ ക്രോസ് വെന്റിലേഷൻ മാത്രമല്ല, വെളിച്ചവും പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്. കിഴക്കു പടിഞ്ഞാറ് കിടക്കുന്നതിനാൽ രാവിലെ ഡൈനിങ്ങിലും വൈകിട്ട് ഫാമിലി ലിവിങ്ങിലും ചൂടുകുറഞ്ഞ വെളിച്ചം കിട്ടും. മുറികളിലെല്ലാം വെയിൽ ഒരു പാറ്റേൺ കൂടി സൃഷ്ടിക്കണം എന്ന് ആഗ്രഹമുള്ളതിനാൽ ജിഐ ഷീറ്റ് സിഎൻസി കട്ട് ചെയ്ത് ജനലിനു മുകളിൽ പിടിപ്പിച്ചു. വീടിനു മുൻവശത്തുമാത്രം ജാളിയാണ്.
ചിത്രങ്ങൾ: ജെൻസീർ ഫൊട്ടോഗ്രഫി
Area: 2200 sqft Owner: കൃഷ്ണാനന്ദ് & ദീപ്തി Location: എരൂർ, എറണാകുളം Design: Pipe Dreamers Collab Email: hello@pipedreamerscollab.com
